Skip to main content

ഇക്കാക്ക

       ഞങ്ങൾ ആറ് മക്കളിൽ രണ്ടാമനാണ് ഇക്കാക്ക. വാസ്തവത്തിൽ
അവൻ ഞങ്ങൾക്ക് എല്ലാമാവേണ്ടവനായിരുന്നു. പക്ഷേ.. ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് നിലകൊള്ളാൻ അവന്   കഴിഞ്ഞില്ല.
അവന്റെ നിഷ്കളങ്കത കൊണ്ടോ കഴിവ് കേട് കൊണ്ടോ ആയിരുന്നെങ്കിൽ എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാമായിരുന്നു. എല്ലാം 
അവന്റെ ഉള്ളിലിരുപ്പ് കൊണ്ട് മാത്രമായിരുന്നു. തന്നിലിളയവർ തന്നെ മറികടക്കരുതെന്ന ദുഷ്ട വിചാരം കൊണ്ട് മാത്രം.അതവൻ പറയാതെ പറഞ്ഞ കാര്യമാണ്.എന്റെ 
കുഞ്ഞു നാളിൽ  നല്ല സ്നേഹ വായ്പ് അവനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ... അവനൊരു ഫലം കായ്ക്കാത്ത മരമാണെന്ന്   വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചറിയുന്നത്.
പിതാവിന്റെ മരണ ശേഷമാണ് ഞങ്ങളുടെ ഉത്തരവാദിത്തം അവന്റെ ചുമലിലാവുന്നത്. കേൻസർ രോഗിയായിരുന്ന ഞങ്ങളുടെ പിതാവിന് 
അകാല മരണം സംഭവിച്ചതിൽ പിന്നെ 
ഞങ്ങൾ അനാഥരായി. ഞങ്ങൾ എന്നാൽ ആറുമക്കളിൽ അഞ്ചാമനായ ഞാനും,ആറാമനായ സലാമും.
ഞങ്ങളുടെ കൂട്ടത്തിൽ പ്രഥമ കാഴ്ചയിൽ 
തന്നെ ഇക്കാക്കാനോട് സ്നേഹം 
തോന്നുമായിരുന്നുഅവന്റെ ശരീര
 ഭാഷയും സംസാരവും നടപ്പും ഭാവവുമെല്ലാം ഒന്നിനൊന്നു മെച്ചം. വീട്ടിൽ നിന്ന് കളി ചിരി തമാശകളും , നേരമ്പോക്കുകളുമുണ്ടായിരുന്നു.  ഇതെല്ലാം ഓർക്കുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ പൂക്കാലമായിരുന്നു.
പിന്നീട് അതൊരു പഴങ്കഥ മാത്രമായി മാറി. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് അതിർ വരമ്പുകൾ നിശ്ചയിക്കപ്പെട്ടു.
ഇക്കാക്ക ക്ഷിപ്രകോപിയാണെന്ന്
ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ശിക്ഷണം.ശരി ഏതെന്ന് തിരിച്ചറിഞ്ഞ് നിലപാടെടുത്താലും അതിൽ തെറ്റ് കണ്ടെത്തി ശകാരവും ശിക്ഷയും.എന്തിനാണവൻ ഇങ്ങിനെ 
അകാരണമായി ശകാരിക്കുന്നത്? ഞങ്ങൾ മര്യാദ കെട്ടവരവരാവാതെ മര്യാദയോട് കൂടി വളരണം 
അതായിരുന്നു അവന്റെ വിധി ന്യായം.
സ്കൂളിൽ നിന്നോ മദ്രസ്സയിൽ 
നിന്നോ മറ്റ് കുട്ടികൾ ഞങ്ങളെ ഉപദ്രപിച്ചു എന്ന് വീട്ടിൽ അറിഞ്ഞാൽ ബാക്കി ഉപദ്രവം വീട്ടിൽ നിന്നായിരിക്കും അനുഭവിക്കുക. ഞങ്ങളുടെ പരാതികളും സങ്കടങ്ങളും കേൾക്കാൻ ആരുമില്ലാത്ത ദുരവസ്ഥ.
    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം.  എന്റെ മലയാളം ടെക്റ്റ് ബുക്കിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച സ്ലേറ്റ്
പെൻസിൽ ഒരു കുട്ടി മോഷ്ടിക്കുന്നത്
യാദൃക്ഷികമായി കാണാനിടയായി
അത് ഞാൻ തിരിച്ചു ചോദിച്ചു.
തരാതായപ്പോൾ പിടിവലിയായി. അതിനിടയിൽ അവനെന്നെ തല്ലി. 
എന്റെ പെൻസിലും പോയി തല്ല് കള്ളുകയും ചെയ്തു. ഞാൻ അദ്ധ്യാപകനോട് പരാതി പറഞ്ഞപ്പോൾ 
സമർത്ഥനായ ആ കുട്ടി പെൻസിൽ അവന്റേതാണെന്ന് വാദിച്ചു. പെൻസിൽ അവൻ നേടിയെടുത്തു. ഈ സങ്കടം ഞാൻ വീട്ടിൽ പോയി പറഞ്ഞപ്പോൾ "ഇന്റെ പെൻസിൽ ഇഞ്ഞ്നോ ക്കണ്ട്യേതല്ലേ, ബെറുതെ ആരെങ്കിലും 
അടിക്ക്യോ? ഇന്റെ പാത്ത് തെറ്റുണ്ടായ്റ്റല്ലേ ഓനിന്ന അടിച്ചത്. ഇന്ക്കും മാഷോട് ഇന്റെ കാര്യം മറ്റേ കുട്ടി ഫറേന്നത് പോലെ ഇന്ക്കും പറഞ്ഞൂടായ്നോ പോത്തേ?"
എന്നും ചോദിച്ച് ബാക്കിതല്ല് വീട്ടിൽനിന്നും കിട്ടി. എനിക്ക് മിച്ചമുള്ളത്
 മഹാസങ്കടം മാത്രം.
ഇങ്ങിനെയെല്ലാമായിരുന്നു എന്റെ 
കുട്ടിക്കാലത്തെ കുടുംബ ജീവിതം.
സന്തോഷിക്കാൻ അവസരമില്ലാത്ത കഷ്ട കാലം.ജനിച്ചു വളർന്ന നാട്ടിൽ 
നാലാം തരം വരെ മാത്രമേ സ്കൂളിലും മദ്രസയിലും പഠിക്കാൻ കഴിഞ്ഞുള്ളു.
പിതാവ് മരിച്ച് ഞങ്ങൾ അനാഥരായപ്പോൾ 
ഒരു   അനാഥാലയത്തിന്റെ മതിൽ കെട്ടിനുള്ളിൽ ജീവിതം ബന്ധിക്കപ്പെട്ടു. കുടുംബ ജീവിതത്തിന്റെ സുഖ ദു:ഖങ്ങൾ ഞങ്ങൾക്ക് അന്യമായി.പകരം വിരഹ 
ദു:വും അന്യതാ ബോധവും ഞങ്ങളെ പിടികൂടി. ഞങ്ങൾക്കായി ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ആരുമില്ലെന്ന തോന്നൽ.എങ്കിലും അനാഥാലയത്തിന്റെ ഭാരവാഹികൾ ഇങ്ങിനെ അല്ലായിരുന്നു. ആയാരത്തിൽ പരം അന്തേയവാസികളുള്ള അനാഥാലയമായിരുന്നിട്ടും സ്വാഭാവിക കഷ്ടപ്പാടുകൾ മാത്രമേ ഞങ്ങൾക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.എന്നാലും ഞങ്ങളുടെ കൂടപ്പിറപ്പുകളേക്കാൾ ഉത്തമരായിരുന്നു അനാഥാലയത്തിന്റെ ഭാരവാഹികളും സഹപാഠികളും.
       അനാഥാലയത്തിൽ അടിമപ്പണി ഉണ്ടായിരുന്നില്ല. അവിടെ ഞങ്ങൾക്ക്. സ്കൂളിലേയും മദ്രസയിലേയും പാഠഭാഗങ്ങൾ നല്ലത് പോലെ പഠിക്കണം.നേരത്തിന് ആഹാരം കഴിക്കണം. രോഗിയായാൽ അടുത്തുള്ള ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിക്കണം. ഇതെല്ലാമായിരുന്നു ഞങ്ങൾക്കവിടെ
ഉണ്ടായിരുന്ന ഉത്തരവാദിത്തങ്ങൾ.
ലക്ഷ്യം പഠിച്ചു പഠിച്ച്  ഞങ്ങളുടെ യോഗ്യതക്കനുസരിച്ച് വളരണം. അങ്ങിനെ എല്ലാവർക്കും വേണ്ടപ്പെട്ടവരാവണം.
      എന്നാൽ എന്റെ വീട് അങ്ങിനെയായിരുന്നില്ല. ഒഴിവു സമയങ്ങളിൽ വീട്ടിലുള്ളപ്പോൾ പണിയെടുക്കണം. കാണുന്നവർക്ക് അത് ഭാരിച്ച പണിയായി തോന്നില്ല.എങ്കിലും  അതനുഭവിക്കുന്ന ഞങ്ങൾക്ക് അത് അടിമപ്പണിയായി അനുഭവപ്പെട്ടു. ഇക്കാക്കാക്ക് 
നിസ്കാരിക്കാൻ വേണ്ടി അംഗശുദ്ധി
 വരുത്തണം.അതിനുള്ള 
വെള്ളം ആൾറയില്ലാത്ത ആഴമേറിയ
കിണറ്റിൽ നിന്ന്
കോരി കിണ്ടിയിൽ 
നിറച്ച് അവന്റെ അരികിൽ കൊണ്ട് പോയി വച്ച് കൊടുക്കണം.അവന് അത് 
നിസ്സാരമായി ചെയ്യാമെങ്കിലും എല്ലാം ഞങ്ങളെ കൊണ്ട് ചെയ്യിക്കും.
പിന്നെ ഭക്ഷണം കഴിക്കാൻ കോനാത്തിണ്ടത്ത് കിണ്ടി നിറയെ വെള്ളം വെച്ചു കൊടുക്കണം. ആൾമറയില്ലാത്ത ആഴമേറിയ
കിണറിൽ നിന്നാണ് ഞാൻ വെള്ളം കോരേണ്ടതെന്ന ഗൗരവ ചിന്ത അവനുണ്ടായതേയില്ല.
അൽപ്പം വൈകിപ്പോയാൽ ക്ഷിപ്രകോപമാണ്. പിന്നെ ഒരു പിശാചിനെ പോലെ പല്ലിളിച്ച്
കൈയോങ്ങി എന്നെ കൊള്ളെയവൻ
പാഞ്ഞടുക്കും. ഈ വരവ് ഓർക്കുമ്പോൾ തന്നെ ഭയമാണ്.അവൻ ഓടി വരുന്നത് 
കാണുമ്പോൾ എനിക്ക്  ഉരുക്കമാണ്. ഇതെല്ലാം കണ്ടറിയുന്ന ഉമ്മ കണ്ണുനീർ വാർത്ത് ഒന്നും അറിയാത്ത പോലെ  സാധാരണ കിടന്നുറങ്ങാറുള്ള കട്ടിലിന്മേൽ കയറി കിടപ്പാണ്. എന്റെ മക്കൾക്ക്‌ ബാപ്പ ഇല്ലാത്തത് കൊണ്ടല്ലേ ഇതെല്ലാം സഹിക്കേണ്ടിരുന്നത് എന്ന പിറുപിറുപ്പാണ്. ഉമ്മ അവനോട് ഒന്നും പറയാൻ ധൈര്യപ്പെടില്ല.വല്ലതും പറഞ്ഞാൽ എന്നാലിങ്ങളെ മക്കളെ ങ്ങള് തന്നെ പോറ്റിക്കോ എന്നും പറഞ്ഞ് അവൻ ഞങ്ങളെ കൈയൊഴിയുമോ എന്ന ഭയം. അവൻ  കൈയൊഴിഞ്ഞാൽ ഞങ്ങൾക്ക് പിന്നെ ആരാണ് ഉള്ളതെന്ന നെഞ്ചിടിപ്പ്.
    ഒമ്പത് വർഷക്കാലം ഞങ്ങൾ അനാഥാലയത്തിൽ പഠിച്ചു വളർന്നു. ഞങ്ങളുടെ പഠിപ്പിനും വളർച്ചക്കും അനാഥാലയം മാത്രമായിരുന്നു ഉത്തരവാദി. അതിന്റെ അഭിമാനവും അനാഥാലയത്തിനു തന്നെ. എന്നാലും ഞങ്ങളുടെ ഇക്കാക്ക വിട്ടു തരാൻ തയാറല്ല.
 "ഓലെ രണ്ടാളേം യതീം ഖാനേൽ കൊണ്ട്വോയി പഠിപ്പിച്ചത് ഞാനാ".
ഞങ്ങളെ വളർത്താൻ കഴിയാഞ്ഞിട്ട് അനാഥാലയത്തിന് ഞങ്ങളെ ഏല്പിച്ചു കൊടുത്ത് കൈയൊഴിഞ്ഞതാണെന്നുള്ള പരമാർത്ഥത്തിനെ പരിഹസിക്കുകയായിരുന്നു അവൻ.കാലമെത്രയോ കഴിഞ്ഞു. ജനങ്ങളും ചുറ്റുപാടുകളും മാറി. എന്നിട്ടും അവന്റെ അവകാശ വാദം അവസാനിപ്പിക്കാൻ അവൻ തയാറായില്ല. അവനിൽ നിന്നും നന്മ പ്രതീക്ഷിക്കാൻ ഒരു കാരണവുമില്ല. എങ്കിലും അവന്റെ പൊള്ളയായ അവകാശ വാദം കേൾക്കുമ്പോഴും, അവൻ ഞങ്ങളോട് ചെയ്ത ക്രൂരതയും, കെടുതികളുമോർക്കുമ്പോഴും ഞാൻ പ്രാർത്ഥക്കും യാ അല്ലാഹ് ഇത് പോലൊരു ഇക്കാക്കാനെ ദുനിയാവിൽ ആർക്കും നീ കൊടുക്കല്ലേയെന്ന്.


Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...