ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക് ശമ്പളം വകയിൽ
പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക് വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.
പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന് അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ
ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത
വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്.
വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.
അങ്ങിനെ അടുത്ത വ്യാഴായ്ച മറ്റുള്ളവരെ പോലെ ഞാനും നാട്ടിൽ പോയി.വീട്ടിലെത്തിയ എന്നെ കണ്ടപ്പോൾ ഉമ്മാക്ക് വലിയ സന്തോഷം.
"ഇഞ്ഞെന്തായ്നു ബെര്യാനിത്തിര ബൈക്യേത്?". ഉമ്മ ചോദിച്ചു.
"ശമ്പളം ക്ട്ടീറ്റ് ബെരാന്ന് ബിജാരിച്ച്". ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ കുപ്പായത്തിന്റെ കീശയിൽ നിന്ന് അഞ്ച് രൂപയെടുത്ത് ഉമ്മാന്റെ നേരെ നീട്ടി. ഉമ്മ അത് സന്തോഷ പൂർവ്വം വാങ്ങി.ഉമ്മാന്റെ മനസ്സിൽ സന്തോഷം പൂത്തുലഞ്ഞു, മുഖം തെളിഞ്ഞു, ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.
തുടർന്ന് ഞാൻ പറഞ്ഞു.
"എനക്ക് ജീവിതത്തിലെ ആദ്യ ശമ്പളം ക്ട്ട്യേതല്ലേ?. പതിനാറുറുപ്പ്യാന്നെന്റെ കൈഞ്ഞെ മാസത്തെ ശമ്പളം. ഐൽന്ന് അഞ്ചുറുപ്യ ങക്ക്. ഞാൻ പോമ്മം പോക്കർ മൗലവീനോട് ഇരുപത്തുഞ്ചുറുപ്യ മാങ്ങീക്കിലായ്നോ?, ആ ഇരുപത്തഞ്ചിൽ പത്തുറുപ്യ പോക്കർ മൗലവിക്ക കൊടുക്കണം. ഒരുറുപ്യ എനക്ക് നാളെ തിരിച്ച് ചൊക്ലി പോമ്മം ബസ്സിന് കൊട്ക്കാൻ".
അങ്ങനെ എന്റെ പതിനാറ് ഉറുപ്യ ത്ർന്ന്".കേട്ടത് പാതി കേൾക്കാത്തത് പാതി.ഉമ്മാക്ക് ഞാൻ കൊടുത്ത അഞ്ച് രൂപ തിരികെ നീട്ടക്കൊണ്ട് പറഞ്ഞു.
"ഇന്ന, ഇതൂം കൂടി അയാക്ക് കൊട്ത്തെ. ബാക്കി പത്തുറുപ്യ അടുത്ത മാസം തെരാന്ന് പറ".
മാണ്ടുമ്മാ, ങളതാട ബെച്ചെ. എന്റെ ജീവിതത്തിലെ ആദ്യത്തെ ശമ്പളാത്. എന്റെ ഒരാഗ്രഹമല്ലേ?".
ഉമ്മാനോട് ഞാൻ പറഞ്ഞു.
"എനക്കിപ്പം മാണ്ട.എനക്ക് അടുത്ത മാസം മതി. പോക്കർ മൗലവിക്ക് ഇമ്മാസം പതിനഞ്ച് കൊടുത്തെ. ബാക്കി പത്തുറുപ്യ അടുത്ത മാസം തെരാന്ന് പറ".
ഉമ്മ വീണ്ടും പറഞ്ഞു.
"ഉമ്മാ അടുത്ത മാസം ഞാന്ങ്ങക്ക് പൈസ തന്നാ എന്റെ ആദ്യത്തെ ശമ്പളാകൂലാലോ. അത് പിന്നത്തെ ശമ്പളാല്ലെ ആകുന്നുള്ളൂ".
അത് കേട്ടപ്പോൾ ഉമ്മ എനിക്ക് നേരെ നീട്ടിയ കൈ പിൻവലിച്ചു.മനസ്സില്ലാ മനസ്സോടെയാവണം ആ
അഞ്ച് രൂപ ഉമ്മ സ്വീകരിച്ചത്.ഉമ്മാന്റെ മുഖത്ത് നിർവികാരതയുടെ കാറുകൾ ഉരുണ്ടു കൂടി. മുഖത്തെ തെളിച്ചവും, ചുണ്ടുകളിലെ പുഞ്ചിരിയും മങ്ങി. ഞാൻ വൈകുന്നേരം തന്നെ നിടുമ്പ്രത്ത് പോക്കർ മൗലവിയുടെ ഇരുപത്തഞ്ച് രൂപയിൽ പത്ത് രൂപ കടം വീട്ടി. തിടുക്കമുണ്ടെങ്കിൽ പിന്നീട് തന്നാൽ മതിയെന്ന് അയാൾ പറഞ്ഞു. "എപ്പോഴായാലും നിങ്ങളോട് വാങ്ങിയത് ഞാൻ തിരിച്ചു തരേണ്ടതല്ലേ എന്ന്
ഞാൻ ചോദിച്ചു.
അങ്ങിനെ അയാൾ പത്ത് രൂപ സ്വീകരിച്ചു.
ഞാൻ കൊടുത്ത അഞ്ചു രൂപ തിരികെ തരാൻ ശ്രമിച്ച് പോക്കർ മൗലവിയുടെ കടം വീട്ട്യെ എന്ന്
ഉമ്മ പറയാൻ കാരണമണ്ട്. ഉമ്മാക്ക് കടമെന്നത് വലിയ പേടി സ്വപ്നമാണ്. ഉമ്മാന്റെ ഉപ്പാക്ക് 'മുർച്ചാണ്ടീൽ'എന്ന് പേരുള്ള ഒരിടത്ത്, രണ്ട് ഹെക്ടർ പറമ്പുണ്ടായിരുന്നു. ഉമ്മ എപ്പോഴും സങ്കട പൂർവ്വം ആ പറമ്പിന്റെ കഥ പറയും.
"എന്റുപ്പാന്റെ മുർച്ചാണ്ടീലെ പറമ്പ് ഇപ്പോണ്ടെങ്കില് എത്തിര തേങ്ങ പറിക്കായ്നു. ഉമ്മക്കോരോരുത്തർക്കും പൊരേണ്ടാക്കി പാർക്കാന്ള്ള സ്ഥലോം ഉണ്ടാകായ്നു".
എല്ലാഴ്പോഴും ഉമ്മ മനോവ്യഥയോടെ
ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന വർത്തമാനമാണിത്. ഉമ്മ പറയുന്നത് കേൾക്കുമ്പോൾ പണ്ട് പണ്ടൊരു രാജാവിന്റെ കാലത്തുള്ള കഥ പോലെ,
ഏതോ കാലത്തുള്ള സംഭവമായിട്ടാണ് എന്റെ കുഞ്ഞു മനസ്സിൽ ഉരുത്തിരിഞ്ഞിരുന്നത്. എന്നാലും മുർച്ചാണ്ടീലെ പറമ്പ് എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു.
വല്യുപ്പ ഓത്ത്
പള്ളിയിലെ മൊല്ലയായിരുന്ന കാലത്ത്, അദ്ദേഹം വീട്ടാവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരു കടയിൽ നിന്ന് കടമായി വാങ്ങുമായിരുന്നു. കടം വീട്ടാൻ തികയാത്ത വരുമാനമായിരുന്നു വല്യുപ്പാക്ക് ഓത്ത് പള്ളിയിൽ നിന്നു കിട്ടിയിരുന്നത്.ഓത്ത് പള്ളീല് അക്കാലത്ത് ശമ്പളമായിരുന്നില്ല കൊടുത്തിരുന്നത്.ഓത്ത് പഠിക്കാൻ വരുന്ന ശിക്ഷ്യന്മാരോട് മാസത്തിലൊരിക്കൽ ദക്ഷിണയായി വല്ലതും കൊണ്ട് വരാൻ വേണ്ടിപ്പറയും. രക്ഷിതാക്കൾ ശിക്ഷ്യന്മാരുടെ കൈയിൽ ഒരണ, എട്ടണ, നലണ എന്നിങ്ങനെ നാണയത്തുട്ടുകൾ കൊടുത്തയക്കും. ഇതെല്ലാം കൂടി ഇമ്മിണി തോനെ നാണയത്തുട്ടുകളുണ്ടാകും. ഈ നാണയത്തുട്ടുകൾ കൊണ്ടായിരുന്നു വലിയുപ്പ കുടുംബം പുലർത്തിയിരുന്നത്.
മാസം തോറും വീട്ടിയാലും കടം ബാക്കി.
മുർച്ചാണ്ടീലെ പറമ്പിലെ തേങ്ങ പറിച്ച് കടക്കാരന് കൊടുത്താലും കടം ബാക്കി.
മാസങ്ങൾ കൊണ്ട് കടം പെരുകി. കടം വളർന്ന് വലിയൊരു തുകയായി.
കടക്കാരൻ വലിയുപ്പാനോട് കടം എത്രയും പെട്ടെന്ന് വീട്ടണമെന്നാവശ്യപ്പെട്ടു. വല്യുപ്പാക്ക് കടം വീട്ടാൻ കഴിയാതെ വന്നപ്പോൾ അയാൾ പ്രശ്നമാക്കി. മദ്ധ്യസ്ഥന്മാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. വല്യുപ്പ കടക്കാരന് കൊടുക്കാനുള്ള തുക കിട്ടിയാൽ അയാൾക്ക് രണ്ട് ഹെക്ടർ പറമ്പ് വാങ്ങാമെന്നയാൾ വാദിച്ചു. കടക്കാരന് കൊടുക്കാനുള്ള പണത്തിന്റെ വിലയനുസരിച്ച് അവിടെ നിന്നും തേങ്ങ പറിച്ചെടുത്തോളൂ എന്ന് കടക്കാരനോട് വല്യുപ്പ പറഞ്ഞു.
എങ്കിലും കടക്കാരൻ സമ്മതിച്ചില്ല.
നിങ്ങൾ തേങ്ങ തന്നിട്ടും കടം ബാക്കിയല്ലേ?.തനിക്ക് കിട്ടാനുള്ളത് കിട്ടിയാൽ രണ്ട് ഹെക്ടർ പറമ്പ് വാങ്ങാമല്ലോ എന്നായി കടക്കാരൻ.
മദ്ധ്യസ്ഥർക്ക് കടക്കാരന്റെ വാദം അംഗീകരിക്കേണ്ടി വന്നു. അങ്ങിനെ വല്യുപ്പാന്റെ രണ്ട് ഹെക്ടർ പറമ്പ് കടക്കാരന്, തീരെഴുതിക്കൊടുത്തു.ഇതായിരുന്നു ഉമ്മാന്റെ ദു:ഖത്തിന്റെ ഇതിവൃത്തം. ഏതാനും വർഷങ്ങൾ കഴിഞ്ഞു.ഞാൻ യതീം ഖാനയിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നു.ഒരിക്കൽ ഞാനും ഉമ്മയും വീട്ടിൽ നിന്ന് കീഴ്പയ്യൂരിലേക്ക് പോകുന്ന വഴിയിൽ പയ്യൂര് എത്താറായപ്പോൾ ഉമ്മ എന്നോട് പറഞ്ഞു. മോനേ
അക്കാണുന്നതാണ് എന്റെ ഉപ്പാന്റെ മുർച്ചാണ്ടീലെ പറമ്പ്.ഉമ്മാന്റെ മുന്നിൽ നടക്കുകയായിരുന്ന ഞാൻ തിരിഞ്ഞു നോക്കി. ഉമ്മ വലത് ഭാഗത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് പറയുന്നു. ഉമ്മ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി. ആ പറമ്പ് റോഡിൽ നിന്നും അകലെയല്ലായിരുന്നു. നല്ല തലയെടുപ്പുള്ള തെങ്ങുകൾ. ഇടതൂർന്ന തേങ്ങാക്കുലകൾ നിറഞ്ഞ തെങ്ങിൻ തലപ്പുകൾ. അത് കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി. ഉമ്മാന്റെ മനസ്സിലെ നൊമ്പരം ഞാൻ നേരിട്ടറഞ്ഞു.
"വല്യുപ്പാക്ക് ആ സ്ഥലോണ്ടായിരുന്നെങ്കിൽ ങക്ക് ഐന്റെ വീതം ക്ട്ടൂലായ്രുന്നോ?".
സങ്കടപൂർവ്വം ഉമ്മാനോട് ഞാൻ ചോദിച്ചു.
"ക്ട്ട്വായ്നും പറഞ്ഞിറ്റെന്താ വിധീല്ലാലോ?".
സങ്കടത്തോടെ ഉമ്മ പറഞ്ഞു. ആ പറമ്പ് നേരിൽ കണ്ടപ്പോഴാണ് ഉമ്മ എപ്പോഴും പറയാറുള്ള മുർച്ചാണ്ടീലെ പറമ്പിനെപ്പറ്റി എനിക്ക് അപബോധമുണ്ടായത്.
എപ്പോഴും ആ കണ്ണീരിൽ കുതിർന്ന
ഓർമ്മയുള്ളത് കൊണ്ടാണ് ഉമ്മാക്ക് കടം വാങ്ങാൻ പേടി.
"രണ്ട് ഹെക്ടർ പറമ്പിലുള്ള തേങ്ങ കൊടുത്തിട്ടും കടം ബാക്ക്യോ?".
സംശയ പൂർവ്വം ഞാൻ ഉമ്മാനോട് ചോദിച്ചു.
"ഉപ്പ തേങ്ങ പറപ്പിച്ച് എണ്ണി കടക്കാരന്റെ കടയുടെ മുന്നിൽ കൊണ്ട് പോയിടും. അതിനയാൾ തുച്ചമായ വില വിലയിടും. അയാൾ പറയുന്നത് ഉപ്പ വിശ്വസിക്കും. അത്രത്തന്നെ. ഉപ്പ ഐനൊരു മറുത്ത ബർത്താനോം പറയൂല".
ഗദ്ഗദത്തോടെ ഉമ്മ പറഞ്ഞു.
"വല്യുപ്പ തേങ്ങ പറപ്പിച്ച് ബിറ്റിറ്റ് അയാളുടെ കടം വീട്ടിയാൽ മതിയായിരുന്നു. എന്നാൽ അയാളുടെ കടം വീട്ടിയാലും പണം ബാക്ക്യാകായ്നു".
ഞാൻ സങ്കടത്തോടെ ഉമ്മാനോട് പറഞ്ഞു.
ശേഷിപ്പുള്ള കിടപ്പാടം അന്യാധീനപ്പെട്ട് പോകുമോ എന്ന ആശങ്ക പിൽക്കാലത്തും ഉമ്മാനെ വേട്ടയാടി.അത് കൊണ്ടാണ്
എനക്കിപ്പം പൈസ വേണ്ടായെന്നും, പോക്കർ മൗലവീന്റെ കടം വീടാൻ പറഞ്ഞതും.
പിറ്റേന്ന് വെള്ളിയാഴ്ച. ഞാൻ എന്റെ നാട്ടിലെ പാറക്കീൽ പള്ളിയിൽ തന്നെ ജുമുഅ: നിസ്കാരത്തിൽ പങ്കെടുത്തു. പരിചയക്കാരും കൂട്ടുകാരുമായി പലരുമായും കണ്ടു മുട്ടി.അസ്സലാമു അലൈക്കുമെന്നഭിവാദ്യമർപ്പിച്ചു കൊണ്ട് പരസ്പരം പുഞ്ചിരിയാൽ സ്നേഹം പ്രകടിപ്പിച്ചു.
വ:അലൈകുമുസ്സലാം എന്ന പ്രത്യഭിവാദ്യം ഞാനും അർപ്പിച്ചു.
"കൊറേ ആയല്ലൊ കണ്ടിറ്റ്."
കൂട്ടുകാരിൽ ചിലർ ചോദിച്ചു.
"ഞാനിപ്പോൾ ചൊക്ലി മദ്രസ്സേലാണുള്ളത്."
നെഞ്ച് വിരിച്ച് തലയെടുപ്പോടെ ഞാൻ പറഞ്ഞു."
"ഇഞ്ഞിപ്പം നന്നായിക്കി".
എന്നെ അടിമുടി നോക്കിക്കൊണ്ട് ഒരു കൂട്ടുകാരൻ പറഞ്ഞു.
"ശര്യാ ആദ്യൊക്കെ ഇന്റെ കണ്ണ് കുയ്ഞ്ഞിറ്റാ. വെളറ്യെ മുഖോം ചുണ്ടും. ഇപ്പം മോത്തും കണ്ണിലും നല്ല ബെളിച്ചോം തെളിച്ചോംണ്ട്". കൂട്ടു കാരിൽ ചിലർ കൂട്ടമായി അഭിപ്രായം പറഞ്ഞു.
"എങ്ങനെ ബെളിച്ചോം തെളിച്ചോം ഇല്ലാണ്ട്ക്കും. നല്ല ഭക്ഷണാ.എറച്ച്യൂം, മുന്തിയ തരം മീനും, കണ്ടാലറിയാവുന്ന പലഹാരങ്ങളും, മീന് ഉള്ളില് ബെച്ച്ണ്ടാ ക്ക്യെ മടക്ക് പത്തില്, ഐനും പൊറമെ മുന്തിരീന്റേം, പൈനാപ്പിളിന്റേം ജ്യൂസ് ഇതെല്ലാമെന്റെ ഭക്ഷണ ക്രമത്തിലുള്ളതാ".
എന്നഭിമാന പൂർവ്വം നെഞ്ച് വിരിച്ച് തലയുയർത്തി ഞാൻ പറഞ്ഞു.സംസാരിക്കുന്നതിനിടയിൽ അവരിൽ ആർക്കെങ്കിലും എന്നോട് അവജ്ഞയുള്ളതായി എനിക്ക് തോന്നിയില്ല.ഞാൻ പലരുമായും സംസാരിച്ചു. കൈ കൊടുത്തു, യാത്ര പറഞ്ഞു പിരിഞ്ഞു. എല്ലാവരിലും എനിക്ക് അംഗീകാരമുള്ളതായി എനിക്ക് മനസ്സിലായി. ഞാൻ എന്റെ നാട്ടിലും പഴയ മൊയ്തി അല്ലാതായിരിക്കുന്നു. ഞാൻ വേഗത്തിൽ വീട്ടിൽ പോയി.ചോറ് തിന്നു.
"ഉമ്മാ കൊറച്ച് കൈഞ്ഞാ ഞാമ്പോക്യേ".
എന്ന് ഞാൻ ഉമ്മാനോട് മുൻകൂർ യാത്ര പറഞ്ഞു.
ഇഞ്ഞ് പോയാ എന്യെന്നാ ബെര്വാ?".
എന്റെ യാത്ര പറച്ചിൽ കേട്ടപ്പോൾ ഉമ്മ ചോദിച്ചു.
"ആഴ്ചയിൽ വരാൻ കഴിയില്ലുമ്മാ. അത് വല്യെ ചെലവാ. രണ്ടാഴ്ചയിലെരിക്കൽ ബെരും".
നിന്നെപോലെയല്ലേ മറ്റുള്ളോലും എന്ന ചോദ്യം ഉമ്മാന്റെ മനസ്സിലുദിച്ചെന്ന് മനസ്സിലാക്കിക്കൊണ്ട് ഉമ്മാനോട് ഞാൻ വിശദീകരിച്ചു.
"ഉമ്മാ ഞങ്ങൾ ആറ് മുസ്ല്യാന്മാരാണ് മദ്രസ്സയിൽ ജോലി ചെയ്യുന്നത്. അതിൽ ഒരാൾ മലപ്പുറത്തുകാരൻ മൊയ്തീൻ മുസ്ല്യാർ. അയാൾക്ക് മദ്രസ്സാ ജോലി കഴിഞ്ഞാൽ പള്ളിയിൽ ജോലിയുണ്ട്.തന്നെയുമല്ല, അയാൾക്ക് അല്പസ്വല്പം മന്ത്രവാദപ്പണിയുമുണ്ട്. മദ്രസ്സയിലെ ശമ്പളോം പള്ളിയിലെ ശമ്പളോം മന്ത്രപ്പണിയിലെ വരുമാനോം,
എല്ലാം കൂടി അത്യാവശ്യം നല്ല വരുമാനമുണ്ട്. അയാൾ മാസത്തിലൊരിക്കലാണ് നാട്ടിൽ പോക്വ.അയാൾക്ക് ദീർഗ്ഗ നാളത്തെ മന്ത്രപ്പണിയുണ്ടെങ്കിൽ രണ്ട് മാസത്തിലൊരിക്കലാണ് നാട്ടിൽ പോക്വ.
പിന്നെ ചൊക്ലി നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള മേക്കുന്ന് സ്വദേശി സുലൈമാൻ മുസ്ല്യാർ അയാൾ ദിവസവും മദ്രസ്സ കഴിഞ്ഞാൽ നാട്ടിൽ പോകും.പിറ്റേ ദിവസം മദ്രസയിലെത്തും. അയാൾക്ക് അതാവശ്യം സാമ്പത്തികമുണ്ട്. മറ്റൊരാൾ നമ്മുടെ വൈല്യേര്യെ ഇബ്രാഹിം മുസ്ല്യാരാണ്. അയാൾ എല്ലാ വ്യാഴായ്ചയും നാട്ടിൽ വരും. അയാൾ മദ്രസ കഴിഞ്ഞാൽ അഴിയൂരിൽ പോകും. അയാൾക്ക് അവിടെ ട്യൂഷൻ ഉണ്ട്. അയാൾക്കും അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. അയാൾ വ്യാഴായ്ച പോയാൽ ശനിയാഴ്ച മദ്രസയിലെത്തും. ചൊക്ലി പള്ളൂരിൽ താമസിക്കുന്ന അബ്ദുൽ മജീദുസ്താദ്. അയാൾ മദ്രസ കഴിഞ്ഞാൽ സ്കൂളിൽ പോകും. സ്കൂൾ വിട്ടാൽ വീട്ടിൽ പോകും. അയാൾ നിത്യവും രാവിലെ മദ്രസയിലെത്തും. നമ്മുടെ അയൽ നാട്ടു കാരനായ ചേരാപുരത്തുകാരൻ അബ്ദുർറഹ്മാൻ മുസ്ല്യാർ. അയാൾ എല്ലാ വ്യാഴായ്ചയും നാട്ടിൽ പോകും. ശനിയാഴ്ച രാവിലെ മദ്രസയിൽ തിരിച്ചെത്തും. അയാൾ എന്നെ പോലെ ദരിദ്രൻ. എന്നാലും അയാൾ ഒഴിവ് കിട്ടുമ്പോൾ എല്ലാം നാട്ടിൽ പോകും. എല്ലാ ദിവസവും ഒരേ സ്ഥലത്ത് വെറുതെ നിൽക്കാൻ പറ്റ്വോ?. അയാൾ വിവാഹിതനാണ്. ഒരുമകളുണ്ട്. അയാളെ വരവേൽക്കാൻ ഭാര്യയും മകളും കാത്തിരിപ്പുണ്ട്.അയാളെ സ്നേഹിക്കുന്ന കുടുംബക്കാരുണ്ട്.
സ്നേഹിക്കാൻ ആരോരുമില്ലാത്തവനെ
പോലെയാണ് ഞാൻ .എപ്പോഴും
സങ്കടപ്പെരിക്കുന്ന ങളടുത്ത് ബെരുമ്മം സാന്ത്വനപ്പെടുത്താനെനിക്കറഞ്ഞു കൂട. ഉമ്മാന്റെ സങ്കടം കൊറച്ച് എന്റെ മനസ്സിലേക്കും അലയടിച്ച് ഓളങ്ങളായി പോലെ എന്റെ മനസ്സിലും കയറിക്കൂടും.
ഞാൻ പോയാൽ ങളെ സങ്കടേള്ളെ മൊഖം നിരീക്കുമ്മം കൂട്ടുകാരിൽ നിന്നകലം പാലിച്ച് ഞാൻ സ്വകാര്യമായി ങളെ സങ്കടോർത്ത് കണ്ണീർ പൊഴിക്കും.അങ്ങിനെ ഞാൻ ചൊക്ലിയെ ലക്ഷ്യമാക്കി വീട്ടിൽ നിന്നുമിറങ്ങി
അന്ന് മഗ്‌രിബിന്റെ അരമണിക്കൂർ മുമ്പ് ഞാൻ കണ്ണോത്ത് പള്ളിയിലെത്തിച്ചേർന്നു.
ഞാൻ മാത്രമാണ് പള്ളിയിലെത്തിയത്. സഹപ്രവർത്തകരിൽ ആരും തന്നെ വെള്ളിയാഴ്ച വൈകുന്നേരം എത്തുകയില്ലെന്ന് എനിക്കറിയാമായിരുന്നു.പിറ്റേ ദിവസം മദ്രസയിൽ എല്ലാവരുമെത്തി. കഴിഞ്ഞ ദിവസങ്ങളിലെ പോലെ മദ്രസ പഠനം തുടർന്നു. ഏഴാം തരം വരെയാണ് മദ്രസ്സയിൽ ക്ലാസുള്ളത്. ഏഴാം തരം പാസ്സാകുന്നവരുടെ മദ്രസാ പഠനം അതോടെ അവസാനിക്കും.
കണ്ണോത്തെ സാമൂഹിക സ്ഥിതി എല്ലാഴ്പോയും ഒരു പോലെയായിരുന്നില്ല. ഇടക്ക് ചില വീടുകളിൽ പ്രത്യേക പരിപാടികളുണ്ടാകും. മാതാവിന്റെയോ, പിതാവിന്റേയോ ചരമദിനം അഥവാ ആണ്ട് നേർച്ച. ഉപ്പാന്റെ ആണ്ട്, ഉമ്മാന്റെ ആണ്ട് എന്നാണതിന് പറയുക. അന്ന്
ഉസ്താദ് മാരെ ക്ഷണിക്കും.
വിശിഷ്ട അന്ന പാനീയങ്ങളുണ്ടാവും.ആദ്യം അവില് കുഴച്ചതും പഴവും നല്ല മധുരമുള്ള പാൽ ചായയും. അത് കഴിച്ചു കഴിഞ്ഞാൽ പരേതന്റെ ആത്മ ശാന്തിക്ക് വേണ്ടിയുള്ള മൗലിദ് പാരായണവും.ഖതം ദുആയും. മറ്റുള്ളവർ ഇതെല്ലാം ഭയ ഭക്തി ആദര പൂർവ്വം എല്ലാം ശ്രദ്ധയോടെ സമീപത്ത് തന്നെ കേട്ടിരിക്കും.
പിന്നെ അറബിയിൽ നീണ്ടൊരു പ്രാർത്ഥന. അതും കഴിഞ്ഞാൽ ഭക്ഷണം. ഭക്ഷണത്തിനു ശേഷം വീണ്ടുമൊരു പ്രാർത്ഥന.പ്രാർത്ഥനക്ക് ശേഷമാണ് ഉസ്താദ്മാർക്ക് ദക്ഷിണ കൊടുക്കുക. ഓരോരുത്തരുടേയും നിലവാരമനുസരിച്ചാണ് ദക്ഷിണ . ഞാൻ പുതിയതായത് കൊണ്ടും പ്രായം കുറവായത് കൊണ്ടും കൂടെയുള്ളവരുടെ മികവും പക്വതയും എനിക്ക് കൈവന്നിട്ടില്ലാത്തതിനാൽ അഞ്ച് രൂപയാണെനിക്ക് കിട്ടുക. സദർ ഉസ്താദിന് ഇരുപത് രൂപ. മറ്റുള്ളവർക്ക് പത്തും പതിനഞ്ചും രൂപ. ഇപ്രകാരമാണ് ദക്ഷിണയുടെ നിരക്ക്.റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ജന്മദിനമാണ്. ആ മാസത്തിൽ എല്ലാ വീടുകളിലും മൗലിദ് പാരായണമുണ്ടാകും. അന്നും ഇത്പോലെ ദക്ഷിണ കിട്ടും.
അങ്ങിനെ നാളുകളും മാസങ്ങളും കഴിഞ്ഞു. മദ്സയിലെ അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു. ഒന്നാം തരം മുതൽ ഏഴാം തരം വരെയുള്ള എല്ലാ വിദ്യാർത്ഥികളും ആൺ പെൺ ഭേദമില്ലാതെ പരീക്ഷ എഴുതി. അർദ്ധ വാർഷിക പരീക്ഷക്ക് ശേഷം അദ്ധ്യാപകർ തങ്ങളുടെ ക്ലാസ്സുകളിലെ അദ്ധ്യാപനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി. അദ്ധ്യാപന ശൈലിയിൽ മാറ്റങ്ങൾ വരുത്തി. പഠനത്തെ പരിപോഷിപ്പിക്കാൻ ആവശ്യമായ തിരുത്തലുകളും പരിഷ്കാരങ്ങളും നടപ്പിൽ വരുത്തി. അങ്ങിനെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി.വാർഷിക പരീക്ഷയിൽ നല്ല വിളെടുപ്പിനുള്ള പദ്ധതികൾ നടപ്പിൽ വരുത്തി. എന്റെ ഒന്നാം തരത്തിന്റെ ഉന്നമനത്തിനു വേണ്ടി ഞാനും പദ്ധതികൾ ആവിഷ്കരിച്ചു. ഒന്നാം തരത്തിലെ പാഠ പുസ്തകം വളരെ ലളിതമായതിനാൽ കുട്ടികൾ അക്ഷരം മനസ്സിലാക്കാതെ പാഠ ഭാഗങ്ങളിലെ ചിത്രങ്ങൾ നോക്കി അക്ഷരമറിയാതെ വായിക്കുന്നുണ്ടായിരുന്നു.അവർ തറയുടെ ചിത്രം നോക്കി തറ എന്ന് പറയും. അവർ അക്ഷരം ശ്രദ്ധിക്കുന്നേയില്ല.
അവർക്ക് അക്ഷരമറിയാമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ഈ പോരായ്മ അർദ്ധ വാർഷിക പരീക്ഷയോടെയാണ് എനിക്ക് കണ്ടെത്താൻ കഴിഞ്ഞത്. അതിന് ഞാൻ പരിഹാരം കണ്ടെത്തി. പാഠ പുസ്തകത്തിലെ വാക്കുകൾ മാത്രം പഠിപ്പിക്കുന്നതിന് പകരം ഓരോ അദ്ധ്യായത്തിലേയും അക്ഷരങ്ങളുപയോഗിച്ച് പുതിയ വാക്കുകളുണ്ടാക്കി പഠിപ്പിച്ചു. അങ്ങിനെ ആ പോരായ്മയും പരിഹരിച്ചു.
മദ്രസ്സ അഞ്ചാം തരവും ഏഴാം തരവും പൊതു പരീക്ഷാ ക്ലാസ്സുകളാണ്. പ്രാദേശിക കമ്മറ്റികളല്ല പ്രസ്തുത ക്ലാസ്സുകളിൽ വാർഷിക പരീക്ഷ
നടത്തുന്നത്. പണ്ഡിത സഭയുടെ കീഴിലുള്ള പരീക്ഷാ ബോർഡാണ്. ഓരോ വിദ്യാർത്ഥികളുടേയും പരീക്ഷാ പേപ്പർ അവർ നേരിട്ട് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് അതത് പ്രാദേശിക
കേന്ദ്രങ്ങളിൽ കൊണ്ട് പോയി വിലയിരുത്തി ഓരോ പേപ്പറിലേയും ഉത്തരങ്ങൾക്ക് മാർക്കിടും. ഓരോ കുട്ടിയുടേയും മാർക്കിന്റെ അടിസ്ഥാനത്തിൽ ജേതാക്കളെ കണ്ടെത്തി അവരെ വിജയികളായി പ്രഖ്യാപിക്കും. ഇതിൽ ഒരു പൊരുത്തക്കേടുള്ളതായി എനിക്ക് തൊന്നി.പൊതു പരീക്ഷാ ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക് വാർഷിക പരീക്ഷയിൽ വരമൊഴിയായി പരീക്ഷക്ക് ഉത്തരം ചെയ്യാൻ പാടില്ല. പെൺകുട്ടികൾക്ക് എഴുത്ത് ഹറാമാണ്. ഇതായിരുന്നു പണ്ഡിത നിലപാട്. അതിനാലാണ് പെൺകുട്ടികളെ കൊണ്ട് പരീക്ഷക്ക് വരമൊഴിയായി ഉത്തരം ചെയ്യാനനുവധിക്കാതിരുന്നത്. ഒരു പൺകുട്ടിയെ മദ്രസയിൽ ചേർത്ത നാൾ മുതൽ പൊതു പരീക്ഷ വരെ
പുരോഹിത സഭയുടെ ആശിർവാദത്തോടെയും, ഉത്തരവാദിത്വത്തോടെയും
അക്ഷരങ്ങളെഴുതാനും വായിക്കാനുമഭ്യസിപ്പിക്കുന്നു. പൊതുപരീക്ഷക്ക് മാത്രം ഹറാമാകുന്നതെങ്ങിനെയെന്ന് എന്റെ മനസ്സിൽ ഉത്തരമില്ലാത്ത ചോദ്യമായി നിലകൊണ്ടു.
ഇതിനിടയിൽ ഒരു സംഭവമുണ്ടായി. കൂടെ ജോലി ചെയ്യുന്ന സുലൈമാൻ മുസ്ല്യാർക്ക് 'വന്നത്താൻ വീട്ടിൽ' എന്ന്
പേരുള്ള ഒരു വീട്ടിൽ ട്യൂഷനുണ്ടായിരുന്നു.പെട്ടെന്നയാൾക്ക് ദുബായിലേക്കൊരു വിസവന്നു. അയാൾ ദുബായിലേക്ക് പോയി. തുടർന്ന് ആ വീട്ടിലെ ഖാലിദ് എന്ന് പേരുള്ള സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ എന്നെ വന്ന് കണ്ട് അയാളുടെ സഹോദരിയുടെ മക്കൾക്ക് ട്യൂഷൻ എടുക്കണമെന്ന് ആവശ്യപ്പെട്ടു.ഖാലിദും അയാളുടെ മാതാപിതാക്കളും, രണ്ട്
സഹോദരിമാരും അവരുടെ മക്കളും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അങ്ങിനെ ഞാൻ മഗ്‌രിബ് നിസ്കാരാനന്തരം ട്യൂഷനെടുക്കാമെന്നേറ്റു.അടുത്ത ദിവസം തന്നെ ട്യൂഷൻ ആരംഭിക്കുകയും ചെയ്തു. ഔലാദിലെ ട്യൂഷൻ ഒരു മാസം തികഞ്ഞപ്പോൾ അൻപത് രൂപ അവർ എനിക്ക് തന്നു. എനിക്ക് മദ്രസ്സയിലെ ശമ്പളം ഇരുപത്തി നാല് രൂപ. ട്യൂഷൻ വകയിൽ ഔലാദിൽ നിന്ന് കിട്ടിയത് അൻപത് രൂപ. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി.ട്യൂഷൻ വക കിട്ടിയ അൻപത് രൂപ ഞാൻ സൂക്ഷിച്ചു വെച്ചു. മദ്രസ്സയിലെ ശമ്പളവും വൈകുന്നേരത്തെയും, രാത്രിയുള്ള ട്യൂഷൻ വകയിൽ കിട്ടിയ അൻപത് രൂപയും കൂടി ആകെ നൂറ്റി ഇരുപത്തി നാല് രൂപ യുമായി ഞാൻ വീട്ടിൽ പോയി. പോക്കർ മൗലവിപതിനഞ്ച് രൂപ ഞാൻ കടം വീട്ടി.ബാക്കി നൂറ്റി ഒൻപതു രൂപ ഞാൻ ഉമ്മാന്റെ കൈയിൽ ഏല്പിച്ചു. എനിക്കും ഉമ്മാക്കും വലിയ സന്തോഷം.എനിക്കുണ്ടായ സന്തോഷം ഒരു മാസം കൊണ്ട് നൂറ്റി ഇരുപത്തി നാല് രൂപ കിട്ടിയതിലല്ല. ആ പണം ഉമ്മാക്ക് കൊടുത്തപ്പോൾ ഉമ്മാന്റെ മുഖത്തെ തിളക്കവും, ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരിയും കാണാനിടയായതാണ്.
Comments
Post a Comment