ഞാൻ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു എന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച കനലിലിട്ട് ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും എന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഉമ്മ ഏതാനും നാണയതുട്ടുകൾ കൈയിൽ തന്നിട്ട്പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേപോയിറ്റ് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".
ഞാൻ അനുസരണയോട് കൂടി നാണയത്തുട്ടുമായി മീത്തലെ പ്ട്യേന്ന് ഉമ്മ പറഞ്ഞ പ്രകാരം പ്രാതലുണ്ടാക്കാനുള്ള ഭക്ഷ്യ വസ്തുക്കളുമായി തിരിച്ചെത്തും. ഉമ്മ അതെല്ലാം വാങ്ങി കടല പഴയ മൺകലത്തിലിട്ട് വറുത്തെടുക്കും. ഞാൻ മീത്തലെ പ്ട്യേന്ന് തിരിച്ചെത്തുമ്പോഴേക്കും അടുപ്പിൽ വെച്ചിരിക്കുന്ന ചെറിയ അലൂമിനിയ പാത്രത്തിലെ വെള്ളം തിളച്ച് മറിയുന്നുണ്ടാവും.ഉമ്മ അലൂമിനിയ പാത്രത്തിലെ തിളക്കുന്ന വെള്ളത്തിൽ പാകത്തിന് ചായപ്പൊടി ചേർത്ത്
അടുപ്പിൽ നിന്നെടുത്ത് മാറ്റി വെക്കും. നല്ല ചൂടുള്ള കട്ടൻ ചായ ചിരട്ട ക്കൈല് കൊണ്ട് മുക്കിയെടുത്ത് പിഞ്ഞാണത്തിൽ ഒഴിച്ച് വെക്കും. മധുരത്തിന് വെല്ലത്തുണ്ട് കടിച്ചു ചവച്ച് ചായ കുടിക്കും. വറുത്തെടുത്ത ഏതാനും കടലമണികളും തിന്ന് പിഞ്ഞാണത്തിലെ ചായയും മോന്തി അന്നത്തെ പ്രാതൽ നടപ്പിൽ വരുത്തും. ഇങ്ങിനെയാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്.
പിതാവിന്റെ മരണ ശേഷമാണ് വീട്ടിലെ ഭക്ഷണ ക്രമമെല്ലാം ഈ വിധത്തിലായത്. അത് വരെ അങ്ങിനെയായിരുന്നില്ല. രാവിലെ പുഴുങ്ങിയ കപ്പയും, വെള്ളത്തിലിട്ട് കുതിർത്ത ഉണക്ക നെല്ലിക്കയും കുരുമുളകും ചേർത്തരച്ച ചേരുവയും ചേർത്ത് വരട്ടിയ മത്തിയും കപ്പയും തിന്നാണ് മദ്രസ്സയിലും സ്കൂളിലും പോവാറുള്ളത്. പിന്നെ ഉച്ചവരെ സ്കൂൾ പഠനം. ഞാനൊന്നും പഠിക്കില്ല. പഠിക്കില്ല എന്ന വാശി കൊണ്ടല്ല പഠിക്കാത്തത്. എനിക്ക് മനസ്സിലാവുന്ന വിഷയം മലയാളം മാത്രമായിരുന്നു. കണക്ക് പഠിപ്പിക്കാൻ ചെക്കോട്ടി മഷ് ക്ലാസ്സിൽ വരും. അയാൾ കണക്ക് പറഞ്ഞു തരുമ്പോൾ, അയാളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ശ്രദ്ധിക്കുന്നത് പോലെ ഞാനിരിക്കും.
ചെക്കോട്ടി മാഷ് അടിക്കില്ല.എന്നാലും എനിക്കയാളെ ഭയമാണ്.
ഞാൻ നാലാം ക്ലാസ് വരെയാണ് എന്റെ ജന്മ ദേശത്ത് സ്കൂളിൽ പഠിച്ചത്. നാലാം ക്ലാസ് പാസായപ്പോൾ പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ ഒരനാഥാലയത്തിൽ പ്രവേശനം നേടി. അനാഥാലയത്തിലെ നീണ്ട ഒൻപത് വർഷത്തെ ജീവിതത്തിന്നിടക്ക് ഞാൻ പത്താം തരം പാസ്സായി. എന്നെ സംബന്ധിച്ചിടത്തോളം അതൊരവശ്വസനീയമായ സംഭവമായിരുന്നു. ഞാൻ പത്താം തരം പാസ്സായോ? ഞാൻ പലതവണ എന്റെ S. S. L. C.സർട്ടിഫിക്കറ്റ് മറിച്ചു നോക്കി. മറ്റുള്ളവരെ കൊണ്ട് വായിപ്പിച്ചു. ശരിയാണ്. ഞാൻ പത്താം തരം നിസ്സംശയം വിജയിച്ചിരിക്കുന്നു. ഞാൻ പത്താം തരം പാസ്സായെന്ന കാരണം പറഞ്ഞ് പ്രി -ഡിഗ്രിക്ക് പ്രവേശനം നേടി.
അതോടെ ഞാൻ പത്താം തരം പാസ്സായെന്നത് എന്റെ വെറും തോന്നലല്ല, യാഥാർത്ഥ്യമാണെന്നെനിക്ക് ബോധ്യമായി.കാരണം പത്താം തരത്തിൽ എന്റെ പഠന നിലവാരം അത്രക്കും മോശമായിരുന്നു. പ്രി -ഡിഗ്രിക്ക് ഒന്നാം വർഷവും, രണ്ടാം വർഷവും ഞാൻ ഇംഗ്ലീഷിൽ തോറ്റു. രണ്ടാം വർഷവും പരാജയപ്പെട്ടപ്പോൾ നാട്ടിൽ പോയി പ്രി-ഡിഗ്രി പാസ്സായി വന്നാൽ ടി. ടി. സി.തരാമെന്ന് അനാഥ ശാലാ ഭാരവാഹികൾ
പറഞ്ഞു. ഞാൻ നാട്ടിൽ പോയി പ്രി -ഡിഗ്രി പരീക്ഷക്ക് വീണ്ടും എഴുതി തോറ്റു.അതോടെ ഞാൻ ടി. ടി. സി പ്രവേശനത്തിനർഹനല്ലാതായി.പ്രി-ഡിഗ്രി
രണ്ട് പ്രാവശ്യത്തിൽ വിജയിച്ചില്ലെങ്കിൽ ടി. ടി. സിക്ക് പ്രവേശനം കിട്ടില്ല.
ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിൽ അലഞ്ഞു തിരിഞ്ഞു. എന്റെ ഭാവിയെ കുറിച്ച് എനിക്ക് യാതൊരു പ്രതീക്ഷയുമില്ലാതായി.
എന്റെ കൂടെ നാലാം തരം വരെ പഠിച്ച കൂട്ടുകാരെല്ലാം എന്റെ ഒൻപത് വർഷത്തെ അനാഥാലയ വാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ അവർ ഗൾഫിൽ പ്രവാസ ജീവിതം നയിക്കുന്നു. രണ്ട് വർഷത്തിലൊരിക്കലാണവർ ഗൾഫിൽ നിന്ന് നാട്ടിൽ വരാറുള്ളത്. ആറ് മാസമാണവർക്ക് ലീവ്. അവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരികെ പോയാൽ വീണ്ടും രണ്ട് വർഷത്തിന് ശേഷം ആറ് മാസത്തെ ലീവിന് അവർ നാട്ടിൽ വരും.അവരുടെ ഉള്ളം നിറയെ പ്രതീക്ഷയുടെ പൂക്കാലം. അവരുടെ ശരീര ഭാഷയാകെ മാറിയിരിക്കുന്നു. ഒരു ഗ്രാമീണ ജീവിതത്തിന്റെ ശരീര ഭാഷയല്ല അവർക്കുള്ളത്. അവരുമായി കണ്ട് മുട്ടുമ്പോഴുള്ള അത്തറിന്റെ മണവും, അവരുടെ വീടുകളിൽ നിന്ന് ഒഴുകിവരുന്ന മാപ്പിളപ്പാട്ടിലെ കിനാവിന്റെ സംഗീതവും എന്റെ മനസ്സിൽ പകൽ കിനാക്കൾ പൂക്കാൻ കാരണമായി. ഒരറബിക്കഥയിലെ ജീവിതമായിരുന്നു അവരുടേത്. ഇക്കഥ പറയുമ്പോൾ എനിക്കവരോട് അസൂയയല്ല, അവർക്ക് എന്നോടുള്ള അകൽച്ച കാണുമ്പോൾ മനം നിറയെ നൊമ്പരമായിരുന്നു.
അവർ നാളതുവരെ പാർത്തിരുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച കട്ടപ്പുര ഇടിച്ച് നിരത്തി, കരിങ്കല്ലിൽ പണിത തറയുടെ മീതെ ചെങ്കല്ല് കൊണ്ട് പടുത്തുയർത്തിയ ചുമരുകൾക്ക് മുകളിൽ കോൺഗ്രീറ്റിൽ നിർമ്മിച്ച മേൽക്കൂരയുള്ള മണിമന്ദിരം ഉയരുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ നൊമ്പരം കനക്കും. അത് അസൂയ കൊണ്ടായിരുന്നില്ല. എന്റെ അനാഥാലയത്തിലെ സഹപാഠികൾ ഉയർന്ന മാർക്കോടെ ഉപരിപഠനത്തിന്നർഹരായി. പിറന്ന നാട്ടിൽ നാലാം തരം വരെ കൂടെ പഠിച്ച സഹപാഠികളിൽ ചിലർ വിദ്യാഭ്യാസ പരമായി യോഗ്യരായി. അല്ലാത്തവർ പ്രവാസ ജീവിതത്തിലൂടെ സാമ്പത്തികമായി മുന്നേറി.ഇതെല്ലാം കാണുമ്പോൾ ഞാനൊന്നിലും പെടാതെ ജീവിത നൈരാശ്യത്താൽ ജീവിതം വഴിമുട്ടി.
ഞാൻ നാട്ടിൽ നിന്ന് തെക്ക് വടക്ക് നടക്കുമ്പോൾ സങ്കടത്തോടെ ഉമ്മ ചോദിക്കും "മോനേ ഇന്റെ പ്രായക്കാരെല്ലാം കല്ല്യാണം കൈച്ചി, പുതിയ പൊരെണ്ടാക്കി താമസമാക്കി. അവർക്കോരോ മക്കളുമായി. മോനെന്താണിങ്ങനെ നടക്കുന്നത്.?. എന്തെങ്കിലും പണിയെടുക്കേണ്ടേ? മോനും വേണ്ടേ ഒരു ജീവിതം? മോനിഇങ്ങനെ നടന്നാൽ മത്യോ?"വിറക് വെട്ടിയും, ഭാരം ചുമന്നും, വെള്ളം കോരിയും ജീവിക്കുമെന്ന് കരുതിയ കൂട്ടുകാർ അവർ പഴയ പടി ആയിരുന്നെങ്കിൽ അവരുടെ ജീവിത ശൈലിയിലേക്ക് എനിക്കും ചേക്കേറാമായിരുന്നു. പക്ഷേ..... അവർ അങ്ങിനെയായില്ല. അവർ കാലത്തിനൊപ്പം കുതിക്കുകയാണ്. എന്റെ ഓരോ ചുവടുകളും പിന്നോട്ടാണ്. ചിരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥ.ഞാനെല്ലാ നിലക്കും ഒറ്റപ്പെട്ടു. എന്റെ കൂടെ എന്റെ നിഴൽ മാത്രം.
എനിക്കറിയാവുന്ന ഒരു ജോലിയുമില്ല. ഏതെങ്കിലും ഒരു ജോലിയിലേർപ്പെട്ട്, ആ ജോലി ചെയ്ത് പഠിക്കണം. എന്നിട്ട് ആ ജോലിയിൽ പ്രാവീണ്യം നേടണം. കൂലി വേല ചെയ്യാനുള്ള കായികക്ഷമതയുമില്ല.അൻപതോ നൂറോ പച്ചത്തേങ്ങ മാലിലോ ചാക്കിലോ നിറച്ച് തലച്ചുമടായി ഉടമകൾ പറയുന്ന സ്ഥലത്ത് കാൽനടയായി കൊണ്ട് ചെന്നെത്തിക്കണം. അങ്ങിനെ ഒരുനാൾ ചെയ്താൽ തന്നെ പിറ്റേന്നാരും എന്നെ പണിക്ക് വിളിക്കില്ല. കാരണം എന്നേക്കാൾ അദ്ധ്വാന ക്ഷമതയുള്ള മിടുക്കന്മാരെ പണിക്ക് വിളിക്കും. ഞാൻ ഒരു മണിക്കൂർ കൊണ്ട് ചെയ്യുന്നത് അവർ അരമണിക്കൂർ കൊണ്ട് ചെയ്ത് തീർക്കും. കഴുതച്ചുമടിലെ കഴുതയെ പോലെ പണിയെടുത്താൽ എന്നെ ജോലിക്ക് ആര് വിളിക്കാൻ?.എന്റെ അയൽക്കാരും, കുടുംബക്കാരും, നാട്ടുകാരിൽ ഞാനുമായി അടുപ്പമുള്ളവരും ഞാൻ അറിയാതേയും, പിന്നെ എന്നോട് നേരിട്ടും ചോദിക്കാൻ തുടങ്ങി. "നീയെന്താണ് പണിക്കൊന്നും പോകാത്തത്?. പണിയെടുക്കാതെ ജീവിക്കാൻ കൈയ്യ്യോ? മനസ്സിൽ തറക്കുന്ന ചോദ്യം. "പണിയെടുക്കാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. എന്ത് പണിക്കാണ് പോകേണ്ടതെന്നെനിക്കറിയില്ല". ഞാനവരോട് ദയനീയമായി മറുപടി പറയും."കിട്ടുന്ന പണിയെന്തെങ്കിലുമെടുക്കണം. ഇഞ്ഞ് കാണുന്നില്ലേ ഇന്റെ പ്രായത്തിലുള്ളവർ കിട്ടുന്ന പണിയെടുത്ത് പണി പഠിച്ചവരാ. അത് പോലെ ഇഞ്ഞും എന്തെങ്കിലും പണിയെടുക്കാൻ നോക്ക്".
നാട്ടിൽ നിന്നാൽ ശരിയാവില്ലെന്നെനിക്ക് ബോധ്യമായി. സങ്കടം കനത്ത മനസ്സുമായി നാട്ടുകാരോട് സന്തോഷ പൂർവ്വം സംസാരിക്കാൻ കഴിയാത്ത അവസ്ഥ.
Comments
Post a Comment