Skip to main content

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ
 തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും
പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ 
ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ 
സമീപനവും പെരുമാറ്റവും.അവരുടെ
 മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല.
അവരിൽ മാന്യമായ ഭാവം
 കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്  
സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ ജനിച്ചു വളർന്ന നാടിനേക്കാൾ  ഉത്തമമാണ് ആ നാടും നാട്ടുകാരുമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ള്വുഹർ
നിസ്കാരം നിർവഹിച്ച ശേഷം   ഞാൻ
വീണ്ടും മദ്രസയിൽ പോയി തനിച്ചിരുത്തം തുടർന്നു.കുറേ കഴിഞ്ഞപ്പോൾ ഞാൻ മദ്രസ്സയുടെ ഓഫീസിൽ നിന്നും വരാന്തയിലേക്കിറങ്ങി. തുറന്നിട്ട 
ജനലഴികൾക്കിടയിലൂടെ 
മദ്രസ്സാ ഹാളിലെ ചുമരിലെ ഘടികാരത്തിലേക്ക്   നോക്കി.
സമയം  രണ്ട് മണി ആയിരിക്കുന്നു.
വീണ്ടും ഞാൻ ഓഫീസ് മുറിയിലെ കസേരയിൽ  ചെന്നിരുന്നു.
വല്ലാതെ വിശക്കുന്നു. എന്ത് ചെയ്യും? 
ഇങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുമ്പോൾ ഒരു പയ്യൻ മദ്രസയുടെ ഓഫീസിന്റെ
 വാതിലിന്നരികിൽ വന്ന് സ്നേഹ 
ബഹുമാന പൂർവ്വം പുഞ്ചിരിയോടെ അസ്സലാമു അലൈകും എന്ന് എന്നെ അഭിവാദ്യം ചെയ്തു.ഞാൻ വ:അലൈകുമുസ്സലാം എന്ന്‌ പ്രത്യഭിവാദ്യവും ചെയ്തു. തുടർന്ന്  
ഉസ്താദേ ചോറ് തിന്നാൻ പോക്വാ വാ എന്ന് പറഞ്ഞു. എനിക്ക് വളരെ ആശ്വാസമായി.ഞാൻ എഴുന്നേറ്റ്
പുറത്തിറങ്ങി. ആപ്പീസ് മുറിയുടെ വാതിൽ പൂട്ടി അവന്റെ കൂടെ ഇറങ്ങി നടന്നു.ഞങ്ങൾ രണ്ട് പേരും അവന്റെ വീട്ടിലെത്തി. ആ നാട്ടിലെ വീടുകളിൽ വെച്ച് സാമാന്യം തരക്കേടില്ലാത്ത
വീടായിരുന്നു അത്.ഗ്രിൽസ് വെച്ചിട്ടുണ്ട്.ആ കാലത്തെ സമകാലീന വീടിന്റെ തൊട്ട് പിറകിൽ എന്ന്‌ പറയാം. നിലത്ത് മാർബിളോ ഗ്രാനൈറ്റോ പതിച്ചിരുന്നില്ല.  നിലം കാവി ചേർത്ത സിമന്റ് തേച്ചിരിക്കുന്നു. പ്രൗഢഗംഭീരമായ വീടെന്ന് പറയാനും പറ്റില്ല.ഒരു പൗരാണിക വീടുമല്ല.
ആ വീട്ടിൽ ചെന്ന് കയറുമ്പോൾ ഗൃഹനാഥൻ കോലായിലെ
തെണക്കരികിലുള്ള
 തുണി കസേരയിൽ മലർന്ന്
ചാരിയിരിക്കുകയാണ്.നല്ല ഉയരവും ഉയരത്തിനൊത്ത തടിയും ഉള്ള ആൾ. ഒറ്റ നോട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം ബോധ്യമാവും. എന്നെ കണ്ടപ്പോൾ  അയാൾ എഴുന്നേറ്റ് ഗ്രിൽസ് തുറന്നു. ഞാൻ അസ്സലാമു അലൈകും എന്ന് അഭിവാദ്യം ചെയ്തു.
വ:അലൈകുമുസ്സലാം എന്ന് അയാൾ പ്രത്യഭിവാദ്യവും ചെയ്തു. "വാ ഇരിക്ക്". കോനായിലെ ചാരു കസേരയിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.ഞാൻ ആ കസേരയിൽ  ഇരുന്നു. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.അയാളുടെ   പേര്കുഞ്ഞിമൂസ ഹാജി.വീട്ടു പേര് ഇല്ലത്ത് കുനിയിൽ.മദ്രാസിൽ പലചരക്ക് കട നടത്തുകയാണയാൾ.
സംസാരിക്കുന്നതിനിടയിൽ അയാളുടെ മകൻ സുപ്ര കൊണ്ട് വന്ന് തെണമേൽ വിരിച്ചു.അപ്പോൾ അയാൾ എഴുന്നേറ്റ്  പറഞ്ഞു "വാ നമുക്ക് ചോറ് തിന്നാം". ഞാനെഴുന്നേറ്റ് ഗ്രിൽസ് തുറന്ന് വീടിന്റെ പുറത്ത്‌ ചെയ്തിയുടെ ഇടത് അറ്റത്ത് സ്ഥാപിച്ചിരുന്ന പൈപ്പ് തുറന്ന്
 കൈ കഴുകി.തിരിച്ചു വരുമ്പോഴേക്കും സുപ്രയിൽ ചോറും രണ്ട് തരം കറികളും
ചോറ് തിന്നാനുള്ള നാല് ബസ്സികളും
 നിരന്ന് നിന്ന് ഞങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു.ഒരു ബസ്സിയിൽ പച്ചക്കറിയും മറ്റേതിൽ മത്സ്യക്കറിയുമാണ്. ഞങ്ങളെല്ലാം
ചോറ് തിന്നാനിരുന്നു. വലിയൊരു തളിക നിറയെ കൂമ്പിച്ച് നിറച്ചാണ് ചോറ് കൊണ്ട് വന്ന് വെച്ചിരിക്കുന്നു.ഞാനും കുഞ്ഞിമൂസഹാജിയും, അദ്ദേഹത്തിന്റെ രണ്ട് ആൺ മക്കളടക്കം ഞങ്ങൾ നാലു പേർ മതിയാകുവോളം കഴിച്ചിട്ടും തളികയിൽ ചോറ് ബാക്കിയായിരുന്നു.
ഞങ്ങളെഴുന്നേറ്റ് കൈ കഴുകി.ഞാൻ നേരത്തെയിരുന്ന കസേരയിലിരുന്ന് 
രാവിലെ  അബൂബക്കർ മാസ്റ്റരുടെ വീട്ടിൽ നിന്ന്  ചെയ്തത് പോലെ പ്രാർത്ഥിച്ച് യാത്ര പറഞ്ഞിറങ്ങി. ഒരു മഹല്ലിൽ മദ്രസയിലോ പള്ളിയിലോ നിയമിച്ചു കഴിഞ്ഞാൽ മഹല്ല് നിവാസികളുടെ ഹിതമനുസരിച്ചായിരിക്കും  
ജീവനക്കാരെ ജോലിയിൽ നിലനിർത്തുക. ഒരാളെ പറ്റി
അയാൾ  കൊള്ളില്ല എന്ന് ജനാഭിപ്രായ മുണ്ടായാൽ കമ്മിറ്റി കഴിവതും വേഗത്തിൽ അയാളെ പിരിച്ചു വിടും. പിന്നെ ആ ജീവനക്കാരന് സ്ഥലം വിടാം. അതോടെ തോഴിൽ ദാതാവിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. മഹല്ല് കമ്മിറ്റിക്ക് വേറെ ആളെ കിട്ടും.
പിരിച്ചു വിടപ്പെട്ടവന്റെ കാര്യം തൽക്കാലം പരുങ്ങലിലാവും. തന്റെ പെട്ടിയും കെട്ടുമെടുത്ത് അസാധാരണമായി വീട്ടിൽ കയറിച്ചെല്ലുമ്പോൾ വീട്ടിലുള്ളവർക്കും അയൽവാസികൾക്കും പരിചയക്കാർക്കും കാര്യം മനസ്സിലാവും. 
ഇഞ്ഞെന്താ ആട്ന്ന് ഇപ്പം പോന്നത്? എന്ന ചോദ്യം മറച്ചുവെക്കാമായിരുന്നിട്ടും അവർ സൗമ്യമായി ആ ക്രൂരത നിർവ്വഹിച്ചിരിക്കും. താൻ പിരിച്ചു വിടപ്പെട്ടു എന്ന്‌ തുറന്നു പറയാൻ ആർക്കും മനസ്സുണ്ടാവില്ല. എന്നാൽ 
കണ്ണോത്തുള്ള ജനങ്ങളുടെ സമീപനവും 
ഭാവവും കണ്ടപ്പോൾ അവിടെ  തുടർന്നു 
പോകാം എന്ന പ്രത്യാശ എനിക്കുണ്ടായി.
എന്നിരുന്നാലും ആരാന്റ വീട്ടിൽ നിത്യവും ഭക്ഷണം കഴിക്കാൻ പോകുന്നത് എനിക്ക്‌ ഓർക്കാൻ പോലും കഴിഞ്ഞിരുന്നില്ല.ഭക്ഷണത്തിന് 
പോകാതിരിക്കാനും പറ്റില്ല.
ഞാൻ അവരുടെ വീട്ടിൽ യാചിച്ച് ചെല്ലുന്നതുമല്ല. അവർ മാന്യമായി, നല്ല വൃത്തിയിൽ നല്ല വെടിപ്പോടെ ആദര
പൂർവ്വമാണ്  ഭക്ഷണം തരുന്നത്. 
എന്നാലും ഒരു ലജ്ജ. ആരാന്റെ വീട്ടിൽ 
കയറിച്ചെന്ന് ഭക്ഷണം കഴിക്കുന്നതും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നതും എനിക്ക് ശീലമുണ്ടായിരുന്നില്ല.ഉച്ചത്തിൽ
നല്ല തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക്‌ നഷ്ടമായിരിക്കുന്നു.
നീലത്തിന്റെ വെള്ളത്തിൽ വീണ് ശരീരം നീലനിറമായപ്പോൾ കാട്ടിൽ ചെന്ന് മൃഗങ്ങളുടെ ഇടയിൽ ദൈവ ദൂതനായി 
ചമഞ്ഞ ഒരു കുറുക്കന്റെ അവസ്ഥയാകുമോ 
എന്ന ആശങ്ക എനിക്കുണ്ടായി.
  പണ്ടൊരു കുറുക്കൻ യാദൃശ്ചികമായി നീലത്തിന്റ ലായനിയുള്ള പാത്രത്തിൽ വീണു. അതിൽ നിന്ന് കരക്ക് കയറിയ കുറുക്കന്റെ ശരീരം നീലനിറമായി. തന്റെ ശരീരം നീല നിറമായത് കണ്ടപ്പോൾ കുറുക്കനൊരു കൗശലം തോന്നി. അവൻ കാട്ടിൽ ചെന്ന് കുറുക്കന്മാരോടും സിംഹരാജനടക്കം മറ്റ് മൃഗങ്ങളോടും താൻ ഇന്ന് മുതൽ നിങ്ങളിലേക്ക് അയക്കപ്പെട്ട ദൈവദൂതനാണെന്നും, തന്നെ ദൈവം നിങ്ങളിലേക്ക് ദൂതനായി അയച്ചത് കൊണ്ടാണ് തന്റെ ശരീരം നീല നിറമായതെന്നും കുറുക്കൻ
വിളമ്പരം ചെയ്തു. മൃഗരാജനടക്കം എല്ലാ മൃഗങ്ങളും കുറുക്കനെ വിശ്വസിച്ചു.
  മൃഗരാജനടക്കം സകലമൃഗങ്ങളും കുറുക്കന്റെ  ഉപദേശം  കേൾക്കാൻ കുറുക്കന്റെ സദസ്സിൽ സന്നിഹിതരായി. ഒരു ദിവസം മൃഗങ്ങൾ കുറുക്കന് കുറേ ഭക്ഷണ വിഭവങ്ങൾ ഭക്തി ആദര പൂർവ്വം കാണിക്കയർപ്പിച്ചു. വയറ് നിറയെ ഭക്ഷണം കഴിച്ച കുറുക്കനിൽ  തന്റെ നൈസർഗ്ഗിക സ്വഭാവം പ്രകടമായി.
അവനറിയാതെ തന്റെ തല മേല്പോട്ടുയർത്തി ഓരിയിടാൻ തുടങ്ങി. ഇത് കണ്ടപ്പോൾ കുറുക്കന്മാരും മറ്റ് മൃഗങ്ങളും സിംഹ രാജനടുക്കം ഏക 
കണ്ഠ്യേന അവൻ ദൈവ ദൂതനല്ലെന്നും തങ്ങളെ പോലെ കേവലം ഒരു മൃഗമാണെന്നും  അവൻ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും തിരിച്ചറഞ്ഞ് അവനെ കാട്ടിൽ നിന്നും പുറത്താക്കി. എനിക്ക് ആ കുറുക്കന്റെ അവസ്ഥയാകാതിരിക്കട്ടെ എന്ന്‌ ഞാൻ പ്രാർത്ഥിച്ചു.ആ കുറുക്കനെ പോലെ ഞാനും ഒരു മാന്യനായിരിക്കുന്നു.
ഉസ്താദ്‌ എന്ന വിശേഷണങ്ങളും സവിശേഷതകളും എനിക്ക് പരിമിതികൾ തീർത്തിരിക്കുന്നു.
കുറുക്കന് നീലനിറമാണെങ്കിൽ എനിക്ക് വെള്ള വസ്ത്രം എന്ന വ്യത്യാസം.
ഒരു ദിവസം ഞാൻ മറ്റുള്ളവരെ പോലെ അതിരുവിട്ട് തമാശ പറയുകയും, പൊട്ടിച്ചരിക്കുകയും ചെയ്താൽ ആ കുറുക്കന്റെ ഗതി തനിക്കും  വരുമെന്ന ഉൾഭയം എന്നിലുളവായി.പൊട്ടിച്ചിരിയും മറ്റും ഹറാമല്ലെങ്കിലും എന്റെ പദവിക്ക് ചേർന്നതല്ലായിരുന്നു.നിന്റെ കൂടെയുള്ളവരും അങ്ങിനെത്തന്നെയല്ലേ? എന്നായിരുന്നു 
ചിലരുടെ മറു ചോദ്യം. ശരിയാണ്. കൂടെയുള്ളവരും അങ്ങിനെ തന്നെയാണ്. കൂടെയുള്ള സഹപ്രവർത്തകർ കുഞ്ഞുന്നാളിൽ
തന്നെ പരമ്പരാഗത പള്ളിദർസിൽ നിന്ന് പഠിച്ച് വീടുകളിൽ പോയി ഭക്ഷണം കഴിച്ച് വളർന്നവരാണ്. എന്നെ പോലെ അവർക്ക് ആരാന്റെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്റെ മനസ്സ് ഈ സമ്പ്രദായത്തോട് ഒട്ടും ഇണങ്ങിയിട്ടില്ല. ഞാൻ നിർഭയത്തോടെയായിരുന്നു സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നത്.അന്ന് എന്നെ 
നിരീക്ഷിക്കാനും വിലയിരുത്താനും ആരുമില്ലായിരുന്നു.കുടുംബ വീകളിൽ നിന്ന് പോലും ഭക്ഷണം കഴിക്കാൻ എനിക്ക് മടിയായിരുന്നു.എന്റെ വീട്ടിന്റെ 
കോനായിൽ ഒരു കട്ടിലുണ്ടായിരുന്നു.
അതിന്മേലിരുന്നാണ് ഞാൻ ഭക്ഷണം കഴിച്ചിരുന്നത്. ഞാൻ  ചോറും ചമ്മന്തിയും കൂട്ടിക്കുഴച്ച്   തിന്നുമ്പോൾ എന്റെ വീട്ടിലെ പൂച്ച തറയിലിരുന്ന്, ഞാൻ ചോറ് വായിലിടുമ്പോൾ  തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കും. കൈ ഭക്ഷണത്തിലിടുമ്പോൾ പൂച്ച തല താഴ്ത്തും.ഇങ്ങിനെ ഭക്ഷണത്തോടുള്ള ആർത്തി പൂച്ച പ്രകടമാക്കും. ഇത് കാണുമ്പോൾ ഞാൻ സഹതാപ പൂർവ്വം ചമ്മന്തിയും ചോറും നല്ലവണ്ണം കൂട്ടിക്കുഴച്ച് ധാരാളം ചോറ് പൂച്ചക്കിട്ട് കൊടുക്കും. പൂച്ച അത് ആർത്ഥിയോടെ തിന്നും. തിന്ന് കഴിഞ്ഞാലും പൂച്ച  എന്റെ സമീപത്ത് തന്നെ യിരിക്കും. വീണ്ടും
ചോറ് ഇട്ട് കൊടുത്താൽ ആദ്യമുണ്ടായിരുന്ന ആർത്ഥിയില്ലെങ്കിലും പൂച്ച അത് സാവകാശം തിന്ന്‌ തീർക്കും. ഇങ്ങിനെ ചെയ്തതിന്റെ പുണ്യം കൊണ്ടാവാം ഓർക്കാപ്പുറത്ത് ചൊക്ലി കണ്ണോത്ത് പള്ളിയിൽ എനിക്ക് ജോലി കിട്ടിയതും, ഞാൻ പൂച്ചയെ സ്നേഹ പൂർവ്വം എങ്ങിനെ ഭക്ഷപ്പിച്ചുവോ  അതിനേക്കാൾ ഉത്തമമായ രീതിയിൽ  കണ്ണോത്തുള്ളവർ എന്നെ ഭക്ഷിപ്പിക്കുകയും ചെയ്തത്.തുടർ ദിനങ്ങളിൽ അന്നദാനം തുടരണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ആരാന്റെ വീട്ടിൽ നിന്നല്ലേ ഭക്ഷണം കഴിക്കുന്നത്. സ്വന്തം വീട്ടിലെ പോലെ പൂച്ചകൾക്ക് ഭക്ഷണം കൊടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നില്ല. എന്നാലും ധാന്യങ്ങൾ വാങ്ങി എവിടെയെങ്കിലും വിതറി പക്ഷികൾക്ക് ദാനം ചെയ്യാമായിരുന്നു.ഇങ്ങിനെ ഒരാശയം മനസ്സിലുദിച്ചെങ്കിലും അതിന് ഞാൻ 
മുതിർന്നില്ല. ആ അന്നദാനം ഞാൻ തുടർന്നിരുന്നെങ്കിൽ എനിക്ക് നല്ല ഐശ്വര്യ പൂർണ്ണമായ ജീവിതമുണ്ടായിരിക്കുമെന്ന് ഞാൻ പിൽകാലത്ത് വിലയിരുത്തിയിരുന്നു. നിത്യവും ചെയ്തു വരുന്ന പുണ്യകർമ്മം നിർത്തിയാൽ അതിന് ഭവിഷ്യത്തുണ്ടാകുമെന്ന് ഞാൻ ഗുരുമുഖത്ത് നിന്നും അനുഭവത്തിലും മനസ്സിലാക്കിയതാണ്. അത് നിർത്തിയത് കൊണ്ടാവാം ചൊക്ലിയിൽ നിന്ന് എനിക്കുണ്ടായിരുന്ന സമാധാനവും സന്തോഷവും പിന്നീടെനിക്കുണ്ടാവാതിരുന്നത്.ഒരു ഖുർആൻ വചനത്തിൽ ഞാൻ കണ്ടിട്ടുണ്ട്.ഭൂമിയിലുള്ളവരോട്  കരുണ ചെയ്താൽ ആകാശത്തുള്ളവർ നിങ്ങളോട് കരുണ ചെയ്യുമെന്ന്.
ആകാശത്തുള്ളവർ കരുണ ചെയ്യുന്നതിന്റെ അടയാളം ഭൂമിയിലുള്ളവർ തന്നോട് കരുണ ചെയ്യുന്നതാണ്.ആ വചനത്തിന്റെ 
പുലർച്ചയാണ് ചൊക്ലിയിൽ നിന്ന്‌ ഞാൻ അനുഭവിച്ചതും, ചൊക്ലിയിൽ  ഓർക്കാപ്പുറത്ത് എനിക്ക് ജോലി കിട്ടിയതും. ചൊക്ലി മദ്രസ്സയിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് മൂന്നാം ദിവസം. ഇബ്രാഹിം ഉസ്താദ് എന്നോട് ചോദിച്ചു. "ഇന്ക്ക് ഞാൻ ഒരു ട്യൂഷൻ ഏർപ്പെടുത്തിത്തരട്ടേ ഇഞ്ഞ് എടുക്ക്വോ?" 
കേട്ടപ്പോൾ തന്നെ എനിക്ക് വലിയ സന്തോഷം.
"ങാ"ഒന്നും ആലോചിക്കാതെ തന്നെ ഞാൻ സമ്മതം മൂളി.
അങ്ങിനെ അയാളെന്നേയും കൊണ്ട് ഒരു വീട്ടിൽ പോയി. ചൊക്ലി മെയിൻ റോഡിന്റെ സൈഡിൽ ഒരു വീടുണ്ട്.ഔലാദിലെ മൊയ്തുക്കാന്റെ വീട്.സുന്ദരമിയൊരു വീട്.ഗ്രിത്സ് വെച്ച് തറയിൽ ഗ്രനൈറ്റ് പതിച്ച ഒരു ആധുനിക വീട്. ഞങ്ങൾ രണ്ട് പേരും അവിടെ കയറിച്ചെന്നു. വീട് കണ്ടപ്പോൾ തന്നെ എനിക്ക് വലിയ സന്തോഷമായി. ഇബ്രാഹിം ഉസ്താദ് ഓടാമ്പല നീക്കി ഗ്രിത്സ് തുറന്ന് വീടീന്റെ കോലായിൽ കയറി. അപ്പോൾ അകത്ത് നിന്ന് ഒരു കൊച്ചു മിടുക്കി ഓടിവന്ന് സന്തോഷ പൂർവ്വം ഇബ്രാഹിം ഉസ്താദും പുതിയ ഉസ്താദും എന്ന് പറഞ്ഞ് അകത്തേക്കോടിപ്പോയി.അവൾ എന്റെ ക്ലാസ്സിൽ പഠിക്കുന്ന  ഷമീമയെന്ന മിടുക്കിയായിരുന്നു. ഉടൻ തന്നെ അകത്ത് നിന്ന് ഒരു സ്ത്രീ വന്ന് ഇബ്രാഹിം ഉസ്താദേ  ഇരിക്ക് എന്ന് പറഞ്ഞ് അകത്തേക്ക് തന്നെ പോയി.കണ്ടപ്പോൾ തന്നെ അവർ ഗൃഹനാഥയാണെന്ന് എനിക്ക് മനസ്സിലായി. ഏതാനും നിമിഷങ്ങൾക്കകം രണ്ട് ഗ്ലാസ്സ് ജൂസുമായി ആ സ്ത്രീ തിരികെ 
വന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും തന്നു. ഞാൻ അത് ആർത്ഥിയോടെ കുടിച്ചു. ജൂസ് കുടിച്ചപ്പോഴുണ്ടായ അനുഭൂതിയാലും സന്തോഷത്താലും  എന്റെ മുഖം പ്രസന്നമായി. പുഞ്ചിരിയാൽ എന്റെ ചുണ്ടുകൾ വിടർന്നു. എന്റെ മനസ്സിൽ സന്തോഷം പൂത്തു.
"ഞാൻ ഇയാളെ ട്യൂഷനെടുക്കാൻ കൊണ്ടുവന്നതാണ്"
ഇബ്രാഹിം ഉസ്താദ് ആ സ്ത്രീയോട് പറഞ്ഞു. അങ്ങിനെ അന്ന് വൈകുന്നേരം മുതൽ ട്യൂഷൻ തുടങ്ങമെന്നേറ്റു. ഞങ്ങൾ അവിടെ നിന്ന് പള്ളിയിലേക്ക് തന്നെ മടങ്ങി.അന്ന് വൈകുന്നേരം ഞാൻ ട്യൂഷൻ ആരംഭിച്ചു.അടുത്ത ദിവസം മുതൽ 
 മുഹർറം ഒൻപതും പത്തുമാണ്.പിറ്റേന്ന് മദ്രസ്സ വിടുന്നതിന്റെ തൊട്ട് മുമ്പ് നീണ്ട ബെല്ലടിക്കുന്നതിന് മുമ്പ് പഠിതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ഇബ്രാഹിം ഉസ്താദ് പറഞ്ഞു. "നാളെയും മറ്റന്നാളും മഹർറം ഒൻപതും പത്തും ആയതിനാൽ
രണ്ട് ദിവസം മദ്രസ്സക്ക് അവധിയാണ്. എല്ലാവരും മുഹർറം ഒൻപതിനും പത്തിനും നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. ഇത്രയും പറഞ്ഞു കൊണ്ട് നീണ്ട ബെല്ലടിച്ച ശേഷം സ്വലാത്ത് ചൊല്ലി മദ്രസ്സ വിട്ടു. രണ്ട് ദിവസം മദ്രസ്സക്ക് അവധിയായതിന്റെ സന്തോഷത്താൽ ആർപ്പ് വിളിയുമായി വിദ്യാർത്ഥികൾ വീട്ടിലേക്കു പോയി.
      ഞാനും കാഞ്ഞിരത്തിൻ കീഴിലുള്ള പള്ളിയിൽ ജോലിചെയ്യുന്ന മൊയ്തീൻ മുസ്ല്യാരും ഒഴികെയുള്ള സഹപ്രവർത്തകരെല്ലാം നാട്ടിൽ പോയി. മൊയ്തീൻ മുസ്ല്യാർ മലപ്പുറം വളരെ ദൂരത്തായതിനാൽ അയാൾ മാസത്തിൽ ഒരിക്കലാണ് നാട്ടിൽ പോവുക. എന്റെ കൈയിൽ ബസ്ചാർജില്ല. നിടുമ്പ്രത്തെ പോക്കർ മൗലവിയോട് വാങ്ങിയ പണം തിരിച്ചു കൊടുക്കാനുമില്ലാത്തതിനാൽ ശമ്പളം വാങ്ങിയിട്ട് നാട്ടിൽ പോകാമന്ന് ഞാൻ തീരുമാനിച്ചു.അന്ന് വൈകുന്നേരം ട്യൂഷൻ കഴിഞ്ഞു. ഞാൻ തിരികെ പള്ളിയിലേക്ക് വന്നു. അന്ന് രാത്രി അബൂബക്കർ മാസ്റ്ററുടെ വീട്ടിൽ നിന്നല്ല ഭക്ഷണം. ഒരു ദിവസം തൽക്കാലം അയാൾ തന്നു എന്നേയുള്ളു. താഴെ പീടികയിൽ മൊയ്തുക്ക എന്നയാളുടെ വീട്ടിൽ നിന്നാണ് എനിക്ക് രാത്രി
സ്ഥിരം ഭക്ഷണം. അന്ന് രാത്രി താഴെപീടികയിൽ മൊയ്തുക്കാന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അത്താഴത്തിനുള്ള ഭക്ഷണം അയാൾ തന്നു.പിറ്റേ ദിവസം ഞാൻ മുഹർറം ഒൻപതിന്റെ സുന്നത്ത് നോമ്പനുഷ്ഠിച്ചു. അന്ന് വൈകുന്നേരം അസർ നിസ്കാരാനന്തരം ട്യൂഷന്ന് പോകുന്നതിന്ന് മുമ്പ് പള്ളിയിലെ ഇമാമിനോട് ഞാൻ എങ്ങവിടെ നിന്നാണ് നോമ്പ് തുറക്കേണ്ടതെന്ന് ഞാൻ ആരാഞ്ഞു. നോമ്പ് തുറക്കാൻ ആരെങ്കിലും വിളിക്കുമോ? ആരെങ്കിലും നോമ്പ് തുറക്കുള്ള വിഭവങ്ങൾ കൊണ്ട് വരുമോ?". അപ്പോൾ ഇമാമ് പറഞ്ഞു. "ങ്ങക്ക് ഔലാദിലെ മൊയ്തൂക്കാന്റാട്ന്നല്ലേ ട്യൂഷൻ? അവടെ പോയ ഒടനെ ഞാനിന്ന് നോമ്പ് തൊറക്കാനിന്നിവ്ട്യാ എന്നങ്ങ് പറഞ്ഞേക്ക്".
"അയ്യേ ഞാൻ പറയൂല. നാണക്കേട്". ഞാൻ പറഞ്ഞു.
"നാണക്കേടൊന്നൂല്ല. അതവരിക്കിഷ്ടാ. അല്ലാതെ ങ്ങളെങ്ങിന്യാ നോമ്പ് തൊറക്ക്വാ?"
പള്ളിയിലെ ഉസ്താദ് ചോദിച്ചു.
ഞാൻ ഔലാദിൽ പോയ ഉടനെത്തന്നെ നോമ്പ് തുറയുടെ കാര്യം പറഞ്ഞു. കേട്ടത് പാതി കേൾക്കാത്തത് പാതി. "ങാ സന്തോഷപൂർവ്വം അവർ സമ്മതം മൂളിക്കൊണ്ട് പറഞ്ഞു."ങാ അല്ലേങ്കിലും ഞാന്ങ്ങളോട് പറേണോന്ന് ബിചാരിച്ചതാ നോമ്പ് തൊറന്ന്റ്റ് പോകാന്ന്".
 അന്ന് ട്യൂഷൻ കഴിഞ്ഞു.പഠിക്കാൻ വന്ന മൂന്ന് കുട്ടികളം അകത്തേക്ക് പോയി.ഉടൻതന്നെ ഒരു കുട്ടി എന്റെ അടുത്ത് വന്ന്"ങ്ങളോടിരിക്ക്യാൻ. നോമ്പ് തൊറന്ന്റ്റ് പോകാന്ന് ഉമ്മ". എനിക്ക് വലിയ സന്തോഷമായി. എന്നെ അവർ
നോമ്പ് തുറക്കാൻ ക്ഷണിക്കക മാത്രമല്ല. മാന്യമായ പരിഘണനയും നൽകിയിരിക്കുന്നു.അടുത്തുള്ള പള്ളിയിൽ നിന്ന് മഗ്‌രിബിന്റെ ബാങ്ക് കേട്ടപ്പോൾ,എന്നെയവർ അകത്തേക്ക് വിളിച്ചു. ഡൈനിങ് ഹാളിലെ മേഷമേൽ കാരക്കയും വെള്ളവും, വിവിധ തരം പഴവർഗ്ഗങ്ങളും പലഹാരങ്ങളും ജ്യൂസുകളും നിരത്തി വെച്ചിരിക്കുന്നു.
ആദ്യമായി ഞാൻ കാരക്കയും വെള്ളവും കുടിച്ചു. അതാണല്ലോ നോമ്പ് തുറയുടെ സുന്നത്ത്.പിന്നെ ജ്യൂസ് കുടിച്ചു. പഴവർഗ്ഗങ്ങളും പലഹാരങ്ങളും കുറേശ്ശ കഴിച്ചു. ഓറോട്ടിയും മത്സ്യക്കറിയും
ഓരോ പാത്രങ്ങളിൽ ഞാൻ കൈ
കുത്തുന്നതും പ്രതീക്ഷിച്ച് ആകാംക്ഷയോടെ 
കാത്തിരിക്കുകയാണ്.
 എനിക്കൊന്നും വേണമെന്നില്ലായിരുന്നു. എങ്കിലും ഒറോട്ടിയേയും മത്സ്യക്കറിയേയും നിരാശപ്പെടുത്തേണ്ടെന്ന് കരുതി ഞാൻ അവയെ എന്റെ മുന്നിലേക്ക് വലിച്ചു വെച്ച്‌ കഴിക്കാൻ തുടങ്ങി.നാളതുവരെ ഞാൻ അനുഭവിച്ചതിൽ നിന്നും വിഭിന്നമായ രുചി. ഞാൻ എഴുന്നേറ്റ് കൈ കഴുകി പള്ളിയിലേക്ക് പുറപ്പെട്ടു.
 മുഹർറം ഒൻപതിന്റെ സുന്നത് നോമ്പ് അനുഷ്ഠിക്കുകയും ആഢംബരമായി തുറക്കുകയും ചെയ്ത സന്തോഷത്താൽ ഞാൻ പുളകമണിഞ്ഞു.
 പിറ്റേ ദിവസം മുഹർറം പത്തിന്റെ നോമ്പും ഞാൻ അനുഷ്ഠിച്ചു. അന്ന് വൈകിട്ട് അസർ നിസ്കാരത്തിന്റെ ശേഷം ട്യൂഷന് പുറപ്പെടുന്നതിന് മുമ്പായി ഞാൻ ഉസ്താദിനോട് നോമ്പ് തുറക്കുന്നതിനെ സംബന്ധിച്ച് സംസാരിച്ചു. "ഇന്നലെ തുറന്നത് 
പോലെ ഇന്നും നിങ്ങൾക്കവിടെ നിന്ന് തുറക്കാം". ഉസ്താദ് പറഞ്ഞു.
അന്നും ഞാൻ പതിവ് പോലെ ട്യൂഷന് പോയി. ടൂഷൻ കഴിഞ്ഞപ്പോൾ ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പായി അകത്ത് നിന്നും ധൃതിയിൽ കുടുംബ നാഥയായ ആ സ്ത്രീ വന്ന് ഇരിക്ക് നോമ്പ് തുറന്നിട്ട്‌ പോകാമെന്ന്  പറഞ്ഞു.അന്നും ഞാൻ അത്യാഢംബര പൂർവ്വം  നോമ്പ് തുറന്നതിനു ശേഷം
 കണ്ണോത്ത് പള്ളിയിലേക്ക് പോയി.
        ഞാൻ മദ്രസയിൽ ജോലി ഏറ്റെടുത്തിട്ട് അഞ്ച് ദിവസമായി. പിന്നെ നാട്ടിൽ പോകണമെന്നോ ഉമ്മയെ കാണണമെന്നോ ഉള്ള ചിന്ത എനിക്കുണ്ടായില്ല. എന്റെ കുടുംബത്തോടും എന്നെ നൊന്തു പെറ്റ ഉമ്മയോടും സ്നേഹമുണ്ട്.സ്നേഹ പൂർവ്വം ഞാൻ അവരെ ഓർക്കുന്നുമുണ്ട്. എന്നിരുന്നാലും  ചൊക്ലിയിലെ സ്നേഹ ബഹുമാനത്തോടെയുള്ള മികച്ച പരിഘണന കാരണം എനിക്ക് നാട്ടിൽ പോകാൻ താല്പര്യമില്ലാതെയായി.എന്നെ അനാഥാലയത്തിൽ ചേർത്തതിന് ശേഷം അനാഥാലയത്തിന്റ ഭാരവാഹികൾ അന്തേയവാസികൾക്ക് ബാലന്മാർ എന്ന പരിഘണനയായിരുന്നു നല്കിയിരുന്നത്.
എന്നാൽ പത്താം തരം കഴിഞ്ഞപ്പോൾ ബാലന്മാർ എന്നതിലുപരി ഞങ്ങളുടെ വ്യക്തിത്വത്തെ അവർ പരിഘണിച്ചു.
ഞങ്ങളുടെ കഴിവനുസരിച്ചുള്ള ഉത്തരാദിത്തങ്ങൾ ഞങ്ങളെ ഏൽപ്പിച്ചു. അനാഥാലയത്തിന്റെ ഓഫീസിൽ ഫയലുകൾ കൈകാര്യം ചെയ്യാനും. ദൈനം ദിന കണക്കുകളെഴുതാനും  അന്തേയവാസികളായിരുന്നു. എനിക്ക് കിട്ടിയ ഉത്തരവാദിത്വം ഉസ്താദുമാർ
 ലീവെടുത്ത് നാട്ടിൽ പോയാൽ അവർ 
മടങ്ങിയെത്തും വരെ ഒഴിവുള്ള ക്ലാസ്സിൽ അദ്ധ്യാപനം നടത്തുക.രോഗികളായ അന്തേയവാസികളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ട് പോവുക. അവരെ അനാഥാലയത്തിലേക്ക് തിരിച്ചെത്തിക്കുക. ആശുപത്രിയിലില്ലാത്ത മരുന്ന് ഡോക്ടർമാർ കുറിച്ചാൽ അത് മെഡിക്കൽ ഷോപ്പിൽ പോയി അനാഥാലയത്തിന്റെ അക്കൗണ്ടിൽ
വാങ്ങി രോഗികൾക്ക് കൊടുക്കുക ഇവയെല്ലാമായിരുന്നു എന്റെ ചുമതല.എന്റെ കുഞ്ഞുനാളിലാണ് എന്റെ പിതാവെന്നെ വിട്ടു പിരിഞ്ഞത്.അങ്ങിനെ എനിക്ക് അനാഥപ്പട്ടം സ്വയത്തമായി. അനാഥനെന്ന ആനുകൂല്യത്തിൽ എനിക്ക് അനാഥാലയത്തിൽ അന്തേയവാസിയായി പ്രവേശനം കിട്ടി. നീണ്ട ഒൻപത് വർഷത്തെ അനാഥാലയ വാസത്തിന് ശേഷം വിദ്യാഭ്യാസ ലക്ഷ്യങ്ങളൊന്നും നേടാൻ കഴിയാതെ പുറത്തിറങ്ങി. പഠച്ച് വിദ്യാഭ്യാസ നിലവാരം നേടണം.സർക്കാർ തലത്തിൽ ഒരു സർക്കാർ അദ്ധ്യാപകനാവണം എന്നെല്ലാമായിരുന്നു എന്റെ വിദ്യാഭ്യാസ ലക്ഷ്യം. ഇച്ഛിച്ചത് നേടാൻ കഴിയാതെ യതീം ഖാനയിൽ നിന്നും പുറത്തിറങ്ങിയ ഞാൻ മദ്രസ്സാ അദ്യാപകനായി ജീവിതോപാധി കണ്ടെത്തി. അതും യാദൃച്ഛികമായി.ഞാൻ ഒരിക്കലും ഒരു മദ്രസ്സാ അദ്ധ്യാപകനാവണമെന്ന് ആഗ്രഹിച്ചിരുന്നില്ല.
അല്ലാഹു എന്റെ കൈ പിടിച്ച് മദ്രസ്സയിൽ അദ്ധ്യാപകനായി നിയമിച്ചു. ചൊക്ലിയിൽ മദ്രസ്സാ അദ്ധ്യാപകനായി ജോലി കിട്ടിയതിനെ പറ്റി എനിക്ക് പറയാറുള്ളത് ഇങ്ങിനെയായിരുന്നു. അത് മാത്രമേ ഞാൻ എല്ലാവരോടും പറഞ്ഞിട്ടുമുള്ളൂ.
        മുഹർറം പതിനൊന്ന് മുതൽ മദ്രസ തുറന്ന് പഠനം ആരംഭിച്ചു. കളിയും ചിരിയും തമാശയും കുസൃതിയുമുള്ള നല്ല പൂവ് പോലെയുള്ള മക്കൾ.
 അവർക്ക് വികൃതിയില്ലായിരുന്നു. പരസ്പരം അവർ തമ്മിൽ
ആരുമാരേയും നോവിച്ചിരുന്നില്ല. നല്ല തുമ്പപ്പൂ പോലെയുള്ള പല്ലുകൾ കാട്ടി കുസൃതി പറഞ്ഞ് ചിരിക്കുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ സന്തോഷത്തിന്റെ പൂക്കൾ വിടരുമായിരുന്നു. എന്റെ മനസ്സിന്റെ താളപ്പിഴകൾ മറക്കുമായിരുന്നു.

 
 
December-07|2025

Comments

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി, കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്ന്  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും  വലതു വശത്തേക്കു തി...