Skip to main content

ഓർമയിലെ ശേഷിപ്പുകൾ.( കഥ)

ഞാൻ മുയിപ്പോത്ത് മാപ്പിള യു.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്റെ ക്ലാസദ്ധ്യാപകനായ കോച്ചേരി അമ്മത് മാഷ് എന്നെ കാണുമ്പോഴെല്ലാം പറയും.
 മോനെ, ഇന്ക്ക് പിത്തമുണ്ട്.ഇന്റുപ്പാനോടൊരു വൈദ്യനെ കണിച്ചി മരുന്ന് വാങ്ങിത്തരാൻ  പറയണമെന്ന്.
അക്കാര്യം ഞാൻ  വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ നിർവികാരതയോടെ "ങാ" എന്ന് പറയും.അവർ എന്റെ ആരോഗ്യ പ്രശ്നത്തിൽ ഒരു ഒരു താല്പര്യവും കാണിച്ചില്ല. അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് എനിക്ക്, ബോദ്ധ്യമായി.പക്ഷേ.....എനിക്കതിൽ ആവലാതിയോ വേവലാതിയോ ഉണ്ടായില്ലെങ്കിലും  എനിക്കും ഒരു നിർവികാരത.ഏതു പോലെയെന്നാൽ മിഠായി വേണമെന്നാവശ്യപ്പെട്ടിട്ട് കിട്ടിയില്ലെങ്കിൽ വാശി പിടിച്ച് കുട്ടികൾ കരയാറില്ലേ? അല്പം കഴിഞ്ഞ്  അവർ ശാന്തരാകും പോലെെ.അതിന്റെ ഗൗരവം എനിക്കും മനസ്സിലായില്ല.എന്ത് കൊണ്ടാണ് അവരന്ന് എന്നെ ചികിത്സക്ക്  വിധേയമാക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടിയത്?. ഇപ്പോഴും എനിക്കതിന്റെ ഉത്തരം കിട്ടിയിട്ടില്ല.എന്റെ രണ്ടാം ക്ലാസ്സ് പ്രായത്തിൽ  എനിക്കെന്ത് മനസ്സിലാവാനാണ്?
     കുഞ്ഞുനാളിൽ ഞാനെന്നല്ല ആർക്കാണ് സഗൗരവം ചിന്തിക്കാൻ കഴിയുക? പിൽക്കാലത്താണ് ഞാനിതിനെ പറ്റിയെല്ലാം ചിന്തിക്കുന്നതും ഓർക്കുന്നതും.അന്നു ഞാൻ സഹപാഠികളുടെ കൂടെ ഓടിച്ചാടി കളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും ശരാശരി നിലവാരത്തിലാണെന്നാണ് എന്റെ ഓർമ്മ.ഓർമ്മ ശരിയോ തെറ്റോ എന്നെനിക്കറിയില്ല.എന്നിരുന്നാലും.
    വീട്ടുകാർ എന്റെ എല്ലാ വിഷയത്തിലും ഇതു് പോലെ യായിരുന്നില്ല. ഓർമ്മകളുടെ പിന്നാമ്പുറത്തേക്ക് സഞ്ചരിച്ചപ്പോൾ അവരെന്നെ ചികിത്സിച്ചതിന്ന് ധാരാളം ഉദാഹരണങ്ങളുമുണ്ട്.അത്കൊണ്ടാണ് അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പിനെ അവഗണിച്ചതെന്ത്  കൊണ്ടാണെന്ന ചോദ്യത്തിന് എനിക്കിന്നും ഉത്തരം കിട്ടാത്തത്.
     മാസങ്ങൾ പലത് കഴിഞ്ഞു.ഞാൻ മൂന്നാം ക്ലാസിലെത്തി.ഒരു ദിവസം എനിക്കൊരു പനിപിടിപെട്ടു.സാക്ഷാൽ പിത്തപ്പനി.പിത്തപ്പനിയാണതെന്ന് എനിക്കോ എന്റെ വീട്ടുകാർക്കോ മനസ്സിലായിരുന്നില്ല.ഒരു സാധാരണ പനി എന്നേ ഞങ്ങളെല്ലാവരും ധരിച്ചിരുന്നുള്ളൂ.പിത്തപ്പനിയായിരുന്നുവെന്ന് പിൽകാലത്താണ്  ഞാൻ വായിച്ചറിവിലൂടെയും കേട്ടറിവിലൂടെയും മനസ്സിലാക്കിയത്.പിത്തം അധികരിച്ചാൽ പനിക്കും.അതാണ് പിത്തപ്പനി.അന്ന് പാതിരാവിൽ ഞാനൊരു ദുസ്വപ്നം കണ്ട് ഭയന്നു.പിത്തം തലക്ക് കയറിയാൽ ദുസ്വപ്നം കാണുമെന്ന്  പഴമക്കാർ പറയുന്നത് പിൽകാലത്ത് ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്.
എന്റെ വീട്ടുമുറ്റത്ത് ഒരു ആൾരൂപം  നിൽകുന്നു.അത്രതന്നെ.ആ രൂപത്തെ കണ്ടപ്പോൾ ഞാൻ വല്ലാതെയങ്ങ് ഭയന്നു.അതിലെന്താണിത്ര  പേടിക്കാൻ?ഒരാൾ രൂപമല്ലേ?.സ്വപ്നം കണ്ട ഞാൻ  വല്ലാതെ പേടിച്ചു നിലവിളിച്ചു.എല്ലാവരും ഞെട്ടിയുണർന്നു.ഉമ്മ തീപ്പെട്ടിയുരച്ച്  വിളക്ക് കത്തിച്ചു.ഉഗ്രഭയം കൊണ്ട് തുറിച്ച മിഴികളുമായി  എങ്ങോട്ടോ നോക്കി വെപ്രാളത്തിൽ എന്തെല്ലാമോ  പുലമ്പുകയാണ് ഞാൻ.എന്റെ മുഖവും വെപ്രാളവും കണ്ട വീട്ടുകാർക്കും ഭയം തോന്നി.അവരെന്നെ വിളിച്ചു.
"മോനേ ഇന്ക്കെന്ത് പറ്റി?".
ഞാൻ ഒന്നും അറിയുന്നില്ല.ഞാൻ ഉറക്കിൽ തന്നെയായിരുന്നു.അവരെന്റെ മുഖത്ത് വള്ളം തളിച്ചു. ഞാനുണർന്നു.എനിക്ക് പരിസരബോധം വന്നു.അപ്പോൾ ഞാൻ കാണുന്നത്  എന്റെ നേരെ മൂത്ത സഹോദരി നബീസച്ചാച്ച.അവളുടെ നേരെ മുത്ത സഹോദരൻ അബ്ദുള്ളക്കാക്ക,ഉമ്മ, ഇവരെല്ലാം  എന്ത് ചെയ്യണമെന്നറിയാതെ എന്റെ കട്ടിലിന്നരികെ നോക്കി നിൽക്കുകയാണ്.ഞാനും അബ്ദുള്ളക്കാക്കയും ഒന്നിച്ചൊരു കട്ടിലിലാണ് കിടന്നിരുന്നത്.അതിന്റെയടുത്ത് പത്തായം പോലെ വലിയൊരു പെട്ടിയുടെ മുകളിൽ ഉമ്മ.ബെഡ്ഡ്റൂമിൽ നബീസച്ചാച്ച.ഇത്രയും പേർ ആ കൊച്ചു കട്ടപ്പുരക്കുള്ളിൽ കിടന്നുറങ്ങുന്നതിനിടയിലാണ് എന്റെ ദുസ്വപ്നവും ബഹളവും വെപ്രാളവും.ഞെട്ടിയുണർന്നപ്പോൾ എനിക്കാശ്വാസമായി.പിന്നെഞാൻ സാധാരണ പോലെ ഉറങ്ങി.എല്ലാവരും വിധിയെഴുതി എനിക്ക് 😈 പിശാചിന്റെ ഉപദ്രവമാണെന്ന്.പിറ്റേ ദിവസം  ഒരു മന്ത്രവാദി മുസ്‌ല്യാരുടെ അടുത്ത് എന്നെ കൊണ്ട് പോയി.അയാൾ ഒരാഴ്ചത്തെ മന്ത്രവും ഏതല്ലാമോ ആയുർവേദ മരുന്നുകളുമെഴുതി.മന്ത്രവും മരുന്ന് സേവയും കഴിയുന്നതോടു കൂടി എന്റെ പൈശാചികോപദ്രപവും അനന്തര ഫലങ്ങളും തീരുമെന്നായിരുന്നു വിശ്വാസം.അന്നുമുതൽ എനിക്കെന്റെ വീട്ടിൽ ഒരു പ്രത്യേക വേർതിരിവായിരുന്നു.
ഞാനൊരു പൈശാചിക മാനസിക പ്രശ്നമുള്ള ആളാണന്നുള്ള വേർതിരിവ്.അക്കാര്യം അവരെന്നോട്
പറയാതെപറയും.കോച്ചേരി അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പ് അന്ന് പാലിച്ചിരുന്നുവെങ്കിൽ പിന്നീടെനിക്ക് ആ അനുഭവം ഉണ്ടാകുമായിരുന്നില്ല.
 സ്കൂളിൽ നാലാം തരം പാസ്സായതിന് ശേഷമാണ് ഞാൻ  യതീംഖാനയിൽ ചേരുന്നത്.അവിടെ നിന്ന് എനിക്ക് ഒരിക്കൽ പനിച്ചപ്പോൾ പണ്ടെത്തെപോലെ ദുസ്വപ്നവും ഭയവും ഉണ്ടായി.പിറ്റേ ദിവസം മുക്കം ഹെൽത്ത് സെന്ററിൽ പോയി ഡോക്ടറോട് പറഞ്ഞപ്പോൾ എനിക്കയാൾ 'ബി'കോംപ്ളക്സിന്റെ മഞ്ഞ നിറത്തിലുള്ള ഗുളികയാണ് തന്നത്.
അത് കഴിച്ചതോടെ എന്റെ മനസ്സിന്റെ വൈകല്യം നീങ്ങി.മനസ്സിന് നല്ല സന്തോഷവും ഉന്മേഷവും കിട്ടി.ശേഷം നാളുകളിൽ ഞാൻ മുക്കം ഹെൽത്ത് സെന്ററിൽ മറ്റെന്തെങ്കിലും ചികിത്സക്ക് വേണ്ടി പോയാൽ ഡോക്ടറെനിക്ക് 'ബി'കോംപ്ലക്സ് ടാബ്ലെറ്റ് എഴുതുമായിരുന്നു.നീണ്ട ഒൻപത് വർഷത്തെ യതീംഖാന ജീവിതത്തിന്നു ശേഷം ഞാൻ സ്വന്തം വീട്ടിൽ വന്നു.
പിന്നെ ഞാൻ മദ്രസ്സാ അദ്ധ്യാപന മേഖലയിലാണ് ചേക്കേറിയത്.ഞാൻ നാദാപുരത്ത് കുയ്തേരി എന്ന സ്ഥലത്ത് മദ്രസ്സയിൽ ജോലിചെയ്യുമ്പോൾ,
അവിടത്തെ പ്രധാനാദ്ധ്യാപകൻ ഉമറുൽ ഫാറൂഖ് എന്ന് പേരുള്ള ബാഖവീ ബിരുദ ധാരിയായിരുന്നു.അദ്ദേഹവും ഞാനും പള്ളിയിൽ ഒന്നിച്ചാണ് രാത്രിയിൽ കിടന്നുറങ്ങുക.പാതിരാവായാൽ അയാൾ   ദുസ്വപ്നം കണ്ട് പേടിച്ച് നിലവിളിക്കും.ഉറങ്ങാൻ കിടക്കുമ്പോൾ നബിവചനത്തിൽ വന്ന പ്രാർത്ഥനകൾ ചൊല്ലിയാണ് അദ്ദേഹം കിടക്കുക.
എന്നാലും അയാൾ ദുസ്വപ്നം കണ്ട് പേടിച്ച് നിലവിളിക്കും.ഒരു ദിവസം ഞാനയാളോട് പറഞ്ഞു.നിങ്ങളുടെ ദുസ്വപ്നം പൈശാചികമല്ല.
പൈശാചികമാണെങ്കിൽ എന്നെയാണ് പിശാച് ബാധിക്കേണ്ടത്.കാരണം ഞാൻ ഒന്നും ചൊല്ലാതെയാണ് കിടന്നുറങ്ങു
ന്നത്.
പിശാച് ബാധിക്കാൻ സാധ്യതയുള്ളത് എന്നെയല്ലേ?. അത് കൊണ്ട് നിങ്ങൾ നാളെ നാദാപുരം സർക്കാർ ആശുപത്രിയിൽ പോയി ഡോക്ടറെ കാണണം.ഡോക്ടർ നിങ്ങളുടെ രോഗലക്ഷണങ്ങൾക്കനുയോജ്യമായ മരുന്ന് തരും.
  അത് കഴിക്കുന്നതോടെ നിങ്ങളുടെ ദുസ്വപ്നം കണ്ടുള്ള ഭയത്തിന് പരിഹാരമാവും.പിറ്റേദിവസം തന്നെ അയാൾ നാദാപുരം ഹെൽത്ത് സെന്ററിൽ പോയി.അയാൾക്ക് ഡോക്ടർ 'ബി'കോംപ്ലക്സിന്റെ ഗുളികയാണ് വിധിച്ചത്.മുക്കം ഹെൽത്ത് സെന്ററിൽ നിന്ന് എനിക്ക് തന്ന അതേ ഗുളിക. അത് കഴിച്ചതോടെ അയാളുടെ ദുസ്വപ്നം കണ്ട് പേടിക്കൽ ഭേദമായി.
      എന്റെ ശൈശവ ദശയിൽ തന്നെ എനിക്ക് പിത്തരോഗമായിരുന്നു.
അന്നെനിക്ക് മതിയായ ചികിത്സയോ പരിചരണമോ കിട്ടിയിരുന്നില്ല.
രക്തക്കുറവും വിളർച്ചയും.
പൊണ്ണത്തടിയും.ഇവയെല്ലാം ഒത്തുചേർന്ന ശാരീരിക ലക്ഷണങ്ങൾക്കാണ് പിത്തമെന്ന്  പൊതുജനങ്ങൾ  മനസ്സിലാക്കിയത്.
വൈദ്യമതമെന്താണെന്നെനിക്കറിയില്ല.
    യതീംഖാനയിൽ ചേർന്ന് മൂന്നുമാസമായപ്പോൾ എന്റെ ശരീരമാസകലം നീര് വന്നു.ശരീരം വീങ്ങിത്തടിച്ചു.എന്നെ മുക്കം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സക്ക് വിദേയമാക്കി.ഒരുമാസത്തെ ചികിത്സക്ക് ശേഷം എന്റെ രോഗം ഭേദമായി.എന്നെ ബാധിച്ച പിത്തത്തിന്റെ അനന്തര ഫലമായാണ് ശരീരം മുഴുവനും നീര് വന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.എന്റെ നീരെല്ലാം പോയി രോഗം ഭേദമായതിന് ശേഷം യതീംഖാനയിലെ ഒരു മുതിർന്ന അന്തേയവാസി എന്നോട് പറഞ്ഞു.
"നിനക്ക് ദീർഘായുസ്സുണ്ട്."
അതെന്താണ് അങ്ങിനെ പറയാൻ?
ഞാൻ ചോദിച്ചു.
"നിനക്ക് നീര് ബാധിച്ചത് കണ്ടപ്പോൾ അത് ബേദമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.ഇതിന്റെ മുമ്പ് ഇവിടുന്നൊരു വിദ്യാർത്ഥി  നീര് ബാധിച്ച് മരണപ്പെട്ടിരുന്നു.കാഴ്ചക്ക് നിന്നെക്കാൾ സീര്യസ്സായി അവനെ തോന്നിയിരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചികിത്സിച്ചിട്ടു പോലും അവന്റെ ജീവൻ രക്ഷിക്കാനായില്ല".
അവൻ പറഞ്ഞു നിർത്തി.ഇത്രയും 
കേട്ടപ്പോഴാണ് എനിക്കെന്റെ രോഗത്തിന്റെ ഗൗരവം  മനസ്സിലായത്.

   
    
              

.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...