യൂസുഫ് അദ്വീതിയ സുന്ദരനായിരുന്നു. അദ്ദേഹത്തിന്റെ ശരീര കാന്തിയും മുഖ പ്രസന്നതയും നിസ്തുല്യമായിരുന്നു.
യൂസുഫിനെ മാലികിന് വിറ്റപ്പോൾ അദ്ദേഹത്തിന്ന് ഒളിച്ചോടുന്ന സ്വഭാവമുള്ളതിനാൽ അദ്ദേഹത്തിന്റെ കാലുകളിൽ ചങ്ങല വെച്ച് ബന്ധിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരന്മാർ
മാലിക്കിനോട് പറഞ്ഞതനുസരിച്ച് കാലുകളിൽ ചങ്ങല കൊണ്ട് ബന്ധിച്ച് കൊണ്ടാണദ്ദേഹം
യൂസുഫിനെ സ്വരാജ്യത്തേക്ക് കൊണ്ട് പോയത്. തന്നിമിത്തം യൂസുഫ് നബിക്ക് വളരെ ക്ലേശമുണ്ടായി.
പാതിരാവായപ്പോൾ അദ്ദേഹത്തിന്റെ ഹൃദയാവർജ്ജകമായ രോദനം മാലിക്കിനെ അസ്വസ്ഥനാക്കി.ആരാണ് കരയുന്നതെന്ന് സ്വസംഘത്തിൽ അദ്ദേഹം വിളിച്ചു ചോദിച്ചപ്പോൾ, അബ്രാനിക്കാരനായ അടിമ
ബാലനാണെന്നാണ്
കിട്ടിയ മറുപടി. തന്നിമിത്തം യൂസുഫിനെ അയാൾ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ രോദന കാരണമെന്താണെന്ന് ചോദിച്ചു. "അങ്ങ് എനിക്ക് വേണ്ടി അല്പ സമയത്തെ വിട്ടുവീഴ്ച ചെയ്യുമെങ്കിൽ എന്നെ
അടിമയാക്കി അങ്ങേക്ക് വിറ്റവരായ എന്റെ സ്വസഹോദരങ്ങളെ എനിക്ക് ഒരിക്കൽ കൂടി കണ്ട് മടങ്ങാമായിരുന്നു. എനിക്ക് ഇനി അവരെ കണാൻ സാധിക്കാതെ വന്നാലോ എന്ന് ഞാൻ ശങ്കിക്കുന്നു.ആ പുതിയ അടിമയുടെ സ്വജന സ്നേഹം മാലിക്കിനെ ആശ്വര്യപ്പെടുത്തി. "നിന്നെ പോലെ സൽസ്വഭാവിയായൊരടിമയെ ഞാനിതുവരെ കണ്ടിട്ടില്ല. അത് കൊണ്ട് നീ വേഗം പോയി അവരെ സന്ദർശിച്ച് മടങ്ങി വരിക."എന്ന് പറഞ്ഞു കൊണ്ട് മാലിക് അദ്ദേഹത്തിന് സ്വസഹോദരന്മാരെ കാണാൻ അനുവാദം നല്കി. കൂടെ അദ്ദേഹത്തിന്റെ കാവൽക്കാരനേയും അയച്ചു. യൂസുഫ് കാവൽക്കാരനുമൊന്നിച്ച്, യാത്ര ചെയ്തു. കാലിൽ ചങ്ങല ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹത്തിന് അവശതയുണ്ടായിരുന്നുവെങ്കിലും അന്ന് രാത്രിത്തന്നെ അദ്ദേഹത്തിന്റെ വില്പന നടന്ന സ്ഥലത്ത് അദ്ദേഹമെത്തിച്ചേർന്നു. യഹൂദാ ഒഴിച്ചുള്ള മറ്റെല്ലാ ജ്യേഷ്ഠന്മാരും ഉറങ്ങിയിരുന്നു. ചങ്ങലയുടെ കിലുക്കം കേട്ടപ്പോൾ ആരാണ് വരുന്നതെന്ന് യഹൂദ സൂക്ഷിച്ചു നോക്കി. അനുജനാണെന്നറിഞ്ഞ് ഉടനെ അദ്ദേഹമെഴുന്നേറ്റ് യൂസുഫിന്റെ അടുത്തേക്കോടിച്ചെന്ന് അനുജനെ അണച്ചു കൂട്ടി ആലിംഗനം ചെയ്തു.യഹൂദാക്ക് അപ്പോൾ തന്നെ അളവറ്റ ദു:ഖമുളവായി. അദ്ദേഹമിങ്ങിനെ വിലാപത്തോടെ പറഞ്ഞു."എന്റെ പൊന്നനിയാ!യൂസുഫേ!!എനി ഞാനെന്ത് ചെയ്യും? എനിക്ക് നിന്നെ നഷ്ടമായല്ലോ?,ന്യായ വിസ്താര നാളിൽ എന്റെ അവസ്ഥ എന്തായിരിക്കും?" പിന്നെ യഹൂദ തന്റെ സഹോദരന്മാരെയെല്ലാം വിളിച്ചുണർത്തി. ചിലരുണർന്ന് കണ്ണ് മിഴിച്ച് നോക്കിയപ്പോൾ അനുജൻ യാത്ര പറയാനായി വന്ന് നില്ക്കുന്നതാണ് കണ്ടത്. തന്നിമിത്തം ലജ്ജിച്ച് പോയ അവർ ആ തുറന്നകണ്ണുകളുടൻ ചിമ്മി ഉറക്കന്നടിച്ച് കിടന്നു. എങ്കിലും ചിലരെഴുന്നേറ്റു. യൂസുഫ് അവരിലോരോരുത്തരേയും ആലിംഗനം ചെയ്തു കൊണ്ട് അവരോട് യാത്ര പറഞ്ഞു. യാത്ര പറയുമ്പോൾ യൂസുഫ് ഇങ്ങനെ പറഞ്ഞു. എന്റെ പൊന്ന് ജ്യേഷ്ഠ സഹോദരന്മാരേ! അല്ല്വാഹു നിങ്ങളെ കടാക്ഷിക്കട്ടെ. ഞാൻ നിങ്ങളുടെ കൂടെപ്പിറപ്പായിരുന്നിട്ടും
നിങ്ങൾ സ്വന്തം കൂട്ടുകെട്ടിൽ നിന്നെന്നെ ഉപേക്ഷിച്ചു. അന്യരുടെ അധീനതയിൽ നിങ്ങളെന്നെ ഏല്പിച്ചിരിക്കുകയാണ്. നിങ്ങൾക്കെന്റെ നേർക്ക് തെല്ലും കൃപയുണ്ടായില്ല. നിങ്ങളെന്നെ ഒരു പ്രകാരത്തിലും സഹായിച്ചതുമില്ല. അല്ല്വാഹു നിങ്ങളെ രക്ഷിക്കട്ടെ. ലജ്ജയും വ്യസനവും കൊണ്ട് അവരിലോരോരുത്തരുടേയും മുഖം വിളർത്തു പോയി. അവർ യൂസുഫിനോട് പറഞ്ഞു. പ്രിയപ്പെട്ട അനുജാ, പിതാവ് ജയിലിൽ പാർപ്പിക്കുമെന്ന് ഞങ്ങൾ
ഭയപ്പെടുന്നുണ്ട്. ഈ ഭയാശങ്കകളില്ലായിരുന്നുവെങ്കിൽ നിന്നെ ഞങ്ങൾ സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുമായിരുന്നു."സഹോദരന്മാർ ലജ്ജിച്ച് തല താഴ്ത്തി നിൽക്കുന്നതിനിടയിൽ യൂസഫ് അവരോട് യാത്ര പറഞ്ഞ് പിരിഞ്ഞു.അനന്തരം യൂസുഫ് കച്ചവട സംഘം നിന്നിരുന്ന സ്ഥലത്തേക്ക്
പുറപ്പെട്ടു.യൂസൂഫിന്റെ സത്യസന്ധത മനസ്സിലാക്കിയ മാലിക് യൂസുഫിന്റെ കാലിൽ ബന്ധിച്ച ചങ്ങല അഴിച്ചു മാറ്റി.
കച്ചവട സംഘത്തിന്റെ കൂടെ അദ്ദേഹം മിസ്രിലേക്ക് യാത്ര തുടർന്നു. തൈസാൻ നഗരത്തിൽ കൂടി കച്ചവടസംഘം കടന്ന് പോകുമ്പോൾ നഗരവാസികളെല്ലാം യൂസുഫ് നബിയെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നൂ. തുടർന്നവർ നാബത്സിലെത്തി. ആ നഗര വാസികളും അദ്ദേഹത്തിന്റ സൗന്ദര്യത്തിലാകൃഷ്ടരായി അദ്ദേഹത്തെ കണ്ണിമവെട്ടാതെ നോക്കി നിന്നു. അനന്തരമവർ ഖുദുസ് നഗരത്തിലെത്തിയപ്പോൾ അവിടത്തെ നാടുവാഴി യൂസുഫ് നബിയെ സന്ദർശിക്കാനിടയായി. അയാൾ മുമ്പ് ഒരു സുന്ദര പുരുഷനെ സ്വപ്നത്തിൽ ദർശിച്ചിട്ടുണ്ടായിരുന്നു. ആ മനുഷ്യൻ തന്നെയാണ് കടന്നു വരുന്നതെന്നയാൾ തീർച്ചപ്പെടുത്തി. അയാൾ യൂസുഫ് നബിയുടെ ബഹുമാനാർത്ഥം ആ വർത്തക സംഘത്തിന് വിരുന്ന് നല്കി. അതിൽ പിന്നെ വർത്തക സംഘം ശാം എന്ന പട്ടണത്തിലെത്തി. മാലിക് വർഷത്തിൽ മുന്ന് പ്രാവശ്യം
വീതം ശാമിൽ പോകാറുണ്ടായിരുന്നു.
അവിടുത്തെ പ്രഭുക്കന്മാരും സിധാരണക്കാരും യൂസുഫ് നബിയുടെ സ്ഥിതിഗതികളെപ്പറ്റി മാലിക്കിനോട് ചോദിച്ചറിഞ്ഞു. യൂസുഫ് നബി ഒരു ഒട്ടകപ്പുറത്താണ് സഞ്ചരിച്ചിരുന്നത്.
അവിടെ അവർ വിശ്രമിച്ചതിന് ശേഷം മിസ്രിലേക്കുള്ള യാത്ര തുടർന്നു.
ശാമിന്റേയും മിസ്റിന്റേയുമിടക്കുള്ള നഗരങ്ങളിലൊന്നും അവർ താമസിക്കാതെ നേരെ മിസ്ർ ലക്ഷ്മാക്കി യാത്ര തുടർന്നു. നീൽ നദീ തീരത്തെത്തിയപ്പോൾ മിസ്റിൽ എത്തിയെന്നും ഇനി പുഴയിൽ നിന്നും കുളിച്ച് വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കാമെന്നും മാലിക് പറഞ്ഞു. അദ്ദേഹം കസവ് പിടിപ്പിച്ച ഉടുപ്പും അതി വിശിഷ്ടമായ ഒരു തലപ്പാവും വെള്ളി പൂശിയ ഒരു അരപട്ടയും യൂസുഫ് നബിക്ക് പ്രത്യേം നൽകി. യൂസുഫ് നബി കുളിയും ആരാധനാ കർമ്മങ്ങളും കഴിഞ്ഞ് വന്നപ്പോൾ അദ്ദേഹത്തിന്റെ കഴുത്തിൽ മാലയിട്ട് കൊണ്ട് അദ്ദേഹത്തിനെ ഒട്ടകപ്പുറത്ത് കയറ്റി എല്ലാവരുടേയും മുന്നിലായി നടത്തിക്കുകയും ചെയ്തു.
യൂസുഫ് നബിയും സംഘവും മിസ്ർ പട്ടണത്തിന്റെ അതിർത്തിയിലെത്തിയപ്പോൾ ഇപ്രകാരമുള്ളൊരശരീരി വാക്ക് മിസ്ർ നിവാസികളെല്ലാം കേൾക്കാനിടയായി. "മിസ്ർ നിവാസികളേ!സത്യസന്ധനായൊരു യുവാവിതാ നിങ്ങളുടെ നാട്ടിൽ വന്നിരിക്കുന്നു. അദ്ദേഹത്തെ നിങ്ങൾ സ്വാഗതം ചെയ്യണം. തൽഫലമായി നിങ്ങളുടെ രാജ്യത്ത് ക്ഷേമം വരുന്നതാണ്."
പട്ടണവാസികൾ ആഗതനെ അന്വേഷിച്ചു തുടങ്ങി. അദ്ദേഹത്തിനെ സ്വീകരിക്കാൻ എല്ലാവരും ഉത്സുകരായി. മാലിക് യൂസുഫ് നബിയെ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കാനയിച്ചതോടു കൂടി പട്ടണവാസികൾ അവിടെ തടിച്ചു കൂടി. ജനങ്ങൾ തിക്കിത്തിരക്കി സ്വഗൃഹത്തിന്ന് മുന്നിൽ
വന്ന് കൂടുന്നത് കണ്ടപ്പോൾ മാലിക് തന്റെ മാളികമുകളിൽ കയറി നിന്ന് എന്തിനാണ് നിങ്ങളവിടെ തടിച്ച് കൂടിയതെന്ന് ചോദിച്ചു. അപ്പോൾ ജനങ്ങൾ പറഞ്ഞു."മാലിക്കേ നിങ്ങളുടെ വീട്ടിൽ സത്യസന്ധനായൊരു യുവാവ് ആഗതനായിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിവ് ലഭിച്ചിരിക്കുന്നു. അത്കൊണ്ട് അദ്ദേഹത്തെ ഞങ്ങൾക്കെല്ലാവർക്കും കാണത്തക്കവിധം ഒരു സ്ഥലത്ത് നിറുത്തണം."ജനങ്ങളുടെ ഉത്സാഹം കണ്ടപ്പോൾ മാലിക്കിന്റെ ഗുണചാംക്ഷികളിലൊരാൾ അദ്ദേഹത്തോട് പറഞ്ഞു."നമുക്കൊരു ഫീസ് വസൂലാക്കാൻ പറ്റിയ സന്ദർഭമാണിത്."അവസാനം ഓരോ ദിനാർ ഫീസ് കൊടുക്കുന്നവർക്ക് യുവാവിനെ കാണിക്കാമെന്ന് മാലിക്ക് വിളമ്പരം ചെയ്തു. ജനങ്ങൾ ഒരു മടിയും കൂടാതെ ഓരോ സ്വർണ്ണ നാണയം ഫീസ് കൊടുത്ത് കൊണ്ട് ആഗതനെ സന്ദർശിച്ച് തുടങ്ങി. ഇങ്ങിനെ ഫീസായി ഒന്നാം ദിവസം ആറ് ലക്ഷം ദിനാർ പിരിഞ്ഞു കിട്ടി.യൂസുഫിനെ കുറിച്ചുള്ള ഒരേയൊരു വിചാരത്തിൽ ജനങ്ങളെല്ലാം ലയിച്ചുപോയി. രണ്ടാം ദിവസവും മൂന്നാം ദിവസവും മാലിക്ക് തന്റെ വീട്ടിൽ ഒരു കട്ടിലിന്മേൽ യൂസുഫിനെ ഉപവിഷ്ടനാക്കിയിട്ട് ശിരസ്സിലൊരു കിരീടം ധരിപ്പിച്ചു. രണ്ടാം ദിവസം യൂസുഫിനെ കാണുന്നവരിൽ നിന്ന് രണ്ട് ദിനാറാണ് ഈടാക്കിയത്. രണ്ടാം നാൾ പന്ത്രണ്ട് ലക്ഷം ദിനാറാണ് പിരിഞ്ഞ് കിട്ടിയത്.മാലിക്ക് ആഗതനെ വിൽക്കാനൊരുക്കമുണ്ടെങ്കിൽ മതിയായ വില കൊടുക്കുന്നതിന്ന് സന്നദ്ധത പ്രകടിപ്പിച്ചവരും സന്ദർശകരുടെ കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരടിമക്കും കിട്ടാത്ത ഗണ്യമായ തുക യൂസുഫിനെ വിറ്റ് കൊണ്ടും കരസ്ഥമാക്കാമെന്ന് മാലിക്ക് തീർച്ചപ്പെടുത്തി. യുവാവിനെ ദർശിക്കാൻ ഇനിയാരും വരരുതെന്നും അടുത്ത മാസത്തിലെ ആദ്യ വെള്ളിയാഴ്ച ലേലം ചെയ്ത് വിൽക്കുന്നതാണെന്നും, വിലക്ക് വാങ്ങാനാഗ്രഹമുള്ളവരെല്ലാം നിശ്ചിത ദിവസം ലേല സ്ഥലത്ത് ചെന്ന് കൊള്ളണമെന്നും മാലിക്ക് വിളമ്പരം ചെയ്തു.
മിസ്ർ രാജ്യത്ത് അടിമക്കച്ചവടത്തിന്നായി ഒരു പൊതു സ്ഥലം ഏർപ്പെടുത്തിയിരുന്നു. ആ സ്ഥലത്ത് വെച്ച് യൂസുഫിനെ ലേലം ചെയ്ത് വിൽക്കാനാണ് മാലിക് നിശ്ചയിച്ചത്. അദ്ദേഹം ഇതിനായി ഒരു കെട്ടിടം പ്രത്യേകമായിത്തന്നെ
പണിയിച്ചു. ആ കെട്ടിടത്തിൽ യൂസുഫ് നബിയെ ഇരുത്താനായി ചന്ദന മരം കൊണ്ടൊരു പ്രത്യേക കസേരയും രത്നാലംകൃതമായ പരവതാനിയും തയ്യാറാക്കി. അതിന്മേൽ യൂസുഫ് നബിയെ ഇരുത്തി. സ്വഭവനത്തിൽ ചെന്നിരുന്നവരെയെല്ലാം നിശ്ചിത ദിവസം ലേല സ്ഥലത്ത് ചെന്നാൽ യൂസോഫിനെ കാണൽ തരപ്പെടുമെന്നും അന്ന് അദ്ദേഹത്തിനെ വിൽക്കുമെന്നും പറഞ്ഞ് അവരെ മടക്കി അയച്ചു. ഇങ്ങിനെ അടിമയാക്കി വീണ്ടും വിൽപ്പന നടത്തുന്നതിലും തന്റെ അധീനത്തിൽ നിന്ന് വിടുത്തി അയക്കുന്നതിലും യൂസുഫ് നബിയുടെ ഹിതമെന്താണെന്ന് മാലിക്ക് ചോദിച്ചപ്പോൾ തനിക്ക് സമ്മതമാണെന്ന് യൂസുഫ് സമ്മതിക്കുകയും ചെയ്തു.അക്കാലത്ത് മിസ്റിന്റെ ഭരണാധികാരി അസീസ് മിസ്ർ എന്നായിരുന്നു
അറിയപ്പെട്ടിരുന്നത്. യൂസുഫിനെ ലേലം ചെയ്യാൻ കൊണ്ട് വരുന്ന ദിവസം മിസ്ർ ഭരണാധികാരിയായിരുന്ന അസീസും, അയൽ രാജ്യങ്ങളിലെ ഭഭരണാധികാരികളും, പ്രഭുക്കന്മാരുമെല്ലാം സുന്ദരനും സൽസ്വഭാവിയുമായ യൂസുഫിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച് ലേല സദസ്സിൽ സന്നിഹിതരായി.മാലിക് യൂസുഫ് നബിയെ സമീപിച്ച് അദ്ദേഹത്തിന് താനുമായി പിരിയുന്നത് സമ്മതമാണോ എന്ന് ചോദിച്ചു. സമ്മതമാണെന്ന് അദ്ദേഹം മറുപടി കൊടുത്തു. തന്നിൽ നിന്ന് വല്ല ആവശ്യവും നിറവേറ്റേണ്ടതുണ്ടോ എന്നും മാലിക് ചോദിച്ചു. തനിക്ക് യാതൊരാവശ്യവുമില്ലെന്ന് യുവാവ് മറുപടി നൽകി.അവസാനം യൂസുഫിനെ ഒരു മുഖം മൂടി ധരിപ്പിച്ച് ഒരു കുതിരപ്പുറത്ത് കയറ്റി വിൽപ്പന സ്ഥലത്തേക്ക് ആനയിച്ചു. യൗസുഫ് കുതിരപ്പുറത്ത് നിന്നിറങ്ങി തനിക്ക് നിശ്ചയിച്ച ഇരിപ്പിടത്തിൽ എല്ലാവർക്കും കാണത്തക്ക വിധത്തിൽ ഉപവിഷ്ടനായി.
(ശേഷം ആറാം അദ്ധ്യായത്തിൽ)
Comments
Post a Comment