Skip to main content

യൂസുഫ് നബി ചരിത്രം (3)

യൂസുഫ് നബിയെ ജ്യേഷ്ഠന്മാരുടെ കൂടെ അയക്കാൻ തീർച്ചപ്പെടുത്തിയപ്പോൾ യഹ്ഖൂബ് നബി യൂസുഫ് നബിയെ കുളിപ്പിക്കുകയും തലമുടി വാർന്ന്, വൃത്തിയാക്കുകയും ചെയ്തു. രോമ നിർമ്മിത വസ്ത്രങ്ങൾ യൂസുഫ് നബിയെ ധരിപ്പിച്ചു. ഒരു നല്ല വേഷ്ടി കൊണ്ട് തലപ്പാവും, ഇബ്രാഹിം നബിയുടെ പക്കൽ നിന്ന് ഇസ്ഹാഖ് നബിക്കും അദ്ദേഹത്തിന്റെ പക്കൽ നിന്ന് യൂസുഫ് നബിയുടെ വളർത്തമ്മയായിരുന്ന  അമ്മാവിക്കും അനന്തരാവകാശമായി ലഭിച്ചതും, അമ്മാവി യൂസുഫ് നബിയുടെ അരയിൽ കെട്ടിക്കൊടുത്തതുമായിരുന്ന മുമ്പ് പറഞ്ഞ ആ പട്ട അരയിലും യഹ്ഖൂബ് നബി യൂസുഫിന്ന് ധരിപ്പിച്ചു കൊടുത്തു.ഇതെല്ലാം കഴിഞ്ഞപ്പോൾ യഹ്ഖൂബ് നബിയോട് സ്വപിതാവായ ഇസ്ഹാഖ് നബിയൊരിക്കൽ പറഞ്ഞൊരു മുന്നറിയിപ്പ്  യൂസുഫിനോടദ്ദേഹം വ്യസനത്തോടെ പറഞ്ഞു.
  "എന്റെ എത്രയും പ്രിയപ്പെട്ട മകനെ!എന്റെ പിതാവൊരിക്കൽ എന്നോട് പറഞ്ഞൊരു കാര്യമോർക്കുമ്പോൾ ഇപ്പോളെന്റെ വ്യസനത്തെ അടക്കി വെക്കാനെനിക്ക് കഴിയുന്നില്ല. എനിക്ക് ആദമിന്റെ രൂപ ലാവണ്യത്തോട് കൂടിയ ഒരു പുത്രൻ ജനിക്കുമെന്നും അവന് ഇബ്രാഹിം നബിയുടെ ജ്ഞാനമുണ്ടാകുമെന്നും നൂഹ് നബിയുടെ സങ്കടം അവന് അനുഭവമാകുമെന്നും അവന് ഇസ്മായിൽ നബിയെ പോലെ സ്വജനങ്ങളുമായി അകന്നിരിക്കേണ്ടി വരുമെന്നും എനിക്ക് ആ ഒരു പുത്രന്റെ കാര്യത്തിൽ  അളവറ്റ വ്യസനമുളവാകുമെന്നും എന്നോടൊരിക്കൽ പറഞ്ഞിരുന്നു.
         പുത്രന്മാർ യൂസുഫിനേയും കൊണ്ട് പുറപ്പെട്ട് പോയപ്പോൾ യഹ്ഖൂബ് നബി ഒരു വൃക്ഷച്ചുവട് വരെ അവരെ അനുഗമിച്ചു. ആ വൃക്ഷച്ചുവട്ടിലിരുന്ന് കൊണ്ട് യൂസുഫ് നബിയെ വീണ്ടും അദ്ദേഹം മടിയിലിരുത്തി സ്നേഹം പ്രകടിപ്പിച്ചു. പിതാവിന്റെ വിഷമ സ്ഥിതി കണ്ടപ്പോൾ യൂസുഫിനും അടക്കാനാവാത്ത വ്യസനമുളവായി.
 യഹ്ഖൂബ് നബി യൂസുഫിന്റെ ജ്യേഷ്ഠന്മാരോട് അവസാനമായി പറഞ്ഞു "യൂസുഫിനെ നിങ്ങൾ വാക്ക് കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ വ്യസനിപ്പിക്കരുത്. യൂസുഫിന്ന് വിശപ്പോ ദാഹമോ ഉണ്ടായായാൽ നിങ്ങളുടൻ തന്നെ അന്ന പാനീയങ്ങൾ നല്കണം. അവനെ നിങ്ങൾ സന്തോഷിപ്പിക്കുന്നതായാൽ അത് എന്നെ സന്തോഷിപ്പിക്കുന്നതിന് തുല്യമാണ്. നിങ്ങളവനെ ദു:ഖിപ്പിച്ചാൽ നിങ്ങളെന്നെ ദു:ഖിപ്പിക്കുന്നതിന് തുല്യമാണ്.
    പുത്രന്മാരെല്ലാം വേണ്ടത് പോലെ ചെയ്യാമെന്ന് സമ്മതിച്ചു. പിതാവിന്റെ ഉപദേശത്തിന് വിവരീതമായി യാതൊന്നും ചെയ്യുകയില്ലെന്നുമവർ ഉറപ്പ് നല്കി. തല്കാല ആവശ്യത്തിനുള്ള ഭക്ഷണ പാനീയങ്ങൾ യഹ്ഖൂബ് നബി പാത്രങ്ങളിലാക്കി അവരെ ഏല്പിച്ചു. അത് യൂസുഫിനുള്ളതാണെന്നദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു. അവരുടെ കൂട്ടത്തിൽ വെച്ച് യൂസുഫ് നബിയോട് കൂടുതൽ സ്നേഹമുള്ളത് യഹൂദക്കാണെന്ന് യഹ്ഖൂബ് നബി മനസ്സിലാക്കിയിരുന്നു. യഹൂദയോടദ്ദേഹം  പ്രത്യേകമായി ഇങ്ങനെ പറഞ്ഞു. "യൂസുഫ് നിന്റെ പ്രത്യേക സംരക്ഷണത്തിലായിരിക്കണം. അവന്റെ നേരെ നീയൊരിക്കലും അശ്രദ്ധനാവരുത്."ഇങ്ങനെ പറയുന്നതിനിടയിൽ
റൂയീൽ ഉടൻ തന്നെ യൂസുഫ് നബിയെ എടുത്ത് ചുമലിൽ വെക്കുകയും തനിക്ക് സ്വജീവനേക്കാൾ വിലപ്പെട്ടത് യൂസുഫാണെന്ന്  ഉൽഘോഷിക്കുകയും ചെയ്തു. ഇങ്ങിനെ ആ സഹോദരങ്ങൾ യാത്ര തുടർന്നു.
         പിതൃദൃഷ്ഠിയിൽ നിന്ന് മറഞ്ഞെന്നുറപ്പായപ്പോൾ റൂയീൽ  യൂസുഫിനെ ചുമലിൽ നിന്ന് നിലത്തിറക്കി. "ഇനി നടന്നോ. അനുജനാണെന്ന് വെച്ച് എത്ര ദൂരം വരെയാണ് ഞാൻ നിന്നെ ചുമലിലേറ്റുക?". എന്ന് അയാൾ പരുഷ സ്വരത്തിൽ സംസാരിച്ചു. യൂസുഫ് നടക്കാൻ നിർബ്ബന്ധിതനായി. സഹോദരന്മാരുടെ ഒപ്പമെത്താൻ  സാധിച്ചിരുന്നില്ല. അവർ വളരെ മുൻകടന്നത് കണ്ടപ്പോൾ അദ്ദേഹം പിന്നിൽ നിന്ന് വിളിച്ചു നോക്കി. അപ്പോൾ അവർ കേട്ട ഭാവം നടിച്ചതേയില്ല."എന്റെ കാല് വല്ലാതെ വേദനിക്കുന്നു. അല്പമൊന്ന് നില്ക്കണം. ഞാൻ നിങ്ങളുടെ കൂടെയെത്തട്ടെ."എന്നദ്ദേഹം വളരെ ദീന സ്വരത്തിൽ വിളിച്ചപേക്ഷിച്ചു. അത് കേട്ട് അവരിലൊരാൾ തിരിച്ചു വന്നുവെങ്കിലും അയാൾ യൂസുഫിനെ പ്രഹരിക്കുകയും, എടാ അനുജനോടുള്ള സ്നേഹത്തിന് അതിരുണ്ടെന്ന് നീ അറിഞ്ഞിരിക്കേണ്ടതാണ്". എന്നും മറ്റും പറഞ്ഞ് ശകാരിക്കുകയാണ് ചെയ്തത്. താൻ എന്ത് കുറ്റം ചെയ്തതിനാണ്  അടിക്കുന്നത് എന്ന് അദ്ദേഹം വ്യസന പൂർവ്വം ചോദിക്കുന്നുണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന്ന് അറിയേണ്ടതില്ല എന്നുള്ള നിർദ്ദയമായ മറുപടിയാണ് ആ ജ്യേഷ്ഠൻ   പറഞ്ഞത്. അനന്തരം യൂസുഫ്  ശംഊന്റെ അരികിലേക്ക് ഓടിച്ചെന്ന്"ഇക്കാ എനിക്ക്, വല്ലാതെ ദാഹിക്കുന്നു. കുടിക്കാനല്പം വെള്ളം വേണമെന്ന് അപേക്ഷിച്ചു. ശംഊൻ വെള്ളം കൊടുത്തില്ല എന്ന് മാത്രമല്ല പിതാവ് അദ്ദേഹത്തിനെ ഏല്പിച്ചിട്ടുണ്ടായിരുന്ന ജല പാത്രം എറിഞ്ഞുടക്കുകയും ചെയ്തു. "യൂസുഫേ!നീ എന്റെ അടുക്കൽ നിന്ന് ദൂരെ പോകണം. നീ സ്വപ്നം കണ്ട ആ നക്ഷത്രങ്ങളോടാണ് നീ വെള്ളം ചോദിക്കേണ്ടത്. ദാഹിച്ചു കൊണ്ടാണല്ലോ നീ ഇപ്പോൾ നിലവിളിക്കുന്നത്. ഞങ്ങളാവട്ടെ നിന്നെ കൊല്ലാൻ തീരുമാനിച്ചിരിക്കയാണ്. കൊല്ലുമ്പോൾ നീ എത്രത്തോളം നിലവിളിക്കേണ്ടി വരും."എന്നായിരുന്നു ശംഊന്റെ മറുപടി . ആ ഭയാനകമായ മറുപടി കേട്ടതോടുകൂടി യൂസുഫ് നബി
വല്ലാതെ ഭയന്നു.
 അദ്ദേഹം ഇങ്ങിനെ പ്രാർത്ഥിച്ചു."എല്ലാ രഹസ്സ്യങ്ങളും
പരസ്സ്യങ്ങളും അറിയുന്ന നാഥാ, സഹായഭ്യർത്ഥനകളെല്ലാം 
കേൾക്കുന്ന നാഥാ
 എന്നെ നീ സഹായിക്കേണമേ!". അനന്തരം യൂസുഫ് റൂയീലിന്റെ അരികെ ചെന്ന് കുടിക്കാനല്പം വെള്ളം വേണമെന്നാവശ്യപ്പെട്ടു.ഇത് കേട്ടപ്പോൾ റൂയീലിന് കോപം വർദ്ധിക്കുകയാണ് ചെയ്തത്. അദ്ദേഹം യൂസുഫ് നബിയെ കഠിനമായി പ്രഹരിച്ചു.
     പിന്നെ യൂസുഫ് നബി യഹൂദായുടെ അടുക്കൽ പോയി വെള്ളം ചോദിച്ചു. അദ്ദേഹത്തിന് യൂസുഫിനോട് നിഷ്കളങ്കമായ സ്നേഹമുണ്ടായിരുന്നു. സ്വശരീരത്തിൽ ജീവൻ നിലനിൽക്കുന്ന ഏത് സമയത്തും യൂസുഫ് നബിക്ക് യാതൊരു ദോശവും നേരിടാൻ താൻ അനുവദിക്കുന്നതല്ലെന്ന്  അദ്ദേഹം ഏറ്റ് പറഞ്ഞു. യൂസുഫ് നബി അപ്പോൾ പറഞ്ഞു. ഇക്കാ!സാധാരണയായി ആർക്കെങ്കിലും ദ്രോഹമേൽക്കൽ  അന്യരിൽ നിന്നാണല്ലോ. എന്നാൽ സ്വസഹോദരന്മാർ തന്നെ എന്നെ ഇങ്ങിനെ ഉപദ്രപിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിന്റെ പ്രത്യാഗാധമായി വല്ല ആപത്തും നേരിട്ടാൽ അത് എല്ലാവർക്കും ബാധകമായിരിക്കും. ഏല്ലാവരും ദു:ഖിക്കേണ്ടി വരും.എന്റെ കുടുംബക്കാരും ആ ദു:ഖത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. ഇത് കേട്ട് കോപിച്ചു കൊണ്ട് ജ്യേഷ്ഠന്മാരിലൊരാൾ ഇങ്ങിനെ തട്ടിക്കയറി. "നിന്റെ പതിനൊന്ന് ശക്ഷത്രങ്ങളും സൂര്യ ചദ്രന്മാരുമെല്ലാം  നിന്നെ ഇപ്പോൾ കൈവിട്ടു കളഞ്ഞോ?". അതിന് യൂസുഫ് നബി മറുപടി പറയാതെ മൗനം ദീക്ഷിച്ചു. യഹൂദ അനുജനെ സഹായിക്കാൻ സന്നദ്ധനായത് കണ്ടപ്പോൾ "യൂസുഫേ നിനക്ക് നല്ലകാലം വന്നിരിക്കുന്നു.".എന്ന് മറ്റൊരു ജ്യേഷ്ഠൻ അസൂയ പ്രകടിപ്പിച്ചു. യഹൂദാ ഉടനെ ഇടപെട്ട് അയാളെ തടസ്സപ്പെടുത്തി. യൂസുഫിനെ എത്രയും പെട്ടെന്ന് പിതാവിന്റെ അടുക്കൽ എത്തിച്ചു കൊടുക്കേണ്ടതാണെന്നുള്ള തന്റെ സുദൃഡമായ നിശ്ചയത്തെ ധൈര്യമായി യഹൂദാ പ്രകടിപ്പിച്ചു. എന്നാൽ യൂസുഫിന്റെ കാര്യത്തിൽ തനിക്ക് പ്രത്യേക ചുമതലയുണ്ടെങ്കിൽ കൂടി അവരുടെ ദ്രോഹത്തെ യാതൊന്നും താൻ പിതാവിനോട് സംസാരിക്കുന്നതല്ലെന്നും യഹൂദ സഹോദരന്മാർക്കുറപ്പ് നല്കി.യഹൂദയുടെ നിലപാട് തങ്ങൾക്കനുകൂലമല്ലെന്ന്  മേൽ പറഞ്ഞ സംസാരം കൊണ്ട് സഹോദരന്മാർക്ക് മനസ്സിലായി. അപ്പോളവർ അദ്ദേഹത്തിനെ ഭീഷണിപ്പെടുത്തി."യഹൂദാ!സൂക്ഷിച്ചു കൊള്ളണം. വേണ്ടി വന്നാൽ നിന്നേയും ഞങ്ങൾ കൈകാര്യം ചെയ്യും. ഈ സൗകര്യം നമുക്ക് ലഭിച്ചത് വളരെ പ്രയാസപ്പെട്ടാണ്  എന്ന വസ്തുത നീ വിസ്മരിക്കരുത്. ഈ സന്ദർഭം പാഴായാൽ ഇനിയൊരിക്കലും നമ്മുടെ ഉദ്ദേശം നിറവേറുന്നതല്ല. അവർ യഹൂദാക്ക് താക്കീത് നല്കിയെങ്കിലും യഹൂദ ഭീഷണിക്ക് വഴങ്ങാൻ തയാറായില്ല. യൂസുഫിനെ വധിക്കുന്നതിനോട് തനിക്ക് തീരെ യോജിപ്പില്ലെന്നദ്ദേഹം വ്യക്തമാക്കി. എങ്കിലും അവർ തങ്ങളുടെ വാശി ഉപേക്ഷിക്കയില്ലെന്ന് കണ്ടതിനാൽ അവനെ ഏതെങ്കിലും കിണറ്റിലോ മറ്റോ ഉപേക്ഷിച്ചാൽ പോരേ. നിരപരാധിയായ ഒരാളെ അകാരണമായി വധിക്കുന്നത് ഏറ്റവും വലിയ അപരാധമല്ലേ. ആ നിലക്ക് സ്വസഹോദരനായ ഒരാളെ കൊല്ലുന്നത് ഏറ്റവും വലിയ പാപമല്ലേ?അത് കൊണ്ട് അവനെ കൊണ്ട് പോയി
വല്ല കിണറ്റിലും ഇറക്കി വെച്ചാൽ പോരേ?. ആരെങ്കിലും വഴിയാത്രക്കാർ വെള്ളം മുക്കാൻ വരുമ്പോൾ അവനെ കണ്ട് കിട്ടി കൊണ്ട് പോയേക്കാം. അങ്ങിനെ നിരപരാധിയായ സഹോദരനെ കൊന്ന അപരാധത്തിൽ നിന്ന്  നമുക്ക് രക്ഷ സിദ്ധിക്കും. അവർ യഹൂദയുടെ ന്യായവാദം കൊണ്ട് അടങ്ങിയില്ല. യൂസുഫിനെ അദ്ദേഹം വിട്ട് കൊടുത്തേ കഴിയൂ എന്ന് അവർ ശഠിച്ചു. യൂസുഫിനെ കൊലയിൽ നിന്ന് രക്ഷിക്കുമെന്നുറപ്പ് കൊടുത്താലല്ലാതെ വിട്ട് കൊടുക്കുകയില്ലെന്ന് യഹൂദയൂം ശാഠ്യം പിടിച്ചു. ഗത്യന്തരമില്ലാതായപ്പോൾ കൊല്ലില്ല എന്നവർ ഉറപ്പ് നല്കി. അപ്പോൾ യഹൂദ യൂസുഫ് നബിയെ വിട്ട് കൊടുത്ത് കൊണ്ട് എഴുന്നേറ്റ് പോയി. യൂസുഫിന് ആരും വെള്ളം കൊടുത്തില്ല.
  യഹൂദ പോകുന്നത് കണ്ടപ്പോൾ "ഇക്കാ നിങ്ങളം കൈവിട്ടോ?, നിങ്ങള് പോകല്ലിക്കാ. ഇവരെന്നെ കൊല്ലുമെന്ന്" പറഞ്ഞ് കൊണ്ട് യൂസുഫ് ദയനീയമായിക്കരഞ്ഞു.
 മോനേ യൂസുഫേ, ഞാൻ നിസ്സഹായനാണ്. ഞാൻ പോകാതിരുന്നാലവരെന്നെയും കൊല്ലും". ഇത്രയും പറഞ്ഞ് കൊണ്ട് യഹൂദ പോകാതെ അല്പമകലെയായി വിട്ട് നിന്നു. ഇത് കേട്ട് നിരാശനായ യൂസുഫ് റൂയീലിന്റെ വസ്ത്രത്തിൽ പിടിച്ച് തൂങ്ങി വീണ്ടും രക്ഷക്കായി യാചിച്ചു. റൂയീലിന് തെല്ലും അലിവുണ്ടായില്ല. അദ്ദേഹം യൂസുഫിനെ വളരെ അകലത്തേക്ക് അകറ്റി നിർത്തി. ശംഊൻ ഈ അവസരത്തിൽ കത്തിക്ക് മൂർച്ച കൂട്ടുകയായിരുന്നു. ഭയപരഷനായ യൂസുഫ് തന്റെ ജ്യേഷ്ഠന്മാരിലോരോരുത്തരോടും  കരുണക്ക് വേണ്ടി യാചിച്ചു. അവരുടെ പ്രതികരണം ഉന്തും തള്ളുമായിരോന്നു. 
അല്പമകലെയുണ്ടായിരുന്ന യഹൂദ യൂസുഫിന്റെ  ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞു. അദ്ദേഹത്തിന്റെ ഉള്ളിലൊതുക്കിയ സങ്കടം അണപൊട്ടി. അദ്ദേഹം വീണ്ടും യൂസുഫിന്റെ അടുത്ത് വന്ന് ആലിംഗനം ചെയ്ത് കൊണ്ട് ഞാനൊരിക്കലും നിന്നെ കൈ വെടിയുകയില്ലായെന്ന് പറഞ്ഞ് കൊണ്ട് യൂസുഫിനെ സാന്ത്വനപ്പെടുത്തി.യൂസുഫിനെ വധിക്കാനൊരുരുങ്ങുന്നവർ ആദ്യമായി തന്നെ വധിക്കണമെന്നയാൾ പറഞ്ഞു.
യഹൂദയുടെ ഈ ഉറച്ച നിലപാട് യൂസുഫിനെ കിണറ്റിൽ താഴ്ത്തിയാൽ മതിയെന്ന അന്ത്യ തീരുമാനത്തിന് സഹോദരന്മാരെ നിർബ്ബന്ധിതരാക്കി.
          യൂസുഫ് നബിയെ കിണറ്റിൽ താഴ്ത്താൻ തീരുമാനിച്ച സഹോദരങ്ങൾ അർദൂൻ പുഴക്കരികിലുണ്ടായിരുന്ന ഒരു കിണറാണ് കണ്ടെത്തിയത്. ശംഊൻ യൂസുഫിന്റെ രണ്ട് കൈയും പിടിച്ച് കിണറിന്റെ വക്കത്തേക്ക് വലിച്ചിഴച്ചു. "എനിക്കും പിതാവിനും പരസ്പരം കാണാനിടയാവാതെ ഞാൻ മരിച്ച് പോകുമല്ലോ, അത് പിതാവിന് സഹിക്കാൻ കഴിയാത്ത വ്യസനത്തിനിടയാക്കുമല്ലോ എന്ന് പറഞ്ഞ് യൂസുഫ് വല്ലാതെ ആർത്തട്ടഹസിച്ചു. എന്റെ ജ്യേഷ്ഠന്മാരായ നിങ്ങൾ ഈ ദുഷ്കർമ്മത്താൽ പാപികളായിത്തീരുകയം ചെയ്യും. അവസാനം ഒരിക്കൽ കൂടി അവരോട് അപേക്ഷിച്ചു."എന്നെ നിങ്ങൾ വിട്ടയക്കണം, എന്നോട് നിങ്ങൾ ദയ കാണിക്കണം, യൂസുഫ് ദീനസ്വരത്തിലപേക്ഷിച്ചു. യൂസുഫിന്റെ ആ അപേക്ഷയും അവർ തിരസ്കരിച്ചു. അവർ അദ്ദേഹത്തിനെ ഒരു കൊട്ടക്കോരിയിലിരുത്തി കീണറ്റിലേക്ക് താഴ്ത്തി. യഹൂദയായിരുന്നു കയർ പിടിച്ചിരുന്നത്. തൊട്ടി കിണറിന്റെ പാതിവരെ എത്തയപ്പോൾ  മറ്റ് സഹോദരന്മാർ അദ്ദേഹത്തിന്റെ പിടിയിൽ നിന്ന് വിടുത്തിക്കളഞ്ഞു. യൂസുഫ് ഊക്കോടെ കിണറ്റിൽ പതിക്കുമ്പോൾ ജിബ്,രീലെന്ന മാലാഖ യഥാവസരം അവിടെ ഫ്രത്യക്ഷപ്പെട്ട്, യൂസുഫിനെ താങ്ങിയെടുത്ത് ഒരു വെള്ളാരം കല്ലിന്മേലിരുത്തി. ആ കിണറിന്റെ ആഴം നാനൂറ് മുഴമായിരുന്നു. അതിൽ ഒരാളുടെ പൊക്കത്തോളം വെള്ളമുണ്ടായിരുന്നു. കിണറിന്റെ അടിഭാഗം വിസ്തൃതി കൂടിയതും മേൽ ഭാഗം വിസ്തൃതി കുറഞ്ഞതുമായതിനാൽ കിണറിന്റെ ഉൾഭാഗം ഇരുൾമുറ്റിയതായിരുന്നു.
(ശേഷം നാലിൽ )

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച...