Skip to main content

പറയാൻ ബാക്കി വെച്ച്,ഒന്നും മിണ്ടാതെ പോയവൾ(കഥ)

മരക്കൊമ്പുകളിലെ ഇടതൂർന്നി ലകൾക്കിടയിലൂടെ ഏന്തി വലിഞ്ഞു വന്ന പോക്കു വെയിലിന്റെ ചീളുകൾ വീടിന്റെ പടിഞ്ഞാറു ഭാഗത്ത് അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.മെയ് മാസത്തിലെ പൊള്ളുന്ന വെയിൽ,സന്ധ്യയായപ്പോൾ എന്തൊരാശ്വാസം.
റിഫ അംന, അവൾ
സ്വയം സമാധാനിച്ചു. അവളിപ്പോൾ
 സന്തോഷവതിയാണ്.അവളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് മാസമാകുന്നതേയുള്ളൂ.
അന്ന് സായം സന്ധ്യയിൽ, അവളുടെ ഉമ്മ, മൂത്ത രണ്ടു സഹോദരിമാർ,ഒരനിയത്തി ഇവരെല്ലാം വീടിന്റെ അടുക്കളയോടു ചേർന്നുള്ള കോനായിലിരുന്ന് കളിചിരി തമാശ യിലേർപ്പെട്ട് സമയം പോയതറിഞ്ഞില്ല.റിഫയുടെ വീട്ടിൽ ഈ നേരംപോക്ക് ഇടയ്ക്കിടെ യാദൃച്ഛികമായി സംഭവിക്കാറുള്ളതാണ്.
അവൾ സദസ്സിൽ പോയിരിക്കുന്നതിനു മുമ്പ് അവളുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു.ഫോണെടുത്ത അയാൾ ചോദിച്ചു.
"എന്താണ് വിശേഷം?"
"വേഗം വാ, ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്."
"ശരി വേഗം വരാം".
അയാൾ ഫോൺ കട്ട് ചെയ്തു.
റിഫ അംന! എപ്പോഴും ചിരിച്ച മുഖം.നല്ല മിടുക്കുള്ള പെണ്ണ്.നല്ല സ്വഭാവം.വശ്യമായ പെരുമാറ്റം.സ്നേഹം തുളുമ്പുന്ന സംസാരം.അടുക്കളപ്പണിയിലാണ വളുടെ മിടുക്ക്.
അയൽപക്കത്തെ ആമിനത്താ പറയും.'ദ'എന്ന് പറേന്ന നേരം കൊണ്ട് ഓളെല്ലാം ചെയ്തു തീർക്കും.
ഓളെകെട്ട്യോൻ ദുബായ് ക്കാരനാ.ഓൻ ആറുമാസത്തെ ലീവിനു വന്നപ്പൊ കല്ല്യാണം നടത്തി.ഓക്ക് പററ്യ പുതിയാപ്ല്യാ.ഓല് രണ്ടാളും പൊറത്തേക്ക് പോയി ബർത്താനോം പറഞ്ഞ് തിരിച്ചു ബെരുമ്മം റിഫ ചിരിക്കുന്നത് കാണാൻ എന്തൊരു ചേലാ.ഓളെ ചോന്നെ ചുണ്ടുകൾ വലിഞ്ഞു വിടരുമ്പോൾ തുമ്പപ്പൂ പോലത്ത പല്ലുകൾ കാണാനെന്തൊരു മൊഞ്ചാ!
മൊഞ്ചിനൊത്ത മ്ട്ക്കുള്ള പെണ്ണ്".
സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ അടുത്തുള്ള പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്ക് കേട്ടാണ് ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നതു പോലെയുള്ള തിരിച്ചറിവ്.സമയം പോയതറിഞ്ഞില്ല.
മഗ്രിബായി.എല്ലാവരും എഴുന്നേറ്റു.ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിക്കാൻ അംഗശുദ്ധി വരുത്തി.
റിഫ തന്റെ മുറിയിൽ കയറി കതകടച്ചു ഉള്ളിൽ നിന്ന് കുറ്റിയിട്ടു.
ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിച്ച ശേഷം പുതിയാപ്ല വരാറായി ചായയുണ്ടാക്കട്ടെ എന്നും പറഞ്ഞ് അടുക്കളയിലേക്കു പോയി.അല്പം കഴിഞ്ഞതേയുള്ളൂ കോളിംങ് ബെൽ മുഴങ്ങി.
"കുൽസൂ.."ഉമ്മ റിഫയുടെ അനിയത്തിയെ നീട്ടി വിളിച്ചു.
"പുതിയാപ്ല വന്ന് വാതിൽ തൊറക്ക് ഞാൻ ചായ ഉണ്ടാക്ക്വാ".
"ങാ ഉമ്മാ "എന്നും പറഞ്ഞ് കുൽസു വേഗം ചെന്ന് വാതിൽ തുറന്നു.
"എളയ" കുൽസു അയാളുടെ മുഖത്തേക്ക് പുഞ്ചിരിയോട നോക്കി.
അയാളും കുൽസുവിന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി.നേരെ അറയുടെ വാതിൽക്കൽ ചെന്നു മുട്ടി വിളിച്ചു.
"അംനാ.."
"......."
അയാൾ വിളി ആവർത്തിച്ചു.
"അംനാ... "
"............"
പിന്നെ അയാൾ ഉച്ചത്തിൽ മുട്ടി വിളിച്ചു.
അപ്പോഴേക്കും അമ്മായി ഉമ്മയും.അവളുടെ മൂത്ത രണ്ടു സഹോദരിമാരും, അനിയത്തിയും അവളുടെ അറയുടെ വാതിൽക്കൽ വന്നു ഉറക്കെ മുട്ടി വിളിച്ചു.
"റിഫാ..."
"........."
പിന്നെ ബഹളമായി.കൂട്ടക്കരച്ചിലായി.അയൽവാസികൾ ഓടിവന്നു.അവർ വാതിൽ ചവിട്ടിപ്പൊളിച്ചുപ്പോൾ കണ്ടത് കട്ടിലിൽ ചലനമറ്റു കിടക്കുന്ന റിഫയെ.
ചുറ്റുമുള്ളവർ റിഫയെ ശ്രദ്ധിച്ചു നോക്കി.ശ്വാസമുണ്ടോ?
ശ്വാസോച്ഛ്വാസത്തിൻറെ അനക്കം കാണുന്നില്ല.
നാസ്വാ ദ്വാര മുഖത്ത് കൈവിരലിന്റെ പുറം വെച്ചു നോക്കി.
ശ്വാസോച്ഛ്വാസത്തിൻറെ ചൂടും ചൂരുമില്ല.
ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ സ്റ്റെതസ്കോപ്പ് വെച്ചു നോക്കി.ശരീരത്തിൽ ജീവന്റെ തുടിപ്പില്ല.കണ്ണിൽ ടോർച്ചടിച്ചു നോക്കി.കൃഷ്ണമണികൾ നിശ്ചലം.
ഡോക്ടർ ബന്ധുക്കളുടെ നേരെ തിരിഞ്ഞു നിന്ന് എല്ലാം കഴിഞ്ഞെന്ന മട്ടിൽ തലയാട്ടി.അവൾ ആരോടും ഒന്നും മിണ്ടാതെ മുന്നേ യാത്രയായി.അവളുടെ പുതിയാപ്ല വിങ്ങിപ്പൊട്ടി കൊണ്ട് ചോദിച്ചു.
"അവൾക്കെന്തായിരുന്നു ഒന്നു രണ്ട് കാര്യങ്ങൾ പറയാനുണ്ടായിരുന്നത്?"

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

അവൻ  ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. ബദറുൽ മുനീറിന്  വലിയ സന്തോ ഷമായി. കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന തനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെ ടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി അവൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.               ...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...

M.O.C യിൽ നിന്ന് ലഭിച്ച അനർഘ സഹായങ്ങൾ

ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം.  കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നുണ്ടായിരുന്നു. കൊറോണ പിടിപെടുമെന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ എന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യമിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊന്നുമില്ലേ?"  അതൊരു റംസാൻ മാസവും കൂടിയായിരുന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ എന്ക്ക് ചോദ്യ കർത്താവിനോട് എന്തെന്നില്ലാത്ത സഹതാപം തോന്നി.ആരും ഒന്നും മിണ്ടാത്തത് കൊണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും.അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ ഞാൻ ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട്   ഇക്കാര്യം   സംസാരിച്ചപ്പോൾ അവനെന്നോട്   ചോദിച്ചു മൊയ്ത്യേ  അനക്ക് സഹായമെന്തെങ്കിലും വേണോ? ഞാൻ ഒന്നും മിണ്ടിയില്ല.എന്റെ മിണ്ടാപ്പുറം മനസ്സിലാക്കിയ അവനന്നോട് പറഞ്ഞു. ഞാൻ ഷംസൂനോട് പറയാമെന്ന്. അങ്ങിനെ എനിക്ക് വേണ്ടിയുള്ള ശുപാർശ ഗ്രൂപ്പ്‌ അഡ്മിൻ ആയ ഷംസുദീൻ അംഗ...