Skip to main content

കാത്തിരിപ്പിന്നൊടുവിൽ

ഞങ്ങൾ ആറ് മക്കളിൽ 
 ഏറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച.ഞങ്ങളുടെ നാട്ടിൽ മൂത്ത സഹോദരിയെ ഇത്താത്ത എന്നല്ല ഇച്ചാച്ച എന്നാണ് വിളിക്കുക.
ഞങ്ങളുടെ ഉപ്പ രാവിലെ ഒരു കട്ടൻ ചായയും കുടിച്ച് പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള തീര പ്രദേശമായ പയ്യോളിയിൽ പോയാണ് മീൻ കൊണ്ട് വരിക.അയല,മത്തി,കുഞ്ഞിമ്മത്തി എന്നിവയാണ് എന്റെ ഗ്രാമത്തിലെ ജനങ്ങൾ മുഖ്യമായും ഭക്ഷിച്ചിരുന്ന മത്സ്യ ഇനം.കയറിൽ വരിഞ്ഞ് കെട്ടിയ രണ്ട് വലിയ കുട്ടകൾ കാകോടിയുടെ രണ്ടറ്റത്തും തൂക്കിയിട്ട് ചുമലിലേറ്റി കാൽനടയായാണ് ഞങ്ങളുടെ ഉപ്പ മത്സ്യത്തിന് പോവുക.രാവിലെ ആറു മണിക്ക് പോയാൽ പതിനൊന്ന് മണിയോടെ രണ്ട് കുട്ട നിറയെ മീനുമായി കാൽനടയായിത്തന്നെ  തിരിച്ചു വരും.അക്കാലത്ത് വാഹന സൗകര്യങ്ങൾ വളരെ കുറവാണ്.ഇത് ആയിരത്തി തൊള്ളായിരത്തി അന്പതുകളിലേയും അറുപതു കളിലേയും കഥ.
വീടിന്റെ സമീപം തന്നെയാണ് ഉപ്പാന്റെ പലചരക്ക് കട.മരത്തിൻറെ പല കൊണ്ട് നിർമ്മിച്ച വലിയൊരു പെട്ടി പോലെയുള്ള ഒരു മുറിയാണത്.കണ്ടാൽ പെട്ടിയാണെന്ന് തോന്നുകയില്ല.ഒരു മുറിയാണെന്നേ തോന്നൂ.ഇതിന് അറ എന്നാണ് പറയുക.ഓല മേഞ്ഞ ഒരു ഷെഡ്ഢിലാണ്  ഈ അറ സ്ഥാപിച്ചത്.ഇതിൽ നാലഞ്ചു ചാക്ക് അരിയും അനുബന്ധ വസ്തുക്കളും സൂക്ഷിക്കാനുള്ള വിശാലതയുണ്ട്.
ഉപ്പ കുട്ടനിറയെ മീനുമായി തിരിച്ചു വന്നാൽ "മീനോ.... ക്കോ"എന്നൊരു കൂക്കിയുണ്ട്.മീൻ കൂക്കി എന്നാണ് ഗ്രാമീണർ ഈ കൂക്കിയെ പറയുക.മീൻകൂക്കി കേട്ടാണ് ഗ്രാമീണർ മത്സ്യത്തിന് വേണ്ടി ബാപ്പയുടെ കടയിൽ വരിക.മത്സ്യം മാത്രമല്ല കേങ്ങ്,കൊത്തമ്പാരി, മുളക്,ഉണക്ക നെല്ലിക്ക മുതലായവ വാങ്ങിയാണ് എല്ലാവരും മടങ്ങുക.
ബാപ്പ മീനുമായി  വന്നാൽ കടയുടെ പ്രത്യേകം സജ്ജീകരിച്ച ഒരു ഭാഗത്ത് മീൻ വെച്ച്, കഞ്ഞിയും കുടിച്ച് രണ്ടാമതും മത്സ്യവും കേങ്ങും കൊണ്ടു വരാൻ വേണ്ടി കാൽ നടയായിത്തന്നെ  പയ്യോളിയിലേക്ക് നടന്നു പോകും.യാതൊരു തളർച്ചയും ബാധിക്കാത്ത ശരീരം.വൈകുന്നേരം നാലു മണി ആകുമ്പോഴേക്കും  വീണ്ടും മീനും കേങ്ങുമായി ഉപ്പ തിരിച്ചു വരും.അപ്പോഴേക്കും പതിനൊന്ന് മണിക്ക് കൊണ്ടു വന്ന മത്സ്യം ഉമ്മയോ, വീട്ടിലെ മറ്റാരെങ്കിലുമോ വിറ്റഴിച്ചിട്ടുണ്ടാവും.
നാലു മണിക്ക് മീൻ കൊണ്ടു വന്നാൽ ഉപ്പ നന്നായൊന്നു കുളിക്കും.കയറിൻറെ ഒരറ്റത്ത് ബന്ധിച്ച കുത്ത് പാള ഉപയോഗിച്ച് കിണറിൽ നിന്ന് വെള്ളം കോരിയെടുത്താണ്  കുളിക്കുക.പിന്നെ വയറു നിറയെ മീൻ കറിയും കൂട്ടി ചോറ്തിന്നും.മീൻ വരട്ട്യേതുമുണ്ടാകും.
കുരുമുളകും, വെള്ളത്തിലിട്ട് പൊതിർത്തിയ ഉണക്ക നെല്ലിക്കയും, മഞ്ഞളും അരച്ച്, മുറിച്ച് കഴുകി വൃത്തിയാക്കിയ മത്സ്യത്തിൽ ചേർത്ത് കുറുങ്ങനെ വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കും.ഇങ്ങിനെയാണ് മീൻ വരട്ടുക.ഇതും കൂട്ടി ചോറു തിന്നാനുണ്ടൊരു രസം!.എത്ര തിന്നാലും മതിവരൂല.
മരക്കേങ്ങ് വേവിച്ച് വെള്ളമൂറ്റിയതും വരട്ടിയ മത്തിയുമാണ് ഞങ്ങളുടെ നാട്ടിൻപുറത്തുകാർ പ്രാതലിനു വേണ്ടി അക്കാലത്ത് ഉപയോഗിച്ചിരുന്നത്.
ഒരിക്കൽ  ഞാനും ഉപ്പയും രാത്രി ഭക്ഷണം കഴിക്കുതിനിടയിൽ  ഉമ്മ ഉപ്പയോട് പറഞ്ഞു."ങ്ങള ഉമ്മ ഒന്ന് കാണണോന്ന് പറഞ്ഞിക്കി".
"ങാ..."
"ങ്ങള് എത്ര നാളായി ഇങ്ങനെ പറേന്ന്?ഒരുദെവസം ങ്ങക്കൊന്ന് അങ്ങോട്ട് പോയിക്കൂടെ". 
ഉപ്പ അതിനൊന്നും മിണ്ടിയില്ല.അത് എന്നും പച്ചപിടിച്ച ഒരോർമ്മയായി എന്റെ ഇളം മനസ്സിൽ നിലകൊണ്ടു.എനിക്കന്ന് രണ്ടോ മൂന്നോ വയസ്സുണ്ടാവും. വർഷങ്ങൾ  പലതു കഴിഞ്ഞു.എന്റെ ഉപ്പ മരിച്ചു.അത് കാരണമായി എന്നേയും എന്റെ അനുജൻ സലാമിനേയും  അനാഥാലയത്തിൽ ചേർത്തു.ഞാൻ  നാലാം ക്ലാസ്സിൽ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു,അനുജൻ അബ്ദുൽ സലാം മൂന്നാം ക്ലാസ്സിൽ നിന്ന് നാലാം തരത്തിലേക്കും ജയിച്ചു. പ്രസ്തുത  ക്ലാസ്സുകളിൽ ഞങ്ങൾക്ക് പ്രമോഷൻ കിട്ടിയതോടു കൂടി  യതിം ഖാനയിലെ മദ്രസ്സയിലും സ്കൂളിലും എന്നെ അഞ്ചാം ക്ലാസ്സിലും, സലാമിനെ നാലാം ക്ലാസ്സിലും, ചേർത്തു. പ്രി-ഡിഗ്രി തോറ്റ ഞാൻ യതിം ഖാനയിൽ നിന്ന്  വീട്ടിലേക്ക് വന്നു.അനുജൻ സലാമ് അനാഥാലയത്തിന്റെ തന്നെ ടി.ടി.സി യിൽ ചേർന്നു.ഒരു ദിവസം ഞാൻ പാത്തുമ്മച്ചാച്ചാൻറെ വീട്ടിൽ പോയപ്പോൾ.എന്റെ ഓർമ്മയിലെ  സംഭവം വിശദീകരിച്ചു കൊണ്ട് ഞാൻ  ഇച്ചാച്ചാനോട്  ചോദിച്ചു.
"ങ്ങള ഉമ്മ ഒന്ന് കാണണോന്ന് പറഞ്ഞിക്കി". എന്തായിരുന്നു പ്രശ്നം? ഏതാണീ ഉമ്മ?
എന്റെ ചോദ്യം കേട്ടപ്പോൾ  ഇച്ചാച്ച കണ്ണിൽ നിന്നും ഉറ്റിയ കണ്ണീർ തുടച്ചുകൊണ്ട് ആ കഥ പറഞ്ഞു തുടങ്ങി."ഉമ്മളെ ഉപ്പാവ പുതിയ പൊരേണ്ടാക്കി കര്വോതായ പാർത്തേന് ശേഷം പിന്നൊരിക്കലും  തിരംഗലത്തേക്ക് പോയിക്കില്ല.ഉമ്മളെ ഉമ്മ എടക്കെടക്ക് തിരംഗലത്തെ ഉമ്മാമാനെ(ഉപ്പാവാന്റെ ഉമ്മാനെ)  കാണാൻ പോകും.അന്നേരം ഉമ്മാമ ഉപ്പാനെ പറ്റി ചോദിക്കും."എനക്ക് ഇബ്റായീനൊന്ന് കാണണോന്ന് പറ".
ഉമ്മ അക്കാര്യമാണ്  ങ്ങ്ള ഉമ്മ ഒന്ന് കാണണോന്ന് പറഞ്ഞിക്കീന്ന്  ഉപ്പയോട് പറഞ്ഞത്.അപ്പോൾ
ഉപ്പ "ങാ" എന്ന് പറയും.കൊറേ കാലം കൈഞ്ഞ് ഉമ്മാമ പ്രായാധിക്യത്താൽ കെടപ്പിലായി.ഉമ്മ ഉമ്മാമാനെ സുസ്രൂസിക്കാൻ മാണ്ടി എല്ലാ ദെവസോം തിരംഗലത്തേക്ക് പോകും.ഉമ്മാമാന്റെ പൂതി ഉമ്മാനോട് ദെവസോം പറയും.ഉപ്പ അങ്ങോട്ട് പോയതേയില്ല.ഉമ്മാമാക്ക് പാതി ബോധം പോയി.പതിവ് പോലെ ഒരു ദെവസം ഉമ്മ തിരംഗലത്ത് പോയേരം  ഉമ്മാമാനെ  "ഉമ്മാ....."എന്ന് സങ്കടത്തോടെ ഉമ്മ നീട്ടി വിളിച്ചു.
ഉമ്മാമ കണ്ണ് തൊറന്ന് ഉമ്മാന്റെ മോത്തേക്ക് നോക്കി പതിഞ്ഞ ഒച്ചേല് ഉമ്മാമ ചോയിച്ചി.
"ഇബ്രായി?"
ഉമ്മ കണ്ഠമിടറിക്കൊണ്ട് പറഞ്ഞ്.
"മന്നിക്കില്ല".
ഇത് കേട്ടപ്പം ഉമ്മാമാന്റ കൺപോളകൾ അടഞ്ഞു.
"ഹെന്റെ ഇബ്റായ്യ്യേ നിന്നക്കണ്ട് മരിക്ക്യാന്ള്ള ജോഗം....."
ബാക്കി പറയാൻ ഉമ്മാമാക്ക് കൈഞ്ഞില്ല.ഉമ്മാമാന്റെ ചുണ്ട് പിന്നെ അനങ്ങീക്കില്ല.രണ്ട് ദെവസം കൈഞ്ഞപ്പം ഉമ്മാമ മരിച്ചു.മരിച്ച ബിവരമറിഞ്ഞേരാന്ന് ഉപ്പ തിരംഗലത്തേക്ക് പോയത്.ഉമ്മാമാന്റെ മയ്യത്ത് കണ്ടേരം ഉപ്പ സങ്കടപ്പെട്ടിക്ക്ണ്ടാക്വോ?"ഒരു നെടുവീർപ്പോടെ ഇച്ചാച്ച ചോദിച്ചു.
"ഇത്രയും ചെയ്ത ഉപ്പാക്ക് ഉമ്മാമാന്റ വിഷയത്തിൽ കുറ്റബോധമുണ്ടാക്വോ.
അങ്ങനെ കൊറേ കൊല്ലം കൈഞ്ഞ്.ഉപ്പാവാക്ക് കേൻസർ പിടിപെട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടോയ് കൊറേ ദെവസം  കെടത്തി ചികിത്സിച്ച്. ഉപ്പാന്റെ കൂടെ അമ്മദായ്നു മെഡിക്കൽ കോളേജിൽ നിന്നത്.ഒരു ദെവസം അമ്മദിന്റെ കൈയിൽ പൈസ ഇല്ലാണ്ടായേരം ബാക്കിക്കുനി അസൈനാറാക്കാനോട് തേങ്ങ തെരാന്നും പറഞ്ഞ് കൊറച്ച് പൈസ കടംമാങ്ങാൻ വേണ്ടി അമ്മദ് പൊരേലേക്ക് പോന്ന്.അന്നൊക്കെ ബാക്കിക്കുനി അസൈനാറാക്കായ്നു കര്വോത്തായത്തെ തേങ്ങ വിൽക്കൽ.അക്കാലത്ത്  തലപ്പൊയ്ലെ അമ്മത് ലോട്ടർ മെഡിക്കൽ കോളേജിൽ ലോട്ടർ ഭാഗം പഠിക്ക്ന്ന്ണ്ട്.അയാളോട് കാര്യം പറഞ്ഞാന്ന് ഓൻ
 പൊരേലേക്ക് മന്നത്.ഓൻ പൊരേല് എത്തീക്ക്ണ്ടാകും.മെഡിക്കൽ കോളേജിലെ വാർഡിൽ വെച്ച് ഉപ്പാവ മരിച്ചു.മരിക്കുമ്മം ഉപ്പാന്റെ ആറു മക്കളിൽ ഒരാൾ പോലും ഉപ്പാവാന്റെ അടുത്ത് ഇല്ല.തിരംഗലത്തെ ഉമ്മാമാക്ക് ഉപ്പാവാനെ കണ്ട് മരിക്കാൻ കൈയാത്തത് പോലെ ഉപ്പാന്റെ ആറ് മക്കളിൽ ഒരാളെ പോലും കണ്ട് മരിക്ക്യാൻ ഉപ്പാക്കും കൈഞ്ഞില്ല".
ഉമ്മളെ ഉപ്പാവാക്കും, തിരംഗലത്തെ ഉമ്മാമാക്കും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.ആമീൻ
ربارحمهما كماربياني صغيرا

Comments

Popular posts from this blog

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു