Skip to main content

ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ

 ഞങ്ങളാറു മക്കളിലേറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച. എഴുപത്തി ഒമ്പതാമത്തെ വയസ്സിലാണവർ മരണമടഞ്ഞത്.മൂത്ത സഹോദരി മാതാവിന്റെ സ്ഥാനത്താണ്.ഫലത്തിൽ അവൾ തന്നിലിളയവർക്കെല്ലാം മാതാവ് തന്നെയായിരുന്നു.ഞാൻ ജോലിക്ക് പോയിത്തുടങ്ങാത്ത കാലം.
പകൽ സമയത്ത് വീടുവിട്ടാൽ സഹോദരി പാത്തുമ്മച്ചാച്ചാന്റ വീട്ടിൽ,അവിടം വിട്ടാൽ സ്വന്തം വീട്ടിൽ  ഉമ്മാന്റെ അരികിൽ.നെയ്ത്തുകാരന്റെ ഓടംപോലെ ഈ രണ്ട് വീടുകൾക്കിടയിലുള്ള ഓട്ടം മാത്രമായിരുന്നു  അന്നെന്റെ ദിനചര്യ.ഞാനെല്ലാദിവസവും 
പാത്തുമ്മച്ചാച്ചാന്റെ  വീട്ടിലേക്ക് പോകും. ഉച്ചക്കാണ് ഞാനവിടെ  ചെന്നതെങ്കിൽ അവളെന്നോട് ചോദിക്കും.
 "ഇഞ്ഞി ചോറ് തിന്നിക്കോ?"
 "ഇല്ല".
"എന്നാ ബേകം കൈ കൈക്".
 ഞാൻ  വേഗം കൈ കഴുകി അടുക്കളയിലേക്ക് പോകും.അപ്പോഴേക്കും ഇച്ചാച്ച കിണ്ണത്തിൽ ചോറിട്ട് മീൻകറിയുമെടുത്ത് എനിക്ക്  തരും.അത് തിന്ന്  അല്പ നേരം വിശ്രമിച്ച് ഇച്ചാച്ചാ ഞാൻ പോക്വാന്നേ എന്ന് ഞാൻ യാത്ര പറഞ്ഞിറങ്ങും.
   ചോറ് തിന്ന് വിശ്രമിക്കുകയായിരുന്ന എന്റെ ഉമ്മ ഞാൻ  വീട്ടിലെത്തിയാൽ  ചോദിക്കും."ഇഞ്ഞ് ഏടായ്നു ഇത്തിരേരോം?" 
" ഞാൻ ചെരക്കര പുത്യോട്ടില് ".
"ഇഞ്ഞ് ചോറ് തിന്നിക്കോ?" 
സങ്കടത്തിൽ ചാലിച്ച ചോദ്യം. 
"ങാ..." ചോറ് തിന്ന കാര്യം പറയാൻ 
 എനിക്ക് വല്ലാത്ത സങ്കടമാണ്.  എന്നാലും ഞാൻ സത്യം തന്നെ പറയും.ഉമ്മ കർമൂസ്സ കുരുപോലത്തെ  പരുപരുത്ത റേഷനരിയുടെ  ചോറ് ചമ്മന്തിയും കൂട്ടി തിന്ന ഉമ്മാനോട്   നല്ല മീൻകറിയും കൂട്ടി ചോറ് തിന്ന
കാര്യം പറയുമ്പോൾ.....
  ഉമ്മാക്ക് നല്ല ഭക്ഷണം കിട്ടാതെ ഞാൻ  നല്ല ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റ ബോധം എന്നെ അലട്ടുന്നുണ്ടാവും.അക്കാലത്ത്  കറിക്കാവശ്യമുള്ള മത്സ്യമോ പച്ചക്കറിയോ വാങ്ങാനുള്ള കഴിവ് ഞങ്ങൾക്കില്ലായിരുന്നു. എതാനും വർഷങ്ങൾക്കു ശേഷം എന്റെ നേരെ മൂത്ത സഹോദരി നബീസച്ചാച്ച എന്നോട് പറഞ്ഞു.
"മോനെ  ഇഞ്ഞ്  കർമൂസക്കുരു അരീന്റെ ചോറ് കറീല്ലാതെ ചമ്മന്ത്യൂം കൂട്ടി
തിന്നുന്ന കാര്യം ഉമ്മേന്നോട്  സങ്കടപ്പെട്ട് പറയാറുണ്ടെന്ന്". ഇത് കേട്ടപ്പോൾ എനിക്ക് ഉമ്മാന്റെ നേരെ സങ്കടവും മാതൃ സ്നേഹത്തെ കുറിച്ചുള്ള തിരിച്ചറിവുമാണുണ്ടായത്.
പാത്തുമ്മച്ചാച്ച എനിക്ക് ദാഹത്തിന് വെള്ളവും വിശപ്പടക്കാൻ ഭക്ഷണവും തന്നതിന്  പ്രത്യുപകാരമായി ഞാൻ  മിക്ക സമയങ്ങളിലും അവൾക്കു വേണ്ടി പ്രാർത്ഥിക്കും.മുയിപ്പോത്ത് പാറക്കീൽ പള്ളിയുടെ ഖബർ സ്ഥാനിൽ  ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ  സൽകർമ്മങ്ങളുടെ തണലിൽ  ഇച്ചാച്ച  വിശ്രമിക്കുകയാണ്.ആ ഖബറിലവൾ ഏകയായി കഴിയുമ്പോൾ നല്ല കൂട്ടുകാരികൾ   നേരം പോക്കിനായി അവളെ സമീപിക്കും.അപ്പോൾ ഇച്ചാച്ച   അവർ ആരാണെന്ന് ചോദിക്കും.
  ആ കൂട്ടുകാരികൾ പറയും ഞങ്ങൾ നിന്റെ സൽകർമ്മങ്ങണാണെന്ന്. അവളുടെ ചാരെ അല്പം അകന്നു നിൽക്കുന്ന ഒരു സ്നേഹ സ്വരൂപിണി എന്റെ ഇച്ചാച്ചാനെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട്  നിൽക്കുന്നുണ്ടാകും. അവളെ നോക്കി ഇച്ചാച്ച ചോദിക്കും "അവളാരാണെന്ന്.  ആ സ്നേഹ സ്വരൂപിണി പറയും " നിന്റെ കൈകളാൽ  ഭക്ഷണവും വെള്ളവും നൽകി വിഷപ്പും ദാഹവുമകറ്റിയ, നീ കുടുമ്പ ബന്ധം ചേർത്തു പിടിച്ച സുകൃതങ്ങളാണ് താനെന്ന്.
  മേലെ ആകാശ ഗംഗയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് മീതെ ബർസഖീ ലോകത്തു നിന്ന് ഇച്ചാച്ച ഞങ്ങളെ
നോക്കി കാണും.അവളപ്പോൾ   കുടുബ ബന്ധം ചേർത്തതിന്റ പ്രതിഫലം എന്റെ കുടുമ്പക്കാരറഞ്ഞിരുന്നുവെങ്കിൽ!.എന്നാഗ്രഹിക്കുന്നുണ്ടാവും.
   

Comments

  1. മേൽപ്പറഞ്ഞ പാത്തുമ്മയെ പോലുള്ള സഹോദരി നിങ്ങൾക്ക് ആർക്കെങ്കിലും ഉണ്ടോ?

    ReplyDelete

Post a Comment

Popular posts from this blog

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അവബോധമുണ്ടായത്. മൊയ്തി എല്ലാം   കൊണ്ടും എന്നേക്കാൾ കേമനായിരുന്നു. ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ. വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും  നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കൂ. സദാസമയവും സ്നേഹഭാവം.  വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി, കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്ന്  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലെങ്കിലും  വലതു വശത്തേക്കു തി...