ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തത്. ഇരുപത് ദിവസത്തേക്ക് പതിനാറ് രൂപ ശമ്പളം വകയിൽ എനിക്ക് കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക് വലിയ സന്തോഷമായി. പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന് അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന് ഉപയോഗിക്കാം. അങ്ങിനെ ഞാൻ കിട്ടിയ ശമ്പളവുമായി ഞാനൊരു വ്യായാഴ്ച
നാട്ടിൽ പോകാൻ തീരുമാനിച്ചു.
വ്യായാഴ്ചയാണ്
മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോവുക.വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.
അങ്ങിനെ ഒരു വ്യാഴായ്ച മറ്റുള്ളവരെ പോലെ ഞാനും നാട്ടിൽ പോയി.എന്നെ കണ്ടപ്പോൾ ഉമ്മാക്ക് വലിയ സന്തോഷം.
"ഇഞ്ഞെന്തായ്നു ബെര്യാനിത്തിര ബൈക്യേത്?". ഉമ്മ ചോദിച്ചു. ശമ്പളം ക്ട്ടീറ്റ് ബെരാന്ന് ബിജാരിച്ച്". ഇത്രയും പറഞ്ഞു കൊണ്ട് കുപ്പായത്തിന്റെ കീശയിൽ നിന്ന് അഞ്ച് രൂപയെടുത്ത് ഞാൻ ഉമ്മാന്റെ നേരെ നീട്ടി. ഉമ്മ അത് സന്തോഷ പൂർവ്വം വാങ്ങി.
തുടർന്ന് ഞാൻ പറഞ്ഞു."എനക്ക് ജീവിതത്തിലെ ആദ്യ ശമ്പളം ക്ട്ട്യേതല്ലേ?". പതിനാറുറുപ്പ്യാന്നെന്റെ കൈഞ്ഞെ മാസത്തെ ശമ്പളം. ഐൽന്ന് അഞ്ചുറുപ്യ ങക്ക്. ഞാൻ പോമ്മം പോക്കർ മൗലവീനോട് ഇരുപത്തുഞ്ചുറുപ്യ മാങ്ങീക്കിലായ്നോ?, ആ ഇരുപത്തഞ്ചിൽ പത്തുറുപ്യ പോക്കർ മൗലവിക്ക്. ഒരുറുപ്യ എനക്ക് നാളെ തിരിച്ച് ചൊക്ലി പോമ്മം ബസ്സിന് കോട്ക്കാൻ. അങ്ങനെ എന്റെ പതിനാറ് ഉർപ്യ ത്ർന്ന്".
കേട്ടത് പാതി കേൾക്കാത്തത് പാതി.ഉമ്മാക്ക് ഞാൻ കൊടുത്ത അഞ്ച് രൂപ തിരികെ എന്റെ നേർക്ക് നീട്ടക്കൊണ്ട് പറഞ്ഞു."ഇന്ന, ഇതൂം കൂടി അയാക്ക് കൊട്ത്തെ. ബാക്കി പത്തുറുപ്യ അടുത്ത മാസം തെരാന്ന് പറ".
മാണ്ടുമ്മാ, ങളതാട ബെച്ചെ. എന്റെ ജീവിതത്തിലെ ആദ്യത്തെ ശമ്പളാത്. എന്റെ ഒരാഗ്രഹമല്ലേ?".
ഉമ്മാനോട് ഞാൻ പറഞ്ഞു.
"എനക്കിപ്പം മാണ്ട. പോക്കർ മൗലവിക്ക് ഇമ്മാസം പതിനഞ്ച് കൊടുത്തെ. ബാക്കി പത്തുറുപ്യ അടുത്ത മാസം തെരാന്ന് പറ".
ഉമ്മ എന്നോട് പറഞ്ഞു.
"ഉമ്മാ അടുത്ത മാസം ഞാന്ങ്ങക്ക് പൈസ തന്നാ എന്റെ ആദ്യത്തെ ശമ്പളാകൂലാലോ. അത് പിന്നേത്തെ ശമ്പളാല്ലെ". അത് കേട്ടപ്പോൾ ഉമ്മ അഞ്ച് രൂപ ഉമ്മ സ്വീകരിച്ചു. ഉമ്മാന്റെ മനസ്സിൽ സന്തോഷം പൂത്തു. മുഖം തെളിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. ഞാൻ വൈകുന്നേരം തന്നെ നിടുമ്പ്രത്ത് പോക്കർ മൗലവിയുടെ ഇരുപത്തഞ്ച് രൂപയിൽ പത്ത് രൂപ കടം വീട്ടി. തിടുക്കമുണ്ടെങ്കിൽ പിന്നെ തന്നാൽ മതിയെന്ന് അയാൾ പറഞ്ഞെങ്കിലും "എപ്പോഴായാലും നിങ്ങളോട് വാങ്ങിയത് ഞാൻ തിരിച്ചു തരേണ്ടതല്ലേ?".
ഞാൻ ചോദിച്ചു.
അങ്ങിനെ അയാൾ പത്ത് രൂപ സ്വീകരിച്ചു.
ഞാൻ കൊടുത്ത അഞ്ചു രൂപ തിരികെ തരാൻ ശ്രമിച്ച് പോക്കർ മൗലവിയുടെ കടം വീടിക്കൊ എന്ന് പറയാൻ കാരണമണ്ട്. ഉമ്മാക്ക് കടമെന്നത് വലിയ പേടി സ്വപ്നമാണ്.അതിനൊരു കാരണമുണ്ട്. ഉമ്മാന്റെ ഉപ്പാക്ക് മുർച്ചാണ്ടീലെന്ന് പേരുള്ള രണ്ട് ഹെക്ടർ പറമ്പുണ്ടായിരുന്നു. ഉമ്മ എപ്പോഴും സങ്കട പൂർവ്വം ആ പറമ്പിന്റെ കഥ പറയും.
"എന്റുപ്പാന്റെ മുർച്ചാണ്ടീലെ പറമ്പ് ഇപ്പണ്ടെങ്കില് എത്തിര തേങ്ങ പറിക്കായ്നു. ഉമ്മക്കോരോരുത്തർക്കും പൊരേണ്ടാക്കി പാർക്കാൻ സ്ഥലോം ഉണ്ടാകായ്നു". മനോവ്യഥയോടെ എല്ലാഴ്പോഴും ഉമ്മ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കും. ഉമ്മ പറയുന്നത് കേൾക്കുമ്പോൾ ഏതോ കാലത്തുള്ള ചരിത്രമായിട്ടാണ് എന്റെ കുഞ്ഞു മനസ്സിൽ ഉരുത്തിരിഞ്ഞത്. ഉമ്മാന്റെ ആവർത്തിച്ചുള്ള പ്രസ്താവന കേട്ട് മുർച്ചാണ്ടീലെ പറമ്പിനെ പറ്റി എനിക്ക് അപബോധമുണ്ടായി. എന്നാലും മുർച്ചാണ്ടീലെ പറമ്പ് എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു.
Comments
Post a Comment