വെള്യാട്ടൂരെ മൊയ്തിയുടെ മരണ വാർത്ത
ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ.
-------------------------------------------------------------------
വെള്യാട്ടൂരെ മൂത്തുമ്മാന്റെനാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി.
ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.
എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ".
അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്.
അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.
സദാസമയവും സ്നേഹഭാവം.
അവന്റെ വീടിന്റെ മുന്നിലുള്ള
പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.
അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ മാത്രമാണ് വിവാഹ ശേഷം കുടുംബത്തിൽ നിന്നകന്നത്.
മൂത്തുമ്മാന്റെ അനിയത്തിമാരായ യഥാക്രമം എന്റുമ്മയും മറിയോളോമ്മയും
മുയിപ്പോത്ത് തന്നെയാണ് കല്യാണ ശേഷവും താമസിച്ചിരുന്നത്.
മൂത്തുമ്മാനെ മുയിപ്പോത്ത് നിന്ന് സുമാർ പത്ത് കിലോമീറ്ററകലെ,മേപ്പയ്യൂരിന്റേയും മുയിപ്പോത്തിന്റേയും ഇടയിലുള്ള വിളയാട്ടൂരെന്നിടത്താണ് കെട്ടിച്ചയച്ചത്.ഇന്നത് വലിയൊരു അകലമല്ലെങ്കിലും അന്നവരെ സംബന്ധിച്ചിടത്തോളം വലിയ ദൂരമായിരുന്നു.പിരിഞ്ഞിരിക്കാൻ കഴിയാത്തത്ര സ്നേഹ ബന്ധം മൂലമുണ്ടായ ഊഹിക്കാൻ കഴിയാത്തത്ര ദൂരമുള്ളതായവർക്ക് തോന്നി.നിത്യവും പരസ്പരം കാണാൻ കഴിയുന്നില്ലെന്ന വേവലാതി.വിചാരിച്ച പോലെ പോയ് വരാനുള്ള വാഹന സൗകര്യവുമില്ല.
മൂത്തുമ്മാക്ക് ജീവിതത്തിൽ ദാരിദ്ര്യവും, ദുരിതവും ജീവിത ക്ലേശവുമായിരുന്നു.
വീട്ടു വളപ്പിൽ കിണറില്ല. പാചകം ചെയ്യാനും, കുടിക്കാനും,
കുളിക്കാനുമുള്ള വെള്ളം വീടിന്റെ മുന്നിലുള്ള വിശാലമായ കരിമ്പാറക്കപ്പുറമുള്ള, ആരാന്റെ കിണറിൽ നിന്നും കോരിയെടുത്ത്
ചുമലിലേറ്റി കരിമ്പാറയിലൂടെ
കാൽനടയായി വേണം
കൊണ്ട് വരാൻ .ജീവിതത്തിൽ നല്ല നാളുകളെ കുറിച്ചുള്ള യാതൊരു പ്രതീക്ഷയുമില്ലാത്ത വർത്തമാന കാലം.
വെള്യാട്ടൂരെ മൂത്തുമ്മ എന്റെ വീട്ടിലും മറിയൊളോമ്മാന്റെ വീട്ടിലും ഇടയ്ക്കിടക്ക് വരുമായിരുന്നു.എന്റെ വീട്ടിൽ ഒന്നോ രണ്ടോ ദിവസം പാർത്തിട്ടേ മൂത്തുമ്മ പോകാറുള്ളു.
എന്റുമ്മയും മറിയോളോമ്മയും മൂത്തുമ്മയും തമ്മിലുള്ള ചെറുപ്പകാലത്തുള്ള സ്നേഹ ബന്ധം കാത്തുസൂക്ഷിക്കാൻ വേണ്ടിയും, ഞാനവരിൽ നിന്നുമകലെയാണല്ലോ എന്ന വേവലാതിയുള്ളത് കൊണ്ടുമാണ് മൂത്തുമ്മ എന്റുമ്മാനേയും മറിയോളോമ്മാനേയും
ഇടക്കിടെ സന്ദർശിച്ചിരുന്നത്.
വെള്യാട്ടൂരെ മൂത്തുമ്മാക്ക് നാല് മക്കളുണ്ടായിരുന്നിട്ടും കുടുംബ വീടുകൾ സന്ദർശിക്കലും, വല്ലപ്പോഴും വന്ന് അവിടങ്ങളിൽ താമസിക്കലും മൂത്തുമ്മാന്റെ ജീവിത ചര്യയായിരുന്നു.കുടുംബ വീടുകളിൽ പോകാൻ മൂത്തുമ്മ സമയം കണ്ടെത്തും.ഒരിക്കൽ മൂത്തുമ്മാന്റെ മകൾ പാത്തുമ്മ ഒരു റമള്വാൻ മാസം എന്റെ വീട്ടിൽ വന്ന് രണ്ട് ദിവസം നോമ്പ് തുറന്നു.മൂന്നാം നാളവൾ പോകാനൊരുങ്ങിയപ്പോൾ പാത്തുമ്മാന്റ കൂടെ നോമ്പ് തുറക്കാനെനിക്കും പോകണമെന്ന് ഞാൻ പറഞ്ഞു.ഉമ്മ സമ്മതിച്ചു. ഞാനവളുടെ കൂടെ വെള്യാട്ടൂരേക്ക് പോയി.മൂന്ന് ദിവസം ഞാനവിടെ താമസിച്ചു.ഞാനുമവളുമൊന്നിച്ചായിരുന്നു മേപ്പയ്യൂരങ്ങാടിയിൽ മത്സ്യവും,ചില്ലാനങ്ങളും വാങ്ങാൻ പോയിരുന്നത്.മൂന്ന് കിലോമീറ്റർ ദൂരം നടന്നു വേണം മേപ്പയ്യൂരെത്താൻ.
അക്കാലത്ത് വാഹന സൗകര്യം കുറവായതിനാൽ നാട്ടുകാരെല്ലാവരും
അടുത്ത ഗ്രാമത്തിലേക്കും,
പട്ടണത്തിലേക്കും നടന്നാണ് പോവുക.
കാൽ നടയായി പോകുന്നതിനിടയിൽ പരിചയമുള്ള പലരുമായും കണ്ടുമുട്ടാൻ സാദ്ധ്യതയുള്ളതിനാൽ നടത്തമൊരാസ്വാദനം കൂടിയായിരുന്നു.പാത്തുമ്മാന്റുപ്പാക്ക് മത്സ്യക്കച്ചവടമായിരുന്നു.കിലോ മീറ്ററുകളോളം നടന്നാണ് കുട്ടയും കാകോടിയും ചുമലിലേന്തി മാർക്കെറ്റിൽ പോയി മത്സ്യം കൊണ്ടു വരാറ്.ഏത് തീരപ്രദേശത്ത് നിന്നാണ് മൂത്താപ്പ മത്സ്യം കൊണ്ട് വരുന്നതെന്നെനിക്കറിയില്ല. ഞാനും പാത്തുമ്മയും ചെല്ലുമ്പോൾ മൂത്താപ്പ
മേപ്പയ്യൂരങ്ങാടിയിലെ തിരക്കൊഴിഞ്ഞ തെരുവോരത്ത്, ഒരു തണൽ മരച്ചുവട്ടിൽ മത്സ്യവുമായിട്ടിരിക്കുന്നു.
മൊട്ടത്തലയിലൊരു തലപ്പാവും, നേർമ്മ തുണികൊണ്ട് തയ്പിച്ച കൈയില്ലാത്ത ജുബ്ബയെന്ന് തോന്നിക്കുന്നൊരു കുപ്പായവും, കള്ളിമുണ്ടുമാണ് മൂത്താപ്പാന്റെ വേഷം.പാത്തുമ്മയും ഞാനും മൂത്താപ്പാനെ സമീപിച്ചു.
"മൊയ്തീന്ന് നോമ്പ് തൊറക്ക്നിന്നങ്ങാന്നെ
കാരക്ക മങ്ങാൻ പൈസ മാണം".
പാത്തുമ്മ എന്നെപ്പറ്റി മൂത്താപ്പാനോട് പറഞ്ഞു. എതാനും നാണയത്തുട്ടുകളെടുത്ത് പാത്തുമ്മാന്റെ കൈയിൽ
കൊടുത്തിട്ട് മൂത്താപ്പ പറഞ്ഞു.
"കാരക്ക ഏതെങ്കിലും പ്ട്യേന്ന് മാങ്ങിക്കൊ".
പാത്തുമ്മ മൂത്താപ്പാനോട് മത്തിയും വാങ്ങി മൂത്താപ്പ കൊടുത്ത
നാണയത്തുട്ടുമായി ഒരു കടയിൽ നിന്നും കാരക്കയും പൂളക്കേങ്ങും വാങ്ങി ഞാനുമവളും വീട്ടിലേക്ക് നടന്നു. 'കല്ലുകെട്ടിയതിൽ' എന്നാണ് മൂത്തുമ്മാന്റെ വീട്ടു പേര്.ഓലമേഞ്ഞ കട്ടപ്പുര.എന്റെ വീട് പോലയുള്ള വീട്.മൂത്തുമ്മാന്റ വീടിന് മുന്നിൽ വിശാലമായ കരിമ്പാറയാണ്.വീട്ടിന്റെ പിൻഭാഗത്തെ മുറ്റം കഴിഞ്ഞാൽ ഉയരത്തിലുള്ള പാറക്കെട്ടുകളാണ്. വലിയ ആനക്കല്ലുകൾ നിറഞ്ഞ പാറക്കെട്ട്! പാറക്കല്ലുകൾക്കിടയിൽ അല്പസ്വല്പം മണ്ണുള്ള ഇടങ്ങളിൽ വൃത്തിക്കാൻ മാവുകളും, മാവുകളും, മറ്റ് മരങ്ങളുമുണ്ട്.അവ തണൽ വിരിച്ചാണ് കാറ്റിലുലഞ്ഞ് നൃത്തമാടുന്നത്.ആ മരങ്ങൾക്കിടയിലുള്ള കല്ലുകളിൽ പോയിരിക്കാൻ നല്ല രസമാണ്.
അക്കാലങ്ങളിൽ കക്കൂസില്ലാത്തതിനാൽ മറഞ്ഞിരിക്കാൻ സൗകര്യമുള്ള വലിയൊരാനക്കല്ലുണ്ട്.അതിന്മേലിരുന്നാണ് ഞങ്ങൾ തൂറിയിരുന്നത്.അങ്ങിനെ തൂറുമ്പോൾ വല്ലാത്തൊരു സുഖമാണ്.ഇളം തെന്നലേറ്റ് പരിസര കാഴ്ചകളാസ്വദിച്ചു കൊണ്ട് തൂറുമ്പോഴുള്ള വല്ലാത്തൊരു സുഖം. പകൽ സമയങ്ങളിൽ ഞാനുണ്ടായിരുന്നിട്ടും മൊയ്തി വീട്ടിലുണ്ടായില്ല.അവനെങ്ങോട്ടെങ്കിലും പോകും.അതെന്നെ വല്ലാതെ സങ്കടപ്പെടുത്തിയിട്ടുണ്ട്.എനിക്കവനെ അത്രക്കിഷ്ടമായിരുന്നു.അവന്റെ
കൂടെ കൂട്ടുകൂടാനാശ വെച്ചാണ് ഞാൻ പാത്തുമ്മാന്റ കൂടെ വെള്യാട്ടൂരേക്ക് പോയത്.മഗ്രിബ് ബാങ്ക് വിളിക്കുന്നതന്റെ അല്പം മുമ്പവൻ വീട്ടിൽ വരും.നോമ്പ് മുറിച്ചയുടനെ പള്ളിയിലേക്കെന്നും പറഞ്ഞ് വീട്ടിൽനിന്നുമിറങ്ങും.
ഏതെങ്കിലും ചങ്ങാതിയുടെ വീട്ടിൽ സൊറ പറഞ്ഞിരിക്കും.ഇശാ ബാങ്ക് കേട്ടാൽ ഈന്ത്യാട്ടെ സ്രാമ്പിയിൽ പോയി തറാവീഹ് നിർവ്വഹിച്ച ശേഷം വീണ്ടും വീട്ടിൽ വരും.അപ്പോഴാണ് ഞാനു മവനും മനസ്സറിഞ്ഞ് സംസാരിക്കുക.അതും അല്പസമയം.പിന്നെ ഉറങ്ങാൻ കിടക്കും.
മൊയ്തി എന്റെ ഗുരുവാണ്.എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച ഗുരു.മേപ്പയ്യൂരങ്ങാടിയിലെ താറിട്ട റോഡിൽ നിന്നാണ് അവനെന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത്.
അക്കാര്യം ഞാനെന്നുമോർക്കും .മേപ്പയ്യൂ രങ്ങാടിയിൽ ഇപ്പോഴാരെങ്കിലും ചെന്നു നോക്കിയാൽ ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചത് ഇവിടെ നിന്നാണെന്നാരും വിശ്വസിക്കില്ല.
ഇന്നത്രക്കും തിരക്കാണവിടെ.
എന്നാലന്നങ്ങിനെയായിരുന്നില്ല.ആളൊഴിഞ്ഞ താറിട്ട റോഡ്.വല്ലപ്പോഴെങ്കിലും ഒരു കാറോ,ജീപ്പോ വന്നാലായി. അത്രമാത്രം.
ഞാനൊരിക്കൽ വെള്യാട്ടൂരെ മൂത്തുമ്മാന്റെ വീട്ടിൽ പോയി മൂന്ന് ദിവസം പാർത്തു.അന്ന് ഞാനും മൊയ്തിയും നല്ല കൂട്ടുകെട്ടായിരുന്നു.അവന്റെ കൈയിൽ നാണയത്തുട്ടുകളുണ്ട്.അവനെന്നോട് ചോദിച്ചു."ഉമ്മള് സൈക്കളെടുക്ക്വാ?".
നല്ല സ്നേഹം തുളുമ്പുന്ന ചോദ്യം.
"എന്റേപ്പൈസേല്ല".ഞാൻ പറഞ്ഞു.
"പൈസ ഞാനെടുക്ക.ഇഞ്ഞുംബാ".
മൊയ്തി പറഞ്ഞു.
"എനക്ക് സൈക്കിൾ ചൈട്ടാനറഞ്ഞൂട".
ഞാൻ പറഞ്ഞു.
"അത് സാരേല്ല, ഞാൻ പഠിപ്പിച്ച്യേര."
മൊയ്തി പറഞ്ഞു.
"ആയ്ക്കോട്ടെ എന്നാ ഞാനും പോര".
ഞാൻ സമ്മതിച്ചു.
എനിക്ക് വലിയ സന്തോഷമായി.
അങ്ങിനെ ഞാനും മൊയ്തിയും മേപ്പയ്യൂരങ്ങാടിയിൽ പോയി ഒരു സൈക്കിൾ കടയിൽ നിന്നും ഒരു മണിക്കൂർ സമയത്തേക്ക് സൈക്കിൾ വാടകയ്ക്കെടുത്തു.ആദ്യം കുറച്ചു സമയം മൊയ്തി ചവിട്ടി.പിന്നെ എന്നോട് കയറാൻ പറഞ്ഞു.
"ഞാനില്ല എനക്ക് പേട്യാ".ഞാൻ പറഞ്ഞു.
സൈക്കിളിൽ കയറാൻ വേണ്ടി അവനെനിക്ക് ധൈര്യം തന്നു. ഞാനങ്ങിനെ സൈക്കിളിൽ കയറി.മേപ്പയ്യൂരങ്ങാടിയിയിലെ വിജനമായ റോഡിലൂടെ എന്നേയും വഹിച്ച് കൊണ്ട് സൈക്കിൾ വളഞ്ഞ് പുളഞ്ഞ് മന്ദ മന്ദം പായാൻ തുടങ്ങി.
ക്രമേണ ആ വളച്ചിലും പുളച്ചിലും പതിയേ ഇല്ലാതെയായി.ഞാൻ മൂന്ന് ദിവസം കൊണ്ട് സൈക്കിൾ ചവിട്ടാൻ പഠിച്ചു.അന്ന് ഞാൻ സ്കൂളിൽ എത്രാം ക്ലാസ്സിലാണ് പഠിക്കുന്നതെന്നോർയില്ല.
കാലം കുറേ കഴിഞ്ഞു.ഒരു ദിവസം എന്റേട്ടൻ അമ്മത്ക്കാക്ക ഉമ്മാനോട് പറയുന്നത് ഞാൻ കേട്ടു.
"വെള്യാട്ടൂരെ പാത്തുമ്മാക്കൊരു പിയ്യാപ്ലേന ക്ട്ടീക്കി".
"അതേട്യാ?".ഉമ്മ ചോദിച്ചു.
"അഞ്ചാം പ്ട്യേലാ".ഇക്കാക്ക പറഞ്ഞു.
"ഓനെന്താ പണി?".ഉമ്മ ചോദിച്ചു.
"കൂലിപ്പണ്യാ".ഇക്കാക്ക പറഞ്ഞു.
ഉമ്മാക്ക് വലിയ സന്തോഷം.
അങ്ങിനെ പാത്തുമ്മാന്റ നികാഹ് കഴിഞ്ഞു.അവൾ ഭർത്തൃമതിയായി.
കാലം കുറേ കഴിഞ്ഞു.
ഞനിസ്കൂളിലും മദ്രസ്സയിലും നാലാം തരം പാസ്സായതിന് ശേഷം, എന്നേയും എന്റനുജൻ സലാമിനേയും ബാപ്പ മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം യതീംഖാനയിൽ ചേർത്തു.അതോടെ എന്റെ പഴയ നാടൻ ചിന്തകളിൽ നിന്നും മനസ്സ് മുക്തമാവാൻ തുടങ്ങി.
യതീംഖാനയിലെ കൂട്ടു ജീവിതത്തിൽ പുതിയ ചിന്തകളുടലെടുത്തു.
പഠിക്കുന്നതിനെപ്പറ്റിയും പഠിച്ചാലുണ്ടാകുന്ന സാദ്ധ്യതകളെപ്പറ്റിയും ഞാൻ
ബോധവാനായി.പുതിയ കൂട്ടുകാരും പുതിയ ചുറ്റുപാടും എന്റെ ചിന്തയെ സ്വാധീനിച്ചു.നാട്ടിലെ മാമ്പഴം പറിച്ചു തിന്ന മാങ്കൊമ്പുകളും,തൂറാനിരുന്ന പാറക്കല്ലുകളും ഓർമ്മയിലുറങ്ങി.
വെള്യാട്ടൂരെ മൊയ്തി എന്റോർമ്മയിലെ കഥാപാത്രം മാത്രമായി.ഞാൻ യതീംഖാനയിൽ നിന്നും നാട്ടിൽ വന്നപ്പോൾ കേൾക്കാൻ കഴിഞ്ഞത് വെള്യാട്ടൂരെ മൊയ്തി വിവാഹിതനായെന്നാണ്.അത്രമാത്രം.എന്നാലും മൊയ്തിയും പാത്തുമ്മയും എന്റോർമ്മയിലുണ്ട്.എനിക്കവരോടും
അവർക്കെന്നോടും പരസ്പര
സ്നേഹമുണ്ട്. എന്നാലും അവരെ
കാണണമെന്ന മോഹമൊന്നും എന്റെ മനസ്സിലുദിച്ചില്ല.ഒമ്പത് കൊല്ലത്തെ യതീംഖാന ജീവിതത്തിനു ശേഷം ഞാൻ മുയിപ്പോത്ത് വന്നു.ഞാനൊരു ദിവസം മേപ്പയ്യൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ചെന്നപ്പോൾ പാത്തുമ്മ അവിടെയുണ്ട്.എന്നെ കണ്ടപ്പോളവൾക്കെന്നോട് നല്ല സ്നേഹമുണ്ടായിരുന്നു.അവളെന്നോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.പോകാൻ നേരത്തവളെന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
"ഇഞ്ഞെന്റ്യാട ബെരണേ.
ബെരാതിരിക്കര്തേ.മേപ്പയ്യൂര്ന്ന് അരിക്കുളം ബസ്സിൽ കയരീറ്റ് തണ്ടേത്തായ എറങ്ങീറ്റ് കല്ല്യേട്ട്യേലെ പാത്തുമ്മാന്റെ പൊര എതാന്ന്
ചോദിച്ചാലാരും പറഞ്ഞ്യേരും.
ഞാമ്പോട്ടെ."ഇത്രയും പറഞ്ഞവളിറങ്ങി
നടന്നു.അവൾ ബേങ്കിൽ ചെക്ക് മാറാൻ വന്നതായിരുന്നു.അവളുടെ ഭർത്താവ് ഗൾഫിൽനിന്ന് ചിലവിനുള്ള പണം
ചെക്കായി അയച്ചു കൊടുക്കും.അവളത് ബേങ്കിൽ പോയി പണമാക്കി മാറ്റും.അങ്ങിനെ ചെക്ക് മാറാൻ വേണ്ടി ബാങ്കിൽ വന്നപ്പോഴാണ് ഞനുമവളും യാദൃച്ഛികമായി കണ്ടുമുട്ടിയത്.
അവളൊരു ഗൾഫുകാരന്റെ ഭാര്യയായിരുന്നിട്ടും, എന്നോടുള്ള
പഴയകാല സ്നേഹ ബന്ധം തേഞ്ഞു മാഞ്ഞ് പോയിട്ടില്ല.എന്റെ കുടുംബത്തിലുള്ള എത്രയോ സഹോദരീ സഹോദരന്മാർ കല്ല്യാണ ശേഷം എന്നോടുള്ള പണ്ടത്തെ സ്നേഹ ബന്ധം
പിന്നീട് പുലർത്തീട്ടില്ല.വെള്യാട്ടൂരെ
പാത്തുമ്മ അങ്ങിനെയായിരുന്നില്ല. അവൾ പഴയകാല പാത്തുമ്മ തന്നെ!
വർഷങ്ങളേറെ കഴിഞ്ഞു.വെള്യാട്ടൂരെ മൊയ്തി ഗൾഫിൽ പോയി.
ഇക്കാര്യങ്ങളൊന്നും ഞാനറഞ്ഞിരുന്നില്ല.
പെട്രോൾ കമ്പനിയിലായിരുന്നു മൊയ്തിക്ക് ജോലി. കടലിന്റെ മീതെ
പൈപ്പിന്റെ മുകളിൽ വളരെ ഉയരത്തിൽ കയറിയുള്ള ജോലിയായിരുന്നു.
സുരക്ഷക്ക് വേണ്ടി അവന്റെ അരയിലൊരു ബെൽറ്റ് കൊണ്ട്
പൈപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു.
എന്തോ കാരണവശാൽ മൊയ്തി
പൈപ്പോടു കൂടി കടലിൽ പതിച്ചു.കടലിലെ
നീല ജലാശയത്തിലേക്കവനാഴ്ന്നിറങ്ങി.
കടലിന്റെ അടിത്തട്ടിൽ വെച്ച് മൊയ്തിയുടെ ജീവൻ രക്ഷിക്കാനാർക്കും കഴിഞ്ഞില്ല.
അങ്ങിനെ വെള്യാട്ടൂരെ മൊയ്തി കടലിന്നടിയിൽ വെച്ച് രക്തസാക്ഷിയായി.ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.
Comments
Post a Comment