ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിൽ ഒതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്.
കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ അദ്ദേഹം കേരളത്തിലെ മന്ത്രി പദവിയിലെത്തുമായിരുന്നിട്ടും,എന്തോ ഒരു നിയോഗം പോലെ തന്റെ പുരുഷായുസ്സ് മുഴുവനും ചിലവഴിച്ചത് അനാഥകൾക്കു വേണ്ടി മാത്രമായിരുന്നു. ഒരിക്കൽ മൊയ്തീൻ കോയ ഹാജിയോടൊരാൾ "അനാഥ മക്കളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ സ്വന്തം മക്കളുടെ കാര്യം ശ്രദ്ധിക്കേണ്ടേ?" എന്ന് ചോദിച്ചപ്പോൾ എന്റെ മക്കളുടെ കാര്യം അല്ലാഹു നോക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഒരു വചനമുണ്ട് അനാഥകളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ തലോടരുത് എന്ന്.അങ്ങിനെ ചെയ്താൽ അത് കാണുന്ന അനാഥ മക്കൾക്ക് തങ്ങളെ തലോടാൻ ഒരു നാഥനില്ലാതെ പോയല്ലോ എന്നോർത്ത് സങ്കടമുണ്ടാകും. ഈ വചനം പാലിക്കുന്നതിൽ വളരെ കർകശ നിലപാടു കാരനായിരുന്നു മൊയ്തീൻ കോയ ഹാജി.
ഒരിക്കൽ അദ്ദേഹത്തിന്റെ മക്കളിൽ ഏറ്റവും ഇളയവനായ ജലീൽ തന്റെ കുട്ടിക്കാലത്ത് ഒരു സൈക്കിൾ വാങ്ങി.ഇത് ഹാജിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ ജലീലിനോട് അദ്ദേഹം ചോദിച്ചു. "മോനേ ജലീൽ നിനക്കെവിടെ നിന്നാണ് ഈ വണ്ടി കിട്ടിയത്?"
ജലീൽ പറഞ്ഞു "ഉപ്പാ ഞാനിത് പണം കൊടുത്ത് വാങ്ങിയതാണ്."
" എങ്കിൽ നീ ഈ വണ്ടി വേഗം അവിടെ തന്നെ കൊടുത്ത് ഇതിന്റെ വില തിരിച്ചു വാങ്ങണം.നീ വണ്ടി ഉപയോഗിക്കുന്നതു് എന്റെ അനാഥാലയത്തിലെ മക്കൾ കണ്ടാൽ ഇതുപോലുള്ളൊരു വണ്ടി ഞങ്ങൾക്കില്ലല്ലോ എന്നോർത്ത് അവർക്ക് ദുഃഖമുണ്ടാകും".
മൊയ്തീൻ കോയ ഹാജിയുടെ വീടിന്റെ കോമ്പൗണ്ടിനും യതീം ഖാനയുടെ കോമ്പൗണ്ടിനും ഒരു മതിലിന്റെ വേർതിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അദ്ദേഹത്തിന്റെ വീടിന്റെ ഗെയ്റ്റ് കടന്നാൽ യതീം ഖാനയുടെ കോംബൗണ്ടിലാണ് പ്രവേശിക്കുക.യതീം ഖാനയും ആ വീടും അത്രയും സമീപസ്ഥമായിരുന്നു.ജലീലിന് സൈക്കിളിൽ കയറി യതീംഖാനയുടെ കോംബൗണ്ടിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ യതീം മക്കൾക്ക് പ്രയാസമുണ്ടാകുന്നത് മൊയ്തീൻ കോയ ഹാജിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
അങ്ങിനെ പിറ്റേ ദിവസം തന്നെ ജലീൽ വാങ്ങിയതിലും ചെറിയ വിലയ്ക്ക് വണ്ടി തിരികെ കൊടുത്തു.
ഞങ്ങളുടെ വളർത്തച്ഛനായ പ്രിയപ്പെട്ട മൊയ്തീൻ കോയ ഹാജി, അനാഥരായിരുന്ന ഞങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചത് ഞങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിച്ച് കൊണ്ടായിരുന്നില്ല.പ്രവാചകന്റെ നടുവിരലും ചൂണ്ടു വിരലും ഉയർത്തിക്കാട്ടി ഞാനും യതീമിനെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇപ്രകാരം സമീപസ്തരാണ് എന്ന വചനമാണ് അനാഥ സംരക്ഷണത്തിന് അദ്ദേഹത്തിന് പ്രചോദനം. എന്നിരുന്നാലും ഞങ്ങൾക്കദ്ദേഹത്തോട് പ്രത്യുപകാരമായി ഒരു ബാദ്ധ്യതയുണ്ട്.എല്ലാഴ്പോഴും അദ്ദേഹത്തിനും മുക്കം മുസ്ലിം അനാഥ ശാലയുടെ മറ്റെല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും,വയലിൽ തറവാട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കൽ.അത് ഞങ്ങളുടെ അവസാന ശ്വാസം വരെ നിർവ്വഹിക്കുക തന്നെ ചെയ്യും.ഇൻശാ അല്ല്വാഹ്.
കോഴിക്കോട് പട്ടണത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ കിഴക്ക് സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമായ മുക്കം.വയലിൽ തറവാടെന്ന സമ്പന്ന കുടുംബത്തിന്റ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ മുക്കം.അവിടെ വയലിൽ മോയിഹാജിയുടെ മകൻ ബീരാൻകുട്ടി ഹാജിയുടെ സീമന്ത പുത്രൻ മൊയ്ദീൻ കോയഹാജി.അനേകം അനാഥ മക്കളുടെ വളർത്തച്ഛൻ. 1956ലാണ് മുക്കം മുസ്ലിം അനാഥ ശാല സ്ഥാപിച്ചത്.22 അനാഥ മക്കളെ ഏറ്റെടുത്ത് മൊയ്ദീൻ കോയ ഹാജിയുടെ തൈയിൽ ഉള്ള വീട്ടിൽ താമസിപ്പിച്ചു കൊണ്ടായിരുന്നു അനാഥാലയത്തിന്റെ തുടക്കം.
1933ൽ ജനിച്ച് മുക്കം മുസ്ലിം അനാഥ ശാലയിലെ അനേകം അനാഥ ബാലികാ ബാലന്മാർക്ക് ഒരായുസ് കാലം മുഴുവൻ താങ്ങും തണലും പ്രതീക്ഷയുമായിരുന്ന മൊയ്ദീൻ കോയ ഹാജി 1983ൽജൂൺ 30ന് ഇഹലോക വാസം വെടിഞ്ഞു.ഇന്നാ ലില്ലാഹി......റാജിഊൻ.
എന്നിരുന്നാലും വയലിൽ മൊയ്തീൻ കോയ ഹാജി നട്ടുവളർത്തിയ മുക്കം മുസ്ലിം അനാഥാലയമെന്ന തണൽമരം ഇപ്പോഴും ധാരാളം അനാഥ മക്കൾക്ക് അഭയം നൽകി വരുന്നു,കട പുഴകാതെ.
വയലിൽ മൊയ്തീൻ കോയ ഹാജിയെ പോലൊരാളെ നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ
ReplyDelete