ഇബ്രാഹിം നബിക്ക് സാറാ ബീവിയിൽ ജനിച്ച പുത്രനാണ് ഇസ്ഹാഖ് നബി. അദ്ദേഹം ഇബ്രാഹിം നബിയുടെ മറ്റൊരു ഭാര്യയായ
ഹാജറാ ബീവിയിലുണ്ടായ സഹോദരൻ
ഇസ്മായീൽ നബിയേക്കാൾ പതിനാല് വയസ്സിന് ഇളയവനായിരുന്നു. ആ രണ്ട് പുത്രന്മാരും ഇബ്റാഹീം നബിയുടെ ശരീഅത്തിലേക്ക് തന്നെയായിരുന്നു ജനങ്ങളെ ക്ഷണിച്ചിരുന്നത്. ഇബ്രാഹിം നബിക്ക് ഇസ്ഹാഖിനേയും യഹ്ഖൂബിനേയും പിൻഗാമികളായി നല്കിയെന്നും അവരിരുവരേയും പ്രവാചകന്മാരാക്കിയെന്നും ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നു. ഇസ്ഹാഖ് നബിക്ക് നാല്പത് വയസായപ്പോൾ അദ്ദേഹം ലൂത്വ് നബിയുടെ മകളെ വിവാഹം ചെയ്തു. അറുപതാം വയസിലദ്ദേഹത്തിന് ഐസും യഹ്ഖൂബ് നബിയും ഇരട്ട സന്താനങ്ങളായി ജനിച്ചു. യഹ്ഖൂബ് ബാല്യ കാലം മുതൽ തന്നെ ദീന ദയാലുവായിരുന്നു.
യൗവനാരംഭത്തോട്കൂടിത്തന്നെ അദ്ദേഹം കാർഷിക വൃത്തിയിലേർപ്പെട്ടു. അനവധി ആട്മാടുകളേയും ഒട്ടകങ്ങളേയും അദ്ദഹം വളർത്തി. എങ്കിലും ഐസിന്റെ സ്ഥിതി ഇതിന് വിവരീതമായിരുന്നു. അദ്ദേഹം പിശുക്കനും ക്രൂരനുമായിരുന്നു. അദ്ദേഹം നായട്ടിൽ വലിയ ഔൽസുക്യം പ്രകടിപ്പിച്ചു. ഐസിനോടും യഹ്ഖൂബിനോടും ഒരേ വിധ വീക്ഷണമാണ് ഇസ്ഹാഖ് നബി പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹം ഇരു പുത്രന്മാരുടെയും ക്ഷേമത്തിന് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. തന്നിമിത്തം ഐസിന് രാജ പദവിയും, യഹ്ഖൂബിന് പ്രവാചകത്വവും അല്ല്വാഹു പ്രദാനം ചെയ്തു. ആ രാജ പദവിയും പ്രവാചകത്വവും അവരുടെ സന്താന പരമ്പരകളിൽ നില നിന്നു പോന്നു. റോമക്കാരുടേയും മഞ്ഞ നിറക്കാരായ പല രാജ വംശജരുടേയും പൂർവ്വ പിതാവാണ് ഐസ്. ഇസ്ഹാഖ് നബി നൂറ്റഞ്ചാം വയസ്സിൽ മരണമടഞ്ഞു.
==================================
കൻആൻ*:ഇന്നത്തെ ഇസ്രായേൽ, പലസ്തീൻ, ലെബനാൻ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിലെ ചില ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശമാണ് കൻആൻ. ഇസ്ഹാഖ് നബി കൻആനിലായിരുന്നു ജീവിച്ചിരുന്നത്. ബൈബിളിൽ വാഗ്ദത്ത ഭൂമുയായിട്ടാണിതിനെ വിശേഷിപ്പിക്കുന്നത്. ബൈബിളിൽ കനാൻ എന്നാണ് പരാമർശിക്കുന്നത്. ഖുർആനിൽ കൻആൻ എന്നും.
==================================
ഇസ്ഹാഖ് നബിയുടെ വിയോഗാനന്തരം
യഹ്ഖൂബ് നബി സഹോദരനായ ഐസിനെ ഭയന്ന് മാതുല ഗൃഹത്തിൽ അഭയം പ്രാപിക്കാൻ പോയ യാത്രയിൽ രാത്രി സമയങ്ങളിൽ മാത്രം യാത്ര തുടരുകയും പകൽ സമയങ്ങളിൽ വല്ല സ്ഥലത്തും മറഞ്ഞിരുന്ന് വിശ്രമിക്കുകയും ചെയ്തിരുന്നതിനാൽ രാപ്രയാണി എന്നർത്ഥമായ ഇസ്രായീൽ എന്ന പേര് സിദ്ധിച്ചു. കൻആനിൽ*നിന്ന് പലസ്തീനിലേക്കുണ്ടായ ആ യാത്രയിൽ അദ്ദേഹത്തിന് ഒരു സ്വപ്ന മുണ്ടായി. തന്റെ ശിരസ്സിനടുത്തായി ആകാശ വാതിലിലേക്ക് ഒരു ഏണി വെച്ചിട്ടുള്ളതായും ആ ഏണിയിന്മേൽ കൂടി മാലാഖമാർ കയറിയിറങ്ങുന്നതുമായിരുന്നു സ്വപ്നം. കൂടാതെ നാം അല്ല്വാഹുവാണെന്നും താനല്ലാതെ ആരാധ്യനില്ലെന്നും അദ്ദേഹത്തിന്റേയും പിതാമഹന്മാരുടേയുമെല്ലാം ആരാധ്യൻ താനാകുന്നുവെന്നും ആ പരിശുദ്ധമായ
പലസ്തീൻ ഭൂമി
അദ്ദേഹത്തിനും അദ്ദേഹത്തിന്റ സന്തതികായ ഇസ്രായേല്യർക്ക് നാം
അവകാശപ്പെടുത്തിയിരിക്കുന്നുവെന്നും, അദ്ദേഹത്തിനും സന്തതികൾക്കും താൻ അഭിവൃദ്ധിയേയും ഔന്നത്യത്തേയും പ്രദാനം ചെയ്തിരിക്കുന്നു വെന്നും ഗ്രന്ഥത്തേയും പ്രവാചകത്വത്തേയും ഭരണാധികാരത്തേയും അവർക്ക് നല്കാൻ നാം ന്ശ്ചയിച്ചിരിക്കുന്നു വെന്നുമുള്ള ഒരശരീരി വാക്ക് ആ സ്വപ്നത്തിൽ അദ്ദേഹം ശ്രവിക്കുകയും ചെയ്തു.
ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന യഹൂദികൾക്ക് അഥവാ ഇസ്രായീൽക്കാർക്ക് പലസ്തീനിൽ കുടിയേറി പാർക്കുന്നതിനും ഇസ്രായേൽ എന്ന രാഷ്ട്രം നിരമ്മിക്കുന്നതിനും പ്രേരകമായിട്ടുള്ള വിശ്വാസമാണിത്.
ഇസ്ഹാഖ് നബിയുടെ പുത്രനായ യഹ്ഖൂബ് നബി ഇസ്രായേൽക്കാരുടെ പൂർവ്വ പിതാമഹനായിരുന്നു. അദ്ദേഹത്തിന്റെ സന്തതികളായ ഇസ്രായേൽ വർഗ്ഗത്തിൽ അനേകായിരം പ്രവാചകന്മാരുണ്ടായിരുന്നു. ഫലസ്തീനിലെ ബൈതുൽ മുഖദ്ദസിനെ അവർ പുണ്യ സ്ഥലമായി കരുതിപ്പോന്നിരുന്നു. ഇസ്ലാമിന്റെ ആവിർഭാവകാലത്ത് ആ മസ്ജിദ് മുസ്ലിംകളുടെ ഖിബ്ലയായിരുന്നു. കൃസ്ത്യിനികളുടെ പ്രവാചകനായ യേശുകൃസ്തു ഇസ്രായേൽകാരിൽ ഉൾപ്പെട്ട ആളുമായിരുന്നു. ജൂതന്മാരുടെ പ്രവാചകനായ മോസസും, കൃസ്ത്യാനികളുടെ പ്രവാചകനായ യേശു കൃസ്തുവും മുസ്ലിംകളുടെ
വിശ്വാസത്തിൽ യഥാക്രമം
മൂസാനബിയും ഈസാനബിയും തങ്ങളുടെ പ്രവാചകന്മാരായിരുന്നു.
യഹ്ഖൂബ് നബി ഫലസ്തീനിൽ തന്റെ അമ്മാവന്റെ വീട്ടിൽ പോയി താമസിക്കുകയും അദ്ദേഹത്തിന്റെ പുത്രിമിരായിരുന്ന ലയ്യ, റാഹീൽ എന്നീവരെ ഭാര്യമാരായി സ്വീകരിക്കുകയും ചെയ്തു. സഹോദരിമാരെ ഒന്നിച്ച് പത്നിമാരായി സ്വീകരിക്കൽ അക്കാലത്ത് മതവിരുദ്ധമായിരുന്നില്ല.
യഹ്ഖൂബ് നബിക്ക് പന്ത്രണ്ട് പുത്രന്മാരുണ്ടായിരുന്നു.യഹൂദാ, റൂയീൽ, ശംഊൻ, ലാവി, സൈലൂൻ, യസ്കർ, എന്നീ ആറ് പുത്രന്മാർ ലയ്യയിലാണ് ജനിച്ചത്. കറാൻ, നഫ്ത്താല, യാദ്, ജാദ്, എന്നീ നാല് പുത്രന്മാർ അടിമ സ്ത്രീകളിൽ ജനിച്ചു. റാഹീൽ എന്ന ഭാര്യയിൽ യൂസുഫ് നബിയും, ബുൻയാമീനും ജനിച്ചു. ഈ പന്ത്രണ്ട് പുത്രന്മാർക്ക് സന്തതികളെന്നർത്ഥം വരുന്ന അസ്ബാത് എന്നാണ് വിശുദ്ധ ഖുർആനിൽ പേര് നൽകിയിരിക്കുന്നത്.
യഹ്ഖൂബ് നബിക്ക് നാല്പത് വയസ്സായപ്പോൾ അദ്ദേഹത്തിനെ കൻആനിൽ പ്രവാചകനായി നിയോഗിച്ചതായി അല്ല്വാഹുവിൽ നിന്ന് സന്ദേശമുണ്ടായി. സ്വജനങ്ങളെ വിഗ്രഹാരാധനയിൽ നിന്ന് പിന്തിരിപ്പിച്ച് ഇബ്രാഹിം നബിയുടെ മാർഗ്ഗമായ ഇസ്ലാമിലേക്ക് ക്ഷണിക്കാനുള്ളതായിരുന്നു ആ സന്ദേശം.യഹ്ഖൂബ് നബി തനിക്ക് സന്ദേശം ലഭിച്ച വിവരവും, തനിക്ക് കുടുംബ സമേതം കൻആനിൽ പോയി താമസിക്കാൻ അനുവാദം തരണമെന്ന്
തന്റെ മാതുലനോടപേക്ഷിക്കുകയും ചെയ്തു. മാതുലൻ അതിനനുവദിക്കുകയും അത്യാവശ്യമായ സാമ്പത്തിക സഹായം നൽകിക്കൊണ്ട് ഭാര്യാ സന്താനങ്ങളെ ഒരുമിച്ചയക്കുകയും ചെയ്തു. അങ്ങിനെ യഹ്ഖൂബ് നബി ഫലസ്തീനിൽ നിന്ന് പരിവാര സമേതം കൻആനിലേക്ക് പുറപ്പെട്ടു. കൻആന്റെ ഭരണാധികാരം ഐസിന്റെ അധീനതയിലായിരുന്നു. യഹ്ഖൂബ് നബി പരിവാര സമേതം സ്വരാജ്യത്തേക്ക് വരുന്നുണ്ടന്നറിഞ്ഞപ്പോൾ ഐസ് ഭടന്മാരുമായി തടയുവാൻ ഒരുങ്ങി നിന്നു. എങ്കിലും ബുദ്ദിമാൻമാരായ ചിലർ ഉപദേശിച്ചതനുസരിച്ച് ഐസ് നബിയെ സൗഹാർദ്ദത്തിലൂടെ കീഴടക്കാൻ തീരുമാനിച്ചു.
യഹ്ഖൂബ് നബി വരുന്ന മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് മമ്പോട്ട് ചെന്ന് യഹ്ഖൂബ് നബിയുമായി കണ്ട് മുട്ടിയപ്പോൾ ഇപ്രകാരം പറഞ്ഞു. നിങ്ങൾക്ക് അല്ല്വാഹു മഹത്തായ പ്രവാചകത്വ പദവിയാണല്ലോ തന്നിരിക്കുന്നത്. അത് കൊണ്ട് എന്റെയും എന്റെ സന്തതികളുടേയും ക്ഷേമത്തിനുവേണ്ടി അല്ല്വാഹുവിനോട് പ്രാർത്ഥിക്കണം ". ഇത്രയും പറഞ്ഞു കൊണ്ട് ഐസ് ഉടൻ റോമി*ലേക്ക് മടങ്ങി.
==================================ശാമിലോ, ശാമിന്റെ പരിസരങ്ങളിലെവിടെയോ സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണമായിരുന്നു റൂം അഥവാ റോമ. ഇതിന് പുരാതന റോമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പൗരസ്ത്യ റോമയെന്നും ചിലർ പറഞ്ഞു വരുന്നു. പൗരസ്ത്യ റോമക്ക് ഇക്കാലത്ത് പ്രസിദ്ധിയില്ല. അത് നാമാവശേഷമായിരിക്കുന്നു. കരിങ്കടൽ തീരത്ത് ഏഷ്യാ മൈനറിൽ എവിടെയോ സ്ഥിതി ചെയ്തിരുന്ന പുരാതന രാജധാനിയായിരുന്നു പൗരസ്ത്യ റോമ(റൂം).
==================================
ഐസും, യഹ്ഖൂബ് നബിയും ഒരേ വർഷമാണ് മരണമടഞ്ഞത്. ഐസ് നൂറ്റി മുപ്പത്തഞ്ചാം വയസ്സിൽ മരണമടഞ്ഞു. ഇരുവരുടേയും മൃത ശരീരങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെ ഖബറുകൾക്കരികിലാണ് മറവ് ചെയ്തത്.
യഹ്ഖൂബ് നബി കൻആനിൽ മടങ്ങി വന്ന് ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവിടത്തെ നിവാസികൾ രണ്ട് മലകൾക്കിടയിൽ മദ്ധ്യത്തിലായി ഇടുങ്ങിയ ഒരു സ്ഥലത്തായിരുന്നു താമസിച്ചിരോന്നത്. ജനങ്ങളദ്ദേഹത്തിനോട് വസിക്കാൻ സ്ഥലം മതിയാകാതെ വന്നതിനെപ്പറ്റി പരാതി പറഞ്ഞപ്പോൾ യഹ്ഖൂബ് നബി തന്റെ കൈ ചൂണ്ടിയപ്പോൾ മലകൾ രണ്ടും പരസ്പരം അകന്നു നിന്നതിനാൽ സ്ഥലം വിസ്തൃതമായി. ജനങ്ങൾ സന്തുഷ്ടരായി അനന്തരം അദ്ദേഹം ജനങ്ങളോട് "ഇബ്രാഹിം നബിയുടെ പൗത്രനായ എന്നെ അല്ല്വാഹു നിങ്ങളുടെ അടുത്തേക്ക് പ്രവാചകനായി നിയോഗിച്ചിരിക്കുന്നു. നിങ്ങൾ ഇസ്ലാമിൽ വിശ്വസിക്കുകയും സത്യ മാർഗ്ഗത്തെ പിന്തുടരുകയും ചെയ്യണം, എന്നാൽ നിങ്ങൾക്ക് മോക്ഷം പ്രാപിക്കാമന്നുപദേശിച്ചു. ജനങ്ങളദ്ദേഹത്തീന്റെ ഉപദേശം സ്വീകരിച്ചില്ലായെന്ന് മാത്രമല്ല അദ്ദേഹത്തെ പരിഹസിക്കുകയും ഉപദ്രപിക്കുകയും ചെയ്തു. തന്നിമിത്തം താൻ അവരോട് സമരം ചെയ്യാൻ സന്നദ്ധനായിരിക്കുന്നുവെന്ന് യഹ്ഖൂബ് നബി അവർക്ക് താക്കീത് നല്കി. "യുദ്ധം ചെയ്യാൻ നിങ്ങൾക്ക് സൈന്യമില്ലല്ലോ"എന്നായി ജനങ്ങളുടെ പ്രതികരണം.
"ഞാൻ അല്ല്വാഹുവിന്റെ സഹായത്താൽ അവന്റെ മാലാഖമാരോട് കൂടിയായിരിക്കും നിങ്ങളോട് സമരം ചെയ്യുക."എന്ന് നബി വീണ്ടും മുന്നറിയിപ്പ് നല്കി.
കൻആനിലെ നാട് വാഴിയായിരുന്ന ദാറയുടെ മകൻ സൽജം യഹ്ഖൂബ് നബിയുടെ ഉപദേശത്തിന് വശംവദനായില്ല. എങ്കിലും യഹ്ഖൂബ് നബിയെ ആക്രമിക്കുന്നതിനയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. തന്നിമിത്തം അയാൾ തന്റെ കോട്ടയിൽ നിന്ന് പുറത്തിറങ്ങാതെ യുദ്ധത്തിന്ന് തയ്യാറായി നിന്നു. ഗത്യന്തരമില്ലാതെ യഹ്ഖൂബ് നബി അയാളോട് നേരിടാൻ തന്നെ തീരുമാനിച്ചു. യഹ്ഖൂബ് നബിയുടെ പുത്രന്മാർ ധൈര്യസമേതം യുദ്ധത്തിന് സന്നദ്ധരായി. അവരിലൊരാളായ ശംഊൻ കോട്ടയുടെ വാതിലിന്നരികെ നിന്ന് കൊണ്ട് ഇങ്ങിനെ പ്രാർത്ഥിച്ചു."അല്ല്വാഹുവേ, ഈ കോട്ടയെ ഞങ്ങൾക്ക് കീഴടക്കിത്തരേണമേ. നീ വിജയം നൽകുന്നവരിൽ വെച്ച് അത്യുത്തമനാകുന്നു. എന്റെ പിതാവായ യഹ്ഖൂബ് നബിയുടെ സഹായത്താൽ ഈ കോട്ട ഞാൻ തകർക്കാൻ പോവുകയാണ്. നീ എന്നെ അനുഗ്രഹിക്കേണമേ". ഇങ്ങിനെ പ്രാർത്ഥിച്ച് കൊണ്ട് ശംഊൻ തന്റെ വലത് കാല് കൊണ്ട് കോട്ട വാതിലിന്നൊരു ചവിട്ട്കൊടുത്തു. ആ ചവിട്ടിന്റെ ഫലമായി കോട്ട ആകമാനം വിറച്ചു തിടങ്ങി. ഭിത്തികളെല്ലാംപൊളിഞ്ഞു വീണു. നാട് വാഴിയുടെ ഭടന്മാരിൽ അനവധിയാളുകൾ ആ ഭിത്തിക്കുള്ളിൽപ്പെട്ട് മരിച്ച് വീണു. തൽഫലമായി യഹ്ഖൂബ് നബി യാതൊരെതിർപ്പും കൂടാതെ കോട്ടയിൽ പ്രവേശിച്ചു. നാട് വാഴി ഭയവിഹ്വലനായി ഓടി മറഞ്ഞു. അതോട് കൂടി നായകനില്ലാതായിത്തീർന്ന പട്ടാളക്കാർ നാനാ ഭാഗങ്ങളിലായി ചിതറിപ്പോയി. അങ്ങിനെ കൻആനിൽ യാതൊരെതിർപ്പും കൂടാതെ മതപ്രചരണം നടത്തുവാൻ യഹ്ഖൂബ് നബിക്ക് സാധിച്ചു. പലസ്തീന്റെ പരിസരപ്രദേശങ്ങളായ ഇതര രാജ്യങ്ങളെ പോലെത്തന്നെ കൻആനിൽ യഹ്ഖൂബ് നബിയും പുത്രന്മാരും വളരെക്കാലം അവിടെ താമസിച്ച് കൊണ്ട് ഇസ്ലാം മത പ്രബോധനം തുടർന്നു.
Comments
Post a Comment