ഞാൻ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും
വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു എന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ
കനലിലിട്ട് ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും എന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ
ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ
ഏതാനും നാണയതുട്ടുകൾ കൈയിൽ തന്നിട്ട് ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".എന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന് മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്.അത്
കണ്ണിപ്പൊയിൽ മൊയ്‌ദീൻ ഹാജിയുടെ കടയായിരുന്നു . മഴക്കാലമായാൽ വെള്ളം കുത്തിയൊലിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകം. അത് കൊണ്ടാണ് മേലെ എന്നർത്ഥത്തിൽ മീത്തലെ പീടിക എന്ന് പറഞ്ഞിരുന്നത്. ഞാൻ വളരെ ഉത്സാഹത്തോടു കൂടി നാണയത്തുട്ടുമായി മീത്തലെ പ്ട്യേന്ന് പ്രാതലുണ്ടാക്കാനുള്ള ഭക്ഷ്യ വസ്തുക്കളുമായി തിരിച്ചെത്തും.
അപ്പോഴേക്കും ചെറിയ അലൂമിനിയ പാത്രത്തിലെ വെള്ളം അടുപ്പിലെ കനലിൽ നിന്ന് തിളയ്ക്കുന്നുണ്ടാവും.
ഉമ്മ അതെല്ലാം എന്നിൽ നിന്നും വാങ്ങി, തിളക്കുന്ന വെള്ളത്തിൽ പാകത്തിന് ചായപ്പൊടി ചേർത്ത് പാത്രം അടുപ്പിൽ നിന്നിറക്കിവെക്കും,പിന്നെ നല്ല ചൂടുള്ള കട്ടൻ ചായ ചിരട്ടക്കൈല് കൊണ്ട്
ഇളക്കി മുക്കിയെടുത്ത്
പിഞ്ഞാണത്തിൽ ഒഴിക്കും. വറുത്തെടുത്ത ഏതാനും കടലമണികളും തിന്ന്,
മധുരത്തിന് വെല്ലത്തുണ്ട് കടിച്ച് ചവച്ച്
പിഞ്ഞാണത്തിലെ ചായയും മോന്തി അന്നത്തെ പ്രാതൽ നടപ്പിൽ വരുത്തും. ഇങ്ങിനെയാണ് എന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്.പിതാവിന്റെ മരണ ശേഷമാണ് വീട്ടിലെ ഭക്ഷണ ക്രമമെല്ലാം ഈ വിധത്തിലായത്. അതുവരെ അങ്ങിനെയായിരുന്നില്ല. വെള്ളത്തിലിട്ട് കുതിർത്ത ഉണക്ക നെല്ലിക്കയും, കുരുമുളകും ഒന്നിച്ചരച്ച്
മത്തിയിൽ ചേർത്ത് വരട്ടിയതും,
പുഴുങ്ങിയ കപ്പയും തിന്നാണ് മദ്രസ്സയിലും സ്കൂളിലും പോയിരുന്നത്. വൈകുന്നേരം വരെയാണ് സ്കൂൾ പഠനം.ഉച്ചക്ക് റവ കിട്ടുന്നത് കൊണ്ട് ഉച്ച ഭക്ഷണത്തെ കുറിച്ച് ആകുലതപ്പെടേണ്ടി വന്നിട്ടില്ല. എനിക്ക് താല്പര്യമുള്ള വിഷയം മലയാളം മാത്രമായിരുന്നു. മലയാള പാഠപുസ്തകത്തിലെ'കുഞ്ഞിരാമന്റെ പൊടി കൈയും', രഘു:അച്ഛാ എനിക്ക് നിരത്ത് മുറിച്ചു കടക്കാൻ പേടിയാവുന്നു'. എന്ന് അച്ഛനും
മകനും തമ്മിലുള്ള ഗുണപാഠം നല്കുന്ന സംഭാഷണവും, 'കഴുതച്ചുമടും'
എല്ലാമെല്ലാം എന്നെ മലയാളം ക്ലാസ്സിലേക്കാകർഷിച്ചു.
കണക്ക് പഠിപ്പിക്കാൻ ചെക്കോട്ടി മഷ് ക്ലാസ്സിൽ വരും. അയാൾ കണക്ക് പറഞ്ഞു തരുമ്പോൾ, അയാളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ശ്രദ്ധിക്കുന്നത് പോലെ ഞാനിരിക്കും.
ചെക്കോട്ടി മാഷ് അടിക്കില്ല.എന്നാലും എനിക്കയാളോട് ഭയവും, ബഹുമാനവുമായിരുന്നു.
നാലാം ക്ലാസ് വരെയാണ് ഞാൻ
എന്റെ ജന്മ ദേശമായ മുയിപ്പോത്ത്
സ്കൂളിൽ പഠിച്ചിരുന്നത്. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം മുസ്ലിം
അനാഥാലയത്തിൽ പ്രവേശനം നേടി.
അനാഥാലയത്തിലെ നീണ്ട ഒൻപത് വർഷത്തെ ജീവിതത്തിന്നിടക്ക്
ഞാൻ പത്താം തരം പാസ്സായി. തുടർന്ന് പ്രി -ഡിഗ്രിക്ക് പ്രവേശനം നേടി.
പ്രി -ഡിഗ്രിക്ക് ഒന്നാം വർഷവും, രണ്ടാം വർഷവും ഇംഗ്ലീഷിൽ തന്നെ
തോറ്റു. അതോടെ നാട്ടിൽ പോയി പ്രി-ഡിഗ്രി പാസ്സായി വന്നാൽ ടി. ടി. സി.തരാമെന്ന് അനാഥ ശാലാ ഭാരവാഹികൾ പറഞ്ഞതനുസരിച്ച് ഞാൻ നാട്ടിൽ പോയി. പ്രി -ഡിഗ്രി പരീക്ഷക്ക് വീണ്ടും എഴുതിയെങ്കിലും
വിജയിക്കാൻ കഴിഞ്ഞില്ല.
അങ്ങിനെ ഞാൻ ടി. ടി. സി പ്രവേശനത്തിനർഹനല്ലാതായി.
പ്രി-ഡിഗ്രി രണ്ട് പ്രാവശ്യം പരാജയപ്പെട്ടാൽ ടി. ടി. സി. ക്ക് പ്രവേശനം കിട്ടില്ല.അതോടെ ടി. ടി. സി. യെന്ന പ്രതീക്ഷയും ഇല്ലാതെയായി.
ഇനിയെന്ത് എന്ന ചിന്ത എന്റെ മനസ്സിൽ അലഞ്ഞു തിരിഞ്ഞു. ശോഭനമായ
ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയും
എനിക്ക് നഷ്ടമായി.കുടുംബക്കാർക്കും എന്നെ അറിയാവുന്നവർക്കും
എന്നെകുറിച്ചുള്ള മതിപ്പും, എന്നിൽ അവർക്കുണ്ടായിരുന്ന പ്രതീക്ഷയും
ഇല്ലാതെയായി.എന്നെ കാണുമ്പോൾ ഭാവത്തിലും നോട്ടത്തിലും അവർക്കന്നോട് അവജ്ഞയുള്ളതായി എനിക്ക് മനസ്സിലായി.ഒൻപത് വർഷത്തെ അനാഥാലയ വാസത്തിന് ശേഷം ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ കൂടെ നാലാം ക്ലാസ്സ് വരെ പഠിച്ച കൂട്ടുകരിൽ
ചിലർ ഉപരി പഠനത്തിന്നർഹരായി. അല്ലാത്തവർ ഭൂരിഭാഗം പേരും ഗൾഫിൽ
പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
അവരുടെ ഉള്ളം നിറയെ സന്തോഷവും
പ്രതീക്ഷയും പൂത്തുലഞ്ഞു. അവരുടെ ശരീര ഭാഷയാകെ മാറിയിരിക്കുന്നു. മുമ്പുണ്ടായിരുന്നത് പോലെ ഒരു ഗ്രാമീണ ജീവിതത്തിന്റെ ശരീര ഭാഷയല്ല അവർക്കുണ്ടായിരുന്നത്. അവരെ സമീപിക്കുമ്പോഴുള്ള അത്തറിന്റെ
മണവും, അവരുടെ വീടുകളിൽ നിന്ന് അന്തരീക്ഷത്തിലൂടെ ഒഴുകിവരുന്ന
മാപ്പിളപ്പാട്ടിലെ ഇമ്പമാർന്ന
സംഗീതവും, എന്റെ മനസ്സിൽ മധുരക്കിനാവുകൾ പൂക്കാൻ കാരണമായി. അറബിക്കഥയിലെ ജീവിതമായിരുന്നു അവരുടേതെന്ന്
എനിക്ക് തോന്നി.അത് പോലൊരു ജീവിതം എനിക്കും വേണമെന്ന പകൽ കിനാവ് എന്റെ മനസ്സിൽ പൂത്തുലഞ്ഞു.അതിൽ നിരാശ മാത്രമായിരുന്നു ഞാൻ വിളവെടുത്തത്.
അവർക്ക് എന്നോടുള്ള അകൽച്ച കാണുമ്പോൾ എനിക്ക് മനം
നിറയെ നൊമ്പരമാണുണ്ടായത്.ഞങ്ങൾ മുയിപ്പോത്ത് മാപ്പിള യു. പി. സ്കൂളിൽ പഠിക്കുന്ന കാലം. മുയിപ്പോത്ത് അങ്ങാടിയിലെ ആളും വാഹനവും ഒഴിഞ്ഞ
ചെമ്മൺ നിരത്തിലൂടെ തോളിൽ കൈയിട്ട് കഥ പറഞ്ഞും,
നേരംപോക്ക് പറഞ്ഞും രണ്ട് പൈസക്ക്
കടല വാങ്ങി പരസ്പരം പങ്ക് വെച്ചിരുന്നതും, സ്കൂളവധി ദിവസങ്ങളിൽ കണ്ടു മുട്ടിയാൽ ചിരിച്ചു കൊണ്ട് പരസ്പരം
ഓടിയടുത്ത് കുശലം പറഞ്ഞ്, സ്കൂളിൽ വെച്ച് കാണാമെന്ന് യാത്ര പറഞ്ഞ് പിരിഞ്ഞതും എന്റെ ഓർമയെ തട്ടിയുണർത്തി. ഇപ്പോൾ പരസ്പരം കണ്ടു മുട്ടിയാൽ സംസാരിക്കാൻ നേരമില്ലാതെ ചിരിച്ചു കൊണ്ട് തലയാട്ടി പരിചയം പുതുക്കി നടന്നകലുമ്പോൾ അവരെന്നോട് അനുവർത്തിച്ചത് സൗഹൃദമല്ല അവഘണനയാണെന്നുള്ള തിരിച്ചറിവാണ് എനിക്കുണ്ടായത്.
അവർ ഞാനുമായി അകന്നിരിക്കുന്നു എന്ന സന്ദേശമാണ് ഞാൻ മനസ്സിലാക്കിയത്.
അവർ നാളതുവരെ പാർത്തിരുന്ന മൺകട്ട കൊണ്ട് നിർമ്മിച്ച വീട് ഇടിച്ച് നിരത്തി, കരിങ്കല്ലിൽ തറ പണിത്,
അതിന്റെ മീതെ ചെങ്കല്ല് കൊണ്ട് പടുത്തുയർത്തിയ ചുമരുകൾക്ക് മുകളിൽ, കോൺഗ്രീറ്റിൽ നിർമ്മിച്ച മേൽക്കൂരയുള്ള മണിമന്ദിരം ഉയരുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ നിരാശ കനക്കുകയായിരുന്നു. അത് അസൂയ കൊണ്ടായിരുന്നില്ല. എന്റെ അനാഥാലയത്തിലെ സഹപാഠികളും, പിറന്ന നാട്ടിൽ നാലാം തരം വരെ കൂടെ പഠിച്ചവരും ഉയർന്ന മാർക്കോടെ ഉപരിപഠനത്തിന്നർഹരായി.
അല്ലാത്തവർ പ്രവാസ ജീവിതത്തിലൂടെ സാമ്പത്തികമായി മുന്നേറി.ഇതെല്ലാം കാണുമ്പോൾ ഒന്നിലും പെടാതെ ജീവിത നൈരാശ്യത്താൽ ജീവിതം വഴിമുട്ടയപ്പോഴുള്ള മനോവ്യഥയായിരുന്നു എനിക്കുണ്ടായത്.
ഞാൻ നാട്ടിൽ നിന്ന് തെക്ക് വടക്ക് നടക്കുമ്പോൾ സങ്കടത്തോടെ ഉമ്മ ചോദിക്കമായിരുന്നു. "മോനേ, ഇന്റെ പ്രായക്കാരെല്ലാം പെണ്ണ് കെട്ടി, പുതിയ പൊരേണ്ടാക്കി പാർക്കാൻ തൊടങ്ങി. അവർക്കോരോ മക്കളുമുണ്ടായി. മോനും മാണ്ടേ ഒരു ജീവിതം? മോനിങ്ങനെ നടന്നാൽ മത്യോ?" ഉമ്മാക്ക് എന്നെക്കുറിച്ചുള്ള വേവലാതി അണപൊട്ടി ഒഴുകുന്നത് കാണുമ്പോൾ എന്റെ മനസ്സിൽ സങ്കടം നുരഞ്ഞു.
ഉമ്മാന്റെ മുന്നിൽ ഞാൻ വാചാലമായ മൗനമവലംഭിച്ചു.മറുപടി പറയാനുണ്ടങ്കിലും എല്ലാം ഞാൻ മൗനത്തിലൊതുക്കി.അക്കാലത്ത്
എന്റെ നാട്ടിൽ പതിനഞ്ചും പതിനാറും വയസ്സിൽ മക്കളെ കൊണ്ട് കല്ല്യാണം
കഴിപ്പിക്കുന്ന സമ്പ്രദായമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം വിവാഹം
ആലോചിക്കാനുള്ള അവസരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. സമയം
അതിക്രമിച്ചിട്ടില്ല. എന്നാലും എന്റെ സമ പ്രായക്കാരിൽ നിന്നും ഞാൻ
ബഹുദൂരം പിറകിലാണെന്ന തിരിച്ചറിവ്
എനിക്ക് നൊമ്പരങ്ങൾ നേർന്നു.വിറക് വെട്ടിയും, ഭാരം ചുമന്നും, വെള്ളം കോരിയും ജീവിക്കുമെന്ന് കരുതിയ കൂട്ടുകാർ പഴയ പടി ആയിരുന്നെങ്കിൽ അവരുടെ ജീവിത ശൈലിയിലേക്ക് എനിക്കും ചേക്കേറാമായിരുന്നു.
പക്ഷേ..... അവർ അങ്ങിനെയായിരുന്നില്ല. അവർ കാലത്തിനൊപ്പം മുന്നേറുകയാണുണ്ടാ
യത്. എന്റെ ഓരോ ചുവടുകളും പിന്നോട്ടായിരുന്നു.ചിരിക്കാൻ പോലും
കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.
എനിക്ക് കൂട്ടായി എന്റെ നിഴൽ മാത്രമാണെനിക്കുണ്ടായിരുന്നത്.
നാട്ടിൽ എനിക്കറിയാവുന്ന ഒരു
ജോലിയുമില്ല. ഏതെങ്കിലും ഒരു ജോലിയിലേർപ്പെട്ട്, ആ ജോലി ചെയ്ത് പഠിക്കണം. എന്നിട്ട് ആ ജോലിയിൽ പ്രാവീണ്യം നേടണം. ഇങ്ങിനെ
കൂലി വേല ചെയ്യാനുള്ള കായികക്ഷമതയും എനിക്കില്ലായിരുന്നു. പട്ടണങ്ങളിലെ പോലെ ലോറിയിൽ നിന്ന് ചുമട് തലയിലേറ്റി സമീപമുള്ള കടയുടെ മുന്നിൽ ഞൊടിയിടയിൽ എത്തിക്കുന്നത് പോലെയുള്ള
ചുമട്ട് വേലയായിരുന്നില്ല
നാട്ടിലുണ്ടായിരുന്നത്.അൻപതോ നൂറോ ഉരിച്ച തേങ്ങ മാലിൽ നിറച്ച് തലയിലേറ്റി ഉടമ പറയുന്നിടത്തേക്ക് ബഹുദൂരം നടന്ന് ഉദ്ദിഷ്ട സ്ഥാനത്ത് എത്തിക്കുന്ന കഠിനമായ ചുമട്ട് പണിയായിരുന്നു.ഒരു
കിലോ മീറ്റർ വരെ ചുമടുമായി നടക്കേണ്ടി വരും. കൂടാതെ മണ്ണ് ചുമക്കൽ, കൈക്കോട്ട് കൊത്തൽ മുതലായ ജോലികളായിരുന്നു. ഒരുനാൾ ഞാൻ ആ പണിചെയ്താൽ പിറ്റേ ദിവസം മുതൽ എന്നെ ആരും പണിക്ക്
വിളിക്കണമെന്നില്ല. കാരണം എന്നേക്കാൾ അദ്ധ്വാന ക്ഷമതയുള്ള മിടുക്കന്മാർ നാട്ടിൽ വേറെയുണ്ടായിരുന്നു. ഞാൻ ഒരു മണിക്കൂർ കൊണ്ട് ചെയ്യുന്നത് അവർ അരമണിക്കൂർ കൊണ്ട് ചെയ്ത് തീർക്കും. കഴുതച്ചുമടിലെ കഴുതയെ പോലെ പണിയെടുത്താൽ എന്നെ ജോലിക്ക് ആര് വിളിക്കാൻ?.എന്റെ അയൽക്കാരും, കുടുംബക്കാരും, നാട്ടുകാരിൽ ഞാനുമായി അടുപ്പമുള്ളവരും ഞാൻ അറിയാതേയും, പിന്നീട് എന്നോട് നേരിട്ടും ചോദിക്കാൻ തുടങ്ങി. ഇഞ്ഞെന്താ പണിക്കൊന്നും
പോകാത്തതെന്ന്. പണിയെടുക്കാതെ ജീവിക്കാൻ കൈയ്യ്യോ? മനസ്സിൽ തറക്കുന്ന കുത്ത് ചോദ്യം.
അവർ ചോദിച്ചത് ശരിയാണ്. പക്ഷേ,. എനിക്ക് ഇണങ്ങിയ ഒരു പണിയെപറ്റി ആരും ചിന്തിച്ചില്ല. ഞാൻ ജോലി ചെയ്യണമെന്നേ അവർ പറയുന്നുള്ളൂ.വഴികാട്ടാനാരുമില്ലാത്ത ദുരവസ്ഥ. "പണിയെടുക്കാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. എന്ത് പണിക്കാണ് പോകേണ്ടതെന്നെനിക്കറിയില്ല". ഞാനവരോട് ദയനീയമായി പറഞ്ഞു.
"കിട്ടുന്ന പണിയെന്തെങ്കിലുമെടുക്കണം. ഇഞ്ഞ് കാണ്ന്നില്ലേ ഇന്റെ പ്രായത്തിലുള്ളോല് കിട്ടുന്ന പണിയെടുത്ത് പണി പഠിച്ചോലാ. അത് പോലെ ഇഞ്ഞും എന്തെങ്കിലും പണിയെടുക്കാൻ നോക്ക്. ഞാമ്പറേന്നത് ഇന്റെ കൊണത്തിന് മാണ്ടീറ്റാ. ഇന്നോട് ബെറുപ്പ്ണ്ടായറ്റ് പറേന്നതല്ല".
ഇതായിരുന്നു അവരുടെ ഉപദേശത്തിന്റെ രത്നച്ചുരുക്കം.നാട്ടിൽ നിന്നാൽ ശരിയാവില്ലെന്നെനിക്ക് ബോധ്യമായി. നിരാശ കനത്ത മനസ്സുമായി നാട്ടുകാരോട് സന്തോഷ പൂർവ്വം സംസാരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.
ഒരു ദിവസം ഞങ്ങളാറ് മക്കളിൽ
ഏറ്റവും മൂത്ത സഹോദരി
പാത്തുമ്മച്ചാച്ചാന്റെ അടുക്കൽ പോയി ഞാൻ പറഞ്ഞു."ഇച്ചാച്ചാ ഞാൻ കാഞ്ഞങ്ങാട് ജോലിക്ക് പോക്വാ.കാഞ്ഞങ്ങാട് കോട്ടോള്ള
പറമ്പിൽ അമ്മത് എളാപ്പ
ന്ക്ക്ന്ന പള്ളീ പോയിറ്റ് ഏതെങ്കിലും കടേല് പണി ശരിയാക്കിത്തരാൻ വേണ്ടി പറേണം.എളാപ്പാക്ക് പല
മുതലാളിമാരുമായും പരിചയമുണ്ടാകും. എളാപ്പ അവരോട് ശുപാർഷ ചെയ്താൽ ഏതെങ്കിലും കടയിൽ എനിക്ക് പണികിട്ടും. എളാപ്പ അവിടെ ഉണ്ടെന്ന
ധൈര്യത്തിലാണ് ഞാൻ കഞ്ഞങ്ങാടേക്ക് പോകാൻ തീരുമാനിച്ചത്. അദ്ദേഹമെന്നെ മദ്രസ്സ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. എളാപ്പ എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിളിക്കാറുള്ളത്. എന്ത് കൊണ്ടാണ്
അദ്ദേഹത്തെ എളാപ്പ എന്ന് വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.സാധാരണയായി പിതാവിന്റെ അനുജനേയോ, മാതാവിന്റെ അനിയത്തിയെ വിവാഹം ചെയ്ത ആളെയോ ആണ് എളാപ്പയെന്ന് വിളിക്കുക. എന്നാൽ കോട്ടോള്ള പറമ്പിൽ അമ്മതളാപ്പ അങ്ങിനെയായിരുന്നില്ല.എന്റെ വീട്ടിൽ കല്യാണം, കല്യാണ നിശ്ചയം പോലെയുള്ള വിശേഷങ്ങളുണ്ടാവുമ്പോൾ
എന്റെ പിതാവിന്റെ സഹോദരന്മാരെ ക്ഷണിക്കുന്ന കൂട്ടത്തിൽ എളാപ്പാനെ ഒരിക്കലും ക്ഷണിച്ചിരുന്നില്ല.
എന്റെ കുടുംബത്തിലെ ആരെയും എളാപ്പയും ക്ഷണിച്ചിരുന്നില്ല.
അത് കൊണ്ടാണ് കോട്ടോള്ള പറമ്പിലെ അമ്മതളാപ്പാനെ എന്ത് കൊണ്ടാണ്
എളാപ്പ എന്ന്, വിളിക്കുന്നതെന്ന് ഞാൻ
ഉമ്മാനോട് ചോദിച്ചത്.അതൊരു അകന്ന ബന്ധമാണെന്നായിരുന്നു ഉമ്മാന്റെ മറുപടി.ഞാൻ കാഞ്ഞങ്ങാട് പോകുന്ന കാര്യം പറഞ്ഞപ്പോൾ ഇച്ചാച്ച വലിയ സന്തോഷം പ്രകടിപ്പിച്ചു. "മോനേ ഇഞ്ഞിങ്ങനെ പണീല്ലാണ്ട് നടക്കുന്നത് കാണുമ്മം എനക്ക് ബല്ലാത്ത ബെഷമൊണ്ടായ്നു.എങ്ങന്യാ ഇന്നോട് പറയ്യ്യാന്ന് ബിചാരിച്ചിറ്റ് ഞാമ്ണ്ടാണ്ട് ന്:ന്നതാ". ഇത്രയും പറഞ്ഞു കൊണ്ടവൾ ചോദിച്ചു. "ഇന്റേല് ബസ്സിന് കൊട്ക്കാൻ പൈസേണ്ടോ?""പൈസേല്ല.നിടുമ്പ്രത്തെ
പോക്കർ മൗലവിയോട് ചോദിച്ചു നോക്കട്ടെ"എന്നും പറഞ്ഞ് ഇച്ചാച്ചാന്റെ വീടായ ചെരക്കര പുതിയോട്ടിൽ നിന്നും ഞാൻ മുയിപ്പോത്തങ്ങാടിയിലേക്ക് പുറപ്പെട്ടു. നിടുമ്പ്രത്തെ പോക്കർ മൗലവിയെ കാണാൻ വേണ്ടി ഞാൻ റോഡ് മുഴുനീളേ നടന്നു.തെക്കേക്കുനിയിൽ അയാളുടെ വീടിന്റ സമീപത്തെത്തിയപ്പോൾ അയാൾ തന്റെ വീട്ടിലേക്ക് അകലെ നിന്ന് നടന്നു വരുന്നത് ഞാൻ കണ്ടു. ഞാനയാൾക്ക് എതിരെ നടന്നു. ഞങ്ങൾ
രണ്ട് പേരും മുഖാമുഖം സമീപിച്ചപ്പോൾ ഞാനയാളോട് സലാം ചൊല്ലി. സലാം മടക്കിയ ശേഷം എന്താണ്
വിശേഷമെന്നയാൾ ചോദിച്ചു.
എനിക്ക് നാളെ ജോലി അന്വേഷിച്ച് കാഞ്ഞങ്ങാട് പോകാൻ ബസ്സിന് കൊട്ക്കാൻ ഇരുപത്തഞ്ചുറുപ്യ കടം തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു.
അയാൾ വേഗം തന്റെ പോക്കറ്റിൽ നിന്ന് ഇരുപത്തഞ്ച് രൂപയെടുത്ത് എന്റെ നേരെ നീട്ടി. ഞാനത് ആദരപൂർവ്വം വാങ്ങി പോക്കറ്റിലിട്ടുകൊണ്ട്
അയാളോട് ഭവ്യതയോടെ യാത്ര പറഞ്ഞ് പിരിഞ്ഞു. ഇരുപത്തഞ്ച് രൂപയുമായി ഞാൻ സന്തോഷ പൂർവ്വം മുയിപ്പോത്തങ്ങാടിയിലൂടെ ആളൊഴിഞ്ഞ കുർശീ കുളത്തിന്റ ഭാത്തേക്ക് നടന്നു. എന്തിനാണ് ഞാനങ്ങോട്ട് നടന്നത്?. കാര്യമായി ആരും കൂട്ടുകാരില്ലാത്ത എന്റെ, ഏകാന്തതയിലേക്കുള്ള നടത്തമായിരുന്നു അത്. ഏകാന്തത മുറ്റിനിൽക്കുന്നിടത്തേക്ക് പോകും തോറും എനിക്ക് വല്ലാത്ത സന്തോഷവും സമാധാനവും അനുഭവപ്പെട്ടു.
എനിമുതൽ എന്നെ ആരും കുറ്റപ്പെടുത്തില്ല. എന്നെ ആർക്കും അറിയാത്ത, എനിക്കാരേയുമറിയാത്ത പുതിയൊരു ലോകത്തേക്ക് ഞാൻ നാളെ യാത്ര പോകുകയാണ്. കാഞ്ഞങ്ങാട് എന്ന സ്വപ്ന ഭൂമിയിലേക്ക്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ.,..
ഞാൻ നടന്നു നടന്ന് മുയിപ്പോത്ത്
പോസ്റ്റാഫീസിന്റെ മുന്നിലെത്തി. ആളൊഴിഞ്ഞ ഇടമായതിനാൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്. വെറുതെ ഒരു നടത്തം. അത്രയേ ഉദ്ദേശിച്ചിട്ടുള്ളു. നാളെ
അമ്മതളാപ്പാന്റെ വീട്ടിൽ പോയി അയാൾ ജോലിചെയ്യുന്ന പള്ളിയുടെ വിലാസം വാങ്ങണം. പിറ്റേന്ന് കഴിവതും വേഗത്തിൽ കാഞ്ഞങ്ങാടേക്ക് പുറപ്പെടണം.എന്റെ മനസ്സ് മന്ത്രിച്ചു.
ഞാൻ പോസ്റ്റ് ആപ്പീസും കഴിഞ്ഞ് ഏതാനും അടി മുന്നോട്ട് നടന്നപ്പോൾ, പിന്നിൽ നിന്നല്പം അകലെയായി കൈയടിക്കുന്ന ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞു നോക്കി.എപ്പോഴെങ്കിലും കാണാറുള്ള വെയ്ല്യേരി ഇബ്റാഹീം മുസ്ല്യാർ എന്നെ കൈകൊട്ടി മാടി വിളിക്കുകയാണ്. ഞാൻ അയളുടെ സമീപത്തേക്ക് തിരിഞ്ഞു നടന്നു.
അങ്ങാടിയിൽ വെച്ച് ഇടക്ക് അയാളെ
കാണാറുണ്ട്. അയാളുടെ പേരെന്താണെന്ന് എനിക്കറിയില്ല. എന്റെ ജ്യേഷ്ടന്മാരുമായി അയാൾക്ക് നല്ല അടുപ്പമാണുള്ളത്. ചെറുപ്പത്തിലേ നാടുവിട്ടത് കൊണ്ട് എനിക്ക്
നാട്ടിലുള്ള അധികമാരേയും അറിയില്ലായിരുന്നു. അയാളുടെ സമീപമെത്തിയപ്പോൾ ഞാൻ അയാൾക്ക് സലാം ചൊല്ലി. സലാം മടക്കിക്കൊണ്ടയാൾ ചോദിച്ചു."ഇഞ്ഞ്
നാള മദ്രസ്സേൽ പോരുന്നോ? "
ചോദ്യം കേട്ട പാടേ ഞാനൊന്നമ്പരന്നു. എന്താണീ കേൾക്കുന്നത്?. മദ്രസ്സേൽ പോരുന്നോന്ന്. പെട്ടന്ന് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ ഒരിക്കലും ചിന്തിക്കാത്ത മേഖലയാണത്. ഞാൻ മദ്രസ്സ പത്താം തരം വരെ പഠിച്ചിട്ടുണ്ട്. അനാഥാലയത്തിലെ മദ്രസ്സയിലെ നാലാം തരം വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഏതെങ്കിലും ഉസ്താദ് നാട്ടിൽ പോയാൽ അദ്ദേഹം വരുന്നത് വരെ രണ്ടോ മൂന്നോ ദിവസം സദർ ഉസ്താദിന്റെ നിർദേശ പ്രകാരം ഞാൻ ആ ക്ലാസ്സിൽ പഠിപ്പിച്ചിട്ടുമുണ്ട്. അതും ഒരു മുസ്ല്യാരെന്ന നിലക്കല്ല.എന്നാലും ഞാൻ അതിനു കൊള്ളും എന്ന മതിപ്പുള്ളത് കൊണ്ടല്ലേ സദർ ഉസ്താദ് ഒഴിവുള്ള ക്ലാസിന്റെ ചുമതല എന്നെ ഏല്പിച്ചത്.
ഇബ്രാഹിം മുസ്ല്യാരുടെ ചോദ്യം കേട്ടപ്പോൾ എന്റെ മനസ്സിൽ
അമ്പരപ്പുളവായി.എങ്കിലും ഉള്ള ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
"ങാ, ഏട്യാ മദ്രസ?."
ഞാൻ ചോദിച്ചു.
"ചൊക്ലി, കണ്ണോത്ത്"
"ചൊക്ലി ബസ്സിറങ്ങിയിട്ട് കണ്ണോത്തെ പള്ളിയിലേക്ക് ഓട്ടോ കയറിയാൽ മതി".
ഇത്രയും പറഞ്ഞു കൊണ്ടയാൾ അവിടെ നിന്നും തിരിഞ്ഞ് നടന്നു.
ചൊക്ലി എനിക്കറിയാം.ഞാൻ പെരിങ്ങത്തൂർ ദർസ് യതീം ഖാനയിൽ രണ്ട് മാസം വാർഡനായി ജോലി ചെയ്തിരുന്നു. രണ്ട് മാസം പൂർത്തിയാക്കിയതോടെ ഞാനവിടെ നിന്നും ജോലി രാജി വെച്ച് വീട്ടിൽ തിരികെ വന്നതാണ്. ആ ജോലി എന്റെ മനസ്സിന്ന് താങ്ങാൻ പറ്റിയതായിരുന്നില്ല. കാരണം, ഞാൻ മുക്കം യതീം ഖാനയിൽ നിന്ന് ഒരു അനാഥനായി ഒമ്പത് വർഷം ഒരു അനാഥാലയത്തിലെ ചിട്ടയോടെ ജീവിച്ചു വളർന്നു. അവിടെ നിന്നും പിരിഞ്ഞു വന്നപ്പോൾ സ്വാതന്ത്ര്യം കിട്ടിയല്ലോ എന്ന ആഹ്ലാദ തിമിർപ്പിലായിരുന്നു ഞാൻ. വീണ്ടും മറ്റൊരു അനാഥാലയത്തിൽ
വാർഡനായി ചുമതലയേറ്റതോടെ അനാഥനല്ലെങ്കിലും അനാഥാലയ ചിട്ടയിൽ ജീവിക്കക എന്നത് എനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
വീണ്ടും ഒരു തടവ് ജീവിതം താങ്ങാവുന്നതിലേറെ ദുസ്സുഹമായി
എനിക്ക് അനുഭവപ്പെട്ടു.എത്രയും
പെട്ടെന്ന് ഞാൻ ജോലി രാജി വെച്ച് വീട്ടിലേക്കു തന്നെ വന്നു. പെരിങ്ങത്തൂർ ജോലി ചെയ്യുമ്പോൾ ഞാൻ ചൊക്ലിയിലേക്ക് പല പ്രാവശ്യം പോയിട്ടുണ്ട്.ആ പരിചയത്തിലാണ് ഇബ്രാഹിം മുസ്ല്യാർ പറഞ്ഞ പ്രകാരം എളുപ്പത്തിൽ ചൊക്ലി കണ്ണോത്ത് പള്ളിയിലെത്തിയത്.കാഞ്ഞങ്ങാട്
പോകാൻ തീരുമാനിച്ച ഞാൻ തലശ്ശേരിക്കടുത്തുള്ള ചൊക്ലിയിലേക്ക് പോകാനും കാരണമുണ്ട്,
കാഞ്ഞങ്ങാട് ബഹുദൂരം അകലെയാണ്. അവിടെ പോയാൽ എന്റെ കാര്യമെന്താവുമെന്നതിനെക്കുറിച്ച് എനിക്കൊരുറപ്പുമില്ലായിരുന്നു. ഓർക്കാപ്പുറത്താണെങ്കിലും ചൊക്ലിയിലേത് ജോലി ഉറപ്പായത് പോലെയാണുള്ളത്. അദ്ധ്യാപനം ഞാൻ ചെയ്ത് പരിചയമുള്ള ജോലിയുമാണ്. അത് കൊണ്ടാണ് ഞാൻ കാഞ്ഞങ്ങാടേക്കുള്ള യാത്ര
വേണ്ടെന്നു വെച്ച് ചൊക്ലിയിലേക്ക്
പോകാൻ തീരുമാനിച്ചത്.
അയാൾ പറഞ്ഞ പ്രകാരം പിറ്റേന്ന് ഞാൻ വൈകിട്ട് അഞ്ചു മണിക്ക്
കണ്ണോത്തെ പള്ളിയിലെത്തി.
കമ്മറ്റിക്കാരിൽ ചിലരുമായി കണ്ട് സംസാരിച്ചു.ഒരാൾ വരുമെന്ന് ഇന്ന് രാവിലെ ഇബ്രാഹിം ഉസ്താദ് പറഞ്ഞതായി അവരെന്നോട് പറഞ്ഞു."അയാളാണ് നിങ്ങൾ അല്ലേ?"
അവരെന്നോട് ചോദിച്ചു.
"അതെ"
ഞാൻ പറഞ്ഞു.
"ഇബ്രാഹിം ഉസ്താദ് എവിടെയാണുള്ളത്? "
ഞാൻ അവരോട് ചോദിച്ചു.
"അയാൾ അഴിയൂരിലാണുണ്ടാവുക.
രാവിലെ മദ്രസ്സയിലെത്തും".
അന്ന് ഞാനൊരു കാര്യം ശ്രദ്ധിച്ചു.അവരെന്നെ 'നിങ്ങളെ'ന്നാണ്
അതി സംബോധന ചെയ്യുന്നത്. അതു വരെ എല്ലാവരുമെന്നെ 'നീ' എന്നർത്ഥം വരുന്ന ഇഞ്ഞ്, എന്നായിരുന്നു അതിസംബോധന ചെയ്തിരുന്നത്.
'നിങ്ങൾ' എന്ന സംബോധന കേട്ടപ്പോൾ തന്നെ എന്റെ മനസ്സിന്റെ നിലവാരം ഉയരാൻ തുടങ്ങി. ഞാൻ ആദ്യത്തെ മൊയ്തി അല്ലാതായി. എന്നിലെ ആദ്യത്തെ മൊയ്തി എങ്ങോ പോയ്മറഞ്ഞു. ഞാൻ അപ്പോൾ
പുതിയൊരു മൊയ്തി ആയിരിക്കുന്നു. മൊയ്തിയല്ല, മൊയ്തീൻ ഉസ്താദ്.
അന്ന് ഇശാ നിസ്കാരം കഴിഞ്ഞ് പള്ളിയുടെ സമീപത്ത് താമസിക്കുന്ന കക്കോട്ട് കുനിയിൽ അബൂബക്കർ
മാസ്റ്റർ എന്നെ അയാളുടെ വീട്ടിലേക്ക്
ഭക്ഷണം കഴിക്കാൻ എന്നെ
കൂട്ടിക്കൊണ്ട് പോയി.
അദ്ദേഹം മാഹി സർക്കാർ ഹൈസ്കൂളിൽ പ്രധാനദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്. ഞാനും അയാളും കൂടിയിരുന്ന്
ഭക്ഷണം കഴിച്ചു. നല്ല സ്വാദിഷ്ടമായ ഭക്ഷണം. ഭക്ഷണം കഴിച്ചപ്പോൾ എന്റെ വയർ മാത്രമല്ല മനസ്സും നിറഞ്ഞു.ശരീരത്തിന്, നല്ല കുളിർമ അനുഭവപ്പെട്ടു.അരിമാവ് കലക്കി പാർന്ന് നേർമയായി ചുട്ടെടുത്ത ദോശയും മത്തിക്കറിയും.
പാചക കലയിൽ പ്രാവീണ്യം നേടിയ തലശ്ശേരി മങ്കയുടെ കരങ്ങളാൽ പാകം ചെയ്യപ്പെട്ട ഭക്ഷണം. അതിന്റെ രുചിയും മേന്മയും ഒന്ന് വേറെ തന്നെയായിരുന്നു.
ഇതേ ഭക്ഷണം തന്നെയാണ് എന്റെ നാട്ടിലും ഉണ്ടാക്കാറുള്ളത്.പക്ഷേ... തലശ്ശേരി ഭക്ഷണത്തിന്റെ മികവും രുചിയും അതിനുണ്ടാകാറില്ല.
തലശ്ശേരിക്കാർ വളരെ ശ്രദ്ധയോടെയാണ് ഭക്ഷണം പാകം ചെയ്യുക. അവരുടേത് പാചക കലയാണ്. ആഢംഭര ജീവിതമാണ്. അവരിൽ കൂടുതൽ പേരും കച്ചവടക്കാരോ, പ്രവാസികളോ ആണ്.എന്റെ നാട്ടിൽ വിഷപ്പടക്കാൻ വേണ്ടിയാണ് ഭക്ഷണം
പാകം ചെയ്യുന്നത്. പരുക്കൻ മട്ടിൽ വേവിച്ചെടുക്കും. അത്രതന്നെ.
കൂലി വേലകളിൽ നിന്ന് കിട്ടുന്ന തുഛമായ വരുമാനം കൊണ്ട്
ചിലവ് കുറഞ്ഞ രീതിയിലാണ് എന്റെ നാട്ടിൽ ഭക്ഷണം പാകം ചെയ്യുക. ഭക്ഷണം വേവിച്ചു കിട്ടിയാൽ മതി,വിഷപ്പിന് അവർക്കത്
രുചിയുള്ളതായിരിക്കും.
രുചിക്കൂട്ടോട് കൂടിയ ഭക്ഷണം കൂലി വേലക്കാർക്ക് ആഢംബരമാണ്.
തലശ്ശേരിക്കാർക്ക് രുചിക്കൂട്ടുണ്ടായാലേ ഭക്ഷണത്തിന് രുചിയുണ്ടാവുകയുള്ളു.
കായികാദ്ധ്വാനം കുറഞ്ഞ സുഖലോലുപരാണവർ.
അബൂബക്കർ മാസ്റ്ററുടെ വീട്ടിൽ നിന്നും
ഭക്ഷണം കഴിച്ചതിന്ന് ശേഷം പള്ളിയിൽ എനിക്ക് വേണ്ടി തയ്യാർ ചെയ്ത ശയനമുറിയെ ലക്ഷ്യമാക്കി ഞാൻ
യാത്ര പറഞ്ഞ് ഇറങ്ങി നടന്നു.
പള്ളിയുടെ വിശാലമായ കോൺഗ്രീറ്റ് മുറിയിലെ കട്ടിലിൽ നിവർത്തിയിട്ട മെത്തയിലിരുന്ന് ഓരോന്നോർത്ത് കൊണ്ട് ഞാൻ നെടുവീർപ്പിട്ടു.ഇന്ന് ഉച്ചവരെ ഉമ്മയും ഞാനും ഒരേയൊരു ഭക്ഷണം കഴിച്ച് ഉമ്മയുമായി വേർപിരിഞ്ഞു. ഇപ്പോൾ എന്റെ ഉമ്മ റേഷനരിയുടെ ചോറും ചമ്മന്തിയും കൂട്ടിക്കുഴച്ച് ചോറ് തിന്ന് വീട്ടിനകത്തെ വലിയ മരപ്പെട്ടിയുടെ മേലെ പായ വിരിച്ച് കിടക്കുന്നുണ്ടാവും.
ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത മികച്ച ഭക്ഷണം കഴിച്ച് നല്ല കോൺഗ്രീറ്റ് മുറിയിൽ കറങ്ങുന്ന ഫേനിന്റെ ചുവട്ടിൽ ഉറങ്ങാൻ കിടക്കുന്നു.അബൂബക്കർ മാഷിന്റെ വീട്ടിൽ നിന്ന് രുചികരമായ ഭക്ഷണം കഴിച്ചത് ഓർക്കുമ്പോൾ
എന്റെ ഉമ്മാനോട് ഞാൻ
എന്തോ അപരാധം ചെയ്തത് ചോലെ ഒരു മനോ വ്യഥ എനിക്ക്അനുഭവപ്പെട്ടു.
അടുത്ത ദിവസം വെളുപ്പിന് സുബ്ഹി ബാങ്ക് കേട്ട് ഞാനെഴുന്നേറ്റു. ഘടികാരത്തിൽ നോക്കിയപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞ് അഞ്ചു മിനുറ്റ്. സുബ്ഹി ബാങ്കിന്റെ മുമ്പ് തന്നെ ഞാൻ ഉണർന്ന് കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. വീട്ടിലെ പോലെ എനിക്ക് ഉറക്കച്ചടവുണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തിൽ വീട്ടിൽ നിന്നുണ്ടായിരുന്ന അലസത ഇല്ലാതായിരിക്കുന്നു.സ്ഥലം മാറി കിടന്നത് കൊണ്ടാകാം സുബ്ഹി ബാങ്കിന്റെ മുമ്പ് തന്നെ ഞാൻ ഉറക്കമുണർന്നത്.സുബ്ഹി നിസ്കാരം നിർവഹിച്ച ശേഷം മദ്രസ്സ ആരംഭിക്കാൻ ധാരാളം സമയമുണ്ട്. ഏഴ് മണികഴിഞ്ഞ് മുപ്പത് മിനിറ്റ് ആവണം മദ്രസ ആരംഭിക്കാൻ. മദ്രസ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ അദ്ധ്യാപകരും മദ്രസയിൽ എത്തിച്ചേർന്നു.
ഞാൻ മദ്രസയുടെ ഓഫീസിലിരുന്നു. സെക്രട്ടരി വരണം. അയാളുമായി അഭിമുഖം കഴിയണം. എന്നെ നിയമിച്ചതായി അയാൾ പ്രഖ്യാപിക്കണം. എന്നാൽ മാത്രമേ എനിക്ക് മദ്രസ്സയിൽ പ്രവേശനമുണ്ടാവുകയുള്ളു.സെക്രട്ടരിയുമായുള്ള അഭിമുഖത്തെ കുറിച്ചോർത്തപ്പോൾ എനിക്ക് വലിയ ഉൽക്കണ്ഠ ഉണ്ടായിരുന്നു. അദ്ദേഹമെങ്ങിനെയായിരിക്കും?. ഗൗരവക്കാരനായിരിക്കുമോ? എന്നോട് അദ്ദേഹം അലിവില്ലാതെ സംസാരിക്കുമോ? എന്റെ സ്വന്തം നാട്ടിൽനിന്നും എന്നെ ജോലിക്ക് പോകാൻ പ്രേരിപ്പിച്ചവരുടെ വാക്കുകൾ എനിക്ക് കുറച്ചൊന്നുമല്ല ആഘാതമേൽപ്പിച്ചത്.ചിന്തിച്ചിരിക്കുന്നതിനിടയിൽ സെക്രട്ടരി കയറി വന്നു. പുഞ്ചിരിച്ചു കൊണ്ട് സ്നേഹ പൂർവ്വം അയാൾ സലാം ചൊല്ലി. ഞാൻ സലാം മടക്കി. അയാളെ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിലെ ആധിയെല്ലാം എങ്ങോ പോയ് മറഞ്ഞു. ആദ്യം തന്നെ അയാൾ തന്റെ പേര് പറഞ്ഞു. "പറമ്പത്ത് ഖാദർ മാസ്റ്റർ" എന്ന്. അങ്ങിനെ ഇരുപത്തി നാല് രൂപ ശമ്പളത്തിന് എന്നെ
കണ്ണോത്ത് ദാറുൽ ഉലൂം മദ്രസയിൽ അദ്യാപകനായി നിയമിച്ചു.ഞാൻ മദ്രസയിൽ പ്രവേശിച്ചു. ഇബ്രാഹിം മുസ്ല്യാർ എനിക്ക് ഒന്നാം ക്ലാസ്സ് കാണിച്ചു തന്നിട്ട് പറഞ്ഞു. "ഇഞ്ഞ് ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ചോളൂ."ഞാൻ ഒന്നാംതരത്തിൽ പ്രവേശിച്ചു. ഒമ്പത് മണി കഴിഞ്ഞ് മുപ്പത് മിനിറ്റ് ആയപ്പോൾ മദ്രസ്സ അവസാനിച്ചു. ഞങ്ങളെല്ലാവരും സ്റ്റാഫ് റൂമിൽ ഒത്തുചേർന്നു. എല്ലാവരുമായി പരിചയപ്പെട്ടു.തികച്ചും വ്യത്യസ്തമായ കൂട്ട് കെട്ടായിരുന്നു അത്. എല്ലാവർക്കും പരസ്പരം നല്ല ഇണക്കമുള്ള പെരുമാറ്റവും സ്നേഹ ബഹുമാനവും. എന്നാലും ഞാൻ അവരുടെ ഇടയിൽ പ്രാവിൻ കൂട്ടത്തിൽ പെട്ട കാക്കയെ പോലെയായിരുന്നു വെന്ന് എനിക്ക് തോന്നി. അവരുടെ ശരീര ഭാഷ അങ്ങിനെ പറയുന്നുണ്ടെന്ന് ഞാൻ വായിച്ചെടുത്തു.അതിന് കാരണമുണ്ട്. അവരെല്ലാം പരമ്പരാഗത പള്ളിദർസിൽ പഠിച്ച്, മത രംഗം ഐഛിക വിഷയമായെടുത്ത് പഠിച്ചു വളർന്നവരാണ്.വേഷവിധാനത്തിൽ തന്നെ അവർക്ക് ഒരു മുസ്ല്യാരുടെ മതിപ്പുണ്ട്.ഞാനങ്ങിനെയായിരുന്നില്ല.
മുസ്ല്യാർക്കുണ്ടായിരിക്കേണ്ട വേഷവിധാനമൊന്നും എനിക്കില്ലായിരുന്നു.ഒരു സാധാരണ വേഷമായിരുന്നു എനിക്കുണ്ടായിരുന്നത്.
അവരിൽ ഒരാൾ സമീപ പ്രദേശമായ പെരിയാണ്ടി സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ അറബിക് അദ്ധ്യാപകാനാണ്. അബ്ദുൽ മജീദ് എന്നാണദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ നാട് ചൊക്ലി തന്നെയാണ്. ഇസ്ലാമിക മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ അംഗവുമായ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ മകന്റ മകനാണദ്ദേഹം. മറ്റൊരാൾ കോഴിക്കോട് ജില്ലയിലെ ചേരാപുരത്ത് കാരനായ നടുക്കണ്ടി അബ്ദുൽറഹ്മാൻ മുസ്ല്യാരാണ്. അദ്ദേഹം പരമ്പരാഗാത മതപാഠ ശാലയിൽ പഠിച്ച ആളാണെങ്കിലും ഒരു മുസ്ല്യാരുടെ വേശം അയാൾക്കുണ്ടായിരുന്നില്ല. എങ്കിലും അയാൾക്ക് പാണ്ഡിത്യവും മദ്രസ്സയിൽ ഉയർന്ന ക്ലാസ്സുകളിൽ പഠിപ്പിക്കാനുള്ള പ്രാപ്തിയുമുണ്ട്. മറ്റൊരാൾ മലപ്പുറത്തു കാരൻ മൊയ്തീൻ മുസ്ല്യാർ. മദ്രസ്സ കഴിഞ്ഞതിന് ശേഷം കാഞ്ഞിരത്തിൻ കീഴിലെ നിസ്കാര പള്ളിയിലായിരുന്നു
ജോലി. മറ്റൊരാൾ എന്നെ പ്രസ്തുത മദ്രസയിൽ ജോലി നേടിത്തന്ന
വെയ്ല്യേരി ഇബ്രാഹിം മുസ്ല്യാർ. ഇദ്ദേഹമാണ് പ്രധാനദ്ധ്യാപകൻ.എന്റെ നാട്ടുകാരൻ.സുലൈമാൻ മുസ്ല്യാരെന്ന മറ്റൊരാളുണ്ട്. ചൊക്ലി നിന്നും അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മേക്കുന്ന് എന്ന പ്രദേശ വാസിയാണദ്ദേഹം.ആകെ അഞ്ച് അദ്ധ്യാപകരാണവിടെ ഉണ്ടായിരുന്നത്.
എനിക്ക് പ്രാതൽ തലേന്ന് രാത്രി ഭക്ഷണം കഴിച്ച അബൂബക്കർ മാസ്റ്റരുടെ വീട്ടിൽ നിന്ന് തന്നെയാണ്.
എല്ലാവർക്കും മദ്രസ്സയുടെ പരിസരത്തുള്ള വിവിധ വീടുകളിലാണ് ഭക്ഷണം. പ്രാതൽ കഴിച്ച്
എല്ലാവരും മദ്രസയിൽ വീണ്ടും ഒത്തു ചേർന്നു. പിന്നീട് വിവിധ മേഖലകളിലേക്ക് പോയി.അബ്ദുൽ മജീദ് പെരിയാണ്ടി സ്കൂളിലേക്ക് പോയി.
ഇബ്രാഹിം മുസ്ല്യാർക്ക് അഴിയൂരിൽ രാത്രിയും വൈകുന്നേരവും ട്യൂഷനുണ്ട്. ആയതിനാൽ നാളെ കാണാമെന്ന് പറഞ്ഞ് അയാളും പോയി. ചേരാപുരത്ത് കാരൻ അബ്ദുർറഹ്മാൻ മുസ്ല്യാർ നാട്ടിലേക്കെന്നും പറഞ്ഞ് അയാൾ പോയി. മൊയ്‌ദീൻ മുസ്ല്യാർ കാഞ്ഞിരത്തിൻ കീഴിലെ പള്ളിയിലേക്ക് പോയി.പിന്നെ ഞാൻ മദ്രസയിൽ തനിച്ചായി.എന്റെ മനസ്സിൽ ആകുലതവർദ്ധിച്ചു. ഒരു മുസ്ല്യാരെന്ന തയ്യാറെടുപ്പ് ഞാൻ നടത്തിയിട്ടില്ല. എന്റെ മനസ്സ് അതിന് പാകമായിട്ടുമില്ല.
നാട്ടുകാരോട് എങ്ങിനെ പെരുമാറണം എന്ന വിഷയത്തിലായിരുന്നു ഓർക്കുമ്പോൾ എനിക്ക് ഭയമുണ്ടായിരുന്നത്. കാര്യം നിസ്സാരമാണെങ്കിലും മനസ്സിൽ നല്ല ഭയമുളവായി.
കൂടെയുള്ളവർ നിർഭയമായി സംസാരിക്കുകയും തമാശ പറയുകയും ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ, എനിക്ക് അതിനൊന്നും കഴിഞ്ഞിരുന്നില്ല.എന്റെ മനസ്സിലൊരു പരാജയ ബോധം എന്നെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. ഇക്കാര്യം തുറന്നു പറയാൻ പറ്റിയ ആരും എന്റെ കൂടെ ഇല്ലായിരുന്നു. അനാഥാലയത്തിലെ ഒൻപത് വർഷത്തെ വനവാസം കാരണം സമൂഹവുമായി എങ്ങിനെ ഇടപഴകണം എന്നതിനെ കുറിച്ച് ഞാൻ അറിയാതെ പോയി. സമൂഹവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഒമ്പത് വർഷം ഞാൻ ജീവിച്ചത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം തരം വരെയുള്ള കൂട്ടുകാരുടെ കൂടെ സമൂഹവുമായി വേർതിരിഞ്ഞ്, മതിൽ കെട്ടിന്റെ ഉള്ളിലുള്ള ഒരു അപക്വമായ കൂട്ട് കെട്ടിലായിരുന്നു ഞാൻ വളർന്നത്.കൂടെയുള്ളവരോട് കാര്യങ്ങൾ തുറന്നു പറഞ്ഞ് അവരുടെ സാന്ത്വന വാക്കുകൾ കേട്ട് എന്റെ ന്യൂനതകൾ പരിഹരിക്കാമെന്ന് എനിക്ക് അറിയാമെങ്കിലും ആരേയും വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ല.
എല്ലാവരേയും എനിക്ക് അന്യമായി തോന്നി.അവർ എങ്ങിനെ പ്രതികരിക്കുമെന്നുള്ള ഭയം.ഞാൻ ഒരു മുസ്ല്യാരെന്ന നിലക്ക്
ഒന്നിനും പാകമായിട്ടില്ല എന്ന തിരിച്ചറിവും, അതിനോടനുബന്ധിച്ച്
സാധാരണയിൽ കവിഞ്ഞ വ്യക്തി ഗത നിലവാരം ഉയരുമ്പോൾ എനിക്ക് വ്യക്തി സ്വാതന്ത്ര്യം ചുരുങ്ങുമെന്ന ഭയാശങ്കയും എന്നെ വേട്ടയാടുന്നുണ്ടായിരുന്നു.
അനാഥാലയത്തിൽ നിന്ന് ഞാൻ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല. എന്നാലും
സ്വാതന്ത്ര്യം എന്ന കിനാവ് കണ്ട് കൊണ്ടായിരുന്നു ഞാൻ അവിടെ
ഒമ്പത് കൊല്ലം തടവ് ജീവിതം അനുഭവിച്ചതിന് ശേഷം പുറം ലോകത്തേക്ക് ഇറങ്ങി വന്നത്. എന്റെ ഉദ്ദിഷ്ട വിദ്യാഭ്യാസ ലക്ഷ്യം പ്രാപിക്കാൻ കഴിയാത്തതിനാൽ സർക്കാർ ജോലിയും,അതിലൂടെ മെച്ചപ്പെട്ട സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സ്വാതന്ത്ര്യത്തിന്റെ സ്വാദനുഭവിക്കാനുമെനിക്ക് കഴിഞ്ഞില്ല.
സഹപ്രവർത്തകർക്ക് പള്ളി ദർസിൽ ഗുരുമുഖത്ത് നിന്ന് ആവശ്യമായ ഉപദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും, പരിശീലനവും കിട്ടിയിട്ടുണ്ട്.എന്നാൽ ഞാൻ പരിശീലനങ്ങളൊന്നും നേടാതെ,ഡ്രൈവിങ് ലൈസൻസ് കിട്ടിയ ഉടൻ വണ്ടിയുമായി നിരത്തിലിറങ്ങിയ ഡ്രൈവറുടെ മനോവ്യഥയായിരുന്നു എനിക്കുണ്ടായിരുന്നത്.
ഞാൻ മദ്രസ്സാ അദ്ധ്യാപനം ഐഛിക വിഷയമയി പഠിച്ചതല്ലായിരുന്നു. പകൽ സ്കൂളിൽ പോകും. രാത്രിയിലോ രാവിലേയോ നിശ്ചയിക്കപ്പെ സമയം മദ്രസയിൽ പോകും. അത്രമാത്രം.
മുന്നൊരുക്കത്തിന്റെ ഒരു പോരായ്മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.
എന്നിരുന്നാലും ഞാനെവിടേയും ഒരടി
പിന്നിലെന്ന തോന്നൽ എന്നെ അസ്വസ്ഥനാക്കി.
october 21|2025
Comments
Post a Comment