മക്കളുടെ ക്ഷമാപണവും അവർക്ക് വേണ്ടി പാപമോചന പ്രാർത്ഥനയും നടന്ന ശേഷം യൂസുഫ് നബിയുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് യഹ്ഖൂബ് നബി (അ) അദ്ദേഹത്തിന്റെ ഭാര്യ ലയ്യയും പുത്രപൗത്രാധികളുൾപ്പെടെ തൊണ്ണൂറ്റി മൂന്ന് പേർ കൻആനിൽ നിന്ന് മിസ്റിലേക്ക് യാത്ര
പുറപ്പെട്ടു. അവരുടെ ആഗമനവിവരം മുൻകൂട്ടി അറിയിക്കാൻ വേണ്ടി യഹൂദ ആദ്യമേ പുറപ്പെട്ടിരുന്നു.പിതാവും കുടുംബങ്ങളും കൻആനിൽ നിന്ന് മിസ്റിലേക്ക് വരുന്നുണ്ടെന്നുള്ള കാര്യം രാജാവിനെ അറിയിച്ചുകൊണ്ട് അവരെ സ്വീകരിക്കുന്നതിന്ന് രാജാവിന്റെ അനുവാദത്തിന്ന് യൂസുഫ് നബി(അ)യഥാസമയം അപേക്ഷിച്ചു. ഒരു വൈമനസ്സ്യവും കൂടാതെ രാജാവ്
അനുമതി നല്കുകയും ചെയ്തു. യഹ്ഖൂബ് നബിയേയും കുടുംബത്തേയും യഥോചിതം സ്വീകരിക്കാൻ രാജാവ് ഉത്സുകനുമായിരുന്നു.മിസ്റിന്റെ അതിർത്തിയിൽ വെച്ച് യഹ്ഖൂബ് നബിയെ ഒരു വമ്പിച്ച സൈനിക അകമ്പടിയോട് കൂടി തലസ്ഥാനത്തേക്കാനയിക്കാൻ കാലേക്കൂട്ടിത്തന്നെ രാജാവ് ഒരുക്കങ്ങൾ ചെയ്തു. അതനുസരിച്ച് ആയിരം ഭടന്മാരടങ്ങിയ ഒരു സൈനിക സംഘം മിസ്റിൽ നിന്ന്
അതിർത്തി പ്രദേശത്തേക്ക് പോയി.
വിശിഷ്ട രീതിയിൽ ഏകീകൃത വസ്ത്രം
ധരിച്ച അശ്വഭടന്മാരും ഉണ്ടായിരുന്നു.
നാട്ടിലെ പ്രമാണിമാരും ഉദ്യോഗസ്ഥന്മാരും അവരെ
സ്വീകരിക്കാൻ വേണ്ടി തയ്യാറായി നിന്നു. അങ്ങിനെ മിസ്റിലെ പ്രവേശന കവാടത്തിൽ വെച്ച് യഹ്ഖൂബ് നബി (അ)ന് വമ്പിച്ച സ്വീകരണം നല്കി.
മുവ്വായിരം പട്ടാളക്കാരുടെ പ്രത്യേക അകമ്പടിയോട് കൂടി യഹ്ഖൂബ് നബിയെ (അ)രാജധാനിയിലേക്ക് എഴുന്നള്ളിച്ചു.അസീസിന്റെ കൊട്ടാരത്തിൽ നിന്ന് നാല് കാതം അകലെ സ്ഥിതിചെയ്തിരുന്ന ഒരു സ്ഥലത്ത് നിന്ന് മിസ്റിലെ പ്രഭുക്കന്മാരും പ്രധാന ഉദ്യോഗസ്ഥന്മാരും യഹ്ഖൂബ് നബിയെ സ്വീകരിച്ചു.അവിടെ നിന്ന് അല്പം മുമ്പോട്ട് ചെന്നപ്പോൾ ഒരു കുതിരപ്പട്ടാളം അവരെ എതിരേറ്റു. ആ കുതിരപ്പട്ടാളത്തിന്റെ മദ്ധ്യത്തിലായി വന്നിരുന്ന യൂസുഫ് നബിയെ വളരെ അകലെ നിന്ന് തന്നെ യഹ്ഖൂബ് നബി (അ)തിരിച്ചറിഞ്ഞു. അതാ നിങ്ങളുടെ പിതൃവ്യൻ എന്ന് പൗത്രന്മാർക്ക് അദ്ദേഹം കാണിച്ചു കൊടുത്തു. യൂസുഫ് നബി (അ)ന്റെ വലത് ഭാഗത്ത് രാജാവായ റയ്യാനും ഇടത് ഭാഗത്ത് മന്ത്രിമാരും പിൻഭാഗത്ത് പ്രഭുക്കന്മാരുമായിരുന്നു ഉപവിഷ്ടരായിരുന്നത്. യഹ്ഖൂബ് നബി (അ) യൂസുഫിനെ കണ്ടതോട് കൂടി ഉളവായ ആഹ്ലാദത്തിമിർപ്പ് നിമിത്തം ഒട്ടകപ്പുറത്തിരിക്കാൻ അദ്ദേഹത്തിന്
സാധിച്ചില്ല. അദ്ദേഹം അതിവേഗം നിലത്തിറങ്ങി യഹൂദായുടെ ചുമലിൽ കൈവെച്ചു കൊണ്ട് അദ്ദേഹം
നടന്നു. യൂസുഫ് നബി (അ)അത് കണ്ടപ്പോൾ അദ്ദേഹം വേഗം കുതിരപ്പുറത്ത് നിന്നിറങ്ങി പിതാവിന്റെ അരികത്തേക്ക് കുതിച്ചു. അവർ രണ്ട് പേരും പരസ്പരം കെട്ടിപിടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു. പട്ടാളക്കാർക്കും ആ കാഴ്ച ഹൃദയ ഭേദകമായിരുന്നു. ആ സന്ദർഭത്തിൽ ജിബ്രീൽ(അ) എന്നമാലാഖ ആഗതനായി യഹ്ഖൂബ് നബിയോട് ആകാശത്തേക്ക് നോക്കാൻ വേണ്ടി പറഞ്ഞു. ആകാശത്ത് മാലാഖമാർ അണിനിരന്ന് യഹ്ഖൂബ് നബിക്ക് സ്വാഗതമരുളുന്നതാണ് അദ്ദേഹം കണ്ടത്.യഹ്ഖൂബ് നബി (അ)കണ്ണീർ പൊഴിച്ചു കൊണ്ട് അല്ല്വാഹുവിനെ സ്തുതിച്ചു.യൂസുഫ് നബി (അ) പിതാവിനേയും സഹോദരന്മാരേയും പൗത്രന്മാരേയും കൊട്ടാരത്തിലേക്കാനയിച്ചു. തന്റെ സിംഹാസനത്തിന്റെ വലത് ഭാഗത്ത് യഹ്ഖൂബ് നബിയേയും ഇടത് ഭാഗത്ത് യഹ്ഖൂബ് നബിയുടെ പത്നിയെന്ന നിലയിൽ മാതാവായിത്തീർന്ന ലയ്യ എന്ന എളയുമ്മയേയും ഇരുത്തി. സഹോദരന്മാരെ സിംഹാസനത്തിന്റെ മുമ്പിലായും യൂസുഫ് നബി(അ)ഇരുത്തി. പിതാവിന്ന് എത്രയും നല്ലൊരു കൊട്ടാരം പണിയാൻ യൂസുഫ് നബി (അ)ഒരുങ്ങിയെങ്കിലും തനിക്ക് ആരാധനക്ക് പറ്റിയ ഒരു ചെറിയ ഒരു കുടിൽ മതിയെന്ന് പറഞ്ഞതിനാൽ അദ്ദേഹത്തിനൊരു
ആരാധനാ മഠം ഉണ്ടാക്കിക്കൊടുത്തു. ജ്യേഷ്ടന്മാർക്കെല്ലാം അനുയോജ്യമായ വാസസ്ഥലം നല്കിക്കൊണ്ട് എല്ലാവരേയും വളരെ അന്തസ്സോട് കൂടി കുടിയിരുത്തി. ഒരു ദിവസം യഹ്ഖുബ്(അ)യൂസുഫിനോട് ചോദിച്ചു. "ഇത്രയെല്ലാം കാലത്തിനിടക്ക് എനിക്ക് നീയൊരു കത്തയക്കുക പോലും ചെയ്തില്ലല്ലോ, എന്താണിതിന്ന് കാരണം? നിനക്ക് അല്പ സമയം ചിലവഴിച്ചു കൊണ്ട് എനിക്കൊരു കത്തയക്കാമായിരുന്നില്ലേ?"അപ്പോൾ യൂസുഫ് നബി (അ)ഒരു പെട്ടിതുറന്ന്
അതിൽനിന്ന് ഏതാനും കത്തുകളെടുത്ത് കാണിച്ചു കൊടുത്തു. അതിൽ യൂസുഫ് യഹ്ഖൂബിന്ന് എന്നെഴുതിയ കത്തുകളായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടദ്ദേഹം പറഞ്ഞു."പിതാവേ!ഈ കത്തുകളെല്ലാം അങ്ങേക്ക് ഞാൻ എഴുതിയിട്ടുള്ളതാണ്. എന്നാൽ അവ അയക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജിബ്രീൽ എന്റെ അടുക്കൽ വന്ന് പിതാവിന്ന് കത്തയക്കരുതെന്നും, ധൃതി പാടില്ലെന്നും, കത്തയക്കാൻ സമയമാട്ടില്ലെന്നും പറഞ്ഞ് എന്നെ മുടക്കുകയായിരുന്നു. അത് കൊണ്ടാണ് ഈ കത്തുകളെല്ലാം ഇവിടെ കിടക്കുവാനിടയായത്. നിങ്ങൾക്ക് തന്നെ ജിബ്രീലിനോട് ചോദിക്കാമെന്നും യൂസുഫ് നബി പറഞ്ഞു. ജിബ്രീലിനോട് ചോദിച്ചപ്പോൾ ജിബ്രീൽ പറഞ്ഞു. നിങ്ങൾ യൂസുഫിനെ ജ്യേഷ്ടന്മാർക്ക് വിട്ട് കൊടുത്തപ്പോൾ അദ്ദേഹത്തിനെ ചെന്നായ പിടിക്കുമെന്ന് അങ്ങ് ആശങ്ക പ്രകടിപ്പിച്ചു. അല്ല്വാഹുവാണ് സർവ്വരുടേയും രക്ഷകൻ. എന്ന പരമാർത്ഥം അങ്ങ് ആലോചിച്ചില്ല. ആ അപരാധത്തിന്ന് അങ്ങ് യൂസുഫുമായിനാല്പത് കൊല്ലം അകന്നിരിക്കണമെന്ന് അല്ല്വാഹുവിന്റെ നിശ്ചയമായിരുന്നു. ആ കാലമത്രയും കത്തയക്കുന്നതിൽ നിന്ന് യൂസുഫിനെ തടയേണ്ടത് എന്റെ ചുമതലയായിത്തീർന്നു.യഹ്ഖൂബ് നബി (അ)മിസ്റിൽ യൂസുഫ് നബി (അ)തയ്യാറാക്കിക്കൊടുത്ത കുടിലിൽ ഇരുപത്തി നാല് വർഷമായിരുന്നു
അദ്ദേഹം താമസിച്ചത്. പകൽ വൃതാനുഷ്ടാനത്തിലും രാത്രി സമയങ്ങളിൽ നമസ്കാരാദി പ്രാർത്ഥനകളിലുമായിരുന്നു അദ്ദേഹം
സമയം ചെലവഴിച്ചത്. ഇരുപത്തിനാല് കൊല്ലം കഴിഞ്ഞപ്പോൾ ജിബ്രീൽ എന്ന മാലാഖ ആഗതനായി ഇങ്ങിനെ പറഞ്ഞു. യഹ്ഖൂബ് നബിയേ!അങ്ങയുടെ പൂർവ്വ പിതാക്കളുടെ ആത്മാക്കൾക്ക് അങ്ങയെ കാണുന്നതിന്ന് വളരെ ആഗ്രഹമുളവായിരിക്കുന്നു. അങ്ങയുടെ അവധി കഴിയാറായിരിക്കുകയാണ്. യഹ്ഖൂബ് നബിക്ക് കാര്യം മനസ്സിലായി. എങ്കിലും കാര്യം യൂസുഫ് നബിയെ അറിയിച്ചില്ല. വസ്തുതകൾ മറച്ചു വെച്ച് കൊണ്ട് യൂസുഫ് നബിയോടദ്ദേഹം പറഞ്ഞു. കുഞ്ഞുമകനെ! ബൈതുൽ മുഖദ്ദസിൽ പോയി പിതാമഹന്മാരുടെ ശ്മശാനങ്ങൾ സന്ദർശിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്.യൂസുഫ് നബി അതിനനുവദിക്കുകയും
യാത്രയയക്കുകയും ചെയ്തു. യൂസുഫ് നബി(അ) പ്രധാന ഉദ്യോഗസ്ഥന്മാരോടേയും ഏതാനും പട്ടാളക്കാരേയും അകമ്പടിയോടെ കുറേ ദൂരത്തോളം അദ്ദേഹത്തെ
അനുഗമിക്കുകയും ചെയ്തു.
യഹ്ഖൂബ്(അ) തന്റെ പിതാമഹനായ ഇബ്രാഹിം നബിയുടെ ഖബറിന്നരികെ ചെന്നു.അവിടെ നിന്നദ്ദേഹം പ്രാർത്ഥിച്ചു. അതിന്റെ സമീപം ഒരു ഖബർ തുറന്ന് കിടക്കുന്നതദ്ദേഹം കണ്ടു. അത് ആർക്കുവേണ്ടി തയ്യാറാക്കിയതാണെന്ന് അദ്ദേഹം അന്വേഷിച്ചപ്പോൾ അത് സ്വർഗ്ഗത്തെ ആഗ്രഹിക്കുന്ന ആൾക്കുള്ളതാണെന്ന് മാലാഖമാർ മറുപടി പറഞ്ഞു. താനും സ്വർഗ്ഗത്തെ ആഗ്രഹിക്കുന്ന ആളാണെന്നും അത് കൊണ്ട് തനിക്ക് ആ ഖബറിൽ ഇറങ്ങാൻ സമ്മതമുണ്ടായിരിക്കണമെന്നും
അദ്ദേഹം പറഞ്ഞു. മാലാഖമാർ സമ്മതിച്ചു.
അങ്ങിനെ യഹ്ഖൂബ് നബി(അ) ബറിൽ ഇറങ്ങി. ഉടൻ തന്നെ അദ്ദേഹത്തിന്റെ ആത്മാവ് ജഡവുമായി പിരിഞ്ഞു.യഹ്ഖൂബ് നബി(അ)യുടെ വിയോഗാനന്തരം മലക്കുകൾ പോലും യൂസുഫ് നബി (അ)നെ സാന്ത്വനപ്പെടുത്തിയിരുന്നു.
അദ്ദേഹം അത്രയധികം ദു:ഖിതനായിരുന്നു.
പിതാവിന്റെ വേർപാടിന്ന് ശേഷം യൂസുഫ് നബി(അ)ന് ജീവിതത്തിൽ ഒരു സന്തോഷവുമുണ്ടായിരുന്നില്ല.യഹ്ഖൂബ് നബി (അ)ഇഹലോകവാസം വെടിഞ്ഞ് ഏതാനും വർഷം കഴിഞ്ഞപ്പോൾ യൂസുഫ് നബിക്ക് പാരത്രിക ചിന്തയും ഭൗതിക വിരക്തിയും അനുഭവപ്പെട്ടു. അദ്ദേഹമിങ്ങനെ പ്രാർത്ഥിച്ചു. "എന്റെ രക്ഷിതാവേ!എനിക്ക് നീ രാജത്വം നല്കുകയും, സ്വപ്നങ്ങളുടെ വ്യാഖ്യാനം പഠിപ്പിച്ചു തരികയും ചെയ്തു. ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ച നാഥാ, ഇഹത്തിലും പരത്തിലും നീയാണെന്റെ യജമാനൻ. നീയെന്നെ മുസ്ലിമായി മരിപ്പിക്കുകയും, സജ്ജനങ്ങളിൽ ചേർക്കുകയും ചെയ്യേണമേ. ഈ പ്രാർത്ഥനക്ക് ശേഷം ഒരാഴ്ചയോ അതിലധികമോ ആണ് അദ്ദേഹം ജീവിച്ചിരുന്നത്.
യഹ്ഖൂബ് നബി (അ)ന്റെ മരണശേഷം ഇരുപത്തിമൂന്ന് കൊല്ലക്കാലം മാത്രമാണ് യൂസുഫ് നബി (അ)ജീവിച്ചത്. ഒരു ദിവസം യൂസുഫ് നബി (അ) കുതിരപ്പുറത്ത് കയറാൻ വേണ്ടി കുതിരയുടെ ജീനിച്ചവിട്ടിൽ കാല് വെക്കാനൊരുങ്ങിയപ്പോൾ അസ്റാഈൽ(അ) എന്ന മരണത്തിന്റെ മാലാഖ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് കാല് പിൻവലിക്കണമെന്നും അങ്ങയുടെ അവധിയായെന്നും യൂസുഫ് നബി (അ)യോട് പറഞ്ഞു. മരണസമയമായെന്ന് ഉറപ്പായപ്പോൾ അദ്ദേഹം സഹോദരന്മാരോട് മിസ്റിൽ താമസിക്കരുതെന്നും അത് ഫറോവമാരുടേയുയും അക്രമികളുടേയും രാജ്യമാണെന്നും മുന്നറിയിപ്പ് നല്കി. യൂസുഫ് നബി(അ)നൂറ്റി ഇരുപതാം വയസ്സിലാണ് കാലഗതി പ്രാപിച്ചത്. സലീഖായുടെ മരണത്തിന്ന് അല്പകാലം മുമ്പാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായത്. അദ്ദേഹം മറവ് ചെയ്യപ്പെട്ടത് എവിടെയാണെന്നറിയുകയില്ല.
(അവസാനിച്ചു)
Comments
Post a Comment