യൂസുഫ് നബിയുടെ ഉപദേശമനുസരിച്ച് പുത്രനായ അഫ്രാത്തീം പിതൃവ്യനായ ബുൻയാമീൻ കിടക്കുന്ന മുറിയിൽ ചെന്നു. അദ്ദേഹം ബുൻയാമീനെ താങ്ങിയിരുത്തി. ചുമരിലുണ്ടായിരുന്ന പിതൃചിത്രത്തിലും ബുൻയാമീന്റെ മുഖത്തും അഫ്രാത്തീം മാറി മാറി
നോക്കി."നിങ്ങളാരാണ്? ".
ബോധം തിരിച്ചു കിട്ടിയപ്പോൾ അഫ്രീത്തീമിനോട് ബുൻയാമീൻ ചോദിച്ചു.
"ഞാൻ യൂസുഫിന്റെ പുത്രനാണ്".
"അദ്ദേഹമിവിടെയുണ്ടോ?".
ബുൻയാമീൻ ചോദിച്ചു.
"അതെ, അദ്ദേഹമിവിടെയുണ്ട്". അഫ്രാത്തീം പറഞ്ഞു. കാണാതായ എന്റെ സഹോദരൻ അയാൾ തന്നെയായിരിക്കുമെന്ന് ബുൻയാമീൻ സംശയിച്ചു. അദ്ദേഹം പെട്ടന്നെഴുന്നേറ്റ്
അഫ്രാത്തീമിനെ കെട്ടിപിടിച്ചു.
ശിരസ്സിലും, നെറ്റിയിലും തുരുതുരാ ചുംബിച്ചു. എന്നിട്ടദ്ദേഹം അഫ്രാത്തീമിനോട് പറഞ്ഞു.
"മോനേ,എന്റെ ജ്യേഷ്ടന്റെ ശരീരത്തിൽ നിന്ന് നിർഗ്ഗളിക്കുന്ന ആസ്വാദ്യകരമായ
അതേ സുഗന്ധമാണ് നിന്റെ ശരീരത്തിൽ നിന്നും എനിക്കനുഭവപ്പെടുന്നത്. എനിക്കിപ്പോൾ തന്നെ ജ്യേഷ്ടനെ കാണണം. നീ അദ്ദേഹത്തോട് വിവരം പറയണം.". അഫ്രാത്തീം ഉടൻ തന്നെ പിതാവിനെ സമീപിച്ച് വസ്തുതകളെല്ലാം വിവരിച്ചു. യൂസുഫ് ഉടൻ തന്നെ ബുൻയാമീനെ തന്റെ സ്വകാര്യ മുറിയിൽ
വരുത്തി താൻ തന്നെയാണ് നിന്റെ ജ്യേഷ്ടനായ യൂസുഫെന്ന് അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിനെ ആശ്വസിപ്പിച്ചതിനു ശേഷം യൂസുഫ്
പിതാവിന്റെ വർത്തമാനം ചോദിച്ചു. അപ്പോൾ ബുൻയാമീൻ പറഞ്ഞു."അങ്ങയെ കുറിച്ചുള്ള വിലാപം കാരണമായി പിതാവിന്റെ കണ്ണിന്റെ കാഴ്ച മങ്ങിയിരിക്കുന്നു. അങ്ങയെപ്പറ്റിയല്ലാതെ പിതാവിന്ന് മറ്റൊരു ചിന്തയുമില്ല".
"നിന്റെ വിവാഹം കഴിഞ്ഞോ?".
യൂസുഫ് നബി (a) ചോദിച്ചു.
"ഉവ്വ് എനിക്ക് മൂന്ന് പെൺമക്കളുണ്ട്".
ബുൻയാമീൻ പറഞ്ഞു. യൂസുഫ് നബി(a)ജ്യേഷ്ടന്മാരുടെ കൂടെ പോയിരിക്കാനും കാര്യങ്ങളെല്ലാം ഗോപ്യമായി വെക്കാനും നിർദ്ദേശിച്ചു.
"അങ്ങുമായി പിരിയുന്നത് എനിക്ക് പൊറുക്കാൻ കഴിയുന്നില്ല".
ബുൻയാമീൻ യൂസുഫ് നബി(അ)യോട് പറഞ്ഞു "നിന്നെ ഇവിടെനിന്നു വിട്ടയക്കാതിരിക്കാൻ
ഞാനൊരുപായം പ്രയോഗിക്കുന്നുണ്ട്. എങ്കിലും ഇപ്പോൾ നീ അവരുടെ കൂടെ പോയിരിക്കണം". ബുൻയാമീൻ
ജ്യേഷ്ടനോട് നന്ദിയും ബഹുമാനവും പ്രകടിപ്പിച്ചു കൊണ്ട് ജ്യേഷ്ടന്മാരുടെ കൂടെ പോയിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് പ്രസന്നത കണ്ടപ്പോൾ ജ്യേഷ്ടന്മാർക്ക് സംശയമുളവായി. "എന്താണിത്ര സന്തോഷമെന്ന് ബുൻയാമീനോടവർ ചോദിച്ചു.
"സഹോദരൻ യൂസുഫിന്റെ ഛായാപടം കാണാൻ സാധിച്ചതിലെനിക്ക് അളവറ്റ ആഹ്ലാദം തോന്നുന്നതായി ബുൻയാമീൻ
സൂത്രത്തിൽ മറുപടി പറഞ്ഞു. ആ മറുപടി കൊണ്ടവർ സമാധാനിച്ചു.
യൂസുഫ് നബി അവർക്ക് ധാന്യം അളന്ന് ചാക്കിലാക്കി കൊടുക്കാൻ ഭണ്ഡാര സൂക്ഷിപ്പുകാരനോട് കല്പിച്ചു. അപ്രകാരം ഓരോ ചാക്കുകളിൽ ഓരോരുത്തർക്കും ഒട്ടകത്തിന് വഹിക്കാവുന്നത്ര അളവിൽ ധാന്യങ്ങൾ
പൊതിഞ്ഞ് കൊടുത്തു. യൂസുഫ് നബി (അ)കാലേക്കൂട്ടി നിർദ്ദേശിച്ചതനുസരിച്ച്
ബുൻയാമീന്റെ ചാക്കിൽ അളക്കുന്ന താപ്പും വെച്ചു കെട്ടി. ചാക്കുകളെല്ലാം ഒട്ടകപ്പുറത്ത് കയറ്റിയതോട് കൂടി സഹോദരന്മാരെല്ലാം യാത്ര പറഞ്ഞു. അവർ കുറെ അകലെ എത്തിയപ്പോൾ അസീസ് നിയോഗിച്ചിരുന്ന ഒരു ദൂതൻ ഓടിച്ചെന്ന് "നിങ്ങളിവിടുത്തെ അളവ് താപ്പ് ചാക്കിലിട്ട് കൊണ്ട് പോകുകയാണല്ലേ?"എന്ന് വിളിച്ചു ചോദിച്ചു. നിരപരാധിത്വം തെളിയിക്കുന്നതിന്ന് തിരിച്ചു വരികയേ അവർക്ക് ഗത്യന്തരമുണ്ടായിരുന്നുള്ളു. അവരെല്ലാവരും യൂസുഫ് നബിയുടെ അടുക്കലേക്ക് മടങ്ങി.അപ്പോൾ യൂസുഫ് നബി (അ)അവരോട് പറഞ്ഞു. ഒരു പക്ഷെ നിങ്ങളിലാരെങ്കിലും അളവ് പാത്രം ചാക്കിലിട്ട് കെട്ടിപ്പോയിരിക്കുമെന്ന് സംശയമുള്ളത് കൊണ്ടാണ് നിങ്ങളെ വിളിപ്പിച്ചത്. അപ്പോൾ ജ്യേഷ്ടന്മാർ പറഞ്ഞു. ഞങ്ങളിതുവരെ ഒരു സാധനവും മോഷ്ടിച്ചിട്ടില്ല. ഞങ്ങൾക്ക് മതത്തിൽ വിരോധിക്കപ്പെട്ടൊരു കാര്യമാണത്". അത് കൊണ്ട് ഞങ്ങളെ സംശയിക്കരുത്".അഥവാ
നിങ്ങളിലാരുടെയെങ്കിലും ചാക്കിൽ നിന്ന് അളവ് പാത്രം കണ്ടു കിട്ടിയാൽ അതിന്ന് നിങ്ങളുടെ മതപ്രകാരം നിശ്ചയിക്കുന്ന ശിക്ഷയെന്തായിരിക്കുമെന്ന് നിങ്ങൾ തന്നെ പറയണം. ആ ശിക്ഷ മാത്രമേ നിങ്ങളനുഭവിക്കേണ്ടി വരികയുള്ളു".
യൂസുഫ് നബി (അ)പറഞ്ഞു.
"മോഷ്ടാവ് മുതലുടമസ്ഥന്റെ അടിമയായി വർത്തിക്കുകയാണ് വേണ്ടത്". ജ്യേഷ്ടന്മാർ പറഞ്ഞു.
"മോഷ്ടാവിന്റെ പക്കൽ നിന്ന്
അവൻ കട്ടതിന്റെ ഇരട്ടി മുതൽ വസൂലാക്കുകയാണ് രാജനീതിയനുസരിച്ച് ഇവിടെയുള്ള ശിക്ഷ". യൂസുഫ് നബി (അ)പറഞ്ഞു. ഈ സംഭാഷണാനന്തരം അസീസ് അവരിൽ നിന്ന് ഓരോരുത്തരുടേയും ചാക്ക് ക്രമപ്രകാരം അഴിപ്പിച്ച് പരിശോധിച്ചു. അവസാനം ബുൻയാമീന്റെ ചാക്കാണ് അഴിച്ചത്. അതിൽനിന്നും അളവ് പാത്രം കിട്ടുകയും ചെയ്തത് ഉടൻ തന്നെ
ജ്യേഷ്ടന്മാർ പുച്ഛഭാവത്തിൽ പരസ്പരം നോക്കി. "ഇവൻ
മോഷ്ടിച്ചതിലെന്താണിത്ര അത്ഭുതപ്പെടാനുള്ളത്. ഇവന്റെ ജ്യേഷ്ടനും മുമ്പ് മോഷ്ടിച്ചവനാണല്ലോ."
ലജ്ജിച്ചു തലതാഴ്ത്തി നിന്നിരുന്ന ബുൻയാമീനെ അവർ കുറ്റപ്പെടുത്തി.
എടോ, നമ്മുടെ പിതാവെത്ര പരിശുദ്ധനാണെന്നറിയാമോ? ". എന്നിരിക്കെ ഇത്രയും നീചമായ കുറ്റം എന്തിനാണ് നീ ചെയ്തത്. നീ കുടുംബത്തിന്നാകമാനം അപമാനമുണ്ടാക്കിയില്ലേ?. നീ മോഷ്ടിച്ചിട്ടല്ലാതെ ഈ അളവ് പാത്രം നിന്റെ ചാക്കിൽ വരാൻ യാതൊരു കാരണവുമില്ല". എങ്കിലും മൂത്ത സഹോദരനായ റൂയീന്ന് അസീസിന്റെ കാര്യത്തിൽ ആദ്യമേ സംശയം ബലപ്പെടുകയാണ് ചെയ്തത്. അദ്ദേഹം അനുജന്മാരോട് വളരെ ഗോപ്യമായി പറഞ്ഞു. "ഇത് അസീസ് പ്രയോഗിച്ച ഒരു കുതന്ത്രമാകാനാണ് സാദ്ധ്യത. അദ്ദേഹത്തിന്ന് ബുൻയാമീനെ ഇവിടെ തടഞ്ഞു നിർത്തുന്നതിനായി അദ്ദേഹം തന്നെ അളവ് പാത്രം ചാക്കിൽ വെച്ച് കെട്ടിച്ചതാണ്. എങ്കിലും നമുക്ക് കുറ്റം സമ്മതിക്കാതിരിക്കാൻ നിർവ്വാഹമില്ല. മോഷണത്തിനുള്ള ശിക്ഷ മോഷ്ടാവിനെ മുതലുടമസ്ഥന് അടിമയാക്കലാണെന്ന് അവർ ആദ്യമേ സമ്മതിച്ചതിലുള്ള അബദ്ധവും അപ്പോൾ മാത്രമേ അവർക്ക് മനസ്സിലായുള്ളു. അസീസ് ഉടൻ തന്നെ ബുൻയാമീനെ അടിമയാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രഭോ ബുൻയാമീനെ കൂടെ
കൂട്ടാതെ പോയാൽ ഞങ്ങളുടെ പിതാവിന്ന് മുഖം കാണിക്കാൻ ഞങ്ങൾക്കാവില്ല. വർഷങ്ങൾക്ക് മുമ്പ് അവന്റെ ജ്യേഷ്ടനെ കാട്ടിൽ വെച്ച് നഷ്ടമായതിന്റെ തീരാദു:ഖം അനുഭവിച്ച് വരികയാണദ്ദേഹം. ആയതിനാൽ ഞങ്ങളിൽ നിന്നൊരാളെ പകരം സ്വീകരിച്ചുകൊണ്ട് അവനെ വിട്ടയക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു".
ജ്യേഷ്ടന്മാർ യൂസുഫ് നബിയോട് താണ്കേണപേക്ഷിച്ചു.
"കുറ്റം ചെയ്യാതെ ഒരാളെ ശിക്ഷിക്കുന്നത് അനീതിയല്ലെ?"യൂസുഫ് നബി (അ)ചോദിച്ചു."ബുൻയാമീനെ പിതാവിന്ന് തിരിച്ചേൽപ്പിക്കാമെന്ന് ഞങ്ങൾ ശപഥം ചെയ്തിട്ടുണ്ട്. ആ സ്ഥതിക്ക് ഞങ്ങളെന്തു ചെയ്യും. ഞങ്ങളുടെ നിസ്സഹായതയോർത്ത് അങ്ങ് ഞങ്ങളോട് ദയകാണിക്കണം". ജ്യേഷ്ടന്മാർ പറഞ്ഞു. "നിങ്ങളുടെ
പിതാവിന്റെ മതനിയമപ്രകാരമുള്ള ശിക്ഷയാണല്ലോ അയാൾക്ക് നല്കിയത്, അതിലിനി മാറ്റം വരുത്താൻ കഴിയില്ല. നിങ്ങളിനി നാട്ടിലേക്ക് മടങ്ങിക്കൊള്ളണം. അനാവശ്യ സംസാരത്തിന് മുതിർന്നാൽ നിങ്ങളേയും ശിക്ഷിക്കേണ്ടി വരും". യൂസുഫ് നബി (അ)അവർക്ക് താക്കീത് നൽകി.
തങ്ങളുടെ അപേക്ഷകളൊന്നും അസീസ് സ്വീകരിക്കുന്നില്ലെന്ന് കണ്ടപ്പോൾ റൂയീലിന് കോപം വന്നു. ബുൻയാമീനെ വിട്ടു കിട്ടിയാലല്ലാതെ മടങ്ങുകയില്ലെന്ന് അദ്ദേഹം ശഠിച്ചു. താൻ ഗർജ്ജിക്കുന്നതായാൽ അവരെല്ലാവരും ഹൃദയം പൊട്ടി മരിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. റൂയീലിന്റ ഗർജനം ദുസ്സുഹമായിരിക്കുമെന്നു യൂസുഫ് നബിക്ക് അറിയാമായിരുന്നു. അദ്ദേഹം ഗർജ്ജിക്കാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ മുതുകിൽ കൈവെച്ച് കൊള്ളണമെന്ന് അഫ്രാത്തീമിനോട് യൂസുഫ് നബി (അ) ആദ്യമേ കല്പിച്ചിട്ടുണ്ടായിരുന്നു. അങ്ങിനെ തടവുന്നതായാൽ റൂയീലിന്റെ കോപം ശമിക്കാറായിരുന്നു പതിവ്. അത് കൊണ്ട് ഭീഷണിക്കൊന്നും അസീസ് വഴങ്ങിയില്ല. അദ്ദേഹം ആദ്യത്തെ നിലപാടിൽ തന്നെ ഉറച്ചു നിന്നു. ബുൻയാമീനെ വിട്ടുകൊടുക്കുന്നതല്ലെന്നും വിടുവിക്കാൻ സാദ്ധ്യമെങ്കിൽ പരീക്ഷച്ചു നോക്കാമെന്നും അദ്ദേഹം ധൈര്യപൂർവ്വം പ്രസ്താപിച്ചു.തന്നിമിത്തം റൂയീൽ ഗർജിച്ചു. അപ്പോഴേക്കും അഫ്രാത്തീമിന്റെ കൈ റൂയീലിന്റെ മുതുക് തടവിക്കൊണ്ടിരുന്നു. അവസാനം അസീസിന്റെ കല്പനക്ക് വശംവദരായി ജ്യേഷ്ടന്മാരെല്ലാം
പുറത്തിറങ്ങി. തന്റെ മുതുകിൽ അത്രപ്പെടുന്നനവെ കൈവെച്ചതാരായിരിക്കുമെന്ന് സഹോദരന്മാരോട് റൂയീൽ ചോദിച്ചു. തങ്ങളിലാരും ഒന്നും ചെയ്തിട്ടില്ലെന്നും മറ്റാരെങ്കിലും ചെയ്തത് കണ്ടിട്ടില്ലെന്നും അവരിൽ ഓരോരുത്തരും പറഞ്ഞു. അവരെല്ലാവരും അസീസ് ശിക്ഷിക്കുമെന്ന ഭയം നിമിത്തം പുറത്തിറങ്ങിയെങ്കിലും കൻആനിലേക്ക് പോകാനവർക്ക്
തൃപ്തിയുണ്ടായിരുന്നില്ല. പിതാവിനെക്കുറിച്ചുള്ള ഭയം അവരെ അലട്ടിക്കൊണ്ടിരുന്നു. കൊട്ടാരത്തിന് പുറത്തു വെച്ച് അവരിങ്ങനെ ചർച്ച ചെയ്തു. നമുക്ക് പത്ത് പേർക്കും അസീസിനോട് വീണ്ടും സംസാരിക്കാം. ബുൻയാമീനെ കൂടാതെ നമുക്ക് കൻആനിലേക്ക് പോകാൻ പ്രയാസമാണെന്ന് നമുക്ക് അസീസിനോട് പറയാം. അപ്പോൾ അവരിൽ നിന്ന് മറ്റൊരാൾ പറഞ്ഞു. ബുൻയാമീനെ ബലപ്രയോഗത്തിലൂടെ നമുക്ക് മോചിപ്പിക്കാം. ഈ നാട്ടുകാർക്ക് നമ്മോട് പൊരുതി ജയിക്കാനുള്ള ശക്തിയില്ല. അപ്പോൾ ശംഊൻ പറഞ്ഞു പട്ടണത്തിന്റെ മദ്ധ്യത്തിൽ നിന്ന് കൊണ്ട് നമുക്ക് ശബ്ദം മുഴക്കാം. ജനങ്ങളുടൻ തന്നെ ബോധമറ്റ് വീഴും അപ്പോൾ ബോൻയാമീനെ രക്ഷപ്പെടുത്താൻ എളുപ്പമായിരിക്കും.
കൊട്ടാരത്തിന് പുറത്ത് വെച്ച് ജ്യേഷ്ടന്മാർ നടത്തിയ സംഭാഷണ വിവരങ്ങൾ തത്സമയം തന്നെ യൂസുഫ് നബി (അ)അറിയുന്നുണ്ടായിരുന്നു. അദ്ദേഹം അവരെ വീണ്ടും വിളിച്ചു വരുത്തി. അവരോട് പറഞ്ഞു."ഹേ യഹ്ഖൂബ് പുത്രന്മാരേ,ഞാൻ നിങ്ങളോട് ഒരനീതിയും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്കറിയാമല്ലോ. എന്നെക്കൊണ്ട് കഴിയുന്ന ഉപകാരങ്ങൾ ഞാൻ നിങ്ങൾക്ക് ചെയ്തു തന്നിട്ടുമുണ്ട്. നിങ്ങളുടെ അനുജൻ മോഷണം നടത്തിയതിന്ന് നിങ്ങളുടെ മതപ്രകാരമുള്ള ശിക്ഷ മാത്രമാണ് ഞാൻ നല്കിയത്. ഇവിടത്തെ നിയമപ്രകാരമാണെങ്കിൽ വധ ശിക്ഷ വരെ ആവാം. എന്നിട്ടും നിങ്ങൾ അവനെ ബലമായി കൊണ്ട് പോകാനും എന്നോട് യുദ്ധം ചെയ്യാനും ഒരുങ്ങുകയാണെന്ന് ഞാനറിഞ്ഞു. എന്നാൽ നിങ്ങൾക്ക് മാത്രമേ പ്രതാപമുള്ളൂവെന്ന് നിങ്ങൾ അഹങ്കരിക്കരുത്. ഒരുപക്ഷേ എനിക്ക് അതിലേറെ ശക്തി ഉണ്ടായേക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം".
അനന്തരം യൂസുഫ് നബി (അ)ഒരു പാറക്കല്ല് ഒറ്റച്ചവിട്ടിന് പൊടിപൊടിയാക്കിക്കൊണ്ട് അവരെ ഭയപ്പെടുത്തി. എന്നിട്ടദ്ദേഹമിങ്ങനെ പറഞ്ഞു. "ഹേ യഹ്ഖൂബ് സന്തതികളേ!നിങ്ങൾ ഒരു പ്രവാചകന്റെ മക്കളായിപ്പോയല്ലോ. അല്ലാത്ത പക്ഷം ഒരൊറ്റ ഗർജ്ജനം കൊണ്ട് നിങ്ങളെ ഞാൻ സംഹരിക്കുമായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ താക്കീത് കൊണ്ടും അവർ അടങ്ങിയില്ല. റൂയീൽ പെട്ടെന്ന് ഒരൊച്ച മുഴക്കി. യൂസുഫ് നബി (അ)സിംഹാസനത്തിൽ നിന്നും ഞെട്ടിത്തെറിച്ചു പോയി. എങ്കിലും അദ്ദേഹം പെട്ടന്നെഴുന്നെഴുന്നേറ്റ് ഇങ്ങിനെ താക്കീതു നൽകി. ഹേ കൻആൻ കാരേ!എന്റെ ശക്തി എത്രത്തോളമുണ്ടെന്ന് നിങ്ങളറഞ്ഞിട്ടില്ല. എനി ഇവിടെ നിങ്ങളുടെ ഒരു പ്രതാപവും ഫലിക്കുന്നതല്ല".
"അസീസേ!ഒരു വലിയ പർവ്വതം മൂന്ന് ദിവസത്തോളം സ്വന്തം കൈ കൊണ്ട് ഉയർത്തിപ്പിടിക്കുന്നതിന്ന് ശക്തിയുള്ളവനാണ് ഞാൻ"റൂയീൽ പറഞ്ഞു.
"എന്റെ ഒരൊച്ച കൊണ്ട് ഗർഭിണികളുടെ ഗർഭങ്ങൾ അലസിപ്പോകും. ജനങ്ങൾ വീണു മരിക്കുന്നത് കാണാം ". യഹൂദാ പറഞ്ഞു.
എന്റെ ശക്തിയുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ ശക്തികളെല്ലാം നിസ്സാരമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. പെട്ടെന്ന് യൂസുഫ് നബി (അ)ഒരൊച്ചയിട്ടു. പത്ത് സഹോദരങ്ങളും ബോധരഹിതരായി നിലംപതിച്ചു. അല്പസമയത്തിന്നു ശേഷം ബോധം തിരിച്ചു കിട്ടിയപ്പോൾ അവർ അസീസിനോട് മാപ്പ് ചോദിച്ചു. യൂസുഫ് നബി (അ)അവരെ വിട്ടയച്ചു. അവർ പുറത്തിറങ്ങി പരസ്പരം ഇങ്ങിനെ പറഞ്ഞു."യഹ്ഖൂബ് സന്തതികളായ നമുക്കുള്ള പ്രതാപം മറ്റാർക്കുമില്ലെന്നുള്ള ധാരണ ശരിയല്ല. ഏതായാലും അസീസിനോട് മത്സരിക്കുന്നത് നിഷ്ഫല മായിരിക്കും.പിതാവാകട്ടെ നാം മടങ്ങിച്ചെല്ലുമ്പോൾ യൂസുഫിന്റെ കാര്യത്തിലെന്ന പോലെ ബുൻയാമീന്റെ കാര്യത്തിലും നാം അലസത കാണിച്ചുവെന്ന ആക്ഷേപിക്കാതിരിക്കില്ല. അത് കൊണ്ട് മിസ്ർ കാരോട് ഒരു യുദ്ധത്തിന് അനുവാദം നമുക്ക് തേടിനോക്കാം. അനുവാദം കിട്ടിയാൽ പടവെട്ടി ജയിക്കുക തന്നെ ചെയ്യാം. അനുവാദം കിട്ടുമോ ഇല്ലേ? രണ്ടിലൊന്ന് തീർച്ചപ്പെടാതെ ഇവിടെ നിന്ന് നാം മടങ്ങരുത്. രണ്ട് പേർ ഇവിടെ താമസിക്കുകയും, എട്ടുപേർ പിതാവിന്റെ അടുക്കൽ പോയി സമ്മതം വാങ്ങുകയുമാണ് വേണ്ടതെന്ന് അവർ തീർച്ചപ്പെടുത്തി. അതനുസരിച്ച് യഹൂദയും ശംഊനും മിസ്റിൽ തന്നെ താമസിക്കുകയും, എട്ട് പേർ യഹ്ഖൂബ് നബി (അ)യുടെ അടുക്കലേക്ക് പോവുകയും ചെയ്തു.ഇങ്ങിനെ എട്ട് പേർ കൻആനിൽ മടങ്ങിയെത്തി. ശംഊനും യഹൂദയും മിസ്റിൽ കാത്തുനിന്നു. ബുൻയാമീൻ യൂസുഫ് നബി(അ)യുടെ അധീനയിലുമായി.യൂസുഫ് നബി (അ)പുത്രന്മാർ മടങ്ങി വരുന്നത് അക്ഷമയോടെ കാത്തിരിക്കോകയായിരുന്നു. അവർ മടങ്ങി വന്നപ്പോൾ അദ്ദേഹം അവരെ സന്തോഷ പൗർവ്വം ആലിംഗനം ചെയ്ത്
സ്വീകരിച്ചു.
അനന്തരം ഓരോരുത്തരുടേയും പേർ വിളിച്ചു. ശംഊനേയും യഹൂദയേയും ബോൻയാമീനേയും വിളിച്ചപ്പോൾ അവർ വന്നിട്ടില്ലെന്ന് പറഞ്ഞു. ബുൻയാമീൻ മടങ്ങി വന്നിട്ടില്ലെന്ന് പറഞ്ഞപ്പോൾ യഹ്ഖൂബ് നബി പറഞ്ഞു. "നിങ്ങൾക്ക് ലജ്ജയില്ലേ? ബുൻയാമീനെ കൊണ്ട് വരാമെന്നല്ലയോ നിങ്ങളെന്നോട് ശപഥം ചെയ്തത്?"
"രാജാവിന്റെ അളവ് താപ്പ് മോഷ്ടിച്ച കുറ്റത്തിന് നമ്മുടെ മതനിയമപ്രകാര മദ്ദേഹം അവനെ ശിക്ഷിച്ചിരിക്കുന്നു. യഹൂദയും ശംഊനും അവിടെത്തന്നെ നില്ക്കുന്നുമുണ്ട്. അങ്ങേക്ക് വിവരം തരാൻ വേണ്ടിയാണ് ഞങ്ങളിവിടെ വന്നത്. ഞങ്ങൾ പറയുന്നത് ശരിയല്ലെന്ന് തോന്നുന്നുവെങ്കിൽ ഞങ്ങളുടെ കൂടെ വന്നിട്ടുള്ളവരോട് ചോദിച്ചു നോക്കാം. അതും പോരെങ്കിൽ മിസ്ർകാരോടും ചോദിക്കാം. ബുൻയാമീന്റെ ചാക്കിൽ നിന്നാണത് അഴിച്ചെടുത്തത്. ഞങ്ങളത് കാണുകയും ചെയ്തു. എങ്കിലും അത് അവന്റെ ചാക്കിലിട്ട് കെട്ടിയത് അവൻ തന്നെയാണോ അതോ മറ്റുവല്ലവരും ചെയ്തതാണോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്.
അവരുടെ വാക്കുകളിൽ യഹ്ഖൂബ് നബിക്ക് തീരെ വിശ്വാസം വന്നില്ല. അദ്ദേഹം പറഞ്ഞു. നിങ്ങൾ യൂസുഫിനോട് ചെയ്തത് പോലെയുള്ള കുറ്റം തന്നെ ബുൻയാമീനോടും ആവർത്തിച്ചിരിക്കുന്നു. നിങ്ങൾ ചെയ്തതെല്ലാം തെറ്റാണെന്ന് നിങ്ങളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടാവും. എനിക്കാവട്ടെ ക്ഷമിക്കാനല്ലാതെ കഴിയുകയുമില്ല. അല്ലാഹു അവന്റെ ഇഷ്ടപ്രകാരം ചെയ്യട്ടെ. അവനു ദ്ദേശിച്ചാൽ എന്റെ മക്കളെല്ലാവരും വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇത്രയും പറഞ്ഞുകൊണ്ടദ്ദേഹം വിലപിക്കുകയും ചെയ്തു. ദു :ഖത്തിൽ മുഴുകിയതിനാൽ അദ്ദേഹത്തിന്റെ ഇരുനേത്രങ്ങളും വെളുത്തു പോയിരുന്നു."യൂസുഫിനെയോർത്ത് അങ്ങ് മരിക്കാറായല്ലോ? ഇനിയെങ്കിലും ഒന്ന് മതിയാക്കിക്കൂടേ?. "മക്കൾ ചോദിച്ചു. തന്റെ ആവലാതിയും വേവലാതിയും അല്ല്വാഹുവിങ്കൽ അർപ്പിച്ചതായി അദ്ദേഹം മക്കളോട് പറഞ്ഞു. "അല്ല്വാഹുവിൽ നിന്ന് ഞാൻ നിങ്ങളറിയാത്ത രഹസ്യങ്ങളറിയുന്നുണ്ട്".യഹ്ഖൂബ് നബി (അ)വീണ്ടും മക്കളോട് പറഞ്ഞു."മക്കളേ!നിങ്ങൾ വീണ്ടും മിസ്റിൽ പോയി യൂസുഫിനേയും ബുൻയാമീനേയും അന്വേഷിക്കണം. അല്ല്വാഹുവിന്റെ കാരുണ്യത്തിൽ ആശ മുറിയരുത്. അവിശ്വാസികളല്ലാതെ അല്ല്വാഹുവിന്റെ കാരുണ്യത്തിൽ ആശ മുറിയുകയില്ല". യൂസുഫ് തന്നെയാണ് മിസ്റിലെ അസീസെന്ന് സംശയമുണ്ടായതിനാലാണ് അദ്ദേഹമവരെ വീണ്ടും
മിസ്റിൽ പോകാൻ പ്രേരിപ്പിച്ചത്. ബുൻയാമീനെ വിട്ടയക്കാതിരുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ സംശയം ബലപ്പെടുകയും ചെയ്തിരുന്നു.
യഹ്ഖൂബ് നബിയുടെ പുത്രന്മാർ മൂന്നാം തവണയും മിസ്റിലേക്ക് പോകാൻ സന്നദ്ധരായി. അസീസിനെ തങ്ങളിൽ കൂടുതൽ വിശ്വാസമുള്ളവരാക്കേണ്ടതിന്ന് ഒരു സന്ദേശം നല്കുവാൻ അവർ പിതാവിനോടപേക്ഷിച്ചു. യഹ്ഖൂബ് നബി (അ)യഹൂദായുടെ മകനെ വിളിച്ച് അബ്രാനി ഭാഷയിലൊരു കത്തെഴുതിച്ചു."ബഹുമാനം നിറഞ്ഞ മിസ്റിലെ അസീസിന്ന് പ്രവാചകനായ യഹ്ഖൂബ് ബോധിപ്പിക്കുന്നത്. എന്റെ മകനായ ബുൻയാമീനെ നിങ്ങളാവശ്യപ്പെട്ടതനുസരിച്ച് ഞാൻ അങ്ങോട്ടയച്ചു. ഇപ്പോൾ അവന്റെ പേരിൽ മോഷണക്കുറ്റം ചുമത്തി ശിക്ഷിച്ചതായറിയുന്നു. എനിക്ക് ദു:ഖം സഹിക്കാൻ കഴിയുന്നില്ല. ഞങ്ങൾ പ്രവാചകന്മാരാണ്. പ്രവാചകന്മാരൊരിക്കലും മോഷ്ടിക്കുകയില്ല. പ്രവാചകന്മാരുടെ പേരിൽ നാളിതുവരെ ആരും മോഷണക്കുറ്റം ചുമത്തിയിട്ടുമില്ല. അത് കൊണ്ട് ബുൻയാമീനെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് താല്പര്യപ്പെടുന്നു. അങ്ങയുടെ സൗഖ്യത്തിന്നു വേണ്ടി പ്രാർത്ഥിക്കുന്നു.
എന്ന്,
യഹ്ഖൂബ്.
പിതാവിന്റെ കത്തുമായി പുത്രന്മാർ മൂന്നാം തവണയും മിസ്റിലെത്തി. അസീസ്ന്റെ കൈയിൽ കത്ത് കൊടുത്തു. അദ്ദേഹം തന്റെ രഹസ്സ്യ മുറിയിൽ ചെന്ന് പല പ്രാവശ്യം
കത്ത്
ആവർത്തിച്ച് വായിച്ചു. അദ്ദേഹം ഉടൻ
തന്നെ
യഹ്ഖൂബ് നബിക്ക് തന്റെ ദൂതൻ വഴിയായി മറുപടി****************** അയച്ചു*******.അസീസ് യഹ്ഖൂബിന്നെഴുതുന്നത്. എന്തെന്നാൽ അങ്ങ് കൊടുത്തയച്ച കത്ത് വായിച്ചറിഞ്ഞു. അങ്ങയോടൊപ്പം ഞാനും ദു:ഖിക്കുന്നു. എന്നാൽ അങ്ങേക്ക് താമസം വിനാ സന്തോഷിക്കാനികുമെന്ന് വിശ്വസിക്കാം. ദൂതന്മാർ മറുപടിയുമായി വന്നതോടുകൂടി യഹ്ഖൂബ് നബിക്ക് വളരെ സമാധാനമായി.സൽഗുണ സമ്പന്നനും സമർത്ഥനുമായ അസീസ് ആരായിരിക്കുമെന്ന് അദ്ദേഹം ആലോചിച്ചു. ഒരു പക്ഷേ തന്റെ പുത്രനായ യൂസുഫ് തന്നെയായിരിക്കുമെന്ന് യഹ്ഖൂബ് നബി
(അ) അനുമാനിച്ചു.മിസ്റിലെത്തിയ ജ്യേഷ്ടന്മാർ യൂസുഫ് നബിയോട് പറഞ്ഞു. "അസീസേ, ഞങ്ങൾക്ക് ദു:ഖവും ദുരിതവും ബാധിച്ചിരിക്കുന്നു.
ഞങ്ങളോട് വിട്ടു വീഴ്ച ചെയ്യണം. ഞങ്ങളെ അകമഴിഞ്ഞ് സഹായിക്കണം". അപ്പോൾ യൂസുഫ് നബി ചോദിച്ചു."നിങ്ങൾ യൂസുഫിനോടും അവന്റെ അനുജനോടും ചെയ്തതെന്താണെന്നോർമയുണ്ടോ?"."നിങ്ങളാണോ യൂസുഫ്?". സഹോദങ്ങൾ ചോദിച്ചു."അതെ, ഞാൻ തന്നെയാണ് യൂസുഫ്. ഇവൻ എന്റെ അനുജനുമാണ്. തീർച്ചയായും അല്ല്വാഹു ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു". യൂസുഫ് നബി പറഞ്ഞു."തീർച്ചയായും അല്ല്വാഹു നിങ്ങളെ ഞങ്ങളേക്കാൾ ശ്രേഷ്ടനാക്കിയിരിക്കുന്നു". സഹോദരന്മാർ സമ്മതിച്ചു."ഇന്നേ ദിവസം നിങ്ങൾക്കൊരു ശിക്ഷയുമില്ല. അല്ല്വാഹു നിങ്ങൾക്ക് പൊറുത്തു തരും. അവൻ ദയാലുക്കളിൽ വെച്ച് കൂടുതൽ ദയാലുവാണ്".യൂസുഫിന്റെ സാന്ത്വന വാക്കുകൾ കേട്ടതോട് കൂടി അസീസായിരിക്കുന്ന ഇദ്ദേഹം തങ്ങൾ
അസൂയ നിമിത്തം കിണറിൽ താഴ്ത്തുകയും പിന്നെ അടിമയാക്കി വർത്തകർക്ക് വിൽക്കുകയും ചെയ്ത യൂസുഫാണിതെന്ന് അവർക്ക്
മനസ്സിലാവുകയും ചെയ്തു.
മാപ്പ് പ്ഖ്യാപനത്തോട് കൂടി അവരെല്ലാം ലജ്ജിച്ച് തല താഴ്ത്തി.
ഇതൽ പിന്നെ സഹോദരന്മാർ തമ്മിലുണ്ടാവാറുള്ള സർവ്വ സാധാരണമായ കുശല പ്രശ്ങ്ങൾക്ക് ശേഷം യൂസുഫ് നബി(അ)തന്റെ കുപ്പായമെടുത്ത് ഇത് പിതാവിന്റെ മുഖത്തിടുന്നതായാൽ കണ്ണിന് കാഴ്ചയുണ്ടാകുമെന്നും നിങ്ങൾ പിതാവിനേയും കുടുംബാംഗങ്ങളേയും ഇവിടെ കൊണ്ട് വരണമെന്ന് പറഞ്ഞു. ഇതാരാണ് കൊണ്ട് പോവുക എന്ന് ചോദിച്ചു. യഹൂദ പറഞ്ഞു "കുപ്പായം ഞാൻ തന്നെ കൊണ്ട് പോകാം. ആടിന്റെ രക്തം പുരണ്ട കുപ്പായം കാണിച്ചു കൊടുത്തു കൊണ്ട് പിതാവിനെ ദു:ഖിപ്പിച്ച എന്റെ കുറ്റത്തിന് പരിഹാരമായി ഞാൻ തന്നെയാണ് പിതാവിനെ സന്തോഷിപ്പിക്കേണ്ടത്.
യൂസുഫ് നബി തന്റെ കുപ്പായം യഹൂദായെ ഏല്പിച്ചു. പിതാവിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഒട്ടകപ്പുറത്ത് കയറ്റിക്കൊണ്ട് യഹൂദായെ യാത്രയയച്ചു. എദ്ദേഹത്തിന് അകമ്പടിയായി മറ്റ് സഹോദരങ്ങൾ കൂടെ പോയി. അവർ രാജ്യാതിർത്തി കടന്നപ്പോൾ തന്നെ യൂസുഫ് നബിയുടെ കുപ്പായത്തിൽ നിന്ന് നിർഗ്ഗളിച്ച വാസന യഹ്ഖൂബ് നബിയെ ആനന്ദിപ്പിച്ചു. അദ്ദേഹത്തിന്റെ സന്തോഷം കണ്ട് വീട്ടിലുണ്ടായിരുന്ന പൗത്രന്മാർ അത്ഭുതപ്പെട്ടു. അദ്ദേഹം പുറത്തിറങ്ങി പ്രായത്തെ വകവെക്കാതെ ഒരു കുട്ടിയെ പോലെ മിസ്റിലേക്കുള്ള വഴിയിൽ കൂടി ഓടുന്നതും ചാടുന്നതും കണ്ടപ്പോൾ അങ്ങ് സൂക്ഷിക്കാതിരുന്നാൽ വല്ല കുണ്ടിലോ കുഴിയിലോ വീണുപോകാനിടയുണ്ടാകുമെന്ന് പൗത്രന്മാർ അദ്ദേഹത്തെ ഉപദേശിച്ചു. പൗത്രന്മാരദ്ദേഹത്തെ പാട്പപെട്ട് പിടിച്ചു വെച്ചു. അപ്പോൾ യഹ്ഖൂബ് നബി (അ)അവരോട് പറഞ്ഞു. "മക്കളേ,എന്നെ വിടണം. യൂസുഫിന്റെ സുഗന്ധം ഞാനൊന്നാസ്വദിക്കട്ടെ". അപ്പോൾ പൗത്രന്മാർ ചോദിച്ചു."അങ്ങ് എന്താണ് പറയുന്നത്? മണ്ണോട് ചേർന്ന യൂസുഫിന്റെ സുഗന്ധം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമോ?".
അവരുടെ ധാരണ ശരിയല്ലെന്നും യൂസുഫ് ജീവിച്ചിരിപ്പുണ്ടന്നും അദ്ദേഹം പറഞ്ഞു. പുത്രന്മാർ അടുത്ത് വരുന്തോറും യഹ്ഖൂബ് നബിക്ക് സന്തോഷം വർദ്ധിച്ചു കൊണ്ടേയിരുന്നു. പുത്രന്മാർ ഗൃഹത്തിൽ പ്രവേശിച്ച ഉടൻതന്നെ യഹൂദായൂസുഫിന്റെ ഉടുപ്പെടുത്ത് യഹ്ഖൂബ് നബിയുടെ മുഖത്തിട്ടു. അദ്ദേഹത്തിന്റെ ഇരു നേത്രങ്ങൾക്കും മുമ്പത്തെപോലെ കാഴ്ച ശക്തി തിരിച്ചു കിട്ടി. അപ്പോൾ യഹ്ഖൂബ് നബി പുത്രന്മാരോട് ചോദിച്ചു."മക്കളേ, നിങ്ങളറിയാത്ത പല രഹസ്സ്യങ്ങളും ഞാനറിയുന്നുണ്ടെന്ന് പറഞ്ഞത് നിങ്ങളോർക്കുന്നുണ്ടോ?ഇപ്പോൾ കാര്യം വ്യക്തമായില്ലേ?". എന്ന് യഹ്ഖൂബ് നബി അവരോട് ചോദിച്ചപ്പോൾ അവർ ലജ്ജിച്ചു തലതാഴ്ത്തി.
Comments
Post a Comment