യൂസുഫ് നബിയും പുത്രന്മാരും ഖിബ്ത്വി ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്. ആയതിനാൽ അവരുടെ സംഭാഷണം ജ്യേഷ്ടന്മാർക്ക് ഗ്രാഹ്യമായിരുന്നില്ല. യൂസുഫ് നബി(അ)അവരെ
മൂന്ന് ദിവസം അതിഥികളായി താമസിപ്പിച്ചു. നാലാം ദിവസം
പത്ത് ഒട്ടകങ്ങൾക്ക്
വഹിക്കാവുന്നത്ര ഭക്ഷ്യ വിഭവങ്ങൾ ഒട്ടകപ്പുറത്ത് കയറ്റിക്കൊടുത്തു. ബുൻയാമീനു വേണ്ടി യാതൊന്നും കൊടുക്കാതെ അദ്ദേഹത്തിന്റെ ഒട്ടകത്തെ മടക്കി അയക്കുകയും ചെയ്തു,"ബുൻയാമീൻ തന്നെ നേരിട്ട് വന്ന് ആവശ്യപ്പെട്ടാൽ ഭക്ഷ്യ വിഭവങ്ങൾ നല്കുന്നതാണെന്നും, അല്ലാതെ
ഇവിടെ നിന്ന് ഭക്ഷ്യ വിഭവങ്ങൾ കൊടുക്കുല്ലന്നതല്ലെന്നും. ബുൻയാമീന്റെ കാര്യത്തിൽ യൂസുഫ് നബി (അ)പറഞ്ഞു. തന്നിമിത്തം ബുൻയാമീന്റെ ഓഹരി വാങ്ങാതെ അവർ തിരിച്ചു പോകാൻ നിർബ്ബന്ധിതരായി. എങ്കിലും കുറേ അകലെ എത്തിയപ്പോൾ ബുൻയാമീന്റ ഓഹരിക്ക് ഒന്നു കൂടി കെഞ്ചി നോക്കാമെന്നവർ
പരസ്പരം ധാരണയായി. അവർ തിരികെ ചെന്ന് ഇങ്ങിനെ അപേക്ഷിച്ചു.
"പ്രഭോ ഞങ്ങൾക്കൊരപേക്ഷയുണ്ട്. അങ്ങത് സ്വീകരിക്കണം. ഞങ്ങളുടെ അനുജൻ പിതാവിനെ ശുശ്രൂഷിച്ച് വീട്ടിൽ തന്നെ ഇരിപ്പാണ്. അത് കൊണ്ടാണ് അവൻ ഞങ്ങളുടെ കൂടെ വരാതിരുന്നത്. അവന്റെ ഓഹരി വാങ്ങാതിരുന്നാൽ പിതാവ് ഞങ്ങളെ തെറ്റിദ്ധരിക്കും. ആയതിനാൽ അവന്ന് കൂടി ഓഹരി തരണമെന്നപേക്ഷിക്കുന്നു".
"നിങ്ങളുടെ പിതാവ് അവനെ നിങ്ങളുടെ കൂടെ അയക്കാതിരിക്കാൻ കാരണമെന്താണ്?".
"പിതാവിന്ന് അവന്റെ കാര്യത്തിൽ ഞങ്ങളെ വിശ്വാസമില്ല". "നിങ്ങളെ
അവിശ്വസിക്കത്തക്ക കുറ്റം നിങ്ങളിൽ നിന്ന് സംഭവിച്ചിട്ടുണ്ടോ?".
"ഉണ്ട്, ഞങ്ങൾക്ക് യൂസുഫ് എന്ന് പേരുള്ള മറ്റൊരനിയൻ കൂടിയുണ്ടായിരുന്നു. അവനോട് പിതാവിന്ന് അളവറ്റ വാത്സല്യമായിരുന്നു. ഒരിക്കൽ ഞങ്ങളവനേയും കൊണ്ട് വേട്ടക്ക് പോയി. അവനെ കാട്ടിലൊരിടത്ത് ഞങ്ങളുടെ ചരക്കുകളുടെ അരികെയിരുത്തി ഞങ്ങൾ കാട്ടിന്റെ ഉള്ളിലേക്ക് പോയി. മടങ്ങിവന്നപ്പോൾ യൂസുഫിനെ കാണാനില്ല. അവനെ ചെന്നായ കൊന്നു തിന്നതോ അതോ, വല്ല കള്ളന്മാരും പിടിച്ചു കൊണ്ട് പോയതോ അതുമല്ലെങ്കിൽ വല്ല കിണറ്റിലോ കിടങ്ങിലോ വീണ് മരിച്ചതോ എന്നൊന്നും ഞങ്ങൾക്കറിയാൻ കഴിഞ്ഞില്ല. അവന്റെ ഉടുപ്പ് മാത്രം ഞങ്ങൾക്ക് കിട്ടി. അത് കൊണ്ട് പോയി പിതാവിന്ന് കൊടുത്തു. അന്നു മുതൽ ഇന്നുവരേയും പിതാവ് ദു:ഖിച്ചിരിപ്പാണ്. അന്ന് മുതൽക്കാണ് പിതാവിന്ന് ഞങ്ങളെ വിശ്വാസമില്ലാതായത്".
"നിങ്ങളുടെ മറുപടിയിൽ നിന്ന് സ്വാഭാവികമായും എനിക്ക് ഒരു സംശയം. അനുജനെ ചെന്നായ കടിച്ചതായോ കള്ളൻ കൊണ്ട് പോയതായോ നിങ്ങൾ സംശയിക്കുന്നത് നിരർത്ഥകമാണ്.
കാരണം യാതൊരു കേടും കൂടാതെ അനുജന്റെ ഉടുപ്പ് നിങ്ങൾക്ക് കിട്ടി. ചെന്നായ കടിച്ചിരുന്നുവെങ്കിൽ ഉടുപ്പ് കീറാതിരിക്കുന്നതല്ല. അതിൽ രക്തം പുരളുകയും ചെയ്യും.കള്ളന്മാർ
കൊണ്ട് പോയതാണെങ്കിൽ ഉടുപ്പ് ഉപേക്ഷിക്കുന്നതുമല്ല. നിങ്ങളുടെ വാക്ക് കേട്ടാൽ ചെന്നായയും കള്ളനും നിങ്ങളുടെ അനുജനെ സ്നേഹിച്ചിരുന്നുവെന്നാണ് തോന്നുക".എന്ത് തന്നെയായാലും നിങ്ങൾ നിങ്ങളുടെ പിതാവൊത്ത
അനുജൻ ബുൻയാമീനെ ഇവിടെ കൊണ്ട് വരണം. അവനെ ഇവിടെ കൊണ്ട് വന്നാൽ അവനും ഭക്ഷ്യ വിഭവം കൊടുക്കുന്നതാണ്. യഹ്ഖൂബ് നബിയുടെ അടുക്കൽ മടങ്ങിയെത്തിയപ്പോൾ അവർ പറഞ്ഞു.
" പിതാവേ, ഞങ്ങൾക്ക് ധാന്യം തരുന്നത് തടയപ്പെട്ടിരിക്കയാണ്. അത് കൊണ്ട് ഞങ്ങളുടെ അനുജനെ ഞങ്ങളുടെ കൂടെ അയച്ചു തരണം. എന്നാൽ ഞങ്ങൾക്ക് ഇനിയും
അളന്ന് കിട്ടും. ഞങ്ങൾ അവനെ തീർച്ചയായും രക്ഷിക്കുന്നതുമാണ്.". അപ്പോൾ യഹ്ഖൂബ് നബി(അ) പറഞ്ഞു."ഇതിനു മുമ്പ് അവന്റെ സഹോദരന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ച വിധത്തിലല്ലാതെ അവന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിക്കുമോ? അത് കൊണ്ട് രക്ഷിക്കുന്നതിന്ന് ഏറ്റവും നല്ലവൻ അല്ല്വാഹു മാത്രമാണ്. അവൻ കാരുണ്യവാന്മാരിൽ വെച്ച് കൂടുതൽ കാരുണ്യവാനാകുന്നു. തങ്ങളുടെ ചരക്ക് കെട്ടഴിച്ചപ്പോൾ അവർ കൊണ്ട് പോയിരുന്ന ഏതാനും ദിർഹമും പട്ട് വസ്ത്രങ്ങളും ചാക്കിലിട്ട് കെട്ടിക്കൊടുത്തത് അവരെ അത്ഭുതപ്പെടുത്തി. പിതാവിന്ന് പ്രദർശിപ്പിച്ചു കൊണ്ട് പിതാവിനെ അവർ ബോദ്ധ്യപ്പെടുത്തി.ആകയാൽ മിസ്റിലെ അസീസ് വലിയ ഉദാരമനസ്ക
നാണെന്നും ബുൻയാമീനെ കൂട്ടിക്കൊണ്ട് ചെന്നാൽ അവന്റെ ഓഹരി കിട്ടുന്നതിനു പുറമെ തങ്ങളിലോരോരുത്തന്നും ഇനിയും ധാന്യം കിട്ടാനിടയുണ്ടെന്നും
അതൊരെളുപ്പമായ അളന്നു കിട്ടലുമായിരിക്കുമെന്നും,
ബുൻയാമീനോട് കൂടിയല്ലാതെ ചെല്ലുന്നതായാൽ തങ്ങൾക്കിനി ആ നാട്ടിൽ കടക്കാൻ പോലും സമ്മതം ലഭിക്കുന്നതല്ലെന്നും അവർ യഹ്ഖൂബ് നബിയോട് വിനയ പൂർവ്വം പറഞ്ഞു.പുത്രന്മാരുടെ സമ്മർദ്ദത്തിന്ന് വഴങ്ങി യഹ്ഖൂബ് നബി അവരോട് പറഞ്ഞു."നിങ്ങൾക്ക് ആപത്ത് നേരിടാതിരിക്കുന്ന പക്ഷം ബുൻയാമീനെ നിങ്ങൾ എന്റെ അടുക്കൽ നിശ്ചയമായും കൊണ്ട് വരിക തന്നെ ചെയ്യുമെന്ന് നിങ്ങൾ എനിക്ക് അല്ലാഹുവിന്റെ നാമത്തിൽ ശപഥം ചെയ്താലല്ലാതെ അവനെ ഞാൻ നിങ്ങളുടെ കൂടെ അയക്കുന്നതല്ല. അങ്ങിനെ അവർ ശപഥം ചെയ്തു. അപ്പോൾ നാം പറയുന്ന വാക്കുകൾക്ക് അല്ലാഹു സാക്ഷിയാണ്. എന്ന് യഹ്ഖൂബ് നബി പറഞ്ഞു. തുടർന്നദ്ദേഹം പുത്രന്മാരെ ഉപദേശിച്ചു.'എന്റെ പുത്രന്മാരേ!നിങ്ങൾ ഒരേ വാതിലിൽ കൂടി പ്രവേശിക്കരുത്. പല വ്യത്യസ്ത വാതിലുകളിൽ കൂടി നിങ്ങൾ പ്രവേശിച്ചു കൊള്ളണം അല്ലാഹുവിൽ നിന്നുള്ള ഒരാപത്തും നിങ്ങളിൽ നിന്ന് തട്ടിക്കളയാൻ ഞാൻ പ്രാപ്തനല്ല. അധികാരം അല്ലാഹുവിന്ന് മാത്രമാണ്. അവനെ ഞാൻ ഭരമേല്പിക്കുന്നു. ഭരമേല്പിക്കുന്നവർ അവനെത്തന്നെ ഭരമേല്പിച്ചുകൊള്ളട്ടെ.
യഹ്ഖൂബ് നബി (അ)അസീസിന്ന് ഒരു കത്ത് റൂയീലിനെ കൊണ്ടെഴുതിച്ച് അവരുടെ പക്കൽ തന്നെ കൊടുത്തയച്ചു.
"അങ്ങേക്ക് അല്ലാഹു സൗഖ്യം നല്കട്ടെ. അങ്ങ് എന്റെ സ്ഥതിയെപ്പറ്റി പുത്രന്മാരോട് ചോദിച്ചറിഞ്ഞു, എന്നറിഞ്ഞതിൽ എനിക്ക് വളരെ
സന്തോഷമുണ്ട്. എനിക്കിപ്പോൾ ആരോഗ്യം തീരെയില്ല. അനാരോഗ്യം നിമിത്തം എന്റെ മുതുക് വളഞ്ഞി രിക്കുന്നു. എന്റെ പ്രിയപ്പെട്ട പുത്രനുമായുള്ള വേർപാടാണ് ഇതിനെല്ലാം കാരണമായത്. ഞാനിപ്പോൾ എന്റെ പുത്രൻ യൂസുഫിന്റെ വേർപാട് കൊണ്ട് ദു:ഖമനുഭവിക്കുകയാണ്. അങ്ങ് എന്റെ പുത്രന്മാരെ ആദരിച്ചതിന്നും അവർക്ക് ഉപകാരം ചെയ്തതിന്നും ഞാൻ നന്ദിയുള്ളവനാണ്. അല്ലാഹു അങ്ങേക്ക് പ്രതിഫലം നല്കട്ടെ. എന്റെ ഇളയ പുത്രൻ ബുൻയാമീനെ എത്രയും വേഗം മടക്കി അയക്കണമെന്ന് താല്പര്യപ്പെടുന്നു".യഹ്ഖൂബ് നബി(അ) ഉപദേശിച്ചതനുസരിച്ച് അദ്ദഹത്തിന്റെ പുത്രന്മാർ ഈരണ്ടാളുകളായി വേർപിരിഞ്ഞ്, വ്ത്യയസ്ത മാർഗ്ഗങ്ങളിൽ കൂടി മിസ്റിൽ പ്രവേശിച്ചു. ഇങ്ങിനെ ഈരണ്ടാളുകൾ വേർ പിരിഞ്ഞപ്പോൾ ബുൻയാമീൻ ഒറ്റപ്പെട്ടു. താൻ തനിച്ചായതിൽ അദ്ദേഹത്തിനു വ്യസനമുളവായി. അദ്ദേഹം മനംനൊന്ത്
ഇങ്ങിനെ പ്രാർത്ഥിച്ചു."യാ അല്ലാഹ്!എനിക്ക് പരിചയമില്ലാത്ത ഈ സ്ഥലത്ത് നിന്ന് ഞാൻ എങ്ങോട്ടാണ് പോകേണ്ടത്? ഈ നാട്ടുകാരുടെ ഭാഷ എനിക്ക് മനസ്സിലാകുന്നുമില്ല."തദവസരത്തിൽ
അനുജൻ ദു:ഖിതനായി ഒറ്റപ്പെട്ട് നിൽക്കുന്നുണ്ടെന്ന് യൂസുഫ് നബി (അ)ന് അല്ലാഹുവിന്റെ സന്ദേശം ലഭിച്ചു. അദ്ദേഹമൊരു ഒട്ടകപ്പുറത്ത് കയറി വളരെ വേഗം അഗതി വേശത്തിൽ നിൽക്കുകയായിരുന്ന ബുൻയാമീന്റെ അടുത്തെത്തി.
യൂസുഫ് നബി (അ) അദ്ദേഹത്തിനു സലാം പറഞ്ഞു കൊണ്ട് അബ്രാനീ ഭാഷയിൽ "നിങ്ങളെവിടെ നിന്ന് വരുന്നു? എങ്ങോട്ട് പോകുന്നു? എന്ന് ചോദിച്ചു.
"ഞാൻ കൻആൻകാരനാണ്. ഭക്ഷ്യ ക്ഷാമം നിമിത്തം ഭക്ഷ്യ വിഭവങ്ങൾക്കായി വന്നതാണ്. ഇവിടുത്തെ ഭാഷ അബ്രാനിയല്ലല്ലോ. നിങ്ങൾ അബ്രാനിയാണല്ലോ സംസാരിക്കുന്നത്"ബുയാമീൻ ചോദിച്ചു."നിങ്ങളുടെ രാജ്യത്ത് ഞാൻ കുറച്ചിട താമസിച്ചിട്ടുണ്ടായിരുന്നു. ആ കാലത്ത് പഠിച്ചതാണ്. നീ എന്റെ കൂടെ വരണം. ജ്യേഷ്ടന്മാരുടെ അരികെ എത്തിച്ചു തരാം". യൂസുഫ് നബി (അ)പറഞ്ഞു. അനന്തരം യൂസുഫ് നബി (അ)അദ്ദേഹത്തിന്ന് ചുകന്ന മാണിക്യ നിർമ്മിതമായൊരു വള സമ്മാനിക്കുകയും ബുൻയാമീനെ തന്റെ കൂടെ ഒട്ടകപ്പുറത്ത് കയറ്റിയിരുത്തി കൊട്ടാരത്തിലേക്ക് സവാരി ചെയ്യുകയും ചെയ്തു. അവർ രണ്ട് പേരും കൊട്ടാരത്തിന്റെ സമീപമെത്തിയപ്പോൾ യൂസുഫ് നബി (അ) എനി നീ നിന്റെ ജ്യേഷ്ടന്മാരുടെ കൂടെ ചേർന്നോളൂ, ഞാനൊരടിമയായത് കൊണ്ട് നിന്റെ കൂടെ വരാനെനിക്ക് പാടില്ല". ബുൻയാമീൻ കൊട്ടാരത്തിൽ പ്രവേശിച്ചു. ജ്യഷ്ടന്മാരുടെ കൂടെ ചേരുകയും ചെയ്തു. അപ്പോൾ ബുൻയാമീന്റെ മുഖത്ത് സന്തോഷം കളിയാടുന്നുണ്ടായിരുന്നു. ജ്യഷ്ടന്മാർ അദ്ദേഹത്തോട് വർത്തമാനമന്വേഷിച്ചപ്പോൾ തനിക്കുണ്ടായ അനുഭവം അദ്ദേഹം വ്യക്തമാക്കി. അവസാനം യൂസുഫ് നബി കൊടുത്ത വള അദ്ദേഹം തനിക്ക് സമ്മാനിച്ചതാണെന്നു അദ്ദേഹം ജ്യേഷ്ടന്മാരോട് പറഞ്ഞു.
ആവള ആർക്കും കൊടുക്കാതെ തന്റെ പക്കൽ തന്നെ സൂക്ഷിക്കണമെന്ന്
യഹൂദാ ഉപദേശിച്ചു. ശംഊൻ ഉടൻ തന്നെ അത് ഊരിയെടുത്ത് ധരിച്ചു.
ശംഊന്റെ കൈയിൽ നിന്ന് അയാളറിയാതെത്തന്നെ വള ഊരിവീണ് ബുൻയാമീന്റെ കൈവശം തന്നെ വന്നു. ശംഊൻ വള കാണാതെ പരിഭ്രമിക്കുന്നത് കണ്ടപ്പോൾ വള തന്റെ പക്കലുണ്ടെന്ന് ബുൻയാമീൻ പറഞ്ഞു. ഇതിൽ പിന്നെ മറ്റൊരു ജ്യേഷ്ടൻ അത് കരസ്ഥമാക്കിയപ്പോഴും ശംഊനുണ്ടായ അതേ അനുഭവം തന്നെയാണ് ആവർത്തിച്ചത്. അവസാനം അത് ബുൻയാമീന്റെ കൈയിലല്ലാതെ അടങ്ങുകയില്ലെന്ന് എല്ലാവർക്കും ബോധ്യമായി. വളയുടെ ദിവ്യ ശക്തിയിൽ എല്ലാവരും അത്ഭുതപ്പെട്ടു.
വളയുടെ ദിവ്യ ശക്തി നിമിത്തവും, ബുൻയാമീനു ലഭിച്ചിരുന്ന മറ്റു സഹായങ്ങളും കണ്ടപ്പോൾ തന്നെ യൂസുഫ് നബിയുടെ ജ്യേഷ്ടന്മാർക്ക് പരിഭവമുളവായിരുന്നു. അതോടുകൂടി തങ്ങളെ താമസിപ്പിച്ച ഹാളിന്റെ സ്ഥിതികൂടി കണ്ടപ്പോൾ അവർക്ക് അസഹനീയമായ പരിഭ്രമമുണ്ടായി. യൂസുഫ് നബിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന ഒരു ഹാളിന്റെ ചുമരുകളിൽ അനേകം ചിത്രങ്ങൾ തൂക്കിയിട്ടുണ്ടായിരുന്നു. യഹ്ഖൂബ് നബിയുടെയും ജ്യേഷ്ടന്മാരുടേയും പടങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ജ്യേഷ്ടന്മാർ തന്നെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകന്നതും തന്നോട് ഓരോവിധ ക്രൂരതകൾ ചെയ്തതുമായ സംഭവങ്ങളെല്ലാം ആ ചിത്രത്തിൽ പ്രകടമായിരുന്നു. ശംഊൻ കൈയിൽ കത്തിയുമായി യൂസുഫ് നബിയുടെ ഉടുപ്പ് കൈയിൽ പിടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തറുക്കാൻ നില്ക്കുന്ന കാഴ്ചയും, എത്രയും ഭയാനകമായ വിധത്തിൽ ഒരു ചിത്രം തൂങ്ങിക്കിടന്നിരുന്നു. തങ്ങളുടെ പൂർവ്വകാല ചരിത്രങ്ങളെല്ലാം തങ്ങളെ അനുസ്മരിപ്പിക്കുന്നത് കണ്ട് അവർ പരിഭ്രമ ചിത്തരായി.ശംഊനിനെയാണ് ഈ ചിത്രങ്ങളിലെല്ലാം പ്രത്യേകമായി കണ്ടിരുന്നത്. അദ്ദേഹം അവ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു. അവരുടെ മുഖങ്ങളെല്ലാം വിളർന്നുപോയി. ശരീരം തളർന്നു. തങ്ങൾക്കിവിടെ എന്തെല്ലാമാണ് നേരിടുകയെന്ന് ആലോചിക്കും തോറും അവരുടെ ഭയം ഏറിക്കൊണ്ടിരുന്നു. പരസ്പരം സംസാരിക്കാൻ പോലും അവർക്ക് ധൈര്യമില്ലാതെയായി. ആ ഹാളിൽ പ്രവേശിച്ചതും അപ്പോൾ കണ്ടിരിക്കുന്നതുമെല്ലാം ഒരു സ്വപ്നമായിരിക്കുമോ എന്നു പോലും അവർ സംശയിച്ചു. ഹാളിന്റെ അകത്തും പുറത്തും എന്തെല്ലാം നടക്കുന്നുവെന്ന് ഗ്രഹിക്കത്തക്ക മനസ്സമാധാനം അവർക്കുണ്ടായിരുന്നില്ല അവരങ്ങിനെ ചിന്താമഗ്നരായിരിക്കുന്നതിനിടയിൽ യൂസുഫ് നബിയുടെ ഭൃത്യന്മാർ അവർക്ക് ഭക്ഷണം കൊണ്ടക്കൊടുത്തു. ഭക്ഷണം കൊണ്ടുവന്നതവരറിഞ്ഞതേയില്ല. ഭൃത്യന്മാർ ഭക്ഷണം കഴിക്കാൻ വേണ്ടി പറഞ്ഞപ്പോൾ അവർക്കുണ്ടായിരുന്ന അശ്രദ്ധ ഭൃത്യന്മാരെ അത്ഭുതപ്പെടുത്തി. നിങ്ങളിങ്ങനെ ചിന്താമഗ്നരാവാൻ കാരണമെന്താണെന്ന് ഭൃത്യന്മാർ ചോദിച്ചു.ഹാളിൽ പ്രവേശിച്ചതോടുകൂടി തങ്ങളുടെ വിശപ്പെല്ലാം തീർന്നിരിക്കുന്നുവെന്ന് അവർ പറഞ്ഞു. അപ്പോൾ യൂസുഫ് നബി പുഞ്ചിരി തൂകിക്കൊണ്ട് അവിടെ പ്രവേശിച്ചു. വളരെ ബഹുമാനത്തോടുകൂടി ഭക്ഷണം കഴിക്കാൻ അപേക്ഷിച്ചു.
അദ്ദേഹത്തിന്റെ
പ്രസന്ന വദനം കണ്ടതോട് കൂടി അവരുടെ ഭയത്തിനും പരിഭ്രമത്തിനുമെല്ലാം ശമനമുണ്ടായി. അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. എങ്കിലും ബുൻയാമീൻ ഭക്ഷണം കഴിക്കാതെ വെറുതെയിരുന്നു.
ഭക്ഷണം കഴിക്കാത്തതെന്താണെന്ന് യൂസുഫ് നബി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു."ഞാൻ ഈ മുറിക്കുള്ളിൽ തന്റെ കാണാതായ ജ്യേഷ്ടന്റെ ഒരു ചിത്രം കാണുകയുണ്ടായി. അങ്ങ് അനുവദിക്കുമെങ്കിൽ ഒരിക്കൽ കൂടി അവിടെ പോയി അത് കണ്ട് വരാനെനിക്കാശയുണ്ട്.അതിന്ന് ശേഷമല്ലാതെ ഭക്ഷണം കഴിക്കാനെനിക്ക് കഴിയില്ല". യൂസുഫ് നബി അനുവാദം കൊടുത്തപ്പോൾ ബുൻയാമീൻ ഒരു ഭൃത്യന്റെ കൂടെ ചിത്രം കാണാൻ ഹാളിലേക്ക് പോയി. യൂസുഫ് നബിയുടെ ചിത്രത്തിന്ന് മുന്നിൽ നിന്ന്കൊണ്ട് ബുൻയാമീൻ കരഞ്ഞ് നിലവിളിക്കുകയും ഒടുവിൽ പ്രജ്ഞയറ്റ് നിലത്ത് വീഴുകയും ചെയ്തു.അനുജന്റെ
ദു:ഖ പരവശത മനസ്സിലാക്കിയ യൂസുഫ് തന്റെ പുത്രനായ അഫ്രാത്തീമിനോട് നിന്റെ പിതൃവ്യനിതാ വീണ്കിടക്കുന്നു
എന്നും വേഗം പോയി അദ്ദേഹത്തെ സ്വന്തനപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. അഫ്രാത്തീമിനോടദ്ദേഹം ഇങ്ങിനെ പറഞ്ഞു. "അവൻ നിന്നെ അറിയുകയില്ല. അബ്രാനിയാണ് ഭാഷ. നിന്റെ പിതാവാരാണെന്ന് ചോദിച്ചാൽ യൂസുഫാണെന്ന് മറുപടി പറയണം. അപ്പോൾ യൂസുഫ് എവിടെയുണ്ടെന്ന് അവൻ ചോദിക്കാനിടവരും. അങ്ങിനെ ചോദിക്കുന്ന പക്ഷം അവനെ ആ മുറിയിലേക്കയച്ചിട്ടുള്ള ആൾ തന്നെയാണ് യൂസുഫെന്നും പറയണം. എങ്കിലും ഈ പരമാർത്ഥങ്ങളൊന്നും മറ്റാരോടും പറഞ്ഞ് പോകരുതെന്നും പ്രത്യേകം ഓർമ്മപ്പടുത്തി.
(ശേഷം 13ആം അദ്ധ്യായം)
Comments
Post a Comment