റയ്യാനുബ്നുൽ വലീദിന്റെ സ്വപ്നത്തിന്റെ ആദ്യത്തെ
ഏഴ് വർഷം ക്ഷേമ ഐശ്വര്യത്തോടെ കടന്നുപോയി. വരാനിരിക്കുന്ന ക്ഷാമകാലത്തേക്ക് ആവശ്യമായ ഭക്ഷ്യ
ധാന്യങ്ങളും അനുബന്ധ വസ്തുക്കളും യൂസുഫ് നബി (അ)സംഭരിച്ചിട്ടുണ്ടായിരുന്നു. ഒരു ദിവസമവർ രാജാവിനോട് പറഞ്ഞു. "ഇന്ന് അർദ്ധ
രാത്രി മുതൽ ക്ഷാമ വർഷമാരംഭിക്കുകയാണ്. പ്രജകൾക്ക് വിശപ്പും അക്ഷമയും ഏറിക്കൊണ്ടിരിക്കും.
അപ്പോൾ രാജാവ് ചോദിച്ചു."അതെല്ലാം അഗതികൾക്കുണ്ടാകുന്ന അനുഭവങ്ങളല്ലേ?ക്ഷേമ ജീവിതം നയിക്കുന്നവർക്ക് വല്ല ആപത്തും നേരിടുമോ?"അപ്പോൾ യൂസുഫ് നബി (അ) പറഞ്ഞു."ആദ്യമായി അങ്ങേക്കായിരിക്കും അവശത ബാധിക്കുക. വിഷപ്പും ക്ഷീണവും ക്ഷമിക്കുന്നതല്ല" ഇത് കേട്ടപ്പോൾ
രാജാവിന് ആശങ്കയുളവായി. ധാരാളം ഭക്ഷണ പദാർത്ഥങ്ങൾ ഒരുക്കിവെക്കണമെന്ന് പാചക ജോലിക്കാരോട് അദ്ദേഹം കല്പിച്ചു. വിഷപ്പുണ്ടാകുമെങ്കിൽ ഭക്ഷണവും ധാരാളമുണ്ടല്ലോ എന്നു രാജാവ്
സമാശ്വസിച്ചു.
അർദ്ധ രാത്രി ആയതോടെ വിശക്കുന്നു എന്നും പറഞ്ഞ് രാജാവ് ഭക്ഷണത്തിന് ചോദിക്കാൻ തുടങ്ങി. ഭൃത്യന്മാർ രജാവിന് ഭക്ഷണം കൊടുത്തു. അവയെല്ലാം കഴിച്ചിട്ടും രാജാവിന്റെ വിശപ്പിന് ശമനമുണ്ടായില്ല. നേരം പുലർന്നപ്പോൾ"മിസ്ർകാരേ!നിങ്ങൾ ഏഴ് വർഷങ്ങളോളം വിശന്നിരിക്കണം"
എന്നൊരശരീരിവാക്ക് നാട്ടിന്റെ എല്ലാ ഭാഗങ്ങളിലും കേൾക്കുകയുണ്ടായി. അതോട്കൂടി ആളുകളെല്ലാം വിശപ്പ് നിമിത്തം അവശരായിത്തീർന്നു. എത്രത്തന്നെ ആഹാരങ്ങൾ കഴിച്ചിട്ടും വിശപ്പടങ്ങാതിരുന്നതിനാൽ യൂസുഫ് നബിയോട് രാജാവ് ആവലാതി പറഞ്ഞു. ഭക്ഷണം കഴിക്കുന്തോറും വിശപ്പ് ഏറുകയാണെന്നായിരുന്നു രാജാവിന്റെ പരാതി.യൂസുഫ് നബി (അ)തന്റെ കൈകൊണ്ട് രാജാവിന്റെ വയറിന്മേൽ ചെറുതായൊന്ന് തടവി. അതോടെ രാജാവിന്റെ അമിത വിഷപ്പിന് ശമനമുണ്ടായി. യൂസുഫ്
നബി (അ)വയറു നിറയെ ഭക്ഷണം കഴിച്ചിരുന്നില്ല. സാധുക്കളുടേയും അഗതി കളുടേയും കാര്യത്തിലാണ് അദ്ദേഹം സർവ്വതാ ഔത്സുക്യം പ്രകടിപ്പിച്ചത്.
കൻആൻ പ്രദേശം ഉൾപ്പെട്ട ശാമിലും കടുത്ത ക്ഷാമം അനുഭവപ്പെട്ടു. യഹ്ഖൂബ് നബിയും
പുത്രന്മാരും നാട്ടുകാരെ പോലെ തന്നെ ക്ഷാമവും,അനുബന്ധ ദുരിതങ്ങളുമനുഭവിക്കുന്നവരായിരുന്നു. യഹ്ഖൂബ് നബിയുടെ പുത്രന്മാർ
താന്താങ്ങളുടെ പുത്രകളത്രാദികൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് യഹ്ഖൂബ് നബിയോട് സങ്കടം പറഞ്ഞു. യഹ്ഖൂബ് നബി അക്കാലത്ത് യൂസുഫ് നബിയെ കാണാതിരുന്നതിന്റെ വിരഹ ദു:ഖം സഹിക്കാൻ കഴിയാതെ കൻആനിൽ നിന്ന് ശാം നഗരത്തിലേക്കള്ള ഒരു പൊതു പാതയോരത്ത് സ്വന്തമായൊരു കുടിലുണ്ടാക്കി അതിൽ ഏകാന്ത വാസ മനുഷ്ടിക്കുകയായിരുന്നു.
മിസ്റിൽ പോയാൽ ഒരൊട്ടകത്തിന് വഹിക്കാവുന്നത്ര ഭക്ഷണ വിഭവങ്ങൾ എല്ലാ വിദേശികൾക്കും കിട്ടുന്നുണ്ടെന്ന് കൻആനിൽ പരസ്യമായിരുന്നു. അവിടെ നിന്ന് ഭക്ഷണം വാങ്ങി വരുന്നവരെല്ലാം മിസ്റിലെ അസീസിനെ മുക്തകണ്ഠം പ്രശംസിക്കുന്നത് യഹ്ഖൂബ് നബി(അ)കേട്ടു. അപ്പോഴെല്ലാം മിസ്റിലെ അസീസൊരു നബിയായിരിക്കാമെന്നും, ഒരു നബിക്കല്ലാതെ അത്ര വലിയ ഔദാര്യമുണ്ടാവാൻ വഴിയില്ലെന്നും അദ്ദേഹം അനുമാനിച്ചു. തനിക്ക് കായ
ബലമുണ്ടായിരുന്നെങ്കിൽ മിസ്റിൽ
പോയി അസീസിനെ ഒന്ന് സന്ദർശിക്കാമായിരുന്നെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു ദിവസം യഹ്ഖൂബ് നബി (അ)ന്റെ പുത്രന്മാർ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിങ്ങനെ പറഞ്ഞു.
പിതാവേ, അങ്ങ് ഞങ്ങളുടെ
കാര്യത്തിൽ തീരെ താല്പര്യം കാണിക്കുന്നില്ല. ഈ ഏകാന്ത വാസത്തിൽ സ്വന്തം കാര്യമല്ലാതെ അങ്ങയുടെ മനസ്സിലുളവാകുന്നില്ല".
യഹ്ഖൂബ് നബി(അ)പുത്രന്മാരുടെ
വാക്കിലേക്ക് ചെവി കൊടുത്തതേയില്ല.തന്നിമിത്തം അവരിങ്ങിനെ തുടർന്നു."പ്രിയപ്പെട്ട പിതാവേ!ഞങ്ങൾ കുറ്റക്കാരായിരിക്കാം. എങ്കിലും ഞങ്ങളുടെ മക്കൾ കുറ്റം ചെയ്തിട്ടില്ലല്ലോ. അവരതാ വിശപ്പ് സഹിക്കാൻ കഴിയാതെ തളർന്ന് കിടക്കുന്നു.സ്വന്തം മക്കൾ കഷ്ടത്തിലായാൽ പിതാക്കളെങ്ങിനെ സഹിക്കും?". യഹ്ഖൂബ് നബിക്കവരോട് സഹതാപം തോന്നി. അദ്ദേഹം പറഞ്ഞു.
"മിസ്റിൽ സൽഗുണ സമ്പന്നനായൊരു അസീസാണത്രെ ഭരണം നടത്തുന്നത്. അദ്ദേഹം ആവശ്യക്കാർക്ക് ഭക്ഷണ സാധനങ്ങൾ കൊടുക്കുന്നുണ്ടെന്ന് കേട്ടു. നിങ്ങൾ പോയി അദ്ദേഹത്തെ കാണണം. നിങ്ങളുടെ പക്കലുള്ളത് കൊണ്ട് പോയി അദ്ദേഹത്തിന് സംഭാവന ചെയ്യുക. അദ്ദേഹം ഭക്ഷണ സാധനങ്ങൾ തരാതിരിക്കില്ല".
"ഞങ്ങൾ കേവലം നിർദ്ധരരല്ലേ?. രാജാക്കന്മാർക്കും മന്ത്രിമാർക്കും കാണിക്കവെക്കാൻ പറ്റിയതൊന്നും ഞങ്ങളുടെ പക്കലില്ല. ആ സ്ഥതിക്ക് അദ്ദേഹത്തിന്റെ സന്നിധിയിൽ ഞങ്ങളെങ്ങിനെ പോകും?"മക്കൾ യഹ്ഖൂബ് നബിയോട് ചോദിച്ചു. അസീസ് വലിയ ഔദാര്യവാനെന്നാണ് ആളുകൾ പറയുന്നത്. ഔദാര്യവാന്മാർ വിലകുറഞ്ഞ സംഭാവനയായാലും, അത് സ്വീകരിച്ച് വിലയേറിയ സാധനങ്ങൾ കൊടുക്കുവന്നരായിരിക്കും. അത് കൊണ്ട് എന്തെങ്കിലും കൊടുത്താൽ മതി". യഹ്ഖൂബ് നബി (അ)മക്കളോട് പറഞ്ഞു. ഒരു മഹാന്റെ മുമ്പിൽ
തുച്ഛമായ സംഭാവന ചെയ്യുന്നതിൽ ഞങ്ങൾക്ക് ലജ്ജ തോന്നുന്നു". പുത്രന്മാർ യഹ്ഖൂബ് നബിയോട് പറഞ്ഞു. "സംഭാവന നിസ്സാരമായിക്കൊള്ളട്ടെ നിങ്ങളുടെ കുടുംബ മഹാത്മ്യം അദ്ദേഹത്തിനെ ബോധ്യപ്പെടുത്തണം. കൂട്ടത്തിൽ താല്കാലികമായ ദാരിദ്ര്യത്തേയും കഷ്ടപ്പാടുകളേയും വിശദമാക്കണം". യഹ്ഖൂബ് നബി(അ) പുത്രന്മാരോട് പറഞ്ഞു. പിതാവിന്റെ ഉപദേശ പ്രകാരം കൈവശമുണ്ടായിരുന്ന
അല്പം ദിർഹമും കുറച്ച് പട്ട് വസ്ത്രങ്ങളുമെടുത്ത് കൊണ്ടവർ
യാത്രക്കൊരുങ്ങി. അപ്പോൾ യഹ്ഖൂബ് നബിയവർക്ക് ഏതാനും ഉപദേശങ്ങൾ നല്കി.നിങ്ങൾ പത്ത്പേർ മാത്രമേ പോകേണ്ടതുള്ളൂ. എങ്കിലും പതിനൊന്ന് ഒട്ടകങ്ങളെ നിങ്ങൾ കൊണ്ട് പോകണം. ബുൻയാമീനെ നിങ്ങൾ കൊണ്ട് പോകേണ്ടതില്ല. മിസ്റിൽ എത്തിയാൽ കൻആനിൽ നിന്ന് ഏതാനും അഗതികൾ അസീസിനെ കാണാൻ ചെന്നിട്ടുള്ളതായി നിങ്ങൾ അറിവ് കൊടുക്കണം. എന്നിട്ട് അനുവാദം കിട്ടിയതിന് ശേഷം മാത്രമേ അസീസിന്റെ സന്നിധിയിൽ പ്രവേശിക്കാവൂ. അനുവാദം കിട്ടാതെ പ്രവേശിക്കരുത്. നിങ്ങൾ കടന്നു ചെന്നാൽ അദ്ദേഹത്തിനെ നിങ്ങൾ ആദരിക്കണം. അദ്ദേഹത്തോട് വളരെ വിനയ പൂർവ്വമേ സംസാരിക്കാവൂ. അദ്ദേഹത്തെ അഭിമുഖീകരിക്കുമ്പോൾ അങ്ങുമിങ്ങും തിരിഞ്ഞു നോക്കരുത്. അത് മര്യാദ കേടായിരിക്കും. ഇരിക്കാൻ പറഞ്ഞാൽ മാത്രമേ ഇരിക്കാവൂ. അദ്ദേഹം അനുവാദം തന്നിട്ടല്ലാതെ സംസാരിക്കരുത്. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മിതമായ വാചകത്തിലും ശബ്ദത്തിലും
മാത്രമേ ഉത്തരം പറയാവൂ. ഭക്ഷണം തന്നാൽ അത് വളരെ മര്യാദയോടെ തിന്ന്കൊള്ളണം. യാത്ര പറഞ്ഞാൽ വേഗം പുറത്തിറങ്ങണം. നിങ്ങളുടെ പിൻഭാഗം രാജാവിന്ന് അഭിമുഖമായിപ്പോകുന്നത് മര്യാദ കേടാണ്. ഡർബാറിൽ നിന്ന് പുറത്ത് കടന്നാൽ ഡർബാറിൽ വെച്ച് നടന്ന സംഭാഷണ വിവരങ്ങൾ ആരോടും പറയരുത്.
പിതാവിന്റെ ഉപദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് അവർ യാത്ര പുറപ്പെട്ടു. അവർ മിസ്റിന്റെ അതിർത്തിയിലെത്തിയപ്പോൾ പ്രയാണ സംഘത്തിനെ പരിശോധിക്കുന്നതിനുള്ള ഒരു കേന്ദ്രം അവിടെയുണ്ടായിരുന്നു. ആ കെട്ടിടത്തിലാണ് യഹ്ഖൂബ് നബിയുടെ പുത്രന്മാർ അന്തിയുറങ്ങിയത്. പ്രഭാതമായപ്പോൾ കൻആനിൽ നിന്നുള്ള യാത്രക്കാരുടെ പേരും വംശവിവരവും എഴുതിവെക്കാൻ അസീസ് ആജ്ഞാപിച്ചിട്ടുണ്ടെന്നും, അസീസിന്റെ അനുവാദം കിട്ടിയിട്ടല്ലാതെ നിങ്ങളെ പോകാനനുവദിക്കുന്നതല്ലെന്നും ഉദ്യോഗസ്ഥന്മാർ പറഞ്ഞു.അതിനാലവർ
ഊരും പേരും തറവാടുമെല്ലാം വിശദമാക്കിക്കൊടുത്തു.
തങ്ങൾ കൻആൻ രാജ്യക്കാരാണെന്നും, യഹ്ഖൂബ് നബിയുടെ പുത്രന്മാരാണെന്നും, ഭക്ഷ്ക്ഷ്യ ക്ഷാമം
നിമിത്തം ഭക്ഷ്യ സാധനങ്ങൾക്കായി വന്നതാണെന്നും, വിലകൊടുക്കുന്നതിനു ചില തുച്ഛ സാധനങ്ങൾ മാത്രമേ കൈവശമുള്ളൂവെന്നും ഉദ്യോഗസ്ഥന്മാരോടവർ പറഞ്ഞു. ഇവയെല്ലാം ഉദ്യോഗസ്ഥന്മാർ രേഖപ്പെടുത്തിയ റിപ്പോർട്ട് അവർ യൂസുഫ് (അ)ന്റെ അടുക്കൽ
സമർപ്പിക്കുകയും ചെയ്തു.
യൂസുഫ് നബി (അ)അത് വായിച്ച ശേഷം ദീർഘ സമയം ചിന്താമഗ്നായി ഇരുന്നുപോയി. സ്വന്തം സഹോദരന്മാരുടെ ദയനീയ സ്ഥിതി അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖം വിവർണ്ണമായി, ഇരു നേത്രങ്ങളിൽ നിന്ന് ബാഷ്പം പ്രവഹിക്കുന്നതും കണ്ട് ശിപായിമാർ അംബരന്നു. അവർ അല്പമൊന്ന് പിന്മാറിക്കൊണ്ട് വിനയപുരസ്സരം മറുപടിയും കാത്ത് നിന്നു.യൂസുഫ് നബി(അ)ഉടൻ തന്നെ മന്ത്രിയെ വരുത്തി അദ്ദേഹത്തോടിങ്ങനെ പറഞ്ഞു.
"കൻആനിൽ നിന്നൊരു പ്രയാണ സംഘം ആഗതരായിരിക്കുന്നു. അവർ എന്റെ ജ്യേഷ്ടന്മാരാണ്. പിതാവിന്റെ മുമ്പിൽ കുതന്ത്രം പ്രയോഗിച്ച് അനുവാദം വാങ്ങിക്കൊണ്ട് അവർ എന്നെ
കാട്ടിൽ കൊണ്ട് പോയി ഒരു കിണറ്റിൽ താഴ്ത്തി. ഒരു വർത്തക സംഘം കിണറ്റിൽ നിന്നെന്നെ രക്ഷപ്പെടുത്തിയെങ്കിലും അവരെന്നെ വർത്തക സംഘത്തിന് അടിമയായി വിറ്റു. എന്നെയവർ വധിച്ചു
കളയുന്നതിന്ന് സന്നദ്ധരായെങ്കിലും അല്ല്വാഹു അതിന്നവരെ അനുവധിച്ചില്ല. ഇപ്പോൾ ഭക്ഷണ ക്ഷാമം നേരിട്ടതിനാൽ ഭക്ഷണ സാധനം അന്വേഷിച്ച് അവർ ഇവിടെ ഏത്തിയിരിക്കുന്നു. അവരുടെ ഇപ്പോഴത്തെ സ്ഥിതിയിൽ എനിക്ക് വളരെ സഹതാപമുണ്ട്".
"അങ്ങ് എന്തിന്ന് സഹതപിക്കുന്നു.
അങ്ങയുടെ അനുവാദമുണ്ടെങ്കിൽ അവരുടെ ഗളച്ഛേദം ഇപ്പോൾ തന്നെ നടത്താമല്ലോ. ഇത്രയും കേട്ടപ്പോൾ മന്ത്രി പറഞ്ഞു.
അങ്ങയോടിത്രയും ക്രൂരത കാണിച്ച അവരുടെ കാര്യത്തിൽ എന്താണിത്ര ചിന്തിക്കാനുള്ളത്?".
അപ്പോൾ യൂസുഫ് നബി(അ) പറഞ്ഞു.
"അവർ എന്റെ ജ്യേഷ്ടന്മാരായിപോയല്ലോ. അവരോട് പ്രതികാരം ചെയ്യുന്നത് മനുഷ്യോചിതമല്ല. എന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് പ്രത്യേകിച്ചൂം ഉചിതമല്ല".
അപ്പോൾ അവരോട് എങ്ങിനെ ഇടപെടണമെന്നാണ് അങ്ങ് അഭിലഷിക്കുന്നത്?". മന്ത്രി ചോദിച്ചു.
"അവരെന്റെ ജ്യേഷ്ടന്മാരാണെന്ന നിലക്കാണ് വർത്തിക്കേണ്ടത്. അവർ ചെയ്ത അക്രമത്തിന് പ്രതികാരം ചെയ്യാതെ ഉപകാരം ചെയ്തു കൊണ്ട് അവരെ ലജ്ജിപ്പിക്കണം".
യൂസുഫ് നബി(അ) പറഞ്ഞു.
"എന്റെ ജ്യേഷ്ടന്മാരായ ആ പ്രയാണ സംഘത്തിനെ യഥോചിതം സ്വീകരിച്ചാനയിക്കുകയാണ് വേണ്ടത്. അവരുടെ ആഗമന മാർഗ്ഗങ്ങളെല്ലാം അലങ്കരിക്കുകയും അവർക്ക് ഒരു നല്ല സദ്യ തയ്യാറാക്കുകയും വേണം. മന്ത്രിയുമായി എല്ലാ കാര്യങ്ങളും ആലോചിച്ചുറപ്പിച്ച ശേഷം പ്രയാണ സംഘത്തിന് മിസ്റിൽ പ്രവേശിശിക്കാനുള്ള അനുവാദം നല്കി. യൂസുഫ് നബി തന്നെ തന്റെ ജ്യേഷ്ടന്മാർക്ക് വേണ്ടി പരവതാനി വിരിച്ചു. അവരുടെ ബഹുമാനാർത്ഥം ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെയുള്ള ധാരാളം ആളുകളെ അതിഥികളായി ക്ഷണിക്കുകയും ചെയ്തു. അതിഥി മന്ദിരം നിറയെ വിലപിടിപ്പുള്ള പരവതാനികൾ വിരിച്ചു കൊണ്ട് അതിന്റെ മദ്ധ്യഭാഗത്ത് രത്നാലംകൃതമായ ഒരുകട്ടിൽ തയ്യാറാക്കി. ചൊടിയും ചുറുക്കുമുള്ള ധാരാളം ആളുകളെ കൊണ്ട് ഹാളിലും കട്ടിലിന്റെ ചുറ്റുഭാഗത്തും അകമ്പടിയായി വിന്യസിച്ചു. ഈ ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനു ശേഷം കൻആനിൽ നിന്ന് വന്നിട്ടുള്ള അതിഥികളെ അകത്തേക്ക് സ്വാഗതം ചെയ്തു. അവർ അതിഥി മന്ദിരത്തിൽ പ്രവേശിച്ചപ്പോൾ യൂസുഫ് നബിക്ക്
അവരോരോരുത്തരേയും തിരിച്ചറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ ജ്യേഷ്ട സഹോദരങ്ങൾക്ക് യൂസുഫ് നബിയെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. അവർ തന്നെ സംബന്ധിച്ച് അജ്ഞന്മാരാണെന്ന് യൂസുഫ് നബിക്ക് ബോധ്യപ്പെടുകയും ചെയ്തു."നിങ്ങൾ ഈ പട്ടണത്തിൽ എന്തുദ്ദേശിച്ചാണ് വന്നതെന്ന് യൂസുഫ് നബി(അ) അവരോട് ചോദിച്ചു.
"ഞങ്ങളുടെ കുഞ്ഞോമനകൾക്ക് ഭക്ഷ്യ വിഭവങ്ങൾ അന്വഷിച്ച് വന്നിരിക്കുകയാണ്". ജ്യേഷ്ടന്മാർ പറഞ്ഞു.
"നിങ്ങൾക്ക് മോഷണം, ചാരവൃത്തി മുതലായ ദുരുദ്ദേശങ്ങളൊന്നും ഇല്ലെന്ന് വിശ്വസിക്കട്ടെയോ?".
യൂസുഫ് നബി (അ)ചോദിച്ചു."ഞങ്ങൾ കൻആൻകാരും യഹ്ഖൂബ് നബിയുടെ പുത്രന്മാരുമാണ്. അങ്ങ് ചോദിച്ചത് പോലെയോള്ള യാതൊരു ദുരുദ്ദേശവും ഞങ്ങൾക്കില്ല". സഹോദരങ്ങൾ പറഞ്ഞു."നിങ്ങളുടെ പിതാവിന്ന് എത്ര പുത്രന്മാരുണ്ട്?". യൂസുഫ് നബി (അ)ചോദിച്ചു.
"ഞങ്ങൾ പന്ത്രണ്ട് പുത്രന്മാരുണ്ട്. ഒരു പുത്രൻ ചെറുപ്പത്തിൽ ഞങ്ങളുടെ കൂടെ കാട്ടിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അകാല മരണം സംഭവിച്ചു. അവന്റെ അനുജൻ ഒരാൾ കൂടിയുണ്ട്. അവൻ ഞങ്ങളുടെ കൂടെ വന്നിട്ടില്ല.വീട്ടിൽ തന്നെയാണുള്ളത്. അവന്ന് കൂടി ധാന്യംകൊണ്ട് പോകാൻ വേണ്ടി ഒരൊട്ടകത്തിനെ കൂടി ഞങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. സഹോദരന്മാർ പറഞ്ഞു.യൂസുഫ് നബി ഭൃത്യന്മാരെ വിളിച്ച് അവരെ അതിഥി മന്ദിരത്തിൽ കൊണ്ട് പോയി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കട്ടിലിന്മേൽ തന്നെ ഇരുത്തി ഭക്ഷണം കൊടുക്കാൻ വേണ്ടി കല്പിച്ചു.
ഭൃത്യന്മാർ അവരെ കൊണ്ട് പോയി പ്രത്യേകം സജ്ജമാക്കിയിരുന്ന സ്ഥലത്ത് അവരെ ഉപവിഷ്ടരാക്കി.അവർക്ക് വേണ്ടി ആഹാര സാധനങ്ങളെല്ലാം കൊണ്ട് വന്നു. യൂസുഫ് നബി ഒരു ജനവാതിലിന്റെ ഒരു വിള്ളലിൽ കൂടി അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു. അവർ തങ്ങൾക്കു ലഭിച്ച അവിചാരിതമായ ബഹുമതിയിൽ സന്തുഷ്ടരായി. അവർ പരസ്പരം സന്തോഷം പ്രകടിപ്പിച്ചു."അസീസ് നമ്മെ വളരെയധികം ആദരിച്ചിരിക്കുന്നു. നാമാവട്ടെ ഉചിതമായ ഒരു കാണിക്കപോലും സമർപ്പിച്ചിട്ടില്ല".അവരിലരാൾ അഭിപ്രായം പറഞ്ഞു.
"നമ്മുടെ പിതാവിനെ പറ്റിയും പിതാമഹന്മാരെ പറ്റിയും അദ്ദേഹം കേട്ടിട്ടുണ്ടായിരിക്കും". ശംഊൻ പറഞ്ഞു.
"നമ്മുടെ ദാരിദ്ര്യത്തെപ്പറ്റി അദ്ദേഹത്തിന് വേണ്ട പോലെ ബോധിച്ചു എന്നാണ് തോന്നുന്നത്". കൂട്ടത്തിൽ മറ്റൊരാൾ
പറഞ്ഞു.
ജ്യേഷ്ടന്മാരുടെ സംഭാഷണം യൂസുഫ് നബിക്ക് അത്യധികം വ്യസനമുളവാക്കി. അദ്ദേഹം അകത്തു പോയി തന്റെ തന്റെ മക്കളോട് നല്ല വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അതിഥികൾക്ക് വെള്ളം കൊടുക്കാൻ പറഞ്ഞു.
"ആരാണവർ പുത്രന്മാർ ചോദിച്ചു.
"അവർ നിങ്ങളുടെ പിതൃ സഹോദരന്മാരാണ്. കൻആനിലാണ് താമസം". യൂസുഫ് നബി പറഞ്ഞു.
"ഇവരാണോ പിതാവിനെ അടിമയാക്കി വിറ്റവർ?". മക്കൾ ചോദിച്ചു.
"അത് കൊണ്ടാണല്ലോ ഞാൻ ഈ ഉയർന്ന പദവിയിലെത്തിയത്". യൂസുഫ് നബി (അ)പറഞ്ഞു.
Comments
Post a Comment