Skip to main content

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും|10

യൂസുഫ് നബി  പ്രഭാതമായാൽ ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു.
 "എന്റെ  പിതാവുമായുള്ള വേർപാട്   എനിക്കസഹ്യമായിത്തീർന്നിരിക്കുന്നു. 
ഈ വിരഹ   ദു:ഖത്തിന്  ഒരറ്റവും ഞാൻ കാണുന്നില്ലല്ലോ അല്ല്വാഹ്!എന്നിൽ ദയയുണ്ടാകേണമേ!ഈ വിരഹ ദു:ഖത്തിൽ നിന്നെന്നെ നീ മോചിപ്പിക്കേണമേ!ഇങ്ങിനെ പ്രാർത്ഥിക്കുന്നതിനിടയിൽ ഒരു
ദിവസം ജിബ്രീൽ(അ) എന്ന മാലാഖ യൂസുഫ് നബിയുടെ സന്നിധിയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പറഞ്ഞു. പ്രവാചകരേ ഞാൻ അങ്ങയെ അനുമോദിക്കുന്നു. അങ്ങയെ അല്ല്വാഹു നബിയും റസൂലുമാക്കി നിയോഗിച്ചിരിക്കുന്നു. അങ്ങയുടെ ആത്മീയ പരിശുദ്ധി സർവ്വ പാപങ്ങളിൽ നിന്നും അങ്ങക്ക്, രക്ഷനൽകിയിരിക്കുന്നു. 
അങ്ങയുടെ സ്ഥൈര്യത്തോട് കൂടിയുള്ള സത്യ വിശ്വാസം നിമിത്തം  അങ്ങക്ക് അല്ല്വാഹു 'സ്വിദ്ധീഖ്'എന്ന ബഹുമതി നൽകിയിരിക്കുന്നു. യൂസുഫ് നബി ഉടൻ തന്നെ അല്ല്വാഹുവിനോട് കൃതജ്ഞത പ്രകടിപ്പിച്ചു.തുടർന്ന് മാലാഖയോട് ചോദിച്ചു."എന്റെ പിതാവിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?. പിതാവിന്റെ വർത്തമാനം അറിയാത്തതിനാൽ എനിക്ക്, യാതൊരു 
സ്വസ്ഥതയുമില്ല". അപ്പോൾ മാലാഖ പറഞ്ഞു. "അദ്ദേഹത്തിന് സുഖമാണ്.  അങ്ങയുടെ വർത്തമാനം അറിയാത്തത് കൊണ്ട് അദ്ദേഹമെപ്പോഴും ദു:ഖിതനാണ്.
മറ്റൊരു സന്തോഷ വാർത്ത
 അങ്ങക്ക് ഉടൻ തന്നെ ഈ കാരാഗൃഹത്തിൽ നിന്ന് മോചനമുണ്ടാകും". ഇത്രയും പറഞ്ഞ്
കൊണ്ട് മാലാഖ അപ്രത്യക്ഷനായി.
       യൂസുഫ് നബി കാരാഗൃഹത്തിൽ നിന്ന് മോചിതനാവാനടുത്തപ്പോൾ റയ്യാൻ ചക്രവർത്തിയൊരു സ്വപ്നം കണ്ടു. അദ്ദേഹം നീൽ നദിയുടെ കരയിലൊരിടത്ത് നിൽക്കുമ്പോൾ നദിയിൽ നിന്ന് തടിച്ചു കൊഴുത്ത ഏഴ് പശുക്കൾ കയറി വന്നു. അവയുടെ അകിടുകളിൽ നിറയെ പാലുണ്ടായിരുന്നു. ഉടൻതന്നെ നദീ ജലം മുഴുവനും വറ്റിവരണ്ടു. അനന്തരം കരടിയുടെ പല്ലിനൊത്ത പല്ലും പട്ടിയുടെ കാലിന് തുല്ല്യമായ കാലുകളുമുള്ള ഏഴ് മെലിഞ്ഞ പശുക്കൾ മരുഭൂമിയിൽ നിന്നെവിടെ നിന്നോ വന്ന് ആ തടിച്ചു 
കൊഴുത്ത പശുക്കളെ കൊന്നു തിന്നു. 
ഇതിൽ പിന്നെ ഒരു സസ്യത്തിന്മേൽ തന്നെ ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും തൂങ്ങിക്കിടക്കുന്നത് അദ്ദേഹം കണ്ടു. ഉണക്കക്കതിരുകൾ കാറ്റിൽ 
ആടിക്കളിച്ചപ്പോഴുണ്ടായ അഗ്നി ജ്വാല പച്ചക്കതിരുകളെ കരിച്ചു കളഞ്ഞു. ഇതായിരുന്നു റയ്യാൻ രാജാവിന്റെ സ്വപ്നം. ഈ സ്വപ്നം രാജാവിനെ അത്യധികം അസ്വസ്ഥനാക്കി..
സ്വപ്ന വ്യാഖ്യാതാക്കളോട് ഇതിന്റെ വ്യാഖ്യാനമെന്താണെന്ന് ചോദിച്ചപ്പോൾ. അത് പൊയ്ക്കിനാവാണെന്നും പൊയ്ക്കിനാവുകൾക്ക് അർത്ഥം പറയാൻ തങ്ങൾക്കാവില്ലെന്നും അവർ  പറഞ്ഞു. ആകയാൽ ശരിയായ മറുപടി പറയാനാർക്കും കഴിഞ്ഞില്ല. റയ്യാൻ ചക്രവർത്തിയുടെ ദർബാർകാരും കൊട്ടാര ജ്യോത്സ്യന്മാരും സ്വപ്നസാരം ഗ്രഹിക്കാൻ കഴിയാതെ കൈമലർത്തി. യൂസുഫ് നബിയുടെ കൂടെ ജയിലിലുണ്ടായിരുന്ന ബർഹിയ പറഞ്ഞു.സ്വപ്ന വ്യാഖ്യാനത്തിൽ അതിനിപുണനായൊരാൾ ജയിലിലുണ്ട്. പണ്ഡിതനും സമർത്ഥനുമായ അദ്ദേഹം അസീസിന്റെ പത്നിയായ സലീഖയുടെ കാരണത്താൽ  ജയിലിൽ പോകേണ്ടി വന്നതാണ്. ഞാൻ ജയിലിൽ നിന്ന് പോരുമ്പോൾ അദ്ദേഹത്തെപ്പറ്റി മഹാരാജാവിനോട് പറയണമെന്ന് അദ്ദേഹമെന്നോട് ഏല്പിച്ചിട്ടുണ്ടായിരുന്നു. അക്കാര്യമെന്നോട് മറന്നുപോയി. ഇത് കേട്ടപ്പോൾ രാജാവിന്റെ ഭാവം മാറി. "നീ ഇതുവരേക്കും അക്കാര്യമെന്നോട് പറയാതിരുന്നത് കഷ്ടമായിപ്പോയി". ബർഹിയായോട് രാജാവ് പറഞ്ഞു.
"ഞാൻ അക്കാര്യം മറന്നു പോയത് സത്യമാണ്".ബർഹിയാ പറഞ്ഞു.
"അദ്ദേഹത്തിന് സ്വപ്ന വ്യാഖ്യാനമറിയാമെന്ന് നീ എങ്ങിനെ അറിഞ്ഞു?".രാജാവ് ചോദിച്ചു. ഞങ്ങൾ ജയിലിലായിരുന്നപ്പോൾ "ഞാൻ കണ്ടിരുന്ന ഒരു സ്വപ്നത്തിന്ന് അദ്ദേഹം വ്യാഖ്യാനം പറയുകയും അത് ശരിയായി പുലരുകയും ചെയ്തിട്ടുണ്ട്".ബർഹിയാ 
പറഞ്ഞു. രാജാവ് ഉടൻതന്നെ 
ബർഹിയായെ ജയിലിലേക്കയച്ച് തന്റെ സ്വപ്നത്തിന്റെ വ്യാഖ്യാനം അറിഞ്ഞു വരാൻ കല്പിച്ചു. രാജാവിന്റെ ഉത്തരവനുസരിച്ച് ബർഹിയാ ജയിലിൽ പോയി യൂസുഫ് നബിയുടെ മുന്നിൽ കുറ്റബോധത്തോട്കൂടി വണങ്ങി നിന്നു. അപ്പോൾ യൂസുഫ് നബി അദ്ദേഹത്തെ സാന്ത്വനപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
"നീയൊട്ടും ലജ്ജിക്കേണ്ടതില്ല. നിന്നെ അക്കാര്യം മറപ്പിച്ചത് പിശാചാണ്". ഇത് കേട്ടപ്പോൾ ബർഹിയാ സന്തുഷ്ടനായി.
രാജാവിന്റെ സ്വപ്ന വിവരമറിയിച്ചപ്പോൾ യൂസുഫ് പറഞ്ഞു.തടിച്ച പശുക്കളും 
പച്ചക്കതിരുകളും കുറിക്കുന്നത് വിപുലമായ തോതിൽ കൃഷി നടക്കുന്ന ക്ഷേമത്തിന്റെ ഏഴുവർഷത്തെയാണ്. 
മെലിഞ്ഞ പശുക്കളും ഉണക്കക്കതിരുകളും 
കുറിക്കുന്നത് അനന്തരമുണ്ടാകുന്ന
ഏഴ് വർഷം ദൈർഘ്യമുള്ള 
 ക്ഷാമകാലത്തെയാണ്. നിങ്ങൾ ഏഴുവർഷം തുടർച്ചയായി ശരിയാം വണ്ണം വിളവിറക്കണം. എന്നിട്ട് നിങ്ങളുടെ ആവശ്യത്തിനു വേണ്ടിവരുന്ന ധാന്യം മാത്രം മെതിച്ചെടുത്ത് ബാക്കിയെല്ലാം കതിരുകളിൽതന്നെ സൂക്ഷിക്കണം. അതിന് ശേഷം അതി കഠിന ക്ഷാമമുള്ള
 ഏഴുവർഷക്കാലമാണ് വരാനുള്ളത്.
ക്ഷേമ കാലത്ത്‌ മിച്ചം വെച്ച ധാന്യം ക്ഷാമ വർഷങ്ങളിൽ ജനങ്ങൾക്ക് വിതരണം ചെയ്യണം. ബർഹിയാ മടങ്ങിവന്ന് യൂസുഫ് നബി പറഞ്ഞ 
സ്വപ്ന വ്യാഖ്യാനം അറിയിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ രാജാവിന് തിടുക്കമായി. യൂസുഫിനെ കൂട്ടി വരാൻ രാജാവ് കല്പിച്ചു. ബർഹിയാ യൂസുഫിന്റെ സന്നിധിയിൽ ചെന്ന് രാജാവ് കൊട്ടാരത്തിലേക്ക് വിളിക്കുന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു.
യൂസുഫിന്റെ അസാധാരണ വ്യക്തിത്വം ബോധ്യമായപ്പോൾ മിസ്റിൽ വരാനിരിക്കുന്ന ക്ഷാമത്തെപ്പറ്റിയും അതിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹം നിർദ്ദേശിച്ച മാർഗ്ഗങ്ങളെപ്പറ്റിയും കൂടുതൽ ഗ്രഹിക്കേണ്ടതിന്ന് യൂസുഫിന്റെ സാന്നിധ്യം 
അത്യന്താപേക്ഷിതമാണെന്ന് രാജാവിന് ബോധ്യമായി. വിളവ് വർദ്ധിപ്പിക്കുവാനും അത് ശേഖരിച്ച് ക്ഷാമത്തെ നേരിടത്തക്ക 
നിലയിൽ അതിന്റെ വിതരണം ക്രമീകരിക്കുവാനും യൂസുഫ്
ഞൊടിയിടയിൽ പദ്ധതി നിർദ്ദേശിച്ചത്
രാജാവിനെ അത്ഭുതപ്പെടുത്തി.
അങ്ങിനെ രാജാവ്‌ യൂസുഫ് നബിയെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ച്  പട്ടാളക്കാരുടെ അകമ്പടിയോടു കൂടി കൊട്ടാരത്തിലേക്കാനയിച്ചു.അത് വരെ യൂസുഫ് നബി (അ)കാരാഗൃഹത്തിൽ ചിലവഴിച്ചത് പന്ത്രണ്ട് വർഷമായിരുന്നു.
    യൗസുഫ് നബി കടന്ന് വന്നപ്പോൾ അദ്ദേഹമൊരു മാലാഖയോ സ്വർഗ്ഗീയ മനുഷ്യനോ ആയിരിക്കുമെന്ന് രാജാവും പരിവാരങ്ങളും ധരിച്ചുപോയി. യൂസുഫും രാജാവാവുമായുള്ള കുശല പ്രശ്നാനന്തരം യൂസുഫിനെ
രാജാവിന്റെ അരികിൽ തന്നെയിരുത്തി. അനന്തരം രാജാവ് അദ്ദേഹത്തിനോട് ആ കൊട്ടാരത്തിൽ എല്ലാവിധത്തിലും സ്വതന്ത്രനായിരിക്കുമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം  താൻ എന്ത് ചെയ്യുന്നതിനും സന്നദ്ധനാണെന്നും യൂസുഫ് നബിയോട് 
 പറഞ്ഞു.
      "ക്ഷാമകാലത്ത് അഗതികളായവരെ എങ്ങിനെ തിരിച്ചറിയും?. നീതി പൂർവ്വം ഭക്ഷണ സാധനങ്ങൾ അർഹർക്ക് എങ്ങിനെയാണ് എത്തിച്ച് കൊടുക്കുക? റയ്യാൻ ചോദിച്ചു.
"അതൊന്നും അത്ര സാരമാക്കാനില്ല. ദേശീയ വരുമാനങ്ങളുടെ ചുമതല എന്നിൽ ഭരമേല്പിക്കുക. അവയെ കൈകാര്യം ചെയ്യുന്ന കാര്യം ഞാൻ വഹിച്ചു കൊള്ളാം". യൂസുഫ് പറഞ്ഞു. ഇത്രയും കേട്ടപ്പോൾ രാജാവ് സന്തുഷ്ടനായി. മിസ്റിന്റെ  സാമ്പത്തികായ എല്ലാ
ഉത്തരവാദിത്തങ്ങളും യൂസുഫ് നബിക്ക് വിട്ട് കൊടുക്കാൻ റയ്യാൻ രാജാവ് ഉത്തരവിട്ടു.ജനങ്ങളുടെ ഭൗതിക കാര്യങ്ങൾ നിയന്ത്രിക്കാനും യൂസുഫ് നബിക്ക് കഴിവുണ്ടായിരുന്നു. അത് കൊണ്ടാണ് റയ്യാൻ രാജാവിന്റെ അഭീഷ്ടമനുസരിച്ച് മിസ്റിന്റെ ധനകാര്യ വകുപ്പ് ഏറ്റെടുക്കുന്നതിൽ അദ്ദേഹം വൈമനസ്സ്യം കാണിക്കാതിരുന്നത്.
പ്രവാചകത്വത്തിനു തുല്ല്യമായ ഒരു പദവിയും മനുഷ്യന് ലഭിക്കുന്നതല്ല. അത്കൊണ്ട് നബിമാരെ സംബന്ധിച്ചിടത്തോളം ഭരണാധികാരം ഒരു കാര്യമല്ല. ഈജിപ്തിലും മറ്റും നേരിടാൻ പോകുന്ന ക്ഷാമത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയായിരുന്നു യൂസുഫ് നബിയുടെ ഉദ്ദേശം. ഭരണകാര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായമാണ്
പരിഘണിക്കപ്പെട്ടിരുന്നത്. 
സലീഖയുടെ ഭർത്താവായിരുന്ന അസീസ് അക്കാലത്ത് ഭരണ കാര്യങ്ങളിൽ മുൻകാലങ്ങളിലെപോലെ ഇടപെട്ടിരുന്നില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ അസീസിന്റെ എല്ലാ അധികാരങ്ങളും റയ്യാൻ രാജാവ് യൂസുഫ് നബിയെ ഏല്പിക്കുകയാണുണ്ടായത്. മിസ്റിലെ അസീസ് ആയി യൂസുഫ് (അ)നെ നിയമിച്ചു കൊണ്ടുള്ള രാജകീയ വിളംബരം മിസ്റിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.  ഒരു പ്രധാന മന്ത്രിക്കുണ്ടായിരുന്ന എല്ലാ അധികാരങ്ങളും അന്നത്തെ അസീസ് മിസ്റിന്നുണ്ടായിരുന്നു. യൂസുഫ് (അ)അസീസ് മിസ്റായി അവരോധിക്കപ്പെടുമ്പോഴേക്ക് പഴയ അസീസ് മീസ്റായിരുന്ന ഖിത്ഫീർ നിര്യാതനായിരുന്നു.
        യൂസുഫ് നബി (അ)അസീസ് മിസ്റായി  അവരോധിതനായതിനു ശേഷം അദ്ദേഹം ആദ്യമായി ചെയ്തത് മിസ്റിൽ വലിയൊരു ധാന്യ സംഭരണി നിർമ്മാണമായിരുന്നു. നൈൽ നദീ തലത്തിൽ നിന്ന് അധികം പൊക്കമില്ലാത്തൊരു സ്ഥലം കണ്ടെത്തി. അവിടെ വലിയൊരു കെട്ടിടം പണിതു. എല്ലാവരും കാർഷിക ജോലിയിൽ ഏർപ്പെടണമെന്നും, ഒരിഞ്ച് സ്ഥലം പോലും വിളയിറക്കാതെ നിറുത്താൻ പാടില്ലെന്നും പ്രജകളെ അദ്ദേഹം ഉത്ഭോധിപ്പിച്ചു. കൊയ്ത്തു കാലങ്ങളിൽ സംഭരിച്ചു വെക്കാനുള്ള ഉല്പന്നങ്ങൾ വാങ്ങി സൂക്ഷിക്കാനുള്ള ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. ഏഴുകൊല്ലം കഴിഞ്ഞപ്പോൾ ധാരാളം ഉല്പന്നങ്ങൾ ധാന്യ സംഭരണിയിൽ സംഭരിക്കപ്പെട്ടു.
      കാരാഗ്രഹ മോചനത്തിനു ശേഷം കുറേക്കാലം യൂസുഫ് നബി(അ)സലീഖയെ കണ്ടിരുന്നില്ല. അവരുടെ ഭർത്താവായിരുന്ന ഖിത്ഫീർ മരണമടഞ്ഞതോടെ യമനിൽ സ്വഗൃഹത്തിൽ താമസമാക്കുകയാണവർ ചെയ്തത്. എന്നാൽ യൂസുഫിനെക്കുറിച്ചുള്ള ചിന്ത ബീവിയെ അസ്വസ്ഥയാക്കി. അവരുടെ ശരീരം മെലിഞ്ഞു. കരഞ്ഞു കരഞ്ഞ് അവരുടെ നേത്രങ്ങളുടെ കാഴ്ച കുറഞ്ഞു. മിസ്റിലായിരുന്നപ്പോൾ അവർ യൂസുഫ് നബിയെ കാരാഗൃഹത്തിൽ പോയി കാണാനും ദിവസേന വർത്തമാനം പറയാനും അന്വഷിച്ചറിയാനും അവർക്ക് കഴിഞ്ഞിരുന്നു. യൂസുഫ് നബി കാരാഗൃഹത്തിൽ നിന്നും മോചിതനായി  മിസ്റിലെ ഭരണാധികാരി ആയതോടു കൂടി താൻ നിമിത്തം അനേകം ദുരിതങ്ങളനുഭവിച്ച അദ്ദേഹം ഇനി തന്റെ നേരെ ഒരു ദയയും കാണിക്കാനിടയില്ലെന്നുള്ള 
നിരാശ അവരെ പിടികൂടിയിരുന്നു. അങ്ങിനെ ഒരു ജീവശ്ശവമായി സലീഖ പരിണമിച്ചു.യൂസുഫ് നബിയുടെ ഭരണ പാടവം നിമിത്തം അയൽ രാജാക്കന്മാരെല്ലാവരും മിസ്ർ രാജാവിന്റെ മേൽക്കോയ്ക്ക് കീഴടങ്ങിയിട്ടുണ്ടായതിനാൽ യൂസുഫ് നബിക്ക് വിദേശ രാജ്യങ്ങളിലും സഞ്ചരിക്കേണ്ടി വന്നു. ഇങ്ങിനെ സഞ്ചരിച്ച കൂട്ടത്തിൽ യമൻ രാജ്യത്തും അദ്ദേഹം പോയി.അദ്ദേഹം വരുന്ന വർത്തമാനം കേട്ട് ദാസിമാർ ബീവിക്ക് അറിവ് കൊടുത്തത് പ്രകാരം, ബീവി തന്റെ അവശതകളൊന്നും വകവെക്കാതെ യൂസുഫ് നബി(അ)യും അനുചരന്മാരും വരുന്നുണ്ടായിരുന്ന ഭാഗത്തേക്കോടി. "ഹേ യൂസുഫേ, എന്റെ പ്രാണ നാഥാ!എന്നിങ്ങനെ അവർ ഉച്ചത്തിൽ വിളിച്ചു. ആ ദയനീയ വിളികേട്ട് നബി തന്റെ കുതിരയെ നിർത്തി. ബീവി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം ചോദിച്ചു."സലീഖാ!എന്താണ് വർത്തമാനം? നിനക്കെന്തു പറ്റി? നിന്റെ ഓജസും തേജസുമെല്ലാം എവിടെ പോയി?".
"അങ്ങയോടുള്ള പ്രേമാധിക്യത്താലെല്ലാം നഷ്ടപ്പെട്ടു". ബീവി മറുപടി പറഞ്ഞു. യൂസുഫ് നബി (അ)ബീവിയുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് കുതിരപ്പുറത്ത് നിന്നിറങ്ങി.
"ഞാനെന്തു വേണം?". യൂസുഫ് നബി (അ)ചോദിച്ചു.
അങ്ങ് എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ഞാൻ മരിക്കുന്നത് വരെ അങ്ങയെ ശുശ്രൂഷിക്കാനും, അല്ല്വാഹുവിനെ ആരാധിക്കുന്നതിലും സമയം ചിലവഴിക്കത്തക്കവണ്ണം എന്റെ യുവത്വവും സൗന്ദര്യവും കണ്ണിന്റെ കാഴ്ചയും തിരിച്ചു കിട്ടട്ടെ". അപ്പോൾ ജിബ്രീലെന്ന മാലാഖ ഹാജരായി യൂസുഫിനോട് പറഞ്ഞു. "പ്രവാചകരെ അങ്ങ് അല്വാഹുവിനോട് പ്രാർത്ഥിക്കുന്ന കാര്യം അല്ല്വാഹു നിറവേറ്റുന്നതാണ്".
അങ്ങിനെ യൂസുഫ് നബി സലീഖാക്ക് വേണ്ടി പ്രാർത്ഥിച്ചു. പ്രാർത്ഥനാനന്തരം ബീവിക്ക് സൗന്ദര്യവും ശരീര കാന്തിയും തിരിച്ചു കിട്ടി.നാഢികൾക്കെല്ലാം 
ബലം കൂടിയത് പോലെ അവർക്കനുഭവപ്പെട്ടു.അങ്ങിനെ കുറേ ദിവസങ്ങൾക്ക് ശേഷം റയ്യാൻ രജാവിടപെട്ട് യൂസുഫ് നബി അലൈഹിസ്സലാമിന്റേയും സലീഖയുടേയും 
വിവാഹം നടത്തിക്കൊടുത്തു.സലീഖാ ബീവി സൗന്ദര്യത്തിലും സൗശീല്യാദി ഗുണങ്ങളിലും അദ്വിതീയയായിരുന്നു. അവർ നബിയെ ശുശ്രൂഷിച്ചു കൊണ്ടും ആരാധനയിൽ മുഴുകിക്കൊണ്ടും  ഒരു യഥാർത്ഥ ഗൃഹനായികയായി ജീവിതം നയിച്ചു. രാജ്യ കാര്യങ്ങളിൽ നിന്ന് ഒഴിവ് കിട്ടുമ്പോൾ സലീഖയുമായി സഹവസിക്കുന്നതിലും, അവർക്ക് ആദ്ധ്യത്മിക കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിലും യൂസുഫ് നബി (അ)ഉത്സുകനായിരുന്നു.
|ശേഷം പതിനൊന്നാം അദ്യായത്തിൽ|

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവൻ വലതു വശത്തേക്കു തിരിഞ്ഞു നടന്ന...