ഒരു ദിവസം സായം സന്ധ്യയിൽ
വളർത്തമ്മയുടെ ഉപദേശപ്രകാരം സലീഖ, യൂസുഫിനെ രാജകൊട്ടാരത്തിന്നടുത്തുള്ള ഉദ്യാനത്തിലേക്ക്
കാറ്റ് കൊള്ളാനയച്ചു.
സലീഖയുടെ ആജ്ഞയനുസരിച്ച് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിന്ന് സുന്ദരികളായ തോഴിമാരവിടെ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. യൂസുഫ് വിടർന്ന പൂവുകളുടെ പരമളമാസ്വദിച്ച്കൊണ്ട്
ഉദ്യാനത്തിലുടനീളം ഉലാത്തിക്കൊണ്ടിരുന്നു. സലീഖാ നിയോഗിച്ചിട്ടുണ്ടായിരുന്ന ആ ദാസിമാർ അദ്ദേഹത്തിനെ ആകർഷിക്കാനും അദ്ദേഹത്തിനെ സലീഖായുടെ ഹിതവർത്തിയാക്കാനുമാണ് ഉത്സാഹിച്ചിരുന്നത്. എങ്കിലും യൂസുഫിന്ന് ആ ദാസിമാരുടെ ആർഭാടങ്ങളിലൊട്ടും താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ഉദ്യാനത്തിന്റെ പ്രകൃതി ദത്തമായ ആനന്ദമാസ്വദിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ടും ആ ദാസിമാർ ഇച്ഛാഭംഗപ്പെടാതെ അദ്ദേഹത്തെ വശീകരിക്കുന്നതിൽ ഉത്സുകരായി.സന്ധ്യമയങ്ങറായപ്പോൾ ലാവണ്യവതികളായ അവർ വിവിധങ്ങളായ വികാര ചേഷ്ടകൾ പ്രകടിപ്പിച്ച് കൊണ്ട്, യൂസുഫിനെ വട്ടമിട്ട് നിന്നു. അതിലൊന്നുമദ്ദേഹം താല്പര്യം പ്രകടിപ്പിച്ചതേയില്ല. തത്വോപദേശങ്ങൾ നല്കിക്കൊണ്ട് അവർക്കെല്ലാം സന്മാർഗ്ഗ ബോധം ഉളവാക്കുക
മാത്രമാണയാൾ ചെയ്തത്.
രാത്രി മുഴുവനും തോഴിമാർ മതവിഷയങ്ങൾ പഠിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയത്. പിറ്റേ ദിവസം പ്രഭാതത്തിൽ സലീഖ അവിടെ കടന്ന് ചെന്നു. തദവസരത്തിൽ യൂസുഫ് നബി അവർക്ക് ഇബ്രാഹിം നബിയുടെ മാർഗ്ഗമനുസരിച്ച് മതോപദേശങ്ങൾ നല്കുകയായിരുന്നു. ദാസിമാരെല്ലാം യൂസുഫ് നബിയുടെ മതോപദേശമനുസരിച്ച് ഏകദൈവ വിശ്വാസികളായി മാറുകയും ചെയ്തു. അതിലൊന്നും ശ്രദ്ധിക്കാതെ സലീഖ യൂസുഫ് നബിയുടെ അരികെ ചെന്ന് ഇങ്ങിനെ പ്രശംസിച്ചു. "എന്റെ പ്രാണതുല്യനായ മഹാനുഭവാ!അങ്ങയുടെ സൗന്ദര്യവവും പ്രസന്ന വദനവും ഇന്നേദിവസം വരെ എന്നെ
അത്യധികം സ്വാധീനിച്ചിരിക്കുന്നു.
"വികാര പാരവശ്യത്തോടെയുള്ള
ആ പ്രശംസ യൂസുഫ് നബിക്കൊട്ടും ഇഷ്ടമായില്ല. അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന് അസംതൃപ്തി നിഴലിച്ചു. തന്റെ വാക്ക് വളരെ അസ്ഥാനത്തായിപ്പോയെന്ന്
സലീഖാക്ക് മനസ്സിലായി.അതിലവർക്ക്
അതിയായ ലജ്ജയും വ്യസനവുമുണ്ടായി.
യൂസുഫ് തന്റെ ഹിതത്തിന് വഴങ്ങുകയെന്നത് അസാധ്യമാണെന്നവർക്ക്
ബോധ്യമായി. അവർ തന്റെ വളർത്തമ്മയെ കുറച്ചകലെ
കൂട്ടിക്കൊണ്ട്പോയി എനിയെന്ത് ചെയ്യണമെന്നതിനെപ്പറ്റി അഭിപ്രായമാരാഞ്ഞു. വളർത്തമ്മ ഇങ്ങിനെ അഭിപ്രായപ്പെട്ടു."ഇനി നമുക്കൊരു തന്ത്രവും കൂടി പ്രയോഗിക്കേണ്ടതുണ്ട്. അതിന്ന് വളരെയധികം പണം ചെലവഴിക്കേണ്ടി വരും.". സലീഖ പണം ചെലവഴിക്കാനൊരുക്കമായിരുന്നു. സലീഖയും വളർത്തമ്മയും ഉദ്യാനത്തിൽ വെച്ച് യൂസുഫ് നബിക്ക് വേണ്ടി സലീഖയുടെ വകയായി എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയ ഒരു രമ്യഹർമ്യം നിർമ്മിക്കാൻ തീരുമാനമായി.അതിനായി പണം കണ്ടെത്താൻ യമൻ രാജ്ഞിയായ തന്റെ മാതാവിനൊരു കത്തെഴുതി. തനിക്കൊരു ആരാധനാലയം നിർമ്മിക്കാൻ തൊഴിലാളികളെ അയക്കണമെന്നും സാമ്പത്തിക സഹായം നൽകണമെന്നുമായിരുന്നു കത്തിലെഴുതിയത്. മാതാവ് ആളും അർത്ഥവും നൽകി സഹായിച്ചു. ഇതിന് അസീസിന്റെ അനുവാദവുമുണ്ടായിരുന്നു.
അങ്ങിനെ വിദഗ്ദന്മാരുടെ മേൽനോട്ടത്തിൽ രമ്യഹർമ്യത്തിന്റെ നിർമ്മാണം പൂർത്തിയായി.ഗൃഹാന്തർ ഭാഗത്ത് മദ്ധ്യത്തിലായി ഒരു ഒരു പ്രത്യേക മുറി സജ്ജീകരിച്ചു. അതിന്റെ ഭിത്തികളെല്ലാം സ്പടിക നിർമ്മിതമായിരുന്നു. ആ മുറിക്കകത്തുണ്ടായിരുന്ന കട്ടിലിന്മേൽ ഇരിക്കുന്ന ആളെ വീടിന്റെ ഏത് ഭാഗത്തുള്ളവർക്കും ദർശിക്കുന്നതിന് സഹായകമായിട്ടാണ് സ്പടിക ഭിത്തികളെല്ലാം സംവിധാനിച്ചിരുന്നത്..
മന്ദിരത്തിന്റെ പണി പൂർത്തിയായ ശേഷം സലീഖ അതിന്റെ എല്ലാഭാഗങ്ങളും വീക്ഷിച്ചു സംപ്തൃപ്തയായി. ഒരുദിവസം ബീവി വിലപിടിപ്പുള്ള വസ്ത്രാഭരണങ്ങൾ അണിഞ്ഞൊരുങ്ങി പുതിയ മന്ദിരത്തിൽ ചെന്ന് അന്തർഭാഗത്തുള്ള മുറിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടായിരുന്ന കട്ടിലിന്മേൽ ഉപവിഷ്ടയായി. ആ മുറിയിലേക്ക് യൂസുഫ് നബിയെ ആനയിക്കാൻ വളർത്തമ്മ യൂസുഫിന്റെ പഴയ ഇരിപ്പിടത്തിലേക്ക് ചെന്നു. സലീഖ പുതിയ മന്ദിരത്തിലേക്ക് ക്ഷണിക്കുന്നതായി അറിയിച്ചു. വളർത്തമ്മയുടെ അറിയിപ്പനുസരിച്ച് യൂസുഫ് നബി അവിടെയെത്തി. സമയം മദ്ധ്യാഹ്നമായിരുന്നു. മന്ദിര വാതിലിന്നരികിലെത്തിയതോട് കൂടി. കൊട്ടാരത്തിന്റെ ഉൾഭാഗത്തുണ്ടായിരുന്ന സലീഖയെ സ്പടിക ഭിത്തികൾക്കുള്ളിൽ കൂടി വളരെ സ്പഷ്ടമായി
കാണാൻ യൂസുഫ് നബിക്ക്
സാധിച്ചു. സലീഖക്ക് അടക്കാൻ കഴിയാത്ത അനുരാഗമുളവായിട്ടുണ്ടെന്ന് ആ ഒരുക്കങ്ങളിൽ നിന്നെല്ലാം യൂസുഫ് നബി ഗ്രഹിച്ചിരുന്നത് കൊണ്ട് ആശങ്കാകുലനായിക്കൊണ്ടാണദ്ദേഹം അകത്ത് പ്രവേശിച്ചത്. സലീഖയിരുന്ന മുറിയുടെ വാതിൽക്കൽ ചെന്ന് ഒരു കാലകത്തും മറ്റേക്കാൽ പുറത്തും വെച്ച് നിന്ന് കൊണ്ട് എന്ത് കല്പിക്കുന്നു എന്ന് ചോദിച്ചു. സലീഖ കൈനിട്ടി യൂസുഫ് നബിയെ അകത്തേക്ക് പിടിച്ചു വലിച്ചു. ബീവിയുടെ സജ്ജീകരണങ്ങളെല്ലാം കണ്ട് പരിഭ്രമിച്ച് കൊണ്ട് "ഇലാഹീ!ഇവളിൽ നിന്ന് ഈ സന്ദർഭത്തിൽ നിന്റെ പ്രത്യേകാനുഗ്രഹം കൊണ്ടെന്നെ രക്ഷിക്കേണമേ"എന്ന് പ്രാർത്ഥിച്ചു. യൂസുഫ് നബിയെ അകത്താക്കിക്കൊണ്ട് ബീവി വാതിലടച്ചു. സുലൈഖ ചതിപ്രയോഗത്തിന്നാണ് ശ്രമിക്കുന്നതെന്ന് മനസ്സിലായപ്പൾ യൂസുഫ് നബി കതക് തുറന്ന് പുറത്ത്കടക്കാൻ ശ്രമിച്ചു. വാതിലുകളെല്ലാം അടച്ചു പൂട്ടിയത് കൊണ്ട് അദ്ദേഹത്തിന് രക്ഷപ്പെടാൻ സാധിക്കില്ലെന്നായിരുന്നു സലീഖ കരുതിയത്. അദ്ദേഹം വാതിൽ തുറന്ന് രക്ഷപ്പെടുമെന്ന് കണ്ടപ്പോൾ പിന്നിൽ നിന്ന് യൂസുഫ് നബിയുടെ കുപ്പായം പിടിച്ചു വലിച്ചു. അങ്ങിനെ കുപ്പായത്തിന്റെ പിൻവശം കീറി. യൗസുഫിനോടൊപ്പം സലീഖയും വാതിലിന്നടുത്തേക്കോടി. അപ്പോഴേക്കും അവിചാരിതമായി അസീസവിടെ എത്തിച്ചേർന്നു.അവരെ കണ്ടപ്പോൾ തന്നെ അവർ തമ്മിലെന്തോ കുഴപ്പമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന്ന് ബോധ്യമായി. എങ്കിലും അദ്ദേഹമവരോടൊന്നും ചോദിച്ചില്ല. സലീഖ വളരെ ധൈര്യത്തോട് കൂടിത്തന്നെ പറഞ്ഞു."ഞാൻ കിടന്നുറങ്ങുമ്പോൾ യൂസുഫൊരു മോഷ്ടാവിനെ പോലെ എന്നെ സമീപിച്ചു. അങ്ങയോട് വഞ്ചന കാണിക്കാനാണ് അവനുദ്ദേശിച്ചത്. എന്നെ പിടിക്കുവാനായി കൈ നീട്ടിയെങ്കിലും അപ്പോഴേക്കും ഞാൻ ഞെട്ടിയുണർന്നു.. അവൻ പുറത്തേക്കോടിയപ്പോൾ ഞാൻ പിന്തുടർന്നു. അവന്റെ കുപ്പായത്തിൽ നിന്ന് കീറിയ കഷ്ണമിതാ എന്റെ കൈയിലിരിക്കുന്നു"."നീ പറഞ്ഞ സംഭവത്തിന് തെളിവ് വല്ലതുമുണ്ടോ? ". അസീസ് ചോദിച്ചു."സാക്ഷികളാരുമില്ല. എങ്കിലും ഞാൻ പറഞ്ഞതെല്ലാം സത്യമാണ്". സലീഖ പറഞ്ഞു. "യൂസുഫേ!ഞാൻ നിനക്ക് അനേകം ഗുണങ്ങൾ ചെയ്തു തന്നു. നീയാവട്ടെ എന്റെ സുഖജീവിതത്തെ താറുമാറാക്കാൻ ശ്രമിക്കുന്നു. ഇതിനുള്ള ശിക്ഷ നിന്റെ ബന്ധനമായിരിക്കും". യൂസുഫ് നബിയോട് അസീസ് പറഞ്ഞു.
സലീഖ എന്നോട് പ്രേമ വികാരങ്ങൾ പ്രകടിപ്പിച്ചു. ഞാനത് നിരസിച്ചോടുകയാണുണ്ടായത്". യൂസുഫ് പറഞ്ഞു.
"നീ പറഞ്ഞതിൽ വല്ല സാക്ഷിയുമുണ്ടോ?".
അസീസ് ചോദിച്ചു.
"അങ്ങയുടെ വീട്ടുകിരിയെ അപമാനിക്കാൻ ശ്രമിച്ച ഒരാൾക്ക് ജയിലോ അടി ശിക്ഷയോ അല്ലാതെന്ത് ശിക്ഷയാണുള്ളത്?". ഇടയിൽ കയറി സലീഖ പറഞ്ഞു.
അപ്പോളവിടെ കൂടിയവർ അദ്ദേഹത്തിന്റെ കുപ്പായം മുൻഭാഗമാണ് കീറിയതെങ്കിൽ അവൾ പറയുന്നത് സത്യവും അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പിൻഭാഗമാണ് കീറിയതെങ്കിൽ അവൾ പറയുന്നതസത്യവുമാണെന്ന് പറഞ്ഞു. അസീസുടൻ തന്നെ യൂസുഫ് നബിയുടെ കുപ്പായത്തിന്റെ ഏത് ഭാഗമാണ് കീറിയതെന്ന് പരിശോധിച്ചു. അപ്പോൾ കുപ്പായത്തിന്റെ പിൻഭാഗമാണ് കീറിയതെന്ന് കണ്ടെത്തി. അസീസിന്ന് സത്യം ബോധ്യമായി. അത് സ്ത്രീയുടെ സർവ്വസാധാരണയായ ചതിപ്രയോഗമാണെന്നും അവരുടെ ചതിപ്രയോഗം ഗൗരവാവഹമായിരിക്കുമെന്നും അസീസ് സലീഖയോട് പറഞ്ഞു.
എങ്കിലും സ്വപത്നിയായ സലീഖയെ ഈ കുറ്റം നിമിത്തം ശിക്ഷിക്കാനയാളൊ
രുമ്പെട്ടില്ല. ഈ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായതോട് കൂടി യൂസുഫിനോട് ക്ഷമിക്കാനുപദേശിച്ചു കൊണ്ടും, സലീഖയെ യൂസുഫിനോട് മാപ്പിന്നപേക്ഷിക്കാൻ ശാസിച്ച് കൊണ്ടും അസീസ് മൗനമവലംബിച്ചു.
സലീഖയും യൂസുഫും തമ്മിലുള്ള
ഈ സംഭവം
അസീസ് ഗോപ്യമായി വെച്ചു. എങ്കിലും
ഈ സംഭവ വാർത്ത മിസ്റിലെങ്ങും പരസ്സ്യമായി. അസീസിന്റെ പത്നി തന്റെ അടിമയായ ബാല്യക്കാരനുമായി സ്നേഹത്തിലാണെന്ന് സ്ത്രീകൾ അത്ഭുത പൂർവ്വം സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം രാജകൊട്ടാരത്തിലെ അഞ്ച് ഉയർന്ന ഉദ്യോഗസ്ഥരുടെ പത്നിമാരായ അഞ്ച് സ്ത്രീകൾ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാനിടയായി. രാജാവിന്റെ ഭണ്ഡാര സൂക്ഷിപ്പുകാരന്റെ ഭാര്യ, ലഹരി പദാർത്ഥ വകുപ്പിന്റെ മേധാവി, പാചക മേധാവി, അന്തപുര മേധാവി, ഡർബാർ നായകൻ എന്നീ ഉദ്യോഗസ്ഥന്മാരുടെ പത്നിമാരായിരുന്നു സമ്മേളിച്ചത്. അവർ നാട്ടുവർത്തമാനങ്ങൾ സംസാരിക്കുന്നതിനിടയിൽ സലീഖായുടെ പ്രണയ കഥയും അവരുടെ സംസാര വിഷയമായി.
എത്രമാത്രം സൗന്ദര്യമാണ്, യൂസുഫിനെന്ന് ഭണ്ഡാര സൂക്ഷിപ്പുകാരന്റെ ഭാര്യ പറഞ്ഞു. സൗന്ദര്യം മാത്രമോ? എന്തൊരു ഗാംഭീര്യമാണ് ആ തേജോമനയിൽ കളിയാടുന്നതെന്ന്! ലഹരി പദാർത്ഥ വകുപ്പിന്റെ മേധാവിയുടെ ഭാര്യ പറഞ്ഞു. യൗസുഫിന്റെ സംസാരം വളരെ ഹൃദ്യമണെന്ന് പാചക മേധാവിയുടെ ഭാര്യ പറഞ്ഞു. യൂസുഫിന്റെ ഗൗരവഭാവമാണ് കൂടുതൽ അഭിനന്ദനാർഹമെന്ന് അന്തപുര മേധാവിയോടെ ഭാര്യ പറഞ്ഞു. തീർച്ചയായും അയാളൊരു കുലീനനാണെന്ന് അവരെല്ലാവരും ഏകകണ്ഠ്യേന സമ്മതിച്ചു.സലീഖാക്ക് സ്വഭർത്താവിനോട് സ്നേഹമില്ലെന്നും നേരെമറിച്ച് അവൾക്ക് യൂസുഫിൽ മാത്രമേ സ്നേഹമുള്ളൂവെന്നും അവർ ഏക കണ്ഠമായി അഭീപ്രായപ്പെട്ടു. ആ ഉയർന്ന നിലവാരമുള്ള സ്ത്രീകളുടെ സംഭാഷണം നാട്ടിൽ പൊതുവിൽ പ്രചരിച്ചിട്ടുള്ള വർത്തമാനങ്ങളുടെ സംഷിപ്ത രൂപമായിരുന്നു. അസീസിന്റെ പത്നി തന്റെ അടിമയുടെ മുന്നിൽ പ്രേമചാപല്യങ്ങൾ പ്രകടിപ്പിച്ചുവെന്നത് ഒരു സർവ്വസാധാരണമായ ഒരു വർത്തമാനമായിരുന്നു. പലരും ഈ വിഷയത്തിൽ സലീഖയെ അധിക്ഷപിക്കുകയാണ് ചെയ്തത്. എന്നാൽ അങ്ങിനെ അധിക്ഷേപിച്ചവർക്കെല്ലാം ആ ലാവണ്യവതിയായ രാജ്ഞിയെ ആകർഷിച്ച അടിമ യുവാവിനെയൊന്നു കണ്ടാൽ കൊള്ളാമെന്ന് മോഹമുണ്ടായി.
നാട്ടിലെ സകലമാന ജനങ്ങളും യൂസുഫിന്നനുകൂലമായ സാക്ഷി പറഞ്ഞതിന്ന് ശേഷവും സലീഖ അടങ്ങുകയല്ല ചെയ്തത്.ഒരു വിധത്തിലും യൂസുഫ് തന്നോട് അടുക്കുകയില്ലെന്ന് കണ്ടപ്പോൾ അവർ അദ്ദേഹത്തിനെ ഒരു സ്വകാര്യ സ്ഥലത്ത് താമസിപ്പിച്ചു. പട്ടണത്തിലെ സ്ത്രീകൾക്ക് സലീഖയെ അധിക്ഷേപിക്കുന്നതിന് അത് കൂടുതൽ സൗകര്യം നൽകി. അവർ യഥേഷ്ടം അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി.ആ അഭിപ്രായ ഗതി ഇങ്ങിനെയായിരുന്നു. "സലീഖക്ക് ലലജ്ജയില്ല. അവൾ ഒരു അടിമയെ സ്നേഹിക്കുന്നു. അടിമയാവട്ടെ അവളോട് തെല്ലും സ്നേഹമില്ല. എന്നിട്ടും അവൾ അടിമയെ ഗോപ്യസ്ഥലത്ത് താമസിപ്പിച്ച് വശീകരിക്കാൻ നോക്കുകയാണത്രെ. സലീഖ വരുമ്പോഴെല്ലാം അവൻ കണ്ണടച്ച് കളയും. അവൾ ആകപ്പാടെ ഒരു ഭ്രാന്തിയെ പോലെയായിരിക്കയാണ്. സലീഖ ഒരു കാരണവും കൂടാതെ ചിരിക്കുന്നതും പലപ്പോഴു കരയുന്നതും ഭ്രാന്ത് കൊണ്ടല്ലങ്കിൽ പിന്നെയെന്ത് കാരണത്താലാണെന്നവർ പരസ്പരം ചർച്ച ചെയ്തു?. ഇങ്ങിനെയുള്ള അഭിപ്രായങ്ങൾ മിസ്ർ രാജ്യത്തിന്റെ മുക്കിലും മൂലയിലും സംസാര വിഷയമായി.
(ശേഷം 9-ആം അദ്ധ്യായത്തിൽ)
Comments
Post a Comment