Skip to main content

സൂര്യനും ചന്ദ്രനും പതിനൊന്ന് നക്ഷത്രങ്ങളും|7

അവർ യൂസുഫിനേയും കൊണ്ട് അസീസിന്റെ വസതിയിലെത്തി. അതോട്  കൂടി സലീഖായുടെ ദു:ഖ പരവശതകളെല്ലാം അവസാനിച്ചു. താൻ സ്വപ്നത്തിൽ ദർശിച്ച യുവാവാണ് ആ അടിമയെന്ന് ബീവിക്ക് ബോദ്ധ്യമായി. ആ പരമാർത്ഥം വളർത്തമ്മയോടവർ തുറന്ന് പറയുകയും ചെയ്തു. യൂസുഫിനെ ശുശ്രൂഷിക്കുന്നതിൽ അവൾ വളരെ ഉത്സുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ഒരിക്കലുമവർ മുക്തയായിരുന്നില്ല. ഒരു ദിവസം തന്റെ  ദാസി മുഖേന യൂസുഫിന്റെ അടുക്കലേക്കവർ ഒരു സന്ദേശം പറഞ്ഞയച്ചു. "എന്നെയല്ലാതെ
അങ്ങ് മറ്റാരേയും പത്നിയായി
സ്വീകരിക്കരുതെന്ന്. എന്റെ പക്കലുള്ള സർവ്വ ദ്രവ്യങ്ങളും അങ്ങയെ ഭരമേൽപ്പിക്കുന്നതിന് ഞാൻ സന്നദ്ധയാണെന്നും.  പലപ്രാവശ്യം സ്വപ്നത്തിൽ കണ്ടതിനാൽ അങ്ങയെ ദർശിക്കുന്നതിനുള്ള ഭാഗ്യ സന്ദർഭം കാത്ത്  നാളിതുവരെ യാതൊരു മനസ്സമാധാനവുമില്ലാതെയാണ് ഞാൻ  ജീവിതം തള്ളി നീക്കിയതെന്നും. ഇപ്പോഴാവട്ടെ അങ്ങയെ ദർശിക്കാൻ കഴിഞ്ഞത് കൊണ്ടാണ് എന്റെ സകല ദ:ഖങ്ങളും ദൂരീകൃതമായിരിക്കുന്നതെന്നുമായിരുന്നുമായിരു ആ സന്ദേശം.
". യൂസുഫ് നബി അതിന് ഇങ്ങിനെയാണ് മറുപടി പറഞ്ഞയച്ചത്."സലീഖയെ ഞാനും സ്വപ്നത്തിൽ കണ്ടിട്ടുണ്ടായിരുന്നു.ഞാൻ അവൾക്കും അവളെനിക്കും "എന്ന് ഞാൻ ഉറപ്പ്‌ കൊടുത്തിട്ടുമുണ്ട്. എങ്കിലും ആ സ്വപ്ന താല്പര്യം നിറവേറ്റുന്നതിന്ന് ഈ സന്ദർഭത്തിൽ യാതൊരു മാർഗ്ഗവുമില്ല. ഇനിയും കാലം കുറേ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും".യൂസുഫ് സൗന്ദര്യത്തിലെന്ന പോലെ തന്നെ സ്ഥൈര്യ ധൈര്യാദി സൽഗുണങ്ങളിലും അദ്വീതിയനായിരുന്നു. അദ്ദേഹത്തിന്റെ കായ ശക്തിയും വളരെ മികച്ചതായിരുന്നു. വാക്ചാദുര്യം, സത്യസന്ധത, വിശ്വസ്തത, ദീനാനുകമ്പ ആദിയായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിൽ സമ്പൂർണമായി സമ്മേളിച്ചിരുന്നു.
        ഒരു ദിവസം മാലിക്ബ്നി സ്വഗീർ യൂസുഫിനെ സലീഖായുടെ കൊട്ടരത്തിൽ ചെന്ന് കണ്ടു. അവസരം കിട്ടുമ്പോൾ നിങ്ങളെന്റെയടുക്കൽ വരണമെന്ന്
യാത്ര പറഞ്ഞ് പിരിയുന്ന വേളയിൽ യൂസുഫ് മാലിക്കിനോട് പറഞ്ഞിരുന്നു.വരാമെന്ന് താല്പര്യപൂർവ്വം മാലിക് സമ്മതിക്കുകയും ചെയ്തു.മാലിക് യൂസുഫിനോട് യാത്ര പറഞ്ഞ് തിരികെ പോകാനൊരുങ്ങിയപ്പോൾ യൂസുഫ് മാലിക്കിനോട് പറഞ്ഞു. "നിങ്ങൾ ഗോപ്യമായി വെക്കുമെന്നുറപ്പ് തന്നാൽ ഞാനൊരു കാര്യം പറയാനാഗ്രഹിക്കുന്നു". താൻ ആരോടും പറയില്ലെന്ന് മാലിക് വാക്ക് കൊടുത്തു. അപ്പോൾ യൂസുഫ്  പറഞ്ഞു."ഞാൻ ഇബ്രാഹിം നബിയുടെ പുത്രനായ ഇസ്ഹാഖ് നബി എന്റെ പിതാമഹനും അദ്ദേഹത്തിന്റെ പുത്രൻ യഹ്ഖൂബ് നബി എന്റെ പിതാവുമാണ്".
 ഇത് കേട്ടപ്പോൾ മാലിക്കിന് അതിയായ വ്യസനമുളവായി. "അങ്ങയെ ഞാൻ കിണറ്റിൽ നിന്ന്‌ മോചിപ്പിച്ചപ്പോൾ  എന്ത് കൊണ്ട് ഈ വസ്തുത  എന്നോട്
പറഞ്ഞില്ല?".
      എന്ന് മാലിക് വളരെ ഖേദത്തോടെ ചോദിച്ചു."സത്യാ
വസ്ത മനസ്സിലായിരുന്നുവെങ്കിൽ ആദ്ദേഹത്തിനെ വാങ്ങാനും വിൽക്കാനും ഒരിക്കലും ഇടയാകുമായിരുന്നില്ലെന്നും മാലിക് പറഞ്ഞു. "സഹോദരന്മാരുടെ ഉപദ്രപം ഭയപ്പെട്ടതിനാലാണ് സംഗതി മൂടി വെച്ചതെന്നും ഏതായാലും അതിലൊന്നും തനിക്ക് യാതൊരു പരാതിയുമില്ലെന്നും" പറഞ്ഞ് കൊണ്ട് മാലികിനെ അദ്ദേഹം സാന്ത്വനപ്പെടുത്തി.
        "അങ്ങയുടെ പിതാവ് കൻആനിലെ ഒരു പ്രധാനിയാണല്ലോ. അങ്ങയെ കാണാത്തത് കൊണ്ട് അദ്ദേഹം ധാരയായി കണ്ണീർ പൊഴിക്കുന്നതായി ഞാൻ നേരിൽ കണ്ടിട്ടുണ്ട്". "ഇലാഹീ!എന്റെ പുത്രനെ എന്റെ ദൃഷ്ടിയിൽ കാണിച്ചു തരേണമേ".എന്നദ്ദേഹം പ്രാർത്ഥിക്കുന്നുമുണ്ട്."മാലി....ക്കേ അദ്ദേ....ഹം തന്നെ....യാണെന്റെ പി...താവ്". ഗദ് ഗദത്തോടെ യൂസുഫ് മൊഴി നൽകി.
"പ്രഭോ!ഞാൻ വലിയ അപരാധമാണ് അങ്ങയോട് ചെയ്തത്. അതെല്ലാമെനിക്ക് പൊറുത്ത് മാപ്പാക്കിത്തരണം". മാലിക് പറഞ്ഞു."അതെല്ലാം അല്ല്വാഹുവിന്റെ നിശ്ചയങ്ങളായിരുന്നു. അവന്റെ നിശ്ചയങ്ങളിൽ സംതൃപ്തരായിരിക്കുവാൻ സജ്ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. എന്നെ വിറ്റപ്പോൾ ജ്യേഷ്ഠൻ നിങ്ങൾക്കെഴുതി തന്നിട്ടുള്ള വിലവിവരപ്പത്രം എനിക്കൊരു പ്രമാണമായിരിക്കുന്നതാണ്. അവരെ ഒരു കാലത്ത് ലജ്ജിപ്പിക്കുന്നതുമാണ്. മാലിക് പ്രസ്തുത വിലവിവരപ്പത്രം എടുത്ത് യൂസുഫ് നബിക്ക് കൊടുത്തു. എന്നിട്ടദ്ദേഹം പറഞ്ഞു."എനിക്ക് സന്താനങ്ങളില്ല. സന്താന ലബ്ധിക്കായി അങ്ങ് പ്രാർത്ഥിക്കണം". അതനുസരിച്ച് യൂസുഫ് നബി പ്രാർത്ഥിച്ചു. തന്നിമിത്തം മാലിക്കിന് തന്റെ ഭാര്യയുടെ പന്ത്രണ്ട് പ്രസവങ്ങളിലായി ഇരുപത്തിനാല് സന്താനങ്ങളുണ്ടായി. ഇതിൽ വിലവിവരം എഴുതിക്കൊടുത്ത ആൾ ആരായിരുന്നുവെന്ന് മാലിക് ചോദിച്ചു. അത് തന്റെ ജ്യേഷ്ഠനായിരുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വില്ക്കാനുണ്ടായ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ അത് ചോദിക്കരുതെന്നും ആ കാര്യം രഹസ്സ്യമാക്കി വെക്കാൻ തനിക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു.
       യൂസുഫിനെ വിലക്ക് വാങ്ങുന്നതിന്ന് ഖജനാവിലുണ്ടായിരുന്ന ധനമെല്ലാം അസീസ് വിനിയോഗിച്ചത് നിമിത്തം ഖജനാവ് കാലിയായി. ഒരു ദിവസം അദ്ദേഹത്തിന്റെ സേനനായകൻ അസീസിനെ സമീപിച്ചു കൊണ്ട് പറഞ്ഞു. "പ്രഭോ
സൈന്യത്തിന് ശമ്പളം കൊടുക്കാൻ പണമില്ല. ഖജനാവ് കാലിയാണ്. ശമ്പളം കൊടുക്കാതിരിന്നാൽ സൈന്യത്തിൽ ആളുകളുണ്ടാവില്ല.സൈന്യാധിപന്റെ വാക്കുകൾ കേട്ടപ്പോൾ കാര്യത്തിന്റെ ഗൗരവം അസീസിന്ന് ബോധ്യമായി. ഉടൻതന്നെ ഖജനാവ് സൂക്ഷിപ്പുകാരനെ വിളിച്ചു. ഖജനാവ് തുറപ്പിച്ച് കൊണ്ട് അസീസ് അകത്ത് പ്രവേശിച്ചു. അപ്പോൾ അതിലുണ്ടായിരുന്ന ദ്രവ്യങ്ങൾക്ക്, യാതൊരു കുറവും കൂടാതെ പഴയപടി
എല്ലാം യഥാസ്ഥാനത്ത് തന്നെ ശേഷിച്ചിരിപ്പുണ്ടായിരുന്നു. സൈന്യാധിപനും ഖജനാവ് സൂക്ഷിപ്പുകാരനും
സംഗതി അറിഞ്ഞു സന്തോഷിച്ചു.ഈ ഭണ്ഡാരത്തിൽ നിന്ന് എടുത്ത് പോയ ദ്രവ്യങ്ങൾക്ക് യാതൊരു കോട്ടവും അകത്ത് കടന്ന് നോക്കുമ്പോൾ കാണുന്നില്ലല്ലോ എന്ന് അസീസ്‌ അത്ഭുതപ്പെട്ടു.ഭണ്ഡാരത്തിൽ നിന്ന് വളരെയധികം ദ്രവ്യങ്ങളെടുത്തിട്ടും കുറയാതിരിക്കാൻ കാരണമെന്തായിരിക്കുമെന്ന് ഭണ്ഡാര സൂക്ഷിപ്പുകാരനോട് അസീസ് അന്വേഷിച്ചു. തനിക്കതിനെപ്പറ്റി അറിയില്ലെന്നും  ഒരു പക്ഷേ യൂസുഫിനോട് ചോദിച്ചാൽ സംഗതി മനസ്സിലാക്കാൻ കഴിഞ്ഞേക്കുമെന്നുമയാൾ പറഞ്ഞു.
നമുക്കാർക്കുമറിയാത്ത രഹസ്യം യൂസുഫിനറിയാൻ സാദ്ധ്യതയുണ്ടെന്ന് ഖജനാവ് സൂക്ഷിപ്പുക്കാരൻ എങ്ങിനെ ഗ്രഹിച്ചുവെന്ന് അസീസ് ചോദിച്ചു. അപ്പോളയാൾ പറഞ്ഞു."തന്റെ നാഥൻ താനിഷ്ടപ്പെടുന്നവർക്ക് അവരുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിക്കൊടുക്കുമെന്നും അവനുദ്ദേശിക്കുന്ന സജ്ജനങ്ങൾക്ക് അവരാഗ്രഹിക്കുന്ന രഹസ്യങ്ങൾ അറിയിച്ച് കൊടുക്കുമെന്നും  യൂസുഫ് കൂടെക്കൂടെ പറയാറുണ്ട്. അങ്ങ് യൂസുഫിനെ വിലക്ക് വാങ്ങിയ നാൾ മുതൽ ഇന്നേവരേയും ഞാൻ യൂസുഫുമായി സഹവസിച്ചിട്ടുണ്ട്.
ഒരിക്കൽ ആകാശത്ത് നിന്ന് 
പ്രകാശമയമായ ഒരു ജീവി അയാൾക്കരികെ ഇറങ്ങി
വന്ന് അദ്ദേഹത്തോട് സംസാരിച്ചത്  ഞാൻ നേരിൽ കണ്ടിട്ടുണ്ട് . ആ സംസാരത്തിന്റെ സംഗ്രഹം ഇങ്ങിനെയായിരുന്നു. "യൂസുഫേ!നീ നിലപാടിനെപ്പറ്റി ശരിയാം വണ്ണം ഗൗനിക്കണം. നിന്റെ ജ്യേഷ്ഠന്മാർ നിന്നെ വളരെ കുറഞ്ഞ വിലക്കാണ് മാലിക്കിന് വിറ്റത്. മിസ്റിലെ ഖജനാവിലുള്ളതെല്ലാം ചെലവഴിച്ച് കൊണ്ടാണ് മാലികിൽ നിന്ന് അസീസ് നിന്നെ വിലക്കെടുത്തത്. ഇതെല്ലാം ആ വെള്ള സത്വം സംസാരിച്ച വസ്തുതകളാണ്". ഈ വർത്തമാനമറിഞ്ഞപ്പോൾ യൂസുഫിന്റെ കാര്യത്തിൽ അസീസീനും  മതിപ്പുളവായി. അദ്ദേഹം യൂസുഫിനെ വിളിച്ചു വരുത്തി തങ്ങൾ വളരെയധികം ദ്രവ്യങ്ങളെടുത്ത് ചിലവഴിച്ചിട്ടും ഖജനാവിൽ നിബിഢമായി
ത്തന്നെ ദ്രവ്യങ്ങളുണ്ട്. ഇതിന്റെ കാരണമെന്താണെന്നന്വേഷിച്ചപ്പോൾ യൂസുഫ് പറഞ്ഞു."നിങ്ങളെന്നെ ആദരിച്ചതിന്ന് പ്രതിഫലമിയി അല്ല്വാഹു നിങ്ങളുടെ ധനമെല്ലാം നിങ്ങൾക്ക് തന്നെ മടക്കിത്തന്നിരിക്കയാണ്. ഏതായാലും നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിങ്ങൾ യാതൊരു വീഴ്ചയും വരുത്തരുത്. ഒരു കാര്യം നിങ്ങളോർക്കേണ്ടതുണ്ട്. എനിക്ക്  വേണ്ടി നിങ്ങൾക്ക് യാതൊന്നും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. നിങ്ങളുടെ ധനമെല്ലാം ഭണ്ടാരത്തിൽ മടങ്ങി വന്നിട്ടും ഞാൻ നിങ്ങളുടെ അധീനത്തിൽ തന്നെയുണ്ട്."തന്റെ ഖജനാവ് പൂർവ്വ സ്ഥിതിയിൽ തന്നെ നിബിഡമായിരിക്കുന്നത് യൂസുഫിന്റെ  അനുഗ്രഹീതാവസ്ഥ നിമിത്തമാണെന്ന് അസീസിന്ന് ബോധ്യമായി. അന്ന്‌ മുതൽ യൂസുഫിനെ പൂർവ്വാധികം മാന്യമായ നിലയിൽ കൊട്ടാരത്തിന്റെ ഒരു ഭാഘത്ത് തന്നെ താമസിപ്പിച്ചു. അദ്ദേഹത്തിനെ ശുശ്രൂഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ സലീഖയോടുപദേശിക്കുകയും ചെയ്തു.അസീസ് യൂസുഫിന്റെ സംരക്ഷണം ഏല്പിച്ചു കൊടുത്തപ്പോൾ സലീഖാക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണുണ്ടായത്. സലീഖയൊരിക്കൽ യൂസുഫ് നബിയുടെ നിസ്തുല്യമായ സൗന്ദര്യത്തിലും സൗശീല്യാദി ഗുണങ്ങളിലും അന്ധാളിച്ചുകൊണ്ട് സ്വഭർത്താവായ അസീസിനോട് ചോദിച്ചു. "ഈ അടിമ മനുഷ്യൻ തന്നെയാണോ അതോ ജിന്നോ?".  മനുഷ്യൻ തന്നെയാണെന്ന് അസീസ് മറുപടി നല്കി. " യൗവ്വനയുക്തനായ അയാളുടെ അടുക്കൽ ഞാനെങ്ങിനെ പോകും?. അത് കൊണ്ട് യൂസുഫിനെ എന്റെ ഉടമയിൽത്തന്നെ ഭരമേല്പിക്കുകയാണുത്തമം. ഞാനയാളെ സ്വപുത്രനാക്കി പരിപാലിക്കാം".
    നാളതുവരെ
 സലീഖായുടെ ഒരാവശ്യത്തേയും അസീസ് തിരസ്കരിച്ചിട്ടില്ലായിരുന്നു. ആയതിനാൽ അവരുടെ അപേക്ഷക്ക് വശംവദനായിക്കൊണ്ട് യൂസുഫിന്റെ മേൽ തനിക്കുണ്ടായിരുന്ന സർവ്വവിധ അധികാരാവകാശങ്ങളും സലീഖാക്ക് വിട്ട് കൊടുത്തു.യൂസുഫിന്റമേൽ സർവ്വാധികാരം കിട്ടിയപ്പോൾ സലീഖാക്ക് തന്റെ പ്രേമപ്രകടനത്തിന്
കൂടുതലവസരവും ധൈര്യവുമുണ്ടായി. യൂസുഫിനോട് തനിക്കുള്ള സ്നേഹാധിക്യത്തെ വാക്കിലും പെരുമാറ്റത്തിലും അവൾ പ്രകടിപ്പിക്കാൻ തുടങ്ങി.എന്നാൽ ബീവി പ്രദർശിപ്പിക്കുന്ന പ്രേമപ്രകടനങ്ങൾക്കനുകൂലമായ പ്രതികരണങ്ങളൊന്നും യൂസുഫിൽ നിന്ന് പ്രകടമായില്ല.
ബീവിയുടെ ചോദ്യങ്ങൾക്ക് സ്നേഹ ബഹുമാന പുരസ്സരം മറുപടി പറയുകയല്ലാതെ അതിരു കവിഞ്ഞ യാതൊരു വിധ സംഭാഷണത്തിനും അദ്ദേഹം തയാറായില്ല.
       നേരെമറിച്ച് സലീഖായുടെ പല സംഭാഷണങ്ങളിലും പ്രണയ ലക്ഷണം വെളിവായിട്ടുണ്ടായിരുന്നു. എങ്കിലും അദ്ദേഹം  ഗൗരവ ഭാവത്തിലോ 
അശ്രദ്ധനെപോലെയോ ആണ്‌ പ്രതികരിച്ചിരുന്നത്.
      ഒരു ദിവസമവളുടെ വളർത്തമ്മ ചോദിച്ചു. "സലീഖേ  നീ എപ്പോഴും ഉന്മഷരഹിതയായിരിക്കുന്നല്ലോ. നിനക്കെന്ത് പറ്റി? എന്തുണ്ടെങ്കിലും തുറന്ന് പറയണം. എന്നാലതിന് പ്രതിവിധി കണ്ടെത്താൻ കഴിയും.
       "എനിക്ക് വേദനയുണ്ടമ്മേ. പക്ഷേ... അതിന് പരിഹാരമോ ചികിത്സയോ ഇല്ല. എന്റെ ദയനീയാവസ്ഥ മനസ്സിലാക്കാൻ അമ്മയെങ്കിലും കൂടെയുണ്ടല്ലോ. ഏഴ് വർഷമായി ഞാൻ മനോവേദന അനുഭവിക്കുകയാണ്. ഇപ്പോൾ സഹികെട്ടിരിക്കുന്നു. അമ്മ ഇക്കാര്യമാരോടും പറയരുത്. അസീസറിഞ്ഞാൽ..."
"എന്തൊരത്ഭുതമാണിത്. നിന്റെ പ്രേമഭാജനം നിന്റെ അധീനതയിൽ തന്നെയുണ്ട്. എന്നിട്ടും നീയിങ്ങനെ ദു:ഖിക്കുന്നതെന്തിന്. ഏതായാലും ഞാനൊന്ന് ഇടപെട്ട് നോക്കട്ടെ". വളർത്തമ്മ പറഞ്ഞു.അങ്ങിനെ വളർത്തമ്മ യൂസുഫിനെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ യൂസുഫ് പറഞ്ഞു."അമ്മേ ഞാനും സലീഖായും തമ്മിലുള്ള ബന്ധം അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ്. ഞാൻ കേവലമൊരടിമയാണ്. അസീസ് എന്നെ പോറ്റുമകനായിട്ടാണ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹമെന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് കളങ്കം വരുത്താൻ ഞാനൊരുക്കമല്ല. തെറ്റായൊരു വിചാരം പോലും എന്നിൽ നിന്നുണ്ടാകാൻ പാടുള്ളതല്ല."
          യൂസുഫ് പറഞ്ഞ തടസ്സ വാദങ്ങളെല്ലാം വളർത്തമ്മ സലീഖായെ അറിയിച്ചപ്പോൾ ബീവിക്ക് വലിയ മോഹഭംഗമുളവായി. എങ്കിലം തനിക്ക് നേരിട്ടുതന്നെ യൂസുഫുമായി സംസാരിച്ച് നോക്കാമെന്ന് ബീവി തീരുമാനിച്ചു. അങ്ങിനെയവർ യൂസുഫിനെ സമീപിച്ചുകൊണ്ട് തന്റെ വികാരപരശതക്ക് പരിഹാരം കാണാന പേക്ഷിച്ചപ്പോൾ യൂസുഫ് പറഞ്ഞു. " ഒരടിമയുടെ കൃത്യമെന്തന്നല്ലാതെ മറ്റൊന്നിനെപ്പറ്റിയും എനിക്കറിയില്ല. ഒരടിമ ചെയ്യേണ്ടതെന്ത്  കല്പിച്ചാലും ഞാനതനുസരിക്കാം. അല്ലാതെ, ഞാൻ ഈ കൊട്ടാരത്തിൽ താമസിക്കുന്നതിന് വിഘാതം വരുത്തുന്ന  കാര്യങ്ങളൊന്നുമെന്നോട് കല്പിക്കരുത്. യൂസുഫിന്റെ നിരാശാ ജനകമായ മറുപടി കേട്ട് ബീവി പിന്മാറിയില്ല. അവർ തന്റെ ആഗ്രഹ നിവൃത്തിക്ക് ഓരോ മാർഗ്ഗങ്ങൾ വീണ്ടും വീണ്ടും ആലോചിച്ചു കൊണ്ടേയിരുന്നു. ബീവിയുടെ വളർത്തമ്മയും അവരുടെ ആഗ്രഹ നിവൃത്തിക്കുള്ള ഉപായം തേടുന്നതിൽ ഉത്സുകയായിരുന്നു.
    (ശേഷം 8-ആം അദ്ധ്യായത്തിൽ)
 

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്ലാം തന്നയാണ് വെള്യാ...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.   തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.  കൊമ്പുകളിൽ തൂങ്ങി ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു. അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട അവന്റെ ശ്രദ്ധയി...