അതി വിശിഷ്ടമായ കഥയെന്നാണ് യൂസുഫ് നബിയുടെ ചരിത്രത്തെക്കുറിച്ച് അല്ല്വാഹു വിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത്. യൂസുഫ് നബിയുടേയും തന്റെ പിതാവായ യഹ്ഖൂബ് നബിയുടേയും സഹനത്തിന്റേയും,
ആത്മ നിയന്ത്രണത്തിന്റേയും
ക്ഷമയുടേയും സന്ദേശമുൾക്കൊള്ളുന്നത് കൊണ്ടായിരിക്കാം വിശിഷ്ടമായ കഥയെന്ന് വിശേഷിപ്പിക്കപ്പെടാൻ കാരണം. സൂറ:യൂസുഫ് എന്ന അദ്ധ്യായത്തിലാണ്, യൂസുഫ് കഥ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഖുർആനിൽ ലഘു വിവരണത്തോടെയാണ് യൂസുഫ് ചരിതം പ്രതിപാദിച്ചിരിക്കുന്നത്. ആയതിനാൽ ഈ കഥ മറ്റ് ചരിത്ര രേഖകളേയും കൂടി ആസ്പദമാക്കിയാണ് തയ്യാറാക്കിയത്.
യഹ്ഖൂബ് നബി കൻആ*നിൽ തിരിച്ച് വന്ന് താമസമാക്കിയപ്പോഴാണ്
അദ്ദേഹത്തിന്റെ ഭാര്യ റാഹീൽ ബുൻയാമീനെ പ്രസവിച്ചത്.
ബുൻയാമീൻ ശിശുവും യൂസുഫിന് അഞ്ച് വയസ്സുള്ള ബാലനുമായിരുന്നപ്പോൾ റാഹീൽ മരണപ്പെട്ടു. യഹ്ഖൂബ് നബിയുടെ പതിനൊന്ന് പുത്രന്മാരിൽ ഏറ്റവും സുന്ദരനായിരുന്നു യൂസുഫ്. അദ്ദേഹത്തോടായിരുന്നു യഹ്ഖൂബ് നബിക്ക് കൂടുതൽ സ്നേഹമുണ്ടായിരുന്നത്
==================================
കൻആൻ*:ഇന്നത്തെ ഇസ്രായേൽ, പലസ്തീൻ, ലെബനാൻ, ജോർദാൻ, എന്നീ രാജ്യങ്ങളിലെ ചിലഭാഗങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ഒരൂ പ്രദേശമായിരുന്നു കൻആൻ. ബൈബിളിൽ ഇതിന് വാഗ്ദത്ത ഭൂമിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കൻആനെന്നത് ബൈബിളിൽ കനാൻ എന്നാണുള്ളത്.
==================================
ബുൻയാമീന്റെ മുലകുടി പ്രായത്തിൽ മാതാവ് മരണപ്പട്ടതിനാൽ അദ്ദേഹത്തേയും യൂസുഫിനേയും ലയ്യ പരിപാലിച്ച് വളർത്തി.
ഒരു ദിവസം യഹ്കൂബ് നബിയുടെ സഹോദരി യഹ്ക്കൂബ് നബിയുടെ വീട്ടിൽ വന്നു.
നബിയുടെ മക്കളുടെ കൂട്ടത്തിൽ യൂസുഫ് നബിയുടെ നിസ്തുല്യമായ സൗന്ദര്യം കണ്ട് അത്ഭുത ഭരിതയായിക്കൊണ്ട് യഹ്ഖൂബ് നബിയോടവർ പറഞ്ഞു. നിങ്ങൾക്ക് ധാരാളം മക്കളുണ്ടല്ലോ. നിങ്ങളുടെ ഭാര്യക്ക് എല്ലാവരേയും നോക്കി സംരക്ഷിക്കാൻ പ്രയാസമായിരിക്കും. അത് കൊണ്ട് യൂസുഫിന്റെ സംരക്ഷണം ഞാനേറ്റെടുത്ത് കൊള്ളാം. അങ്ങിനെ യഹ്ക്കൂബ് നബി, യൂസുഫിന്റെ സംരക്ഷണ ചുമതല സഹോദരിക്ക് വിട്ട് കൊടുത്തു.സഹോദരി യൂസുഫ് നബിയെ സന്തോഷപൂർവ്വം ഏറ്റെടുത്തു. വളരെ സ്നേഹ പൂർവ്വം നോക്കി വളർത്തി. എന്നാൽ യഹ്ഖൂബ് നബിക്ക് യൂസുഫിനെ കാണാതെ ഒരുദിവസം പോലും കഴിച്ചു കൂട്ടാൻ സാധിക്കുമായിരുന്നില്ല. അങ്ങിനെ എല്ലാ ദിവസവും യഹ്ഖൂബ് നബി യൂസുഫിനെ കാണാനായി സഹോദരിയുടെ ഭവനത്തിൽ ചെന്ന് ചേരുക പതിവായി. മകനെ കാണാൻ ദിവസം തോറും സഹോദരിയുടെ ഗൃഹത്തിൽ ചെല്ലുന്നത് ഒരുവലിയ ബുദ്ധിമുട്ടായി യഹ്ഖൂബ് നബിക്കനുഭവപ്പെട്ടു.
അവസാനം തനിക്ക് യൂസുഫുമായി ഒരു മണിക്കൂർ നേരമെങ്കിലും അകന്നു നിൽക്കാൻ സാധിക്കാതെ വന്നിട്ടുള്ളതായി അദ്ദേഹം സഹോദരിയോട് തുറന്ന് പറഞ്ഞു.
യൂസുഫിനെ
സഹോദരിയുടെ അധീനത്തിൽ നിന്ന് വിടുന്നത് അവൾക്ക് ദുസ്സൂഹമായിരിക്കുമെന്ന വസ്തുത
യഹ്ഖൂബ് നബി മനസ്സിലാക്കിയിരുന്നു.
യൂസുഫ് ഓരോ ആഴ്ചക്കാലം തങ്ങളിലിരുവരുടേയും വീടുകളിൽ മാറി മാറി താമസിക്കട്ടെയെന്ന്, യഹ്ഖൂബ് നബി പറഞ്ഞു. സഹോദരി തൽക്കാലമത് സമ്മതിച്ചുവെങ്കിലും യൂസുഫിനെ സ്വഗൃഹത്തിൽ സ്ഥിര താമസം ചെയ്യിക്കുന്നതിന് ഒരു യുക്തി പ്രയോഗിച്ചു. യൂസുഫ് നബി ഈ തീരുമാനത്തെത്തുടർന്ന് ഒന്നാമത്തെ ആഴ്ചയിൽ സഹോദരിയുടെ കൂടെ താമസിച്ചു കൊള്ളട്ടെയെന്നും, പിറ്റെ ആഴ്ച യഹ്ഖൂബ് നബിയുടെ വീട്ടിലേക്ക് അയക്കാമെന്നും സഹോദരി പറയുകയും യഹ്ഖൂബ് നബി സമ്മതിക്കുകയും ചെയ്തു. ഈ നിശ്ചയ പ്രകാരം യൂസുഫ് അടുത്ത ആഴ്ച സ്വവസതിയിലേക്ക് അയക്കപ്പെടുമെന്നാണ്, യഹ്ഖൂബ് നബി വിചാരിച്ചിരുന്നത്. എന്നാൽ അപ്രകാരമല്ല കാര്യം സംഭവിച്ചത്. യൂസുഫിനെ പിരിഞ്ഞിരിക്കുന്നത് ദുസ്സുഹമായി തോന്നിയതിനാൽ സഹോദരി യൂസുഫിനെ യഹ്ഖൂബ് നബിക്ക് വിട്ട് കൊടുക്കാതിരിക്കാനൊരു ഉപായം പ്രയോഗിച്ചു.
ഇബ്രാഹിം നബിയുടെ പക്കലുണ്ടായിരുന്ന ഒരു അരപ്പട്ട യഹ്ഖൂബ് നബിയുടെ സഹോദരിക്ക് അനന്തരാവകാശമായി
ലഭിച്ചിരുന്നു. ആ അരപ്പട്ട ഇസ്മായിൽ നബിയെ ബലിയറുക്കുന്നതിന്ന് വേണ്ടി
നിലത്ത് കമഴ്ത്തിക്കിടത്തിയപ്പോൾ,
ഇസ്മായിലിനെ ബന്ധിക്കാനുപയോഗിച്ചത് ആ പട്ടയായിരുന്നത് കൊണ്ട്
അതൊരു സ്മാരക വസ്തുവായി പരിഗണിക്കപ്പെട്ടിരുന്നു. യൂസുഫ് നബിയെ തിരിച്ചയക്കാനുള്ള അവധിയായപ്പോൾ യഹ്ഖൂബ് നബി സഹോദരിയുടെ കരാറ് പാലിക്കാൻ ആവശ്യപ്പെട്ടു. ആ സ്ത്രീ അരപ്പട്ട യൂസുഫിന്റെ അരയിൽ കെട്ടിക്കൊടുത്തു. മീതെ തുണി ഉടുത്ത് കൊണ്ട് അരപ്പട്ട മറച്ചു വെച്ചു. അനന്തരം യൂസുഫിനെ പിതൃഗൃഹത്തിലേക്കയച്ചു. പിന്നെയവർ യഹ്ഖൂബ് നബിയുടെ അടുക്കൽ ചെന്ന് തനിക്ക് പിതൃ സ്വത്തായി ലഭിച്ചിട്ടുള്ള അരപ്പട്ട കളവ് പോയിരിക്കയാണെന്നും അത് യൂസുഫിന്റെ കൂടെ യുണ്ടായിരുന്നവരിലാരെങ്കിലുമായിരിക്കും മോഷ്ടിച്ചിരിക്കുകയെന്നും
പറഞ്ഞു.
അവരെയെല്ലാം വിളിച്ചു വരുത്തി പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. അവരെല്ലാം വന്ന കൂട്ടത്തിൽ യൂസുഫ് നബിയുമുണ്ടായിരുന്നു. യൂസുഫിന്റെ അമ്മായി എല്ലാവരുടേയും അര പരിശോധിച്ചു. അവസാനം യൂസുഫിന്റെ അരയിൽ നിന്ന് പട്ട അഴിച്ചെടുത്തു. യൂസുഫാണ് പട്ട മോഷ്ടിച്ചതെന്നും നിയമ പ്രകാരം അദ്ദേഹം പത്ത് കൊല്ലം തന്റെ അടിമയായി തനിക്ക് ശുശ്രൂഷചെയ്യണമെന്നും യഹ്ഖൂബ് നബിയെ ബോധ്യപ്പെടുത്തി. മോഷണത്തിനുള്ള ശിക്ഷ അക്കാലത്ത് അങ്ങിനെയായിരുന്നതിനാൽ സഹോദരിയുടെ ആവശ്യം വകവെച്ച് കൊടുക്കുന്നതിന്, യഹ്ഖൂബ് നബി നിർബ്ബന്ധിതനായി.അനന്തരം അദ്ദേഹം യൂസുഫിനെ സഹോദരിക്ക് വിട്ട് കൊടുത്തു. സഹോദരി മരിച്ച ശേഷമാണ് യൂസുഫിനെ സ്വവസതിയിൽ കൊണ്ട് വരാൻ യഹ്ഖൂബ് നബിക്ക് സാധിച്ചത്.
ഒരു ദിവസം യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞു.
"പ്രിയ പിതാവേ!പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാനൊരു സ്വപ്നം കണ്ടു".
ഇത്രയും കേട്ടപ്പോൾ യഹ്ഖൂബ് നബിക്ക് തന്റെ മകന്റെ കാര്യത്തിൽ പരിഭ്രമമുണ്ടായി. യൂസുഫിന് ചില പ്രത്യേക പദവി ലഭിക്കാൻ പോവുകയാണെന്നും അത് യൂസുഫിന്റെ സഹോദരന്മാരറിഞ്ഞാൽ അവർക്ക് അസൂയ ഉളവാകുമെന്നും അദ്ദേഹം ഭയപ്പെട്ടു. അവരുടെ പക്കൽ നിന്നുളവാകുന്ന ദ്രോഹത്തെ ഭയപ്പെട്ടതിനാൽ അദ്ദേഹം യൂസുഫിനോട് പറഞ്ഞു. "മോനേ യൂസുഫേ...... നിന്റെ സ്വപ്നത്തെപ്പറ്റി നിന്റെ സഹോദരിൽ ആരോടും നീ പറയരുത്.
പറഞ്ഞാലവർ നിന്നെ ചതിയിലകപ്പെടുത്തുക തന്നെ ചെയ്യും.
നിനക്ക് പ്രവാചകത്വം ലഭിക്കുമെന്നതിന്റ മുന്നറിയിപ്പാണിത് ദൈവിക സന്ദേശമാണ് നിന്റെ സ്വപ്നം.
തീർച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാണ്."
പതിനൊന്ന് നക്ഷത്രങ്ങളോട് സാമ്യപ്പെടുത്തിയത്, യൂസുഫ് നബിയുടെ സഹോദരന്മാരേയും സൂര്യനോട് സാമ്യപ്പെടുത്തിയത് യഹ്ഖൂബ് നബിയേയും ചന്ദ്രനോട് സാമ്യപ്പെട്ടത് മാതാവുമാണ്.എങ്കിലും യൂസുഫ് നബിക്ക് കീഴടങ്ങണമെന്ന സൂചന സഹോദരന്മാർക്ക് അസഹനീയമായിത്തീരുമെന്ന് യഹ്ഖൂബ് നബി മുൻകൂട്ടി മനസ്സിലാക്കി.
ഒരിക്കൽ യൂസുഫ് നബിയുടെ സഹോദരങ്ങൾ ഒരു കൂടിയാലോചന നടത്തി. അതിലവർ ചർച്ച ചെയ്തത്
ഇങ്ങിനെയായിരുന്നു.യൂസുഫും അവന്റെ സഹോദരനും നമ്മുടെ പിതാവിന്ന് നമ്മേക്കാൾ വളരെ ഇഷ്ടപ്പെട്ടവരാണ്. വാസ്തവത്തിൽ നമ്മളാണ് ശക്തന്മാർ. അത് കൊണ്ട് തീർച്ചയായും നമ്മുടെ പിതാവ് പ്രത്യക്ഷമായ ഒരു പിഴവിലകപ്പെട്ട് പോയിരിക്കുന്നു. കൂടുതൽ പ്രബലന്മാരായ നമ്മെ അവഗണിച്ചു കൊണ്ട് യൂസുഫിനേയും അനുജനേയും കൂടുതൽ സ്നേഹിക്കുന്നത് നമ്മുടെ പിതാവിന്റെ പക്കൽ നിന്നുള്ളൊരബദ്ധമാണെന്ന് അവർ പരസ്പരം സംസാരിച്ചു.നമുക്ക്
യൂസുഫിനെ കൊല്ലാമെന്നും. പിന്നെ നമുക്ക് അല്ല്വാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി സജ്ജനങ്ങളിൽ ഉൾപ്പെടുകയും ചെയ്യാമെന്നവർ പരസ്പരം ചർച്ചചെയ്തു. "അവരിൽ നിന്നുള്ള പ്രമുഖനായ വാക്താവ്
യഹൂദപറഞ്ഞു. യൂസുഫിനെ നിങ്ങൾ കൊല്ലരുത്. അവനെ നിങ്ങൾ ഒരു കിണറിന്റെ പൊത്തിലിടുകയാണ് വേണ്ടത്. വെള്ളം മുക്കാൻ വരുന്ന
വല്ല യാത്രക്കാരും അവിടെ വന്ന് അവനെ എടുത്ത് കൊണ്ട് ദൂര രാജ്യങ്ങളിലെവിടെയെങ്കിലും പോയി താമസിപ്പിച്ചു കൊള്ളുന്നതാണ്.
കൊല മഹാ പാപമായത് കൊണ്ട് അതൊരിക്കലും ചെയ്യാൻ പാടില്ല. കൊലപാതകത്തിൽ നിന്നും അസഹനീയമായ ഖേദത്തിൽ നിന്നും നമുക്കങ്ങിനെ മോചനം ലഭിക്കുകയും ചെയ്യും.യഹൂദയുടെ അഭിപ്രായം ശരിയാണെന്ന് അവരെല്ലാം സമ്മതിച്ചു. അനന്തരം യൂസുഫിനെ പിതാവിന്റെ പിടിയിൽ നിന്ന് എങ്ങിനെയാണ് കരസ്ഥമാക്കുകയെന്നതായിരുന്നു അടുത്ത പ്രശ്നം. യൂസുഫിനെ തങ്ങളോട് കൂടി നായാട്ടിന്നയക്കണമെന്നും, തങ്ങളുടെ കൂട്ടത്തിലായിരുന്നാൽ അവന്ന് കൂടുതൽ വ്യായാമവും പരിശീലനവും, സംരക്ഷണവും സിദ്ധിക്കുന്നതാണെന്നും മറ്റും പറഞ്ഞ് പിതാവിനെ പാട്ടിലാക്കാമെന്നവർ ഏകോപിച്ചു തീരുമാനിച്ചു.
ആ ഉപായം യഹ്ഖൂബ് നബിയുടെ മുന്നിൽ പല പ്രാവശ്യമവർ പ്രയോഗിച്ചു നോക്കിയെങ്കിലും വിജയിച്ചില്ല.
അവസാനമവർ യൂസുഫ് നബിയെ നേർക്കു നേരെത്തന്നെ വശീകരിക്കാനൊരുമ്പെട്ടു. തങ്ങളോട് കൂടി കാട്ടിലും മൈതാനത്തും സഞ്ചരിക്കുന്നതായാൽ അനേകം കളിതമാശകളിലേർപ്പെടാൻ കഴിയുമെന്ന് പറഞ്ഞ് യൂസുഫിനെയവർ പ്രോത്സാഹിപ്പിച്ചു. ആട്ടിൻ പാലും മറ്റും കിട്ടിക്കൊണ്ടിരിക്കുന്ന സ്ഥലമായതിനാൽ യാതൊരു ബുദ്ധിമുട്ടും നേരിടുന്നതല്ലെന്നും അവർ
യൂസുഫിനെയവർ പ്രലോഭിപ്പിച്ചു.
തനിക്ക് നിങ്ങളുടെ കൂടെ വരാൻ ആഗ്രഹമുണ്ടെന്നും പിതാവിന്റെ സമ്മതം കിട്ടുന്നതിന് യാതൊരു മാർഗ്ഗവുമില്ലെന്നും യൂസുഫ് മറുപടി നൽകി. യൂസുഫ് നേരിട്ട് ചോദിച്ചാൽ പിതാവ് അനുവദിക്കുമെന്നവർ യൂസുഫിനെ വിശ്വസിപ്പിച്ചു. ഒരു ദിവസമവർ യൂസുഫ് നബിയുടെ തലയിലെണ്ണ തേച്ച് മുടി ഭംഗിയായി വാർന്നു കൊടുത്തതിന് ശേഷം അദ്ദേഹത്തിന്റ സമ്മതം ചോദിക്കാനായി പിതൃ സന്നിധിയിലേക്കയച്ചു.യഹ്ഖൂബ് നബി മകനെ എടുത്ത് മടിയിൽ വെച്ച് തലപിടിച്ച് ചുംബിച്ചു. യൂസുഫ് നബി പിതാവിന്റെ ഇരുകരങ്ങളും പിടിച്ച് മൊത്തിക്കൊണ്ട് പിതാവിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചു. അനന്തരം പിതാവിനോടദ്ദേഹം അപേക്ഷിച്ചു. "വന്ദ്യ പിതാവേ!ഞാൻ ജ്യേഷ്ഠന്മാരോട് കൂടെ മൈതാനത്ത് പോയി കളി കാണാനും അവിടെ നിന്ന് ആട്ടിൻ പാൽ കുടിക്കാനും ആഗ്രഹിക്കുന്നു. പിതാവ് എനിക്ക് അനുവാദം തരണം". പിതാവ്"അതെ" എന്ന് സമ്മതം മൂളി.യഹ്ഖൂബ് നബി സമ്മതം മൂളിയത് യൂസുഫ് നബിയുടെ ജ്യേഷ്ഠന്മാർ എങ്ങിനെയോ കേൾക്കുകയും അവർ യഹൂദയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തെ വിവരമറിയിക്കുകയും ചെയ്തു.
അദ്ദേഹവും കൂടി പിതാവിനോടപേക്ഷിക്കുന്നതായാൽ ഉദ്ദിഷ്ടകാര്യം നിറവേറാതിരിക്കില്ലെന്നവർ അഭിപ്രായപ്പെട്ടു. യൂസുഫിനെ മർദ്ദിക്കുന്നതല്ലെന്ന് അവർ പ്രതിജ്ഞ ചെയ്യണമെന്നും എന്നാൽ മാത്രമേ ഞാൻ സമ്മതം ചോദിക്കുകയുള്ളൂവെന്നും യഹൂദാ അവരോട് പറഞ്ഞു. തങ്ങൾ ഒരു വിധ മർദ്ദനവൂം ഏൽപ്പിക്കുന്നതല്ലെന്ന് അവരെല്ലാവരും യഹൂദക്ക് വാക്ക് കൊടുത്തു. അങ്ങിനെ യഹൂദയെ കൂട്ടിക്കൊണ്ട് എല്ലാവരും യഹ്ഖൂബ് നബിയുടെ സന്നിധിയിൽ ഹാജരായി. എന്നിട്ട് യഹൂദ
ഇങ്ങനെ പറഞ്ഞു.
"ഞങ്ങളുടെ പിതാവേ!അങ്ങ് യൂസുഫിന്റെ കാര്യത്തിൽ ഞങ്ങളെ വിശ്വസിക്കാതിരിക്കുമാറ് അങ്ങേക്ക് ഏന്ത് പറ്റിപ്പോയി?. തീർച്ചയായും ഞങ്ങൾ അവന് ഗുണകാംക്ഷികളാണ്. നാളെ അവനെ ഞങ്ങളുടെ കൂടെ അയക്കണം. അവൻ ഉന്മേഷഭരിതനാവുകയും കളിക്കുകയും ചെയ്യും. ഞങ്ങൾ അവനെ സംബന്ധിച്ച് സൂക്ഷ്മത യുള്ളവരായിരിക്കുന്നതുമാണ്". അതിന് യഹ്ഖൂബ് നബി പറഞ്ഞു:"നിങ്ങൾ അവനെ കൊണ്ട് പോകുന്ന കാര്യത്തിൽ തീർച്ചയായും എനിക്ക് ദു:ഖ മൂളവാകുന്നുണ്ട്. അവനെ ചെന്നായ തിന്നുമെന്ന് ഞാൻ ഭയപ്പെടുന്നു. നിങ്ങൾക്കവന്റെ കാര്യത്തിൽ സൂഷ്മത ഉണ്ടായിരിക്കുന്നതുമല്ല.
പിതാവ് അങ്ങിനെ ഭയം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തെ സമാധാനപ്പെടുത്തിക്കൊണ്ട് മക്കൾ പറഞ്ഞു"ഞങ്ങൾ ബലവാന്മാറായിരിക്കേ അവനെ ചെന്നായ തിന്നുന്നതായാൽ അപ്പോൾ ഞങ്ങളായിരിക്കും നഷ്ടക്കാരായിരിക്കുക."
അവസാനം യഹ്ഖൂബ് നബി അവരുടെ ഹിതത്തിന്, വശം വദനാവുക തന്നെ ചെയ്തു. ഒരു ദിവസം മാത്രം യൂസുഫിനെ അവരുടെ കൂടെ നിറുത്തുന്നതിന് യഹ്ഖൂബ് നബി സമ്മതം നല്കി.
"എന്റെ പ്രാണ തുല്യനായ മകനേ!നീ ഇങ്ങോട്ട് അടുത്ത് വരണം നിന്നെ ഞാൻ ഒരിക്കൽ കൂടി മടിയിലിരുത്തി കണ്ണോടു കണ്ണ് ചേർത്ത് ചുംബിക്കട്ടെ. ഇനി നിന്നെ കാണാൻ കഴിയുമോ ഇല്ലേ എന്നാരറിഞ്ഞു.?". എന്ന് പറഞ്ഞു കൊണ്ട് ആ പിതാവ് പുത്രനെ വീണ്ടും മടിയിലിരുത്തി ചുംബിച്ചു. അങ്ങിനെ യൂസുഫിനെ അവന്റെ സഹോദരന്മരുടെ കൂടെ വിട്ടയക്കാമെന്നദ്ദേഹം സമ്മതിക്കുകയും ചെയ്തു.
(ശേഷം മൂന്നാം അദ്ധ്യായത്തിൽ)
Comments
Post a Comment