Skip to main content

ഓർമയിലെ നാളുകൾ (7)

രണ്ട് ദിവസം കഴിഞ്ഞപ്പോളെനിക്കെന്റെ വീട്ടിൽ പോകണമെന്നായി. ഉമ്മാനെ കാണണം. എനക്കങ്ങ് പോണമെന്ന് പറയാൻ തുടങ്ങി. ആര് കേൾക്കാൻ? ഞാനങ്ങിനെ കരഞ്ഞും പറഞ്ഞും ദിവസങ്ങൾ കഴിഞ്ഞു. പകൽ സമയത്ത് എളിയ പണിക്ക് പോയാൽ ഞാനും ഇച്ചാച്ചയും മാത്രമേ വീട്ടിലുണ്ടാവുകയുള്ളു. ഇച്ചാച്ചാന്റെ വീട്ടിൽ കിണറില്ല. അൽപമകലെയുള്ള ഒരു  വീട്ടിലെ കിണറിൽ നിന്നാണ്  വെള്ളമെടുക്കുക. മലമ്പ്രദേശമായതിനാൽ സമതല ഭൂമിയല്ല. ഞങ്ങളുടെ വീട്ടിൽ നിന്ന്‌ ആ വീട്ടിലേക്ക് ഇരുപത്തഞ്ച് ഡിഗ്രിയെങ്കിലും ചരിവുള്ള ഇറക്കമാണ്. അവൾ വെള്ളമെടുക്കാൻ പോകുമ്പോൾ കൂടെ എന്നേയും കൂട്ടും. ചരൽ പ്രദേശമായതിനാൽ എനിക്ക് നടക്കാൻ പ്രയാസമാണ്. എന്റെ കുഞ്ഞിക്കാലുകൾ കൊണ്ട്
ആ ഇറക്കത്തിലെ ചരളിൽ ചവിട്ടിയാൽ കാല് തെന്നി  വീഴാൻ പോകും.ഇറക്കമിറങ്ങുമ്പോഴും, പാത്രം നിറയെ വെള്ളം ചുമലിലേറ്റി തിരിച്ചു വരുമ്പോഴും ഞാൻ
 വീഴാതിരിക്കാൻ ഇച്ചാച്ച എന്റെ
കുഞ്ഞിക്കൈ പിടിക്കും.
 ഒരു ദിവസം പത്ത് മണിയായിട്ടുണ്ടാവും.
ഞാനും ഇച്ചാച്ചയും വെള്ളവുമായി വീട്ടിലെത്തിയപ്പോൾ
 മുയിപ്പോത്തുള്ള കൊളായി അബ്ദുള്ളയും, ഞങ്ങളാറ് മക്കളിൽ ഏറ്റവും മൂത്തവളായ പാത്തുമ്മച്ചാച്ചാന്റെ ഭർത്താവിന്റെ അനിയൻ തട്ടാർത്ത് കണ്ടി ഇബ്രാഹിക്കയും ഒന്നിച്ച് വീട്ടു മുറ്റത്ത് ഞങ്ങളേയും പ്രതീക്ഷിച്ച് നിൽക്കുന്നു.
"ങ്ങള് കൊറേ നേരായോ മന്നിറ്റ്?" ഭാവപ്പകർച്ചയോട് കൂടി ഇച്ചാച്ച അവരോട് ചോദിച്ചു.അവരുടെ അപ്രതീക്ഷിതമായ വരവിൽ എന്തോ ദുരൂഹതയുള്ളതായി ഇച്ചാച്ചാക്ക് തോന്നിയത് കൊണ്ടാകാം അവരെ കണ്ടയുടൻ ഇച്ചാച്ചാക്ക് ഭാവപ്പകർച്ചയുണ്ടായത്.
ചോദ്യത്തിന് മറുപടി പറയാതെ ഇബ്രാഹിക്ക നബീസച്ചാച്ചാന്റെ അടുത്ത് ചെന്ന് അവളോടെന്തോ സ്വകാര്യം പറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു.
അവളുടെ കവിളിലൂടെ കണ്ണു നീർ ചാലിട്ടൊഴുകാൻ തുടങ്ങി. നബീസച്ചിച്ച സാധരണ ഗതിയിൽ അലമുറയിട്ട് കരയാറില്ല. ഇച്ചാച്ച പറഞ്ഞ് കൊടുത്ത വിവരം വെച്ച്
അവർ രണ്ട് പേരും എളിയാനെ ജോലി സ്ഥലത്ത്  കൂട്ടിക്കൊണ്ട് വരാൻ വേണ്ടി പോയി.അവർ വരുമ്പോഴേക്കും ഇച്ചാച്ച എന്നെ വസ്ത്രം ധരിപ്പിച്ച് അവളും വസ്ത്രം ധരിച്ച് ഒരുങ്ങി നിന്നു. അവർ എളിയാനേയും കൂട്ടി വന്നു.ആരുമൊന്നും മിണ്ടുന്നില്ല. അവരെന്നെയുമെടുത്ത് എതല്ലാമോ ഊട് വഴികളിലൂടെ നടന്ന് ഒരു ബസ്റ്റോപ്പിലെത്തി. കുറേ നേരത്തെ കാത്തിരിപ്പിനു ശേഷമൊരു ബസ് കിട്ടി. അതിൽ കയറി പേരാമ്പ്രയിറങ്ങി.പേരാമ്പ്ര നിന്ന് പത്ത് കിലോമീറ്റർ നടന്ന് മുയിപ്പോത്ത് ഞങ്ങളുടെ വീട്ടിലെത്തുമ്പോഴേക്കും സന്ധ്യ മയങ്ങി
പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ
 അസ്തമിക്കാനൊരുങ്ങുകയായിരുന്നു.
ഞങ്ങൾ വീട്ടിലെത്തുന്നതിന്റെ എത്രയോ മണിക്കൂറുകൾക്ക് മുമ്പ്
   എന്റുപ്പാന്റെ മയ്യിത്ത് മുയിപ്പോത്ത് പാറക്കീൽ പള്ളിയുടെ ഖബർ സ്ഥനിൽ മറവ് ചെയ്ത് കഴിഞ്ഞിരുന്നു. നാട്ടിലുണ്ടായിരുന്നിട്ടും ഞങ്ങളുടെ ഉപ്പാന്റെ മയ്യിത്ത് ഒരു നോക്ക് കാണാനെനിക്കും നബീസച്ചാച്ചാക്കും 
 ഭാഗ്യമുണ്ടായില്ല. അന്ന് അപ്രതീക്ഷിതമായി ഇച്ചാച്ചാനെ കൂട്ടാനെളിയ വന്നതും, ഞാൻ ഇച്ചാച്ചാന്റെ കൂടെ കടിയങ്ങാട്ടേക്ക് പോകണമെന്ന് വാശി പിടിച്ച് കരഞ്ഞതും ഉപ്പാന്റെ മയ്യിത്ത് കാണാനുള്ള വിധിയില്ലാത്തത് കൊണ്ടാണെന്ന് പിൽക്കാലത്താണെനിക്ക് മനസ്സിലായത്.
    എന്റെ ഉപ്പാന്റെ മയ്യത്ത് കാണാൻ കഴിയാത്തത് പോലെ എനി എനിക്കെന്തെല്ലാം കാണാൻ കഴിയാതെയാവും?. കാട് കയറിയ ചിന്തകളുമായി
ഒരു ദിവസം കൂടി കഴിഞ്ഞു. ഞങ്ങൾക്കലക്കാനില്ല. പുഴയിൽ പോയി കുളിച്ച് വേഗം തിരികെ വന്നു. പോസ്റ്റ്‌ മാൻ വന്നാൽ കത്തുണ്ടോ എന്നന്വേഷിക്കണം. മനസ്സമാധാനത്തിനുള്ള അടുത്ത ഏക ഉപാധി നാട്ടിൽ നിന്നുള്ള കത്ത് വാങ്ങി വായിക്കലാണ്. ഞങ്ങൾക്കാരെങ്കിലും കത്തയക്കുമോ? ഞങ്ങൾ കത്ത് പ്രതീഷിച്ച് യതീം ഖാനയുടെ മുറ്റത്തുള്ള മാവിൻ ചുവട്ടിൽ കാത്ത് നിന്നു.
"പോസ്സ് മാൻ വന്നോ?".
ഞാനൊരു കൂട്ടുകാരനോടു ചോദിച്ചു.
"ഇല്ല പോസ്റ്റ്‌ മാൻ വരാനാകുന്നതേയുള്ളു. ഇപ്പ വരും."
പറഞ്ഞ് തീർന്നതേയുള്ളൂ അതാ പോസ്റ്റ്‌ മാൻ വരുന്നു. പതിവ് പോലെ കത്ത് വീതരണം ചെയ്തു. അക്കൂട്ടത്തിലെനിക്കുമൊരു കത്ത്. കാർഡിലാണെഴുതിയത്. ഞാൻ ഫ്രം അഡ്രെസ്സ് നോക്കി. കെ. ടി. അമ്മത് മുസ്ല്യാർ. ഞങ്ങളുടെ അമ്മത്ക്കാക്ക തന്നെ. നല്ല വടിവൊത്ത അക്ഷരത്തിലെഴുതിയ കത്ത് ഞാനും സലാമും ചേർന്ന് വായിച്ചു.
"....... ഇവിടെ ഉമ്മാക്കും ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. അത് പോലെ നിങ്ങൾക്ക് രണ്ട് പേർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. ഉമ്മ നിങ്ങൾ രണ്ട് പേരോടും സലാം പറഞ്ഞിരിക്കുന്നു.
          അസ്സലാമു അലൈക്കും.
      ഇതാണ് കത്തിന്റെ ഉള്ളടക്കം.കത്ത്, വായിച്ചപ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷം. ഞങ്ങളുടെ അയൽക്കാരായ കരുവോത്ത് അബ്ദുർറഹ്മാനും ലതീഫും വരാനുണ്ടെന്ന പ്രതീക്ഷയാണെനിയുള്ളത്. മെയ് മുപ്പത്തൊന്നിന് ഞങ്ങൾ പതിവ് പോലെ കുളികഴിഞ്ഞ്, യതീം ഖാനയുടെ ഹാളിൽ നിൽക്കുകയാണ്. സമയം പന്ത്രണ്ട് മണിയായിട്ടുണ്ടാവും. വാർഷിക പരീക്ഷ കഴിഞ്ഞ് വേനലവധിയിൽ നാട്ടിൽ പോയവരൊക്കെ വന്ന് കൊണ്ടിരിക്കുന്നു. ഞങ്ങളിതൊക്കെ വീക്ഷിച്ച് കൊണ്ടിരിക്കുമ്പോൾ എന്റെ പിറകിൽ നിന്ന്‌ തോളിലൊരു തട്ട്. ഞാൻ തിരിഞ്ഞ് നോക്കി. ലതീഫ് എന്നെ നോക്കി ചിരിച്ച് കൊണ്ട് നിൽക്കുന്നു. കൂടെ അബ്ദുർറഹ്മാനുമുണ്ട്. ഇവരെ കണ്ടപ്പോളെനിക്കും സലാമിനും വലിയ സന്തോഷം.
"എന്തൊക്കെയുണ്ട് വിശേഷം?". ചിരിച്ചു കൊണ്ട് ലതീഫെന്നോട് ചോദിച്ചു.
"നല്ലത്യേന്നെ എന്റ്യാട ബർത്താനെന്തേങ്കിലൂണ്ടോ?".
ഞാൻ ലതീഫിനോട് ചോദിച്ചു.
"ബർത്താനോന്നൂല്ല."
ലതീഫ് പറഞ്ഞു.
"ഉമ്മാക്കോ?".
ഞാൻ ചോദിച്ചു.
"ഉമ്മാക്ക് സുഖം തന്നെ".
ലതീഫ് പറഞ്ഞു.
   മെയ്‌ മുപ്പത്തൊന്നിന് എല്ലാവരും വേനലവധി കഴിഞ്ഞ് യതീം ഖാനയിൽ തിരിച്ചെത്തി. ജൂൺ ഒന്നിന് സ്കൂൾ തുറന്നു. ഞാനും ലതീഫും അഞ്ചാം ക്ലാസ്സ് 'ബി'യിൽ ഒരേ ബെഞ്ചിൽ. സലാമ് നാലാം തരം'എ'യിൽ. അബ്ദുൽ റഹ്മാൻ എട്ടാം തരത്തിൽ. ഞങ്ങൾ നാല് പേരുടേയും വിദ്യാഭ്യാസ വർഷം പുനരാരംഭിച്ചു. സ്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞു. സ്കൂളിലേക്കും മദ്രസയിലേക്കും ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും കിട്ടി. പുതുപുത്തൻ മണമുള്ള നോട്ടു ബുക്കുകളും, ടെക്സ്റ്റ്‌ ബുക്കുകളും. ഞങ്ങളുടെ ഉള്ളം നിറഞ്ഞു. ദാരിദ്ര്യത്തിന്റെ നൊമ്പരമില്ല. വിരഹ ദു:ഖം എങ്ങോ പോയ് മറഞ്ഞു. ഞങ്ങൾക്കിപ്പോളെല്ലാമുണ്ട്. എല്ലാവരുമുണ്ട്. മുക്കം മുസ്ലിം അനാഥ ശാലയെന്ന തണൽ വൃക്ഷത്തീന്റെ തണലിൽ ആയിരത്തി ഇരുന്നൂറ് അനാഥ ബാലികാ ബാലന്മാരുടെ കൂടെ ഞാനും എന്റെ അനുജൻ സലാമും സംരക്ഷിക്കപ്പെടുകയാണ്.
ആധിയില്ലാതെ അനാഥത്വം കൊണ്ട് താളം തെറ്റിയ ജീവിതത്തിൽ നിന്ന്‌ താളത്തിനൊത്ത് ജീവിക്കാൻ തുടങ്ങുകയാണ്.
   ആഴ്ചയിൽ രണ്ട് പ്രാവശ്യം പേന നിറയെ മഷി., സോപ്പ്, തലയിൽ തേക്കാനെണ്ണ, ഭക്ഷണം, പാർപ്പിടം, ചികിത്സ വർഷത്തിൽ രണ്ട് പ്രാവശ്യം വസ്ത്രങ്ങൾ,പഠനോപകരണങ്ങൾ മുതലായവ. ഇവയെല്ലാം അനാഥത്വം കൊണ്ട് കുടുമ്പത്തിലും സമൂഹത്തിലും പാർശ്വവൽക്കരിക്കപ്പെട്ട ഞങ്ങളെ ചേർത്ത് നിർത്താൻ മുക്കം മുസ്ലിം അനാഥ ശാല ചെയ്ത ദുരിതാശ്വാസ സംഭാവനകളാണ്. ഞങ്ങൾ സ്വന്തം കുടുമ്പത്തെ തൊട്ട് നിരാശ്രയരായി. ഉണ്ണാനുമുടുക്കാനുമില്ലാത്ത നാളുകൾ ഓർമകളിൽ മാത്രം.
    എന്നാലും നാട്ടിൽ പോകണം. അതിനുള്ള അടുത്ത അവസരം റമദാൻ മാസമാണ്. അതിന് മുമ്പൊരു ജോഡി വസ്ത്രങ്ങൾ കിട്ടും. അതും വാങ്ങി എല്ലാവർക്കും നാട്ടിൽ പോകാം. അടുത്ത ചെറിയ പെരുന്നാളിന് ജീവിതത്തിലാദ്യമായി പുതിയ വസ്ത്രം ധരിക്കാം. സ്കൂളിലെ വാർഷിക പരീക്ഷയുടെ വേനലവധിക്കാണ് ലതീഫും അബ്ദുർറഹ്മാനും നാട്ടിൽ വരാറുള്ളത്. റമദാൻ മാസത്തിലാണ് അടുത്ത അവധി. നാല് മാസമുണ്ടതിന്. അത് വരെ കാത്തിരിക്കണം. നാല് മാസമാണെങ്കിലും ക്ഷമിക്കാൻ കഴിയാത്തത്ര ദൈർഘ്യം.
 മഗ്‌രിബ് നിസ്കാരാന്തരം ക്ലാസിൽ പോയിരിക്കണം. മദ്രസാ പഠനം രാവിലെയാണ്. മഗ്‌രിബിന്റെ ശേഷവും മദ്രസാ ക്ലാസിന്റെ അടിസ്ഥാനത്തിലാണിരിക്കുക. അവിടെ വെച്ചാണ് മദ്രസയിലേയും സ്കൂളിലേയും ഹോംവർക്കുകൾ ചെയ്യുക. എന്റെ അടുത്തിരിക്കുന്ന കൂട്ട്കാരനോട് എനിക്കറിയാമായിരുന്നിട്ടും മനസ്സമാധാനത്തിന് വേണ്ടി ഞാൻ ചോദിച്ചു.
"നാട്ടിൽ പോകാനെനിയെത്ര മാസമുണ്ട്?".
"നാലുമാസം."
കൂട്ടുകാരന്റ മറുപടി കേട്ടപ്പോളെനിക്ക് വല്ലാത്തൊരു സന്തോഷം. കൂട്ടുകാരൻ വിശദമായി പറഞ്ഞു.
"ആകെ പതിനാറ് വെള്ളിയാഴ്ച. ഒരു മാസത്തിൽ നാല് വെള്ളി. നാല് മാസത്തിൽ പതിനാറ് വെള്ളി."
(ശേഷം എട്ടാം അദ്ധ്യായത്തിൽ)


Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല