Skip to main content

ഓർമയിലെ നാളുകൾ (6)

ഞങ്ങളിരുവരും അലക്കിയ വസ്ത്രങ്ങൾ പെട്ടിയിൽ മടക്കിവെച്ച് പുറത്തേക്കിറങ്ങി.എനിയെന്ത്? എന്റെ മനസ്സ് അലഞ്ഞ് തിരിയാൻ തുടങ്ങി.
യതീം ഖാനയുടെ
മുറ്റത്തുള്ള മാവിൻ ചുവട്ടിൽ
 ഏതാനും കുട്ടികൾ ചെറു സംഘങ്ങളായി കൂടി നിന്ന് സംസാരിക്കുന്നിടത്തേക്ക് ഞാനും സലാമും ചെന്ന് എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ  ഇതെന്ത് മാവാണെന്ന് ഞാൻ പലരോടുമന്വേഷിച്ചെങ്കിലും
ആർക്കുമറിയില്ല.
  ശാഖകൾ ചുറ്റുഭാഗത്തേക്കും പടർന്ന് പന്തലിച്ച് വിശാലമായി തണൽ വിരിക്കുന്നുണ്ട്. അതിന്റെ ഇടതൂർന്നി ലകൾക്കിടയിലൂടെ ആഞ്ഞ് വീശുന്ന
കുസൃതിക്കാറ്റ് കുളിർ കോരി ചൊരിയുമ്പോൾ ഞങ്ങളുടെ ഉള്ളും പുറവുമൊരുപോലെ കുളിർക്കുന്നുണ്ടായിരുന്നു.ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ 
പോസ്റ്റ്‌മാൻ വന്നു. മാവിൻ ചുവട്ടിൽ കൂടിനിന്ന് സംസാരിച്ച് നിന്നവരെല്ലാം പോസ്റ്റ്‌ മാനെ കണ്ടയുടൻ ഓടിച്ചെന്നയാൾക്ക് ചുറ്റും കൂടി. കൂട്ടത്തിൽ ഞാനും പോസ്റ്റ്‌ മാന്റെ സമീപം ചെന്ന് നിന്നു.
അവരെല്ലാം പോസ്റ്റ്‌ മാനെ
പ്രതീക്ഷിച്ച് നിന്നതാണെന്നെനിക്ക പ്പോഴാണ് മനസ്സിലായത്.
ഞാൻ പോസ്റ്റ്‌ മാന്റെ വരവ് പ്രതീക്ഷിച്ചിരുന്നില്ല. 
     പോസ്റ്റ്‌മാൻ തന്റെ ഫയലിൽ നിന്നേതാനും കത്തുകളെടുത്ത് കൂട്ടത്തിലൊരുത്തന്റെ കൈയിൽകൊടുത്തിട്ടയാൾ
സ്ഥലം വിട്ടു. അവൻ കത്തിലെ വിലാസ മുറക്കെ വായിച്ച് അതിന്റെ അവകാശികൾക്ക് വിതരണം ചെയ്തു. ഞങ്ങൾക്ക് കത്തുണ്ടാകുമെന്ന പ്രതീക്ഷയിൽ  ഞാൻ കാത്ത് നിന്നെങ്കിലും എന്റെ പേര്‌ വിളിച്ചില്ല.നാളെയുണ്ടാകുമെന്ന ആശ്വാസത്തിൽ ഞാനവിടെ നിന്നും യതീം ഖാനയുടെ മുകളിലേക്ക് കയറി.യതീം ഖാനയുടെ മന്ദിരം അതി പുരാതനമായിരുന്നു. അതിന്റെ ചുവരുകൾക്കെല്ലാം മറ്റ് മന്ദിരങ്ങളെ അപേക്ഷിച്ച് നല്ല വീതിയുണ്ട്. ചതുരക്കല്ലുകൊണ്ടാണിവ പണിതിരിക്കുന്നത്. ജനലിന്റെ ഭാഗത്തുള്ള ചുമര് കണ്ടാലറിയാം അതിന്റെ വീതി. ജനൽ കഴിച്ചുള്ള ബാക്കിയുള്ള ചുമരിന് ഒരടിയോളം വീതിയുണ്ട്.ഗോവണിപ്പടികൾക്ക് നല്ല ഘനമുണ്ട്. ഏകദേശം അരയടി ഘനമുണ്ടാകും. അതിലൂടെ ഞാൻ മുകളിലേക്ക് കയറി.  വിശാലമായൊരു
ഹാളിലാണ് ഞാൻ ചെന്നെത്തിയത്.
ആ ഹാളിൽ നിന്നും പുറമെയുള്ള വരാന്തയിൽ ഞാൻ പ്രവേശിച്ചു. അവിടെയെല്ലാം നല്ല വൃത്തിയുണ്ട്. വരാന്തയുടെ മൂലയിലൊരു കൈതോലപ്പായ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാനത് നിവർത്തി നോക്കി. വൃത്തികേടൊന്നുമില്ല. വരാന്തയുടെ മൂന്ന് ഭാഗവും അച്ചിൽ വാർത്തെടുത്ത ഒരുമീറ്ററുയരമുള്ള ഒരു തരം സിമന്റ് ഗ്രിൽസിന്റെ ആൾമറയാണ്. സിമന്റും കമ്പിയുമുപയോഗിച്ചാണവ അച്ചിൽ വാർത്തത്. അതിന്റെ അഴികളുടെ വിടവിലൂടെ കാറ്റ് വീശിയടിക്കുന്നുണ്ട്. ഞാൻ ആ പായയെടുത്ത് നിവർത്തി നിലത്ത് വിരിച്ച് അതിൽ കിടന്നു.എന്റെ ചിന്തകൾ വീണ്ടും കാട് കയറാൻ തുടങ്ങി. എന്റെ ഉമ്മയെവിടെ? സഹോദരിമാരെവിടെ? എനിക്കവരെ ജീവിതത്തിൽ വീണ്ടും കാണാൻ കഴിയുമോ?എന്റെ ചിന്തകൾ കാട് കയറാൻ കാരണമുണ്ട്.
    എന്റെ ബാപ്പ മരിക്കുമ്പോൾ ഞാനെന്റെ മൂത്ത സഹോദരി നബീസച്ചാച്ചാന്റെ കൂടെ അവളുടെ ഭർതൃ ഗൃഹത്തിലായിരുന്നു. എന്റെ നാടായ മുയിപ്പോത്ത് നിന്നും പതിനഞ്ച് കിലോമീറ്ററകലെയുള്ള കടിയങ്ങാട് എന്ന സ്ഥലത്താണവളെ കെട്ടിച്ചയച്ചത്. എന്നിട്ടും എനിക്കുമവൾക്കും ഉപ്പാന്റെ മയ്യിത്ത് ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല. ബസ് ഗതാഗതം കുറവായതിനാലാണ് എനിക്കുമവൾക്കും ഉപ്പാന്റെ മയ്യിത്തിന്റരികിലെത്താൻ കഴിയാതിരുന്നത്. ഒരു പരിധിവരെ കുടുമ്പക്കാരും നാട്ടുകാരും ഞങ്ങളെ കാത്തിരുന്നെങ്കിലും, ഞങ്ങൾ സംഭവസ്ഥലത്തെത്താൻ വൈകിയപ്പോൾ
പിന്നെയവർ ഉപ്പാന്റെ മയ്യിത്ത് മുയിപ്പോത്ത് പാറക്കീൽ പള്ളിയുടെ ഖബർ സ്ഥാനിൽമറവ് ചെയ്തു.
   കാൻസർ രോഗിയായിരുന്ന എന്റെ പിതാവിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നാണ് ചികിത്സിച്ചത്. നീണ്ട കാലയളവിൽ ഉപ്പാനെ കിടത്തി ചികിത്സിച്ചു. ഉപ്പാന്റെ കൂടെ കൂട്ടിരിപ്പിനുണ്ടായിരുന്നത്
ഞങ്ങളാറ് മക്കളിൽ രണ്ടാമനായ
 അമ്മത്ക്കാക്ക മാത്രമായിരുന്നു. അബ്ദുള്ളക്കാക്ക ദിവസവും കൂലിവേലക്ക് പോകും. അവന് കിട്ടുന്ന കൂലിയിൽ നിന്ന് നിത്യ ചെലവിനുള്ളതും
കഴിച്ച് ബാക്കി വരുന്ന സംഖ്യ ഉപ്പാന്റെ ചികിത്സക്ക് വേണ്ടി നീക്കി വെക്കും. ഞാനും സലാമും വളരെ ചെറുത്. അന്നത്തെ സാഹചര്യത്തിൽ എന്റെ മൂത്ത
 സഹോദരിമാരായ പാത്തുമ്മച്ചാച്ചയും നബീസച്ചാച്ചയും ആശുപത്രിയിൽ കൂട്ടിനിരിക്കാൻ പ്രാപ്തരായിരുന്നില്ല.ഒരു ദിവസം അമ്മത്ക്കാക്കാന്റെ കൈയിലെ പണം തീർന്നു. അടുത്ത കട്ടിലിൽ കിടക്കുന്ന രോഗികളുടെ ബന്ധുക്കളോട് കാര്യം പറഞ്ഞ് ബോധിപ്പിച്ച് ഉപ്പാനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് അവൻ വീട്ടിൽ വന്നു. ആരോടെല്ലാമോ പണം കടം വാങ്ങി ഇക്കാക്ക തിരിച്ച് ആശുപത്രിയിൽ പോകേണ്ടതിന്റെ തലേ ദിവസം സന്ധ്യാ സമയം ഉമ്മ വെള്ളം കോരാൻ വേണ്ടി കിണറിന്റെ അടുത്തേക്ക് പോയപ്പോൾ ഉപ്പ താഴത്തെ പീടികയുടെ മുന്നിലൂടെ നടന്ന് വരുന്നു.ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു പറമ്പിന്റപ്പുറത്ത് ഞങ്ങളുടെ ആറ് സെന്റ് സ്ഥലമുണ്ട്. അതിനോട് ചേർന്ന് ഉപ്പാന്റെ അനിയൻ മൊയ്തീനെളാപ്പാന്റെ സ്ഥലമാണ്. അവിടെ എളാപ്പ കച്ചവടം ചെയ്യുന്ന ഒരു അറപ്പീടികയുണ്ട്. അതിന് ഞങ്ങൾ താഴത്തെ പീടികയെന്നാണ് പറയുക.
    അറപ്പീടികയെന്നാൽ ആയിരത്തി
തൊള്ളായിരത്തി അറുപത് കാലഘട്ടത്തിന്റെ എത്രയോ വർഷങ്ങൾക്ക് മുമ്പും  അതിന് ശേഷം
ആയിരത്തിത്തൊള്ളായിരത്തി
എൺപ്പത്തഞ്ച്  വരേയുമായിരിക്കാം നാട്ടിൻ പുറങ്ങളിൽ അറപ്പീടികയിൽ നിന്നായിരുന്നു കച്ചവടം ചെയ്തിരുന്നത്. അറപ്പീടിയുടെ സവിശേഷത അത് മരം കൊണ്ട് നിർമ്മിതമാണ്.എലികൾക്കതിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ, ഭക്ഷ്യ വസ്തുക്കളെല്ലാം സുരക്ഷിതമായിരിക്കും.
കോൺഗ്രീറ്റ് മന്ദിരങ്ങൾ നിലവിൽ വന്നതോടെ അറപ്പീടികയുടെ പ്രസക്തി ഇല്ലാതെയായി. അറപ്പീടികയുടെ ശേഷിപ്പുകൾ ഇന്നും ചിലയിടങ്ങളിൽ
അപൂർവ്വമായി കാണാറുണ്ട്.
  മരപ്പലക തമ്മിൽ യോചിപ്പിച്ചാണ് അതുണ്ടാക്കുക. സൗകര്യാർത്ഥം ഒരു സ്ഥലത്ത് നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക് അത് അഴിച്ചെടുത്ത് കൊണ്ട് പോയി വീണ്ടും ഫിറ്റ് ചെയ്യാൻ കഴിയും. അതിന് സാധാരണ ഒരു മുറിയുടെ സൗകര്യമുണ്ടായിരിക്കും.
   ഉമ്മ കണ്ണിമ വെട്ടാതെ അങ്ങോട്ട് തന്നെ നോക്കി നിന്നു. ഉമ്മാക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.എന്റെ മക്കളുടെ ബാപ്പയല്ലേ ആ വരുന്നത്?. മക്കളുടെ ഉപ്പ തന്നെ. ഉമ്മ ഉപ്പാന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഉപ്പാന്റെ കൈയിൽ ചെറിയൊരു കെട്ടുണ്ട്. ഉപ്പ അത് ഉമ്മാന്റെ നേരെ നീട്ടി. ഉമ്മയത് വാങ്ങി ഉപ്പാന്റെ കൂടെ വീട്ടിലേക്ക് വന്നു. ഉപ്പ നല്ല ഉന്മേഷവാനായിരുന്നു. കോഴിക്കോട് നിന്ന്‌ പയ്യോളി പാലച്ചുവട് വരെ ബസ്സിൽ യാത്ര ചെയ്ത് അവിടെ നിന്ന് മുയിപ്പോത്തേക്ക് പന്ത്രണ്ട് കിലോമീറ്റർ നടന്നാണ് ഉപ്പ വീട്ടിലെത്തിയത്.
    ഉപ്പ വീട്ടിലെത്തിയപ്പോൾ ഉപ്പാനെ ഡിസ്ചാർജ് ചെയ്തെന്നും ഒരു മാസത്തിന് ശേഷം മെഡിക്കൽ ചെക്കപ്പിന് ചെന്നാൽ മതിയെന്നും പറഞ്ഞു. ഉപ്പ വന്നെന്നറിഞ്ഞപ്പോൾ അയൽ വാസികളും കുടുമ്പക്കാരും പരിചയക്കാരുമെല്ലാം ഉപ്പാനെ കാണാൻ വീട്ടിലേക്കൊഴുകിയെത്തി. ഇക്കാര്യങ്ങളൊന്നും ഞാനുമെന്റെ മൂത്ത സഹോദരി പാത്തുമ്മച്ചാച്ചയും അറഞ്ഞിരുന്നില്ല. ഞാനുമവളും അവളുടെ ഭർതൃ ഗൃഹമായ തട്ടാർത്ത് കണ്ടിയിലായിരുന്നു. അവളെ കെട്ടിച്ചയച്ചത് മുയിപ്പോത്ത് തന്നെയാണ്. സന്ധ്യയായപ്പോൾ ആരോ ഒരു സ്ത്രീ വിളിച്ച് പറയുന്നത് ഞാൻ കേട്ടു.
   "പാത്തുമ്മാ ഇന്റുപ്പ മെഡിക്കൽ കോളേജ്ന്ന് മന്നിക്കി, ഓർക്കിപ്പം സൂക്കേടൊന്നൂല്ലാ".
കേട്ട പാതി കേൾക്കാത്ത പാതി ഇച്ചാച്ച എന്നേയുമെടുത്ത് കരുവോത്ത് താഴേക്ക് ധൃതിയിൽ നടന്നു. നടക്കുന്നതിനിടയിലവൾ പറയുന്നുണ്ടായിരുന്നു.
   "എന്റുപ്പാന്റെ സൂക്കേട് മറൂന്ന് ഞാനൊരിക്കലും ബിജാരിച്ചിക്കില്ല, സൂക്കേടൊന്നൂല്ലാത്ത പണ്ടേത്തെ പോലത്തെ ഉപ്പാനെ എത്തിച്ച്യാന്ന റബ്ബേ, അൽഹംദു ലില്ലാഹ്".
എന്നും പറഞ്ഞു കൊണ്ടാണവളുടെ നടത്തം.
        ഉപ്പാനെ കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം. എന്റെ മൂത്ത സഹോദരി നബീസച്ചാച്ച വീട്ടിൽ തന്നെയുണ്ട്. ഉപ്പ രോഗമൊന്നുമില്ലാത്തത് പോലെ ഉന്മേഷവാൻ. പിറ്റേ ദിവസം മുതൽ സാധാരണ പോലെയുള്ള ജീവിതം. പുരമേയാൻ ഓല വാങ്ങി, കീറി, മടഞ്ഞ്, ഉണക്കി, അട്ടിയായി പറം വെച്ച്. ഉപ്പ രോഗമൊന്നുമില്ലാത്തത് പോലെ അധ്വാനിക്കുന്നത് കാണുമ്പോൾ എല്ലവർക്കും വലിയ ശുഭ പ്രതീക്ഷ. കുംഭ മാസത്തിലൊരുനാൾ ഞങ്ങളുടെ വീട് മേഞ്ഞു. തീ വെയിലിൽ പുരമേയാൻ ഉപ്പ കാര്യമായി തന്നെ അധ്വാനിച്ചു.പണിയെല്ലാം കഴിഞ്ഞ് ഉച്ചക്ക് രണ്ട് മണിയായിട്ടുണ്ടാവും. നബീസച്ചാച്ചാന്റെ ഭർത്താവ് കടിയങ്ങാട്ടെ ഇബ്റാഹീം എളിയ അപ്രതീക്ഷിതമായി വീട്ടിൽ വന്നു. ഉമ്മ എളിയാക്ക് ചോറ് കൊടുത്തു. അത് തിന്ന് ഉപ്പാന്റെ രോഗ വിവരങ്ങളെല്ലാംചോദിച്ചറിഞ്ഞ്. നാട്ട് വർത്തമാനവും പറഞ്ഞ്, അവസാനം എളിയ പറഞ്ഞു.
"ഞാമന്നത് നബീസാനെ കൂട്ടാൻ മാണ്ട്യാ."
"ഓളൊരാഴ്ച കൈഞ്ഞിറ്റ് കൂട്ട്യാപ്പോരേ?".
ഉമ്മ ചോദിച്ചു.
"പോര പൊരേലാളില്ല."
എളിയ പറഞ്ഞു.
 "എന്നാ ഇപ്പം തന്നെ കൂട്ടിക്കൊ. ഓള രണ്ടാഴ്ച കൈഞ്ഞിറ്റ് ഇങ്ങോട്ടയക്കണേ."
ഉപ്പ പറഞ്ഞു. 
"ങാ..."
എളിയ പറഞ്ഞു.
"എന്നാലിഞ്ഞ് പോട്വാളേ".
ഉപ്പ പറഞ്ഞു.
തലയിലെ മക്കനയുടെ കീഴറ്റത്തുള്ള
കോന്തല കൊണ്ട് വായ പൊത്തി ഉമ്മ കണ്ണീർ വാർത്തു.
  അന്ന് കണ്ണീർ വാർത്തപോലെയാണെന്റുമ്മ ഞാനും സലാമും യതീം ഖാനയിൽ ചേരാൻ പോകുന്ന ദിവസം രാവിലെ തോട്ട് വരമ്പിൽ കയറി ഞാൻ തിരിഞ്ഞ് നോക്കിപ്പോൾ
മക്കനയുടെ കീഴറ്റത്തുള്ള കോന്തല കൊണ്ട് വായപൊത്തി ഞങ്ങളെ നോക്കി നിന്നപ്പോൾ ഉമ്മ കരയുകയാണെന്നെനിക്ക് മനസ്സിലായത്.
  ഇച്ചാച്ച കടിയങ്ങാട്ടേക്ക് വസ്ത്രം ധരിച്ചൊരുങ്ങിയപ്പോൾ, അവളുടെ കൂടെ ഞാനും പോകുമെന്ന് പറഞ്ഞ്  ഞാൻ നിർബ്ബന്ധം പിടിച്ചു. അപ്പോൾ ഞാൻ വാശിപിടിച്ച് കരഞ്ഞ് ബഹളം വെച്ചു. അപ്പോൾ ഉപ്പ പറഞ്ഞു.
"എന്നാ ഓനേം കൂട്ടിക്കൊ."അത് കേട്ടപ്പോളെനിക്ക് വലിയ സന്തോഷം. അങ്ങിനെ ഞാനും
നബീസച്ചാച്ചാന്റെ കൂടെ  കടിയങ്ങാട്ടേക്ക് പോയി.
(ശേഷം ഏഴാം അദ്ധ്യായത്തിൽ)


Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല