കുറേ കഴിഞ്ഞപ്പോൾ നീണ്ട രണ്ട് വിസിൽ മുഴങ്ങി. കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ചിലർ മഗ്‌രിബിന്റെ വിസിലെന്നും പറഞ്ഞ് കളി നിർത്തി മുറിയിലേക്ക് പോയി. അവരെല്ലാം വസ്ത്രം മാറി യതീം ഖാനയുടെ വിശാലമായ മുറ്റത്ത് ഒരാളുയരത്തിൽ ചുറ്റും പന്തലിച്ച ശാഖകളുള്ള
മൂന്ന് മാവുകളുടെ ചുവട്ടിലും സമീപത്തുമായി വരിയായി നിന്നു. ഞാനും സലാമും ഒരു വരിയിൽ. ഒരു വാർഡൻ വന്ന് ഞങ്ങളുടെ എണ്ണമെടുത്ത് പള്ളിയിൽ പോകാൻ പറഞ്ഞു. ഉമ്മർ എന്നാണയാളുടെ പേര്. മുക്കത്തിനടുത്ത കാരമൂലയെന്ന
പ്രദേശത്താണ്
അയാളുടെ വീട്. മഗ്‌രിബ് നിസ്കാരാനന്തരം ഞങ്ങളെല്ലാവരും യതീം ഖാനയിലേക്ക് തന്നെ വന്നു.വാർഷികപ്പരീക്ഷ കഴിഞ്ഞ വേനലവധിയിൽ യതീം ഖാനയിലെ അന്തേയവാസികളെല്ലാം നാട്ടിൽ പോയതാണ്. പുതുതായി ചേർന്നവരും, ഉറ്റവരും ഉടയവരുമില്ലാത്തതിനാൽ നാട്ടിൽ പോകാതെ യതീം ഖാനയിൽ തന്നെ നിന്നവരുമടക്കം നൂറോ അതിൽ കൂടുതലോ അന്തേയവാസികളാണ് യതീം ഖാനയിലുള്ളത്.
ബൾബ് പ്രകാശിക്കുന്നതും, ഫേൻ കറങ്ങുന്നതും കാണുമ്പോളെനിക്ക് എന്തെന്നില്ലാത്ത കൗതുകം!.ആദ്യമായാണ് ഞാൻ ഇലക്ട്രിക് ബൾബ് പ്രകാശിക്കുന്നതും ഫേൻ കറങ്ങുന്നതും ഇത്രയും അടുത്ത് നിന്ന് കാണുന്നത്. ഞാൻ പ്രകാശിക്കുന്ന ബൾബിലേക്കും അതിന്റെ സ്വിച്ചിലേക്കും മാറി മാറി നോക്കി. പിന്നെ സ്വിച്ച് ഓഫ് ചെയ്തു. അപ്പോൾ ബൾബ് കെട്ടു. വീണ്ടും സ്വിച്ച് ഓൺ ചെയ്തു. അപ്പോൾ ബൾബ് പ്രകാശിച്ചു. ഇതെന്താണ് സംഭവം?. എന്റെ നാട്ടിൽ വൈദ്യുതി എത്തിയിട്ടില്ല. അവിടെ ഫ്യൂസായ ഇലക്ട്രിക് ബൾബുപയോഗിച്ച് നിർമ്മിച്ച മണ്ണെണ്ണ വിളക്കാണുപയോഗിക്കുന്നത്.
രാത്രി ഇശാ നിസ്കരിക്കാൻ പള്ളിയിയിൽ പോകാൻ വിസിലില്ല. വാർഡൻ മുറിയിൽ വന്ന് കൈയിലുള്ള നീളമുള്ള വടി കൊണ്ട് വാതിലിന്മേലും അന്തേയവാസികളുടെ പെട്ടികളിലും ശബ്ദമുണ്ടാക്കത്തക്ക വിധം അടിച്ച്, പള്ളിയിൽ പോകാൻ സമയമായെന്ന് വിളമ്പരം ചെയ്യുന്നത് കേട്ട് എല്ലാവരും പള്ളിയിലേക്ക് പോയി. ഇശാ നിസ്കാരം നിർവ്വഹിച്ച ശേഷം ഞങ്ങളെല്ലാവരും ഭക്ഷണം കഴിക്കാൻ അടുക്കളയിലേക്ക് പോയി.ഭക്ഷണം കഴിച്ച് എല്ലാവരും മുറിയിലേക്ക് പോകുന്നതിനിടയിൽ വഴിയിൽ ഒരു ഇലക്ട്രിക് തൂണിൽ ഒരു ബൾബ് പ്രകാശിക്കുന്നു. തൂണിന്റെ മേൽ ഭാഗത്ത് ഒരു കമ്പി കെട്ടി വലിച്ച് തൂണിന്റെ മുരട്ട് സുമാർ അഞ്ചടിയകലത്തിൽ കമ്പിയുടെ കീഴറ്റം നിലത്ത് കുഴിച്ച് മൂടി ബന്ധിച്ചിരിക്കുന്നു. സാധാരണ എല്ലാ ഇലക്ട്രിക് തൂണുകൾക്കും കാണാറുള്ളത് പോലെ. ഞാൻ ആ കമ്പി വെറുതെയൊന്ന് പിടിച്ച് കുലുക്കി. അല്പം അയഞ്ഞ കമ്പി കമ്പനം മൂലം ഓളങ്ങൾ പോലെ ആടിയുലഞ്ഞു. അപ്പോൾ ബൾബ് പ്രകാശിക്കുകയും കെടുകയും ചെയ്തു. പഴയ വാർഡൻ എന്നറിയപ്പെടുന്ന കോഴിക്കോട് സ്വദേശി മൊയ്തീൻ കോയാക്ക അല്പമകലെ നില്ക്കുന്നുണ്ടായിരുന്നു. ഞാനയാളെ കണ്ടിട്ടില്ല.
"ഡാ... ഡാ.. നീയെന്തിനാണതിന്മേൽ കളിക്കുന്നത്?." എന്നും ചോദിച്ച്
ഒറ്റക്കുതിപ്പിനെന്റെ അടുത്ത് വന്ന് അയാളെന്റെ ചെവിക്ക് പിടിച്ചു. ചെവിക്ക് പിടിച്ചതല്ലാതെ അയാളെന്നെ
മറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും എന്റെ കൈകാലുകൾ വിറച്ചു. നടക്കാൻ കഴിയുന്നില്ല. ഗൃഹാന്തരീക്ഷത്തിലുള്ള ജീവിതമല്ല എനി മുന്നോട്ടുള്ളതെന്നെനിക്ക് മനസ്സിലായി. വീട്ടിൽ നിന്ന് ഉമ്മാന്റെ ഇടപെടൽ മാത്രമേ ഉണ്ടായിരുന്നുള്ളു. രാവിലെ മദ്രസയിൽ പോകാൻ വേണ്ടി വിളിച്ചുണർത്തിയാൽ ഞാനവിടെ തന്നെ കിടക്കും. ഉമ്മ വീണ്ടും വന്ന് എന്റെ ചെവിയിൽ വെള്ളമുറ്റിക്കുകയോ അല്ലെങ്കിൽ മുഖത്ത് വെള്ളം തളിക്കുകയോ ചെയ്യും. അപ്പോൾ ഞാനുണർന്നെഴുന്നേറ്റ് പല്ല് തേച്ച് പ്രാതലും കഴിച്ച് മദ്രസയിലേക്ക് പുറപ്പെടും. പുതിയ സാഹചര്യത്തിൽ അതെല്ലാം പഴങ്കഥ.
ഞാൻ പതുക്കെ നടന്ന് മുറിയിലെത്തി. കിടക്കാൻ പായില്ല. എന്ത് ചെയ്യും?. എവിടെ കിടക്കും?. അപ്പോഴാണ് പായയെ കുറിച്ചും എവിടെ കിടക്കുമെന്നതിനെ കുറിച്ചും ചിന്തിക്കുന്നത്. അനുജൻ സലാമിനെ കാണുന്നുമില്ല. അവൻ ഭക്ഷണം കഴിച്ച് വരുന്നുണ്ടാവും. ഞാൻ സ്വയം ആശ്വസിച്ചു. അതിനിടയിലൊരു കുട്ടി എന്നോട് ചോദിച്ചു.
"ഇയ്യ് പുതിയ ആളല്ലേ?"
"ങാ.....""അനക്ക് പായ കിട്ട്യോ?."
"ഇല്ല."
എന്നാ വേഗം വാർഡന്റെ റൂമിൽ പോയി പറി. "
ഞാൻ വേഗം വാർഡന്റെ റൂമിൽ പോയി. മഗ്രിബിന് യതീം ഖാനയുടെ മുറ്റത്ത് ലൈൻ നിന്നപ്പോൾ എണ്ണമെടുത്ത ഉമ്മർ വാർഡനാണവിടെയുള്ളത്. ഞാനയാളോട് പായ കിട്ടിയില്ലെന്ന് പറഞ്ഞു. അയാളെനിക്കും സലാമിനും ഓരോ പായ തന്നു. ഞാനതും വാങ്ങി റൂമിൽ തിരിച്ചെത്തിയപ്പോൾ സലാം റൂമിലെത്തിയിട്ടുണ്ട്. ഞങ്ങൾ രണ്ട് പേരും അടുത്തടുത്ത് പായ വിരിച്ച് കിടന്നു.
യാത്രാ ക്ഷീണവും വിരഹ ദ:ഖവും എന്റെയുള്ളിൽ അലയടിക്കുകയാണ്. ഇന്നലെ വരെ സ്വന്തം വീട്ടിൽ അന്തിയുറങ്ങിയ ഞാനിതാ, ഏതോ കണ്ണെത്താ ദൂരത്ത് അന്തിയുറങ്ങാൻ പായ വിരിച്ച് കിടക്കുന്നു. കാടു കയറിയ ചിന്തകളുമായി അറിയാതെ ഞാനുറങ്ങി. പിറ്റേന്ന് വെളുപ്പിന് വാർഡൻ ഉമ്മറാക്ക വന്ന് എല്ലാവരേയും വിളിച്ചുണർത്തി. സുബ്ഹി നിസ്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വിളിച്ചുണർത്തുകയാണയാൾ. നല്ല ഉറക്കച്ചടവുണ്ടെങ്കിലും ഞാൻ പായയിൽ നിന്ന് ചാടിയെണീറ്റു. കഴിഞ്ഞ രാത്രി മൊയ്തീൻ കോയാക്ക ചെവിക്ക് പിടിച്ചതിന്റെ ഞെട്ടലിൽ നിന്നും ഞാൻ മുക്തനായിട്ടില്ല. അത് കൊണ്ടാണ് ഞാൻ ചാടിയെണീറ്റത്. സലാമ് വീട്ടിലെ പോലെയല്ല. ഞാൻ തട്ടി വിളിച്ചപ്പോൾ തന്നെ വേഗമുണർന്നു. ഞങ്ങൾ രണ്ട് പേരും പായകൾ അട്ടിയായി വെച്ച്, ഒന്നിച്ച് മടക്കി ഞങ്ങളുടെ ഇരുമ്പ് പെട്ടിയുയർർത്തി അതിന്റെ സ്ഥാനത്ത് പായ വെച്ച് പായയുടെ മീതെ പെട്ടിവെച്ചു. പെട്ടി തുറന്ന് ബ്രക്ഷും പേസ്റ്റുമെടുത്ത്, ബ്രഷിൽ പേസ്റ്റ് തേച്ച് പള്ളിയിലേക്ക് പോകുമ്പോൾ സലാമെന്നോട് ചോദിച്ചു.
"ഇന്ക്ക് പൊരബിജാരിച്ചിട്ട് സങ്കടാകുന്നുണ്ടോ?".
"ങാ...എനക്ക്ണ്ട്. ഇന്ക്കോ?".
"എനക്കൂണ്ട്".
സലാമ് പറഞ്ഞു.
ഞങ്ങൾ പള്ളിയിൽ പോയി സുബ്ഹി നിസ്കാരം നിർവ്വഹിച്ച് പുറത്തേക്കിറങ്ങി. യതീം ഖാനയിലെ അന്തേയവാസികളിൽ പലരുമമായും പരിചയപ്പെട്ടു. ചിലരെന്നോട് പേര് ചോദിച്ചു. ഞാൻ'മൊയ്തി'യെന്ന് പറഞ്ഞപ്പോൾ അവർ ചിരിച്ചു.
"മൊയ്ത്യോ? അതെന്ത് പേരാ മൊയ്തി?, മൊയ്തു അല്ല മൊയ്തീനല്ല മൊയ്തി."
പിന്നെ കൂട്ടച്ചിരി. പിന്നെ അവരെന്നോട് നാട് ചോദിച്ചു. ഞാൻ 'മുയിപ്പോത്തെ'ന്ന് പറഞ്ഞപ്പോൾ.
"പോത്തോ? അതെന്ത് പേരാ മുയിപ്പോത്ത്?".
വീണ്ടും കൂട്ടച്ചിരി. അങ്ങിനെയെല്ലാവരും പിരിഞ്ഞു പോയി.
തലേ ദിവസം ധരിച്ചവസ്ത്രങ്ങളലക്കണം. "എവിടെയാണലക്കാൻ സൗകര്യം?"
ഞാനൊരു കൂട്ടുകാരനോട് ചോദിച്ചു. "അലക്കാൻ പുഴയിൽ പോകണം. ഏഴ്മണിക്ക് പ്രാതൽ കഴിച്ച് നമുക്കൊന്നിച്ച് പോകാം".
കൂട്ടുകാരൻ പറഞ്ഞു.
പ്രാതൽ കഴിക്കാൻ വേണ്ടി ഞങ്ങളൊന്നിച്ച് അടുക്കളയിലേക്ക് പോയി. നീണ്ട വിശാലമായ ഡൈനിങ് ഹാളിന്റെ ഒരു ഭാഗത്ത് നീളമുള്ള ഡസ്കിന്മേൽ റവയും ചൂടുള്ള കട്ടൻ ചായയും. രണ്ടും അലൂമിനിയ പാത്രങ്ങളിൽവിളമ്പി രണ്ട് നിരയായി നിരത്തി വെച്ചിരിക്കുന്നു. ഭക്ഷണം നിരത്തി വെച്ചിരിക്കുന്ന തീൻ മേഷയുടെ ഇരു വശങ്ങളിലും ഉയരം കുറഞ്ഞ ഇരിക്കാൻ പാകത്തിലുള്ള ബെഞ്ചുണ്ട്. അതിൽ അഭിമുഖമായിട്ടാണിരിക്കുക. ഞങ്ങൾക്ക് നാട്ടിലെ സ്കൂളിൽ നിന്ന് കിട്ടിയിരുന്ന നുറുക്ക് ഗോതമ്പ് കൊണ്ടു ണ്ടാക്കിയ അതേ റവ. റവക്കിവിടെ ഉപ്മാവെന്നാണ് പറയുക.
ഞങ്ങൾ പ്രാതൽ കഴിച്ച്, നേരേ മുറിയിൽ പോയി അലക്കാനുള്ളത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാത്രമാണ്. കുളിക്കാനുള്ള സോപ്പുണ്ട്. അലക്കാനെന്ത് ചെയ്യും?. കൂടെയുള്ള കൂട്ടുകാരനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു. അലക്കാനെനിക്കുമുണ്ട്. നമുക്കൊന്നിച്ചലക്കാം. നിങ്ങൾ രണ്ട് പേർക്കുമെന്റെ സോപ്പുപയോഗിക്കാം. എനിക്ക് കുളിക്കാനുള്ള സോപ്പില്ല. കുളിക്കാൻ നിങ്ങളുടെ സോപ്പെനിക്ക് തന്നാൽ മതി. അങ്ങനെ ഞങ്ങളെല്ലാവരും പുഴയിലേക്ക് പോയി.
വിശാലമായ മണൽപ്പരപ്പ്. പുഴയുടെ ഒരുഭാഗത്ത് അരുവി പോലെ ഒഴുക്ക് കുറഞ്ഞ ജലാശയം. വെള്ളവും മണലും സംഗമിക്കുന്നിടത്ത് അലക്കാൻ വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന വലിയ കരിങ്കൽ ചീളുകൾ. ഇവയെല്ലാം ഒരുക്കി വെച്ചിരിക്കുന്നത്. യതീം ഖാനയിലെ മുതിർന്ന അന്തേയവാസികളാണ്. അവരിപ്പോൾ വാർഷികപ്പരീക്ഷയുടെ വേനലവധിക്ക് നാട്ടിൽ പോയിരിക്കയാണ്. പുഴയുടെ കരയിലുള്ള വീട്ടുകാരും അലക്കാൻ വരുന്നുണ്ട്.
ഞാനും സലാമും വേഗമലക്കി.ഉണങ്ങാൻ വേണ്ടി മണൽ പരപ്പിൽ നിവർത്തിയിട്ട ശേഷം പുഴയിൽ കുളിക്കാനിറങ്ങി. ഭയപ്പെടാനുള്ള ആഴമൊന്നും പുഴയിലില്ല. എന്റെ കഴുത്ത് വരെയാണ് കൂടിയ ആഴം. എനിക്കും സലാമിനും നീന്താനറിയില്ല. ഞങ്ങളതിൽ മുങ്ങിയും പൊങ്ങിയും ഊളിയിട്ടും ആർത്തട്ടഹസിച്ചും കുളിയൊരാഘോഷമാക്കി. ഏകദേശം അരമണിക്കൂർ നേരം ഞങ്ങളതിൽ കുളിച്ചു. ശരീരത്തിൽ നല്ല കുളിർമ്മ അനുഭവപ്പെട്ടപ്പോൾ ഞങ്ങൾ കുളി മതിയാക്കി കരക്ക് കയറി. മണൽ പരപ്പിൽ നിവർത്തിയിട്ടുരുന്ന
വസ്ത്രമെല്ലാമെടുത്ത് പാകത്തിൽ മടക്കി നേരെ യതീം ഖാനയിലേക്ക് നടന്നു.
(ശേഷം ആറാം അദ്ധ്യായത്തിൽ)
Comments
Post a Comment