ഉച്ചയൂണിന്ശേഷം വയലിൽ മൊയ്തീൻ കോയ ഹാജി തന്റെ വീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അല്പം മയങ്ങുന്നതിനിടയിൽ അദ്ദഹത്തെ തോണ്ടി വിളിച്ചു കൊണ്ട് ചോദിച്ചു. "ഉപ്പാ അല്പം ഊണ് തെര്വോ, വല്ലാതെ വിശക്കുന്നു ".
അയാൾ കണ്ണുതുറന്നു. മുന്നിൽ വെളുത്ത് മെലിഞ്ഞ ഏകദേശം എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്നൊരു ബാലൻ!.ദയനീയ ഭാവം. മൊയ്തീൻ കോയ ഹാജിയുടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. അയാളുടൻ ഭാര്യയെ വിളിച്ച് പയ്യന് ഊണ് കൊടുക്കാൻ പറഞ്ഞു. ഭാര്യ അവന് ഊൺ കൊടുത്തു. വയറ് നിറയെ ഊണ് കഴിച്ചയുടൻ
അവനെഴുന്നേറ്റ് കൈകഴുകി. വീണ്ടും ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന ഹാജിയുടെ അടുത്ത് ചെന്ന് "ഉപ്പാ ഞാൻ പോട്ടെ". ചോറ് തന്നതിന് നന്ദിയെന്നും പറഞ്ഞ് അപ്രതീക്ഷിതമായി അവനയാൾക്ക് നെറ്റിയിലൊരുമ്മയും കൊടുത്ത് പോകാൻ ഭാവിച്ചു.
"നിൽക്ക് എവിടേക്കാണ് യാത്ര?"
അയാൾ ചോദിച്ചു.
"അറിയില്ല, അടുത്ത വിശപ്പാകുമ്പോഴേക്കും മറ്റേതെങ്കിലും വീട്ടിലെത്തണം". അവൻ പറഞ്ഞു.
"മോന്റെ പേരെന്താ?."
സ്നേഹ പൂർവ്വമയാളാരാഞ്ഞു.
"ഇഖ്ബാൽ".
അവൻ പറഞ്ഞു.
"അച്ഛനുമമ്മയുമില്ലേ?"
മൊയ്തീൻ കോയ ഹാജി ചോദിച്ചു.
"അച്ഛനെക്കുറിച്ചറിയില്ല, ഉമ്മ രോഗം പിടിപെട്ട് മ..... രിച്ചു. അതോടെ ഞാൻ തനിച്ചായി".
നിറ കണ്ണുകളോടെ അവൻ പറഞ്ഞു.
"ഉറ്റവരുമുടയവരുമില്ലേ?."
"എല്ലാവരുമുണ്ട്,എന്റെ നാട് ബിഹാറിലാണ്. ഞാൻ ജനിച്ചതിവിടെ. ഞാനിതുവരെയുമെന്റെ നാട് കണ്ടിട്ടില്ല. അത്കൊണ്ടെന്റെ ബന്ധുക്കളുടെ അടുത്ത് പോകാനറിയില്ല".
ഇഖ്‌ബാൽ പറഞ്ഞു.
"എന്റെ അനാഥാലയത്തിൽ ആണും പെണ്ണുമായി ആയിരത്തിൽപരം അനാഥ ബാലികാബാലന്മാരുണ്ട്. അവരിൽ ഒരാളായി നീയവിടെ നിന്നോളൂ.എനിമുതൽ നിനക്കൊരു നേരത്തെ ഭക്ഷണം മാത്രമല്ല നിന്റെ കഴിവനുസരിച്ച് പഠിക്കാനുള്ള അവസരങ്ങളുമുണ്ട്". താൻ കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ ഇഖ്‌ബാൽ പകച്ചു നിന്നു.
അയാളകത്ത് ചെന്ന് ലാന്റ്ഫോണിന്റെ റസീവർ ഇടതു കൈയിൽ പിടിച്ച് ആരേയോ വിളിച്ച് എന്തെല്ലാമോ പറയുന്നത് ഇഖ്ബാൽ ശ്രദ്ധിച്ചു.ഫോണിൽ സംസാരിച്ച മൊയ്‌ദീൻ കോയഹാജി തന്റെ ചാരുകസേരയിൽ പൂർവ്വസ്ഥതിയിൽ
വന്നിരുന്നു. അല്പ സമയത്തിനു ശേഷം
നീണ്ട് തടിച്ച നല്ല പൊക്കമുള്ളൊരാൾ
മൊയ്തീൻ കോയഹാജിയുടെ വീട്ടിൽ വന്നു."മൊയ്തീൻ കോയാക്കേ ഞാൻ പറഞ്ഞ ആളാണിത്".
മൊയ്തീൻ കോയഹാജി വന്നയാളോട് പറഞ്ഞു.
മൊയ്തീൻ കോയാക്ക സ്നേഹപൂർവ്വ മവന്റെ കൈപിടിച്ച് യതീം ഖാനയുടെ ഓഫീസിലേക്ക്കൂട്ടി കൊണ്ടുപോയി. ഉപ്പാന്റെ വീടിന്റെ അടുത്ത് തന്നെ യതീംഖാന.ഇഖ്ബാൽ മനസ്സിൽ പറഞ്ഞു.ഓഫീസിന്റെ പ്രവേശന കവാടത്തിന്റെ ചുമരിൽ വെണ്ടക്കാക്ഷരത്തിലെഴുതിയത് ഇഖ്ബാൽ തപ്പിത്തടഞ്ഞ് വായിച്ചു.
'മുക്കം മുസ്ലിം അനാഥ ശാല.'
Comments
Post a Comment