ഒരിക്കൽ ഗുരുവിന്റെ വീട്ടിൽ തന്റ പൂർവ്വ ശിഷ്യന്മാരിലൊരാൾ വിരുന്നു വന്നു. ഗുരുവിന് സമ്മാനങ്ങളുമായാണയാൾ വന്നിരുന്നത്. ശിഷ്യനെ കണ്ടപ്പോൾ തന്നെ ഗുരുവൊന്ന് ഊറിച്ചിരിച്ചു. ശിഷ്യൻ തന്റെ കൈയിൽ കരുതിയിരുന്ന സമ്മാനം ഗുരുവിന്റെ കൈയിൽ കൊടുത്തു. ഗുരു സമ്മാനങ്ങളേറ്റു വാങ്ങി ശിഷ്യനോടിരിക്കാൻ പറഞ്ഞു.ശിഷ്യൻ പീഠത്തിലിരുന്നു.ആതിഥ്യ മര്യാദയുടെ ഭാഗമായി ഗുരു ശിഷ്യന് പാനീയം നല്കി. ഏറെ വർഷത്തിനു ശേഷമാണ് ഗുരുവും ശിഷ്യനും നേരിൽ കാണുന്നത്. അവർ തമ്മിൽ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പരസ്പരം സംസാരിച്ചു.
തന്റ ഓത്തുപുരയിൽ സമർത്ഥനും അല്പം തല തിരിഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്ന ശിഷ്യൻ! ഗുരുവിന് അവനെ വളരെ ഇഷ്ടമായിരുന്നു. എന്ത് പറഞ്ഞാലും ഞൊടിയിടയിൽ ഗുരുവിന് കാര്യം സാധിപ്പിച്ചു കൊടുക്കുന്ന മിടുക്കൻ! ഗുരുവിന് തന്റെ കഴിഞ്ഞകാലത്തിലെ ഒരു സംഭവം ഓർമ്മയിൽ തെളിഞ്ഞു.
ഒരിക്കൽ ഗുരുവിന് ഓത്തുപള്ളിയിൽ നിന്നൊരു യാത്ര പോകാനുണ്ടായിരുന്നു. വഴിമദ്ധ്യേയുള്ള കടവിൽ തോണിയില്ല. എന്ത് ചെയ്യും? ഗുരു ശിഷ്യനോട് ചോദിച്ചു.
"അതിന് വഴിയുണ്ടാക്കാം"ശിഷ്യൻ പറഞ്ഞു. ഗുരുവിന് ശിഷ്യന്റെ വാക്കിലത്ര മതിപ്പു തോന്നിയില്ല. കാരണം അവൻ നന്നേ ചെറുതായിരുന്നു.
"തോണി കടവിലെത്തിയിട്ടുണ്ട്. ഉസ്താദ് പുറപ്പെട്ടാലും."
ഗുരുവിന്റെ യാത്രാ സമയമായപ്പോൾ ശിഷ്യൻ ഗുരുവിന്റെ അടുക്കൽ വന്നു പറഞ്ഞു.
കടവ് വരെ ശിഷ്യൻ ഗുരുവിനെ അനുഗമിച്ചു. കടവിലെത്തിയപ്പോൾ ഗുരു അമ്പരന്നു. കടവിൽ ഉസ്താദിനേയും പ്രതീക്ഷിച്ച് തോണിയുമായൊരാൾ കാത്തു നില്ക്കുന്നു!.
ഉസ്താദ് തോണിയിൽ കയറി യാത്ര പുറപ്പെട്ടു.ഉസ്താദിന്റെ ഓർമ്മയിൽ ഈ സംഭവം മിന്നി മറഞ്ഞു.
"ഇപ്പോൾ തലതിരിഞ്ഞ് സംസാരിക്കാറുണ്ടോ?"
ഉസ്താദ് സ്നേഹപൂർവ്വം ചോദിച്ചു.
ശിഷ്യൻ മറുപടി ചിരിയിലൊതുക്കി.ഒന്നും മിണ്ടിയില്ല.
"നീ ള്വുഹർ നിസ്കരിച്ചോ?".
ഗുരു ശിഷ്യനുമൊത്ത് ഉച്ച ഭക്ഷണം കഴിച്ച ശേഷം ചോദിച്ചു.
"അതെ,"
യാതൊരു സങ്കോചവും കൂടാതെ, ശിഷ്യൻ കളവ് പറഞ്ഞു.
"എവിടെ നിന്ന്?".
"ഉസ്താദിന്റെ പാഴയിൽ നിന്ന്."
"അതെപ്പോൾ? ഞാൻ കണ്ടില്ലല്ലോ?".
ഉസ്താദ് പറഞ്ഞു.
"നിങ്ങൾ അല്ല്വാഹുവിനെ കണ്ടിട്ടുണ്ടോ?"
ശിഷ്യൻ ഗുരുവിനോട് ചോദിച്ചു.
"ഇല്ല,"
ഗുരു മറുപടി പറഞ്ഞു.
"അത് കൊണ്ട് അല്ല്വാഹു ഇല്ലേ?"
ശിഷ്യൻ വീണ്ടും ചോദിച്ചു.
ഗുരു ഒന്നും മിണ്ടിയില്ല.രണ്ടു പേരും ഊറിച്ചിരിച്ചു.
Comments
Post a Comment