ഏതാനും ദിവസം കുടുമ്പക്കാരും,അയൽക്കാരും, നാട്ടുകാരും അവളുടെ വീട് സന്ദർശിക്കലും, സാന്ത്വന വാക്ക് പറയലും മുറപോലെ നടന്നു.ക്രമേണ എല്ലാം പാടേ നിലച്ചു.
അങ്ങിനെ അവളൊരുന്നാൾ മീനാക്ഷിയമ്മയുടെ വീട്ടിൽ പോയി.
"എന്തൊക്ക്യാ സുലൈഖാ വർത്താനം?"
സുലൈഖയെ കണ്ടപ്പോൾ മീനാക്ഷിയമ്മ ചോദിച്ചു. എനക്കെന്ത് വർത്താനം മീനാക്ഷ്യമ്മേ?"
സുലൈഖ തിരിച്ചു ചോദിച്ചു.
"വിഷമിക്കാതെ സുലൈഖേ എന്തെങ്കിലും പരിഹാരമുണ്ടാക്കാമോയെന്ന് നമുക്കൊന്ന് നോക്ക്യാലെന്താ?". മീനാക്ഷിയമ്മ ചോദിച്ചു.മീനാക്ഷയമ്മയുടെ വാക്ക് കേട്ടപ്പോൾ സുലൈഖക്കൊരു പ്രതീക്ഷ.സുലൈഖ മീനാക്ഷിയമ്മയുടെ കോലായിലുള്ള പീഠമെടുത്ത് തൂണിന്റെ അരികിൽ വെച്ച് അതിന്മേൽ തൂണും ചാരിയിരുന്നു.
"മീനാക്ഷ്യമ്മേ എന്ത് പരിഹാരമാണ് നിങ്ങളുദ്ദേശിക്കുന്നത്?"
ആകാംക്ഷയോടെ സുലൈഖ ചോദിച്ചു.
"പറയാം സുലൈഖേ ക്ഷമിക്ക്.ഞാൻ ചായയുണ്ടാക്കട്ടെ.അതുംകുടിച്ച് നമുക്ക് കര്യങ്ങൾ പറയാം."
മീനാക്ഷിയമ്മ പറഞ്ഞു.മീനാക്ഷിയമ്മ വേഗത്തിൽ നല്ല പശുവിൻ പാൽ ചേർത്ത ചായ സുലൈഖക്ക് കൊടുത്തു.ഒരു ബസ്സിയിൽ അവിലെടുത്ത് അതിന്റെ മീതെ തേങ്ങ ചിരകിയത് പഞ്ചസാര ചേർത്തതും സുലൈഖക്ക് വെച്ച് കൊടുത്ത്.അതിന്നരികിൽ മീനാക്ഷിയമ്മയിരുന്ന് പറയാൻ തുടങ്ങി.
"സുലൈഖേ നിന്റെ മക്കളെ കാണാതെയായിട്ട് നാളേറെയായല്ലോ.ഇതുവരേക്കും ആരുമൊരു പരിഹാരം പറഞ്ഞു തന്നില്ല.ഒരിടത്തൊരു മന്ത്രവാദിനിയുണ്ട് നമുക്കവിടെ പോയി നോക്കാം".
"ആയ്ക്കോട്ടെ മീനാക്ഷ്യമ്മേ നമുക്ക് നാളെത്തന്നെപോകാം".സുലൈഖ സമ്മതിച്ചു.അങ്ങിനെ പിറ്റേന്ന് രാവിലെ മീനാക്ഷിയമ്മയും സുലൈഖയും മന്ത്രവാദിനിയുടെ വീട്ടിലേക്ക്പുറപ്പെട്ടു.ഇടവഴികളിലൂടെ ബഹുദൂരം നടന്ന് കുന്നിഞ്ചരിവിലുള്ള ചെറിയൊരു വീട്ടീൽ സുലൈഖയും മീനാക്ഷിയമ്മയും കയറിച്ചെന്നു.അവർ മുറ്റത്തെത്തിയതും അകത്തു നിന്ന് മന്ത്രവാദിനയമ്മൂമ എല്ലാം മുൻകൂട്ടി അറിഞ്ഞിട്ടെന്നപോലെ ഉമ്മറപ്പടിയിൽ വന്ന് മോണകാട്ടിച്ചിരിച്ചു കൊണ്ട് നിങ്ങളിരിക്ക് ഞാനിപ്പവരാമെന്ന് പറഞ്ഞ് അകത്തേക്ക് വലിഞ്ഞു.അല്പ സമയത്തിനു ശേഷം മന്ത്ര വാദിനിയമ്മൂമ്മ അകത്തുനിന്നും കോലായിലേക്കിറങ്ങി വന്നു.
"എന്തല്ലാ മീനാക്ഷീ പുതിയ ആളേയും കൂട്ടിയാണല്ലോ വരവ്.എന്ത് പറ്റി?".
മന്ത്ര വാദിനി ചോദിച്ചു.
"ഇവളെന്റെ അയൽ വാസി സുലൈഖ.ഇവളുടെ രണ്ടാൺമക്കളെ കാണാതായിട്ട് കൊറേ ദെവസായ്.ഒരു ബിവരവൂല്ല്യ."
മീനാക്ഷ്യമ്മ പറഞ്ഞു.
മന്ത്രവാദിനിയമ്മൂമ അല്പസമയം മൗനം പാലിച്ചു കൊണ്ട് എന്തെല്ലാമോ ജപിച്ചു.അല്പ സമയം എന്തോ ആലോചിച്ച ശേഷം പറഞ്ഞു.
"മക്കൾ കാടും മലകളും പിന്നിട്ട് അന്യദിക്കിൽ ജീവിച്ചിരിപ്പുണ്ട്".
"അവരെനി മടങ്ങി വെര്വോ?".
സുലൈഖ ചോദിച്ചു.
"വരുത്തണം.എങ്കിൽ വരും".
മന്ത്രവാദിനിയമ്മൂമ പറഞ്ഞു.
"എങ്കിൽ അതിനെന്തെങ്കിലും ചെയ്തു തരണമമ്മൂമേ."
സുലൈഖ കേണ് പറഞ്ഞു.
"ശരി, ഒരു ക്രിയ ചെയ്യാനുണ്ട്.അത് ഞാൻ തന്നെ ചെയ്യാം.മക്കൾ തിരിച്ചു വന്നയുടൻ അവരെയും കൊണ്ട് ഉടനെ ദക്ഷിണയുമായി വന്ന് എന്നെ കാണണം.അത് ക്രിയയുടെ ഭാഗമാണ്.എനി മക്കളെക്കുറിച്ച് ചിന്തിച്ച് തല പുകയണ്ട നിങ്ങൾ പോയ്ക്കോളൂ."
മന്ത്ര വാദിനി പറഞ്ഞു.
മീനാക്ഷിയമ്മയും സുലേഖയും മന്ത്രവാദിനിക്ക് ദക്ഷിണ കൊടുത്ത് യാത്ര പറഞ്ഞിറങ്ങി."
നിങ്ങളെന്നോട് കുറേ മുമ്പ് പറേണ്ട്യേതായിരുന്നു മീനാക്ഷ്യമ്മേ.എതായാലും മനസ്സിന് സമാധാനം തോന്നുന്നു".സുലൈഖ പറഞ്ഞു.
"എനിക്കന്നാ ബുദ്ധ്യോന്നും തോന്നീല്ല സുലൈഖേ.
നീയൊന്നും വെഷമിക്കണ്ട നിന്റെ മക്കൾ തിരിച്ചുവരും.ആ മന്ത്രവാദിനിയമ്മൂമ ചില്ലറക്കാരിയല്ല."
മീനാക്ഷിയമ്മ പറഞ്ഞു.മീനാക്ഷിയമ്മയും സുലൈഖയും അവരവരുടെ വീട്ടിൽ തിരിച്ചെത്തി.മാസം ഒന്ന് കഴിഞ്ഞു.ഒരു ദിവസം പാതിരാവിൽ വാതിലിന് മുട്ടുന്ന ശബ്ദം.തനിക്ക് തോന്നിയതാവുമോ?സുലൈഖ കാതോർത്തു.വീണ്ടും മുട്ടുന്ന ശബ്ദം.
"അതാരാണ്?"
"ഉമ്മാ വാതിൽ തൊറക്ക്."ഇത് ഞങ്ങളാണ് ഹസനും ഹുസൈനും".
തന്റെ മക്കളുടെ ശബ്ദം!
സുലൈഖയൊന്നും സംശയിച്ചില്ല. തന്റെ മക്കൾ തന്നെ.ഹസനും ഹുസൈനും.അവൾ വാതിൽ തുറന്നു.തന്റെ മക്കൾ കൺ മുന്നിൽ!.സുലൈഖ വാതിൽ തുറന്നതും മക്കൾ വാരിപ്പുണർന്ന് കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു മാപ്പ് ചോദിച്ചതുമെല്ലാം ഒന്നിച്ചായിരുന്നു.
"ഉമ്മാ ക്ഷമിക്കണം,ഉമ്മാനോടൊന്നും പറയാതെ ഞങ്ങൾ നാടു വിട്ടു.ഉമ്മ വല്ലാതെ വെഷമിച്ചു.ഉമ്മാന്റ കരച്ചിൽ കണ്ട് സഹിക്കാൻ കഴിയാതെ വന്നതാണ്".
ഉമ്മാന്റെ കരച്ചിൽ കണ്ടെന്നോ?സുലൈഖ മനസ്സിൽ കുറിച്ചു.
"ഏതായാലും നിങ്ങളെ കണ്ടല്ലോ. നിങ്ങളെ ജീവിതത്തിൽ കാണുമെന്ന് ഞാമ്പിജാരിച്ചില്ല".
സുലൈഖ പറഞ്ഞു.
"ഇങ്ങളെന്തിനാ ആരോടും പറയാതെ നാടുവിട്ടത്?.
സുലൈ ചോദിച്ചു.
"പള്ളിയിലെ റാത്തീബിന്റന്ന് എറച്ച്യൂം നെയ്ചോറും മാങ്ങുമ്മം മമ്മൂക്ക പറഞ്ഞു.എറച്ച്യൂം ചോറൂള്ളേസം മാത്രം പള്ളീല് ബെരും ദരിദ്രവാസ്യേളെന്ന്".ആ മാനക്കേട് സഹിക്കാൻ കയ്യാണ്ട് പോയതാ".
"ങള് ഭക്ഷണം കൈച്ചോ?"
സുലൈഖ ചോദിച്ചു.
"ഭക്ഷണം കൈച്ചി.ഭക്ഷണോന്നും വേണ്ട.കെടന്നുറങ്ങണം."
മക്കൾ പറഞ്ഞു.
അവരെല്ലാവരും കിടന്നു.അവരാർക്കുമുറക്കം വന്നില്ല.അല്പം കഴിഞ്ഞപ്പോൾ "ങളൊറങ്ങ്യോ?"
സുലൈഖ ചോദിച്ചു.
"ഇല്ലുമ്മാ ഒറക്കം ബെര്ന്നില്ല".
മക്കൾ പറഞ്ഞു.
"ങളെന്താ പറഞ്ഞത് ങളെ കരച്ചില് കണ്ട് സഹിക്കാൻ കൈയാതെ വന്നതാന്ന്?."
"ഞങ്ങക്ക് ബേംഗ്ലൂരിലൊരു ഹോട്ടലിൽ പണികിട്ടി.പിന്നെ നാടെന്നോ വീടെന്നോ ഒരു ചിന്തേല്ല.കൊറേ ദെവസം കൈഞ്ഞപ്പോണ്ട് ങള് തട്ടേടാതെ മുട്യൂം പറച്ചിട്ട് കരേന്ന്.ദയനീയമായ കരച്ചില്.ഒറങ്ങാങ്കിടന്ന് ഒറങ്ങിത്തൊടങ്ങുമ്മം ഉമ്മ കരേന്നുണ്ടാകും.മക്കളേ വേഗം വാ.ങള കാണാഞ്ഞ് ഞാമ്പെഷമത്തിലാ.അങ്ങനെ ഉമ്മാനെ ഓർത്തിട്ട് അവടെ നിൽക്കാൻ കൈഞ്ഞില്ല.ഞങ്ങളങ്ങനെ ഇങ്ങോട്ടേക്ക് പോന്ന്."
അപ്പോൾ സുലൈഖക്ക് മനസ്സിലായി ഇത് മന്ത്രവാദിനിയമ്മൂമ്മയുടെ ക്രിയ ഫലിച്ചതാണെന്ന്.പിറ്റേന്ന് നേരം പുലർന്നു.ചായയും കുടിച്ച് സുലൈഖ മക്കളേയും കൂട്ടി നേരെ മീനാക്ഷിയമ്മയുടെ വീട്ടിൽ പോയി.
സുലൈഖയും രണ്ടാൺമക്കളും മീനാക്ഷിയമ്മയും നേരെ മന്ത്രവാദിനിയുടെ അരികിലെത്തി.
"ദക്ഷിണയെത്രയാണ്?"
സുലൈഖ ചോദിച്ചു.
"നൂറ്റൊന്നുറുപ്യ"
മന്ത്രവാദിനിയമ്മൂമ്മ പറഞ്ഞു.
സുലൈഖ വേഗം നൂറ്റൊന്നു രൂപയെടുത്ത് മന്ത്ര വാദിനിയമ്മൂമ്മയുടെ കൈയ്യിൽ കൊടുത്തു.അമ്മൂമ്മ ദക്ഷിണ വാങ്ങി കൈയിൽ പിടിച്ചു.ഹസന്റെയും ഹുസൈന്റെയും ശരീരത്തിൽ മന്ത്രം ജപിച്ച് ഭസ്മം വിതറി, അവരിൽ പ്രവേശിച്ച മൂർത്തികളെ ആവാഹിച്ചെടുത്ത് നാലു പേരോടും പോയ്ക്കോളാൻ പറഞ്ഞു.
Comments
Post a Comment