പണ്ട് പണ്ട് ബനൂ ഇസ്രാഈല്യരുടെ കാലത്ത് ഫലസ്തീനിൽ അസീസെന്ന് പേരുള്ളൊരാട്ടിടയനുണ്ടായിരുന്നു.എല്ലാഴ്പോഴും തന്റെ ദുരിത ജീവിതത്തിൽ നിന്നും മോക്ഷം കിട്ടാനയാളാഗ്രഹിക്കും.പക്ഷേ.....അതിന് സാദ്ധ്യമായ മാർഗ്ഗങ്ങളൊന്നുമില്ല.തന്റെ ആട്ടിൻ പറ്റത്തിലെ ഒരാടിനെ പോലെയാണ് താനെന്നോർത്തയാൾ കുണ്ഠിതപ്പെടും.ഈ ഭൂമിയിലൊരു മനുഷ്യനായി ജീവിക്കാൻ തനിക്ക് കഴിയുമോ? മനുഷ്യരോട് സഹവസിച്ചിട്ട് കാലമെത്രയായി? അല്ലാഹുവിന്റെ വിധിയെന്നോർത്തയാൾ സ്വയം സമാധാനിക്കും.പ്രഭാതമായാൽ ആടുകളേയും കൊണ്ട് മലഞ്ചരുവിലും കാട്ടിലും മറ്റ് മേച്ചിൽ സ്ഥലങ്ങളിലും പോകും.സന്ധ്യയായാൽ ആടുകളേയും കൊണ്ട് വീട്ടിൽ തിരിച്ചുവരും.ഭക്ഷണം കഴിച്ച് കിടന്നുറങ്ങും.പുറം ലോകവുമായൊരു ബന്ധവുമില്ല.
ഒരുദിവസം അസീസ് മലഞ്ചരുവിൽ നിന്ന് ആടുകളെ മേയ്ക്കുന്നതിനിടയിൽ പെട്ടെന്നൊരു മഴ.നനയാതിരിക്കാൻ മലയുടെ താഴ് വാരത്തിലുള്ളൊരു ഗുഹയിൽ കയറിയിരുന്നു.ശക്തിയായ മഴയിൽ ഭാരമുള്ളൊരു കല്ല് മലയുടെ മേൽഭാഗത്ത് നിന്ന് ഗുഹാമുഖത്ത് വന്ന് പതിച്ചു.ഗുഹാ മുഖം അടഞ്ഞു.കല്ല് നീക്കം ചെയ്ത് പുറത്ത് കടക്കാൻ കഴിയാതെ അസീസ് ഗുഹക്കുള്ളിൽ അകപ്പെട്ടു.ഗുഹക്കുള്ളിൽ കൂരിരുട്ട്.രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ലെന്നു കണ്ട് പരിഭ്രാന്തനായ അസീസ് അല്ലാഹുവിനോട് പ്രാർത്ഥിച്ചു.
"യാ അല്ലാഹ് നീയെന്നെ രക്ഷിക്കേണമേ.നീയെത്ര പരിശുദ്ധൻ."
ഗുഹക്കുള്ളിൽ കഠിനമായ ചൂട്.അയാൾക്ക് ശ്വാസം മുട്ടുന്നതായി തോന്നി.
രക്ഷപ്പെടാനെന്തെങ്കിലും പഴുതുകളുണ്ടോ എന്നറിയാൻ വിഭ്രാന്തിയോടെ ഗുഹയുടെ ഭിത്തിയിൽ രണ്ട് കൈ കൊണ്ടും പരതി.ഗുഹയുടെ ഒരു ഭാഗത്ത് ഒരാൾക്ക് കടന്നു പോകാൻ പറ്റിയ ഇടനാഴി പോലെ ചെറിയൊരു വിടവ്.ആ വിടവിലൂടെ ഒന്നും കാണാൻ കഴിയാതെ ആകാവുന്നിടത്തോളമയാൾ തപ്പിത്തടഞ്ഞ് നടന്നു. നടക്കുന്തോറും ഇടനാഴിക്ക് വീതി കൂടിവരുന്നതായനുഭവപ്പെട്ടു.
അയാൾ വീണ്ടും മുന്നോട്ടു നടന്നു.ആ ഇടനാഴിയിൽ ഉറവയിൽ നിന്നല്പാല്പമായി ജലമൊഴുകുന്നൊരിടത്തെത്തി. അയാളുടെ കാൽപാദങ്ങൾ നനയാൻ തുടങ്ങി.അയാൾക്കാ ശ്വാസമായി. രണ്ട് കൈകളും ചേർത്ത് കൈയിൽ വെള്ളമെടുത്ത് മുഖം കഴുകി. അല്പം കുടിക്കുകയും ചെയ്തു.അയാൾ വീണ്ടും മുന്നോട്ടു നീങ്ങി.താനിപ്പോഴുള്ളത് വിശാലമായൊരിടത്താണെന്നയാൾക്ക് മനസ്സിലായി.എന്നിരുന്നാലും എങ്ങോട്ട് പോകണമെന്ന തിരിച്ചറിവൊന്നും അയാൾക്കില്ലായിരുന്നു.അസീസ് വീണ്ടും മുന്നോട്ട് നീങ്ങി.
"നിൽക്കൂ,
നിങ്ങളെങ്ങോട്ടാണ് പോകുന്നത്"?.
ചോദ്യം കേട്ടപ്പോൾ അസീസിന്ന് പരിഭ്രമമൊന്നും തോന്നിയില്ല.കാരണം ഗൗരവത്തിലോ,ദേഷ്യത്തിലോ ആയിരുന്നില്ല ആ ചോദ്യം.തികച്ചും സൗമ്യതയോടെയായിരുന്നു.
"എങ്ങോട്ടെന്നറയില്ല.അബദ്ധത്തിൽ ഞാനീ ഗുഹക്കുള്ളിൽ അകപ്പെട്ടതാണ്.ഇതിലെ നടന്നാൽ മലയുടെ മറുഭാഗത്ത് ഈ ഇടനാഴി അവസാനിക്കുകയാണെങ്കിൽ
അതിലെ പുറത്തു കടക്കാമെന്ന് കരുതി വന്നതാണ്.ഇവിടെ നിന്നും പുറത്തു കടക്കാൻ എന്നെയൊന്ന് സഹായിക്കുമോ?".പ്രത്യാശയോടെ അസീസ് ചോദിച്ചു.
"സാരമില്ല നിങ്ങളെ ഞാൻ സഹായിക്കാം.ഇങ്ങോട്ട് നോക്കൂ".
അശരീരി പറഞ്ഞു.
"എനിക്കൊന്നും കാണാൻ കഴിയുന്നില്ല".
അസീസ് പറഞ്ഞു.
ഉടൻ തന്നെ അയാൾക്ക് മുന്നിൽ ഒരു യുവാവ് മെഴുകുതിരി വെട്ടത്തിലെന്ന പോലെ പ്രത്യക്ഷപ്പെട്ടു.അയാൾക്ക് ചുറ്റും ഒരു പ്രകാശ വലയം!
"നിങ്ങളാരാണ്?".അത്ഭുതത്തോടെ
ആട്ടിടയൻ ചോദിച്ചു.
"ഞാൻ ജിന്നു വർഗ്ഗത്തിൽപ്പെട്ടൊരാളാണ്.എന്റെ പേര് മുഈൻ.
ഇത് ജിന്നുകളുടെ ആവാസ കേന്ദ്രമാണ്.ഇവിടെ മനുഷ്യരാരും കടന്നുവരാറില്ല.അവർക്കപരിചിതമാണിവിടം ".
മുഈൻ പറഞ്ഞു.
"നിങ്ങളെന്നെ രക്ഷിക്കുമോ?.ഞാൻ കേവലമൊരാട്ടിടയനാണ്.
അസീസ് പറഞ്ഞു.
"നിങ്ങൾ പറയാതെ തന്നെ നിങ്ങളുടെ ആകുലതയെനിക്ക് മനസ്സിലായി.ഒന്നുകൊണ്ടും നിങ്ങൾ ഭയപ്പെടണ്ട.നിങ്ങളിപ്പോൾ എന്റെ അതിഥിയാണ്. ഇവിടെ നുഴഞ്ഞു കയറിയവരാരും രക്ഷപ്പെടാറില്ല.നിങ്ങൾ നിരപരാധിയാണെന്നെനിക്കറിയാം.മനുഷ്യനായി ജനിച്ചിട്ടും മനുഷ്യരുമായി സഹവസിക്കാൻ കഴിയാതെ മനുഷ്യനായി ജീവിക്കാൻ കഴിയാത്ത നിർഭാഗ്യവാനാണ് നിങ്ങൾ".
മുഈൻ പറഞ്ഞു.
ഇത്രയും കേട്ടതോടെ, തന്നെ മനസ്സിലാക്കിയൊരാളെങ്കിലും ഈ ഭൂമുഖത്തുണ്ടല്ലോ എന്നോർത്തയാൾ അല്ല്വാഹുവിന് നന്ദി പറഞ്ഞു.
"നമുക്ക് വീട്ടിലേക്ക് പോകാം.ഭക്ഷണവും വിശ്രമവും കഴിഞ്ഞിട്ട് വേണ്ടത്പോലെ ചെയ്യാം".
മുഈൻ പറഞ്ഞു.
മുഈൻ അസീസിനോട് കണ്ണടക്കാൻ പറഞ്ഞു.അസീസ് കണ്ണടച്ചു.പിന്നെ അയാളെ വാരിയെടുത്ത് കാറ്റിന്റെ വേഗതയിൽ നിലം തൊടാതെ ആ യുവാവ് സഞ്ചരിച്ചു.ഏതാനും നിമിഷങ്ങൾക്ക് ശേഷം തന്റെ കൺപോളകൾക്ക് മീതെ പ്രകാശം ശക്തിയിൽ പതിക്കുന്നതായി അയാൾക്കനുഭവപ്പെട്ടു.മുഈൻ അസീസിനോട് കണ്ണ് തുറക്കാൻ പറഞ്ഞു.അസീസ് കണ്ണ് തുറന്നു.
എന്തൊരത്ഭുതം!താനെവിടെയാണുള്ളത്!ഒരു പ്രകാശ ഗോപുരത്തിന്റെ മുന്നിൽ!.
"എന്താണ് പകച്ചു നിൽക്കുന്നത്?കയറൂ സഹോദരാ."
സ്നേഹ പൂർവ്വം മുഈൻ പറഞ്ഞു.
അസീസ് ആ കൊട്ടാരത്തിലേക്ക് പ്രവേശിച്ചു.
കൊട്ടാരത്തിന്റെ ഭിത്തികളെല്ലാം പളുങ്കിന്റെ ചതുരക്കട്ടകളാൽ നിർമ്മിതം. ഓരോകട്ടകൾക്കുള്ളിലും ഓരോ പ്രകാശ സ്രോതസ്സ്.ആ പ്രകാശ സ്രോതസ്സിന് പുകയോ കരിയോ ഇല്ല.അതിന്റ തീ നാളങ്ങൾ നിശ്ചലം!. കൊട്ടാരത്തിന്റെ ഭിത്തിയിലേക്ക് നോക്കിയാൽ ആകാശ ഗംഗയിലെ നക്ഷത്രക്കൂട്ടങ്ങൾ പോലെ മനോഹരം!.
മുഈനൊരു പാത്രത്തിൽ പാനീയം കൊണ്ട് വന്ന് അസീസിന്ന് നേരെ നീട്ടി.
"ഇത് കുടിച്ചോളൂ".മുഈൻ പറഞ്ഞു.
അയാളത് വാങ്ങിക്കുടിച്ചു.
എന്തൊരു കുളിർമ്മ!എന്തൊരു മാധുര്യം!!എന്തൊരു ആസ്വാദ്ധ്യത!!!
അസീസിന്റെ ക്ഷീണമെല്ലാം തീർന്നു.നല്ല ഉന്മേഷം.തന്റെ ശരീരം അല്പമൊന്ന് നീണ്ടു നിവർന്നതു പോലെ.ഈ കൊട്ടാരത്തിലൊരു വേലപ്പണിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു. അയാളാഗ്രഹിച്ചു.
"ഇനി നിങ്ങൾ കുളിച്ചോളൂ".
മുഈൻ അസീസിനോട് പറഞ്ഞു.അസീസിനേയും കൂട്ടി മുഈൻ കുളിപ്പുരയുടെ അടുത്തേക്ക് ചെന്ന് വാതിൽ തുറന്നു. അസീസ് കുളിപ്പുരയിൽ പ്രവേശിച്ചു.അതൊരു വിസ്മയ ലോകമായിരുന്നു!.വിശാലമായ കുളം പോലെയുള്ള വലിയൊരു ജല സംഭരണി.അത് സ്പടികത്താൽ നിർമ്മിതം. പളുങ്ക് പോലത്തെ വെള്ളം നിറച്ച ആ കുളത്തിൽ വെള്ളമുണ്ടോയെന്നൊരൊറ്റ നോട്ടത്തിൽ തോന്നുകയില്ല.അസീസതിൽ മുങ്ങിക്കുളിച്ചു.തന്റെ ശരീരത്തിലുള്ള ചേറ് സോപ്പു പയോഗിച്ചിട്ടെന്ന പോലെ ശരീരത്തിൽ നിന്നിളകി അയാളുടെ ചുറ്റുഭാഗത്തുമുള്ള വെള്ളത്തിൽ കലങ്ങി.ജലം മലിനമായി.ആ മലിന ജലം കുളത്തിൽ വ്യാപിച്ച് ഇല്ലാതെയാകുന്നില്ല. അസീസ് കുളിച്ചതിന്റെ ചുറ്റുഭാഗത്തും തടഞ്ഞു വെക്കപ്പെട്ടതു പോലെ ആ മലിനജലം നിശ്ചലമായി അവിടെ തന്നെ അവശേഷിച്ചു.അസീസ് കുളിച്ചു കയറിയ ഉടൻ രണ്ട് ഭൃത്യകൾ വന്ന് ജല സംഭരണിയിലെ മലിനമായ ജലം മുക്കിയെടുത്ത് എങ്ങോട്ടോ കൊണ്ട് പോയി.മലിന ജലമെല്ലാം തീർന്നപ്പോൾ പഴയത് പോലെ ശുദ്ധമായ വെള്ളം.
അസീസ് തന്റെ അഴിച്ചു വെച്ച വസ്ത്രങ്ങൾ വെച്ച സ്ഥാനത്ത് നോക്കിയപ്പോൾ അതവിടെ കാണാനില്ല.പകരം നല്ല വിലപിടിപ്പുള്ള പുത്തൻ വസ്ത്രങ്ങളുമായി ഒരു ഭൃത്യ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.അവളത് മന്ദസ്മിതത്തോടെ അസീസിനു നേരെ നീട്ടി.
"ഇത് ധരിച്ചോളൂ". സ്നേഹ പൂർവം അവൾ പറഞ്ഞു.അയാളത് വാങ്ങി ധരിച്ചു.അവൾ തിരിച്ചു പോയി.തന്റെ ശരീരം വളരെ വൃത്തിയുള്ളതായി അസീസിന്ന നുഭവപ്പെട്ടു.കൈ കാലുകളുടെ നഖത്തിന്റെയുള്ളിലെ ചേറ് ഊർന്നുപോയിരിക്കുന്നു.തനിക്കിപ്പോൾ എന്തൊരു വൃത്തി!എന്തൊരു സുഖം!! തലമുടിയുടെ കട്ടി കുറഞ്ഞിരിക്കുന്നു.അസീസ ങ്ങിനെ നിൽക്കുമ്പോൾ പെട്ടെന്ന് മുഈൻ അസീസിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
"വരൂ ഭക്ഷണം കഴിക്കാം".
മുഈൻ പറഞ്ഞു.
അസീസ് ഒരു കുട്ടിയെ പോലെ മുഈന്റെ പിന്നാലെ നടന്നു.ഡൈനിങ് ഹാളിലൊരു മേശമേൽ വിഭവ സമൃദ്ധമായ ഭക്ഷണം നരത്തി വെച്ചിരിക്കുന്നു.മുഈൻ
അസീസിനോട് ഭക്ഷണം കഴിക്കാൻ വേണ്ടി പറഞ്ഞു.
"നിങ്ങൾ കഴിക്കുന്നില്ലേ?".
അസീസ് ചോദിച്ചു.
"ഇല്ല".
മുഈൻ പറഞ്ഞു.
നല്ല സ്വാദിഷ്ടമായ ഭക്ഷണം.അസീസ് വേണ്ടുവോളം കഴിച്ചു.എഴുന്നേറ്റ് കൈ കഴുകി.ഭക്ഷണം കഴിച്ച ശേഷം തന്റെ അല്പം വളഞ്ഞ പോലെയുള്ള നട്ടെല്ല് നിവർന്നതായി അസീസിന്ന നുഭവപ്പെട്ടു.മൊത്തത്തിൽ തന്റെ ശരീരം നീണ്ടു നിവർന്നതു പോലെ.
അസീസിനെ സ്വീകരണമുറിയിൽ ഇരുത്തിയശേഷം മുഈൻ രണ്ട് കിഴികൾ അസീസിന് കൊടുത്തു.എന്നിട്ടത് അഴിക്കാൻ പറഞ്ഞു.അസീസ് ഒരു കിഴി അഴിച്ചു.അതിൽ നിറയെ സ്വർണ്ണ നാണയങ്ങൾ!രണ്ടാമത്തെ കിഴിയും അഴിച്ചു.അതിൽ നിറയെ വെള്ളി നാണയങ്ങൾ!! അസീസത്ഭുതപ്പെട്ടു.
"എനി നിങ്ങൾക്ക് വീട്ടിൽ പോകാം.
എന്നെ കാണണമെന്ന് തോന്നുമ്പോൾ വിജനമായ സ്ഥലത്ത് പോയി 'യാ മുഈൻ'എന്ന് മൂന്നു പ്രാവശ്യം മനസ്സിൽ ജപിച്ചാൽ മതി.ഞാൻ നിങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടും.
നിങ്ങളല്പം വിശ്രമിച്ചോളൂ."
മുഈൻ പറഞ്ഞു.
അസീസ് വിശ്രമിക്കുന്നതിനിടയിൽ അറിയാതെ അല്പമുറങ്ങിപ്പോയി.അസീസ്
ഞെട്ടിയുണർന്നു. കണ്ണുതുറന്നപ്പോൾ അസീസിനൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.താനുള്ളത് തന്റെ കുടിലിലാണ്!.അസീസ് താൻ കിടന്ന പായയിൽ എഴുന്നേറ്റിരുന്നു.താനിതൊക്കെ സ്വപ്നം കണ്ടതാണോ? മുഈനെന്ന ജിന്നിന്റെ കൊട്ടാരത്തിൽ കിടന്നുറങ്ങിയ താനെങ്ങിനെയാണ് തന്റെ കുടിലിൽ തിരിച്ചെത്തിയത്? അയാൾ തന്റെ കൈയിലുള്ള സ്വർണ്ണ നാണയവും വെള്ളിനാണയവും എവിടെയെന്നു നോക്കി.അതാ കിടക്കുന്നു തന്റെ തലയണയുടെ ഭാഗത്ത്.അസീസ് തന്റെ മനസ്സിൽ 'യാ മുഈൻ'എന്ന് മൂന്നു പ്രാവശ്യം ജപിച്ചു.മുഈൻ അവിടെ പ്രത്യക്ഷപ്പെട്ടു.
"എന്ത് വേണം?"
മുഈൻ ചോദിച്ചു.
"ഞാനിന്നലെ അനുഭവിച്ചത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്".
അസീസ് പറഞ്ഞു.
മുഈൻ പുഞ്ചിരിച്ചു കൊണ്ട് അസീസിന്റെ നേരെ ഒരു പൊതി നീട്ടി.അസീസത് വാങ്ങി.
ഇതെന്താണ്?". അസീസ് ചോദിച്ചു.
ഒന്നും മിണ്ടാതെ പുഞ്ചിരി തൂകി ക്കൊണ്ടയാളവിടെ നിന്നും അപ്രത്യക്ഷനായി.അസീസ് കൗതുകത്തോടെ ആ പൊതി തുറന്ന് നോക്കി.അതിൽ വില പിടിപ്പുള്ള വസ്ത്രങ്ങളും!, സുഗന്ധ ദ്രവ്യങ്ങളും!!.
അസീസ് തന്റെ ആടുകളെക്കുറിച്ചോർത്തു. വീടിന്റെ പിൻഭാഗത്ത് നിന്ന് ആട് 🐐 കരയുന്ന ശബ്ദം.ചെന്നു നോക്കിയപ്പോൾ ആടുകളെല്ലാം സധാരണ കെട്ടാറുള്ള സ്ഥലത്തു തന്നെയുണ്ട്!.
Comments
Post a Comment