Skip to main content

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം".
അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.
          കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി നിലവാരത്തിലായിരുന്നു.എന്നിരുന്നാലും ഒരു കാര്യം കുട്ടന് മനസ്സിലായിട്ടുണ്ട്.ഞാനെന്റെ  സഹപാഠികളെപോലെയല്ല.മുന്നോട്ട് ചാടിയ വയർ.വിളറിയ കവിൾ തടങ്ങളും ചുണ്ടുകളും.കുഴിഞ്ഞ കണ്ണുകൾ.പ്രസന്നതയില്ലാത്ത ഭാവം. ഇതായിരുന്നു അവന്റെ  പ്രാകൃത രൂപം.അവനന്ന് ഒഴിവു സമയങ്ങളിൽ വീട്ടിലെ കണ്ണാടിയിൽ നോക്കി അവനേയും അവന്റെ സഹപാഠികളേയും താരതമ്യം ചെയ്ത് കുട്ടൻ തന്റെ  പ്രാകൃത രൂപത്തെ കുറിച്ചോർത്ത് സ്വകാര്യമായി വിലപിക്കും.എനിക്ക് എന്റെ കൂട്ടുകാരെ പോലെ സൗന്ദര്യ മില്ല.ഞാൻ വിരൂപനാണ്.കുട്ടൻ സംസാരിക്കലും,കളി ചിരി തമാശകളിലേർപ്പെടലും വിരളം.എപ്പോഴും മൗനി.എന്തോ ചിന്തയിലെന്ന പോലെയാണ് അവന്റ ഇരിപ്പും നടപ്പും നിൽപ്പും.  കുട്ടനെ കുറിച്ച്, കുട്ടനു തന്നെ അപമതിപ്പായിരുന്നു.അവന്റെ സ്വന്തം അപകർഷതാ ബോധം.ആ ബോധമായിരുന്നു അവന്റെ കുട്ടിക്കാലത്തെ ഏക സമ്പാദ്യം.എന്നിരുന്നാലും,കുട്ടൻ തന്റെ ഏറ്റവും അടുത്ത സഹപാഠികളുടെ കൂടെയായിരുന്നു കൂട്ടു കൂടിയിരുന്നത്. കൂട്ടുകാരാണെങ്കിൽ വളരെ വിരളം.മറ്റ് കുട്ടികളെ പോലെ കാണുന്നവരുടെ കൂടെയെല്ലാം കൂട്ടുകൂടി ഇടപഴകുന്ന സ്വഭാവം കുട്ടനില്ല.സ്കൂളിലെ സാഹിത്യ സമാജത്തിൽ പങ്കെടുക്കാറില്ല.താൻ മറ്റുള്ളവരേക്കാൾ മോശമാണെന്ന തോന്നൽ.
            ഒഴിവു സമയങ്ങളിൽ കുട്ടൻ തന്റെ കുഞ്ഞു നാളുകളെ കുറിച്ചോർക്കും.
      ദാരിദ്ര്യം പിടിച്ച നാളുകൾ.എപ്പോഴും വിശപ്പ്. സദാസമയവും തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ എന്നാഗ്രഹിക്കുന്ന രാപകലുകൾ.പാതിരാവിൽ ഉറക്കമുണർന്ന് "അമ്മേ  വിശക്കുന്നു, തിന്നാനെന്തങ്കിലുമുണ്ടോ?".  എന്ന് ദയനീയമായി ചോദിക്കും.
" മോന് ഞാൻ കഞ്ഞി  തരാം എഴുന്നേല്ക്ക്". എന്നും പറഞ്ഞ് നാണിയമ്മ കുട്ടന് കരുതി വെച്ചിരുന്ന കഞ്ഞിയെടുത്ത് കൊടുക്കും.ആ കാലത്ത് 
വീട്ടിൽ റേഷനരി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു.അതും പരിമിതമായ അളവിൽ ഒരാൾക്ക് ഒരാഴ്ചത്തേക്ക് ഇത്ര അളവിൽ എന്ന വ്യവസ്ഥയിലായിരുന്നു അരി അനുവദിക്കപ്പെട്ടത്.കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ശിഷ്ട നാളുകളിൽ പട്ടിണി തന്നെ..  അങ്ങിനെ നാളുകൾ വർഷങ്ങായി വളർന്നു.കുട്ടൻ രണ്ടാം തരത്തിൽ നിന്ന് നാലാം തരത്തിലെത്തി. നാലാം തരത്തിൽ പഠിക്കുമ്പോഴാണ് കുട്ടന്റെ അച്ഛൻ മരണപ്പെട്ടത്.പെട്ടെന്നൊരു ദിവസം പാമ്പ് കടിയേറ്റു മരിച്ചെന്നാണ് വിവരം.ഒരിക്കൽ കുട്ടൻ അമ്മയോട് ചോദിച്ചു. 
"എന്റച്ഛൻ ആരെപോലെയാണമ്മേ?അപ്പോൾ അമ്മ പറഞ്ഞു "നിന്റച്ഛൻ നിന്റച്ഛാച്ചനെ പോലെയാണ് മോനേ".
         കുട്ടന് തന്റെ അച്ഛാച്ചനെ കണ്ട ഓർമ്മയില്ല.എങ്കിലും അച്ഛനെ കണ്ടല്ലോ അത് കൊണ്ട് അച്ഛനെ പോലെയാണ് അച്ഛാച്ചനെന്ന് അവൻ മനസ്സിലാക്കി.അവൻ വെറുതെയൊന്ന് ചോദിച്ചതാണ്.അല്ലെങ്കിലും കുടുമ്പചരിത്രം അമ്മയിൽ നിന്നും അച്ഛനിൽ നിന്നും വീട്ടിലെ മറ്റു് മുതിർന്നവരിൽ നിന്നും ആണല്ലോ മനസ്സിലാക്കുക.
                 കുട്ടൻ നാലാം തരത്തിലെ പഠനം പൂർത്തിയാക്കി.ഒന്നാം തരം മുതൽ നാലാം തരം വരെ അവനങ്ങ് ജയിച്ചു കയറി.എങ്ങിനെയാണ് താൻ ജയിച്ചതെന്ന് കുട്ടനു തന്നെ അറിയില്ല.വാർഷികപ്പരീക്ഷ കഴിഞ്ഞ് പരീക്ഷാഫലം വന്നാൽ കുട്ടൻ ജയിച്ചിട്ടുണ്ടാവും.പഠനോപകരണങ്ങളെല്ലാം അവന് വാങ്ങി കൊടുക്കാറില്ല.സ്കൂൾ വാർഷിക പരീക്ഷ കഴിഞ്ഞാൽ കുട്ടൻ തന്റെ മുതിർന്ന ക്ലാസ്സിലെ കൂട്ടു കാരോട് മുൻകൂട്ടിതന്നെ അവരുടെ ടെക്സ്റ്റ് ബുക്കിന് ഏല്പിക്കും.
"നീ ജയിച്ചാൽ നിന്റെ ടെക്സ്റ്റ് ബുക്ക് എനിക്ക് തരണേ".
അവന്റെ കൂട്ടുകാരെല്ലാം വർഷാവസാനം പഠിച്ചു കഴിഞ്ഞ ടെക്സ്റ്റ് ബുക്കുകളെല്ലാം പകുതി വിലക്ക് വില്ക്കുകയാണ് പതിവ്.കുട്ടന് ചിലർ സൗജന്യമായി പുസ്തകം നല്കും.പിന്നെ നോട്ടുപുസ്ഥകത്തിന്റെ കാര്യമാണ്.അവന്റെ അമ്മ  ഒന്നോ രണ്ടോ നോട്ട് പുസ്തകം വാങ്ങികൊടുക്കും.ആ രണ്ട് പുസ്ഥകത്തിലാണ്  ക്ലാസ്സിലെ എല്ലാ വിഷയങ്ങളുമെഴുതുക.എഴുതിക്കഴിഞ്ഞാൽ നോട്ട് ബുക്ക് മറിച്ച് നോക്കുന്ന പ്രശ്നമേയില്ല.അങ്ങിനെ കുട്ടൻ എല്ലാ ക്ലാസ്സുകളിലും ജയിച്ചങ്ങു കയറും.അച്ഛന്റെമരണ ശേഷം കുട്ടന്റെ അമ്മ വീട്ടുവേലക്ക് പോകാൻ തുടങ്ങി.അയൽ വീടുകളിൽ ചെന്ന് എന്തെങ്കിലും വീട്ട് വേല ചെയ്ത് വൈകുന്നേരം  വീട്ടിൽ  തിരിച്ചെത്തും.
       നാലാം തരത്തിൽ നിന്ന് ജയിച്ചു കയറിയ കുട്ടനിപ്പോൾ അഞ്ചാം തരത്തിലെത്തി.അച്ഛന്റ മരണ ശേഷം അമ്മ വീട്ടുവേലക്ക് പോകാൻ തുടങ്ങിയപ്പോൾ കുട്ടന് തന്റെ ജീവിതത്തിൽ അല്പം ദാരിദ്ര്യ മോക്ഷം കൈ വന്നതായി തോന്നി.വൈകുന്നേരം കുട്ടൻ സ്കൂൾ വിട്ട് വരുമ്പോഴേക്കും,അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാവും.മുന്തിയ ഇനം അരിയുടേയോ അല്ലെങ്കിൽ നെല്ല് കുത്തിയ അരിയുടേയോ ചോറും,രുചികരമായ കറിയുമായാണ് അമ്മ വീട്ടിൽ വരിക.അതവൻ വേണ്ടു വോളമുണ്ണും.പിന്നെ പണ്ടെത്തെ പോലെ വിശപ്പില്ല.ഭക്ഷണത്തോടുള്ള അത്യാർത്ഥിയുമില്ല.വയറും,മനസ്സും ശാന്തം.
         കുട്ടന്റെ അമ്മക്ക് ആണും പെണ്ണുമായി കുട്ടൻ മാത്രമേയു ള്ളൂ.അവനാണ് നാണിയമ്മയുടെ ശുഭപ്രതീക്ഷ.വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ കുട്ടന് "അമ്മേ"എന്നൊരു നീട്ടിവിളിയുണ്ട്. ആ വിളി കേൾക്കുമ്പോൾ നാണിയമ്മക്കുണ്ടൊരു കുളിര്.അടിമുടി   കോരിത്തരിപ്പ്.എങ്ങിനെ കോരിത്തരിക്കാതിരിക്കും.ആണും പെണ്ണുമായി കുട്ടൻ മാത്രമല്ലേ അവർക്കുള്ളു.
             കുട്ടൻ അഞ്ചാം ക്ലാസ്സിലെത്തിയപ്പോൾ കഴിഞ്ഞ വർഷങ്ങളിലെ പോലെയല്ല.അമ്മ അവന് പുതിയ ടെക്സ്റ്റ് ബുക്കുകളും നോട്ടുബുക്കകൾ മുഴുവനും വാങ്ങികൊടുത്തു.അച്ഛനില്ലാത്ത മകനാണ്.അവനെ ആവോളം പഠിപ്പിച്ച് ആളാക്കണം. നാണിയമ്മ  മനസ്സിൽ കുറിച്ചു.
          കുട്ടന്റെ അമ്മ ജോലി ചെയ്യുന്നത് ഒരു വീട്ടിൽ മാത്രമല്ല.പലേ വീടുകളിലാണ്.ആവശ്യാനുസരണം വീട്ടുകാർ അവരെ വിളിക്കും.മുറ്റമടിക്കാൻ.തൊഴുത്ത് വൃത്തിയാക്കാൻ, വീടിന്റെ അകവും കോലായും അടിച്ചു വൃത്തിയാക്കി ബക്കറ്റിൽ വെള്ള മെടുത്ത് അതിൽ തുണിമുക്കി തുടക്കാൻ. ഇവയൊക്കെയാണ് ജോലി.വെയിലും മഴയും കൊള്ളാതെ.വീട്ടുകാരുമായി കുശലം പറഞ്ഞ് നേരം പോകുന്നതറയില്ല.വിഭവ സമൃദ്ധമായ ഭക്ഷണം.വീട്ടിലെ റേഷനരിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നാളുകൾ അന്യം.വീട്ടിലേക്ക് ആവശ്യമുള്ള ചില്ലറ സാധങ്ങൾ ചോദിച്ചു വാങ്ങും.അവരുടെ ജിവിതത്തിൽ പ്രതീക്ഷ പൂവിടാൻ തുടങ്ങി.
        സ്കൂളില്ലാത്ത ദിവസങ്ങളിൽ കുട്ടൻ അമ്മയുടെ കൂടെ വേല ചെയ്യുന്ന വിട്ടിൽ പോകും.പഞ്ചസാര ചേർത്ത പാൽ ചായയും  ചിറമീൻ, അല്ലെങ്കിൽ പുഴമീൻ അതുമല്ലെങ്കിൽ കടൽ മത്സ്യം ഇവയിലേതെങ്കിലുമൊന്ന് കറിവെച്ചതും, പൊരിച്ചതും പഴഞ്ചോറും,തേങ്ങ അരച്ചു ചേർത്ത് കാച്ചിയ മോരും രണ്ട് പേർക്കും കൊടുക്കും.അവർ രണ്ടു പേരും അതും കഴിച്ച് കുട്ടന്റെ അമ്മ ജോലി ആരംഭിക്കും.ജോലി കഴിഞ്ഞ് പോകുമ്പോൾ കുട്ടന്റെ അമ്മയുടെ കൈയ്യിൽ ചില്ലറ നാണയതുട്ട്,അരമുറി തേങ്ങ,നായി അരി നാണിയമ്മ ആവശ്യപ്പെട്ട മറ്റ് വല്ലതും ഉണ്ടെങ്കിൽ അതും.ഇങ്ങിനെ കിട്ടുന്ന നാണയ തുട്ടുകൾ മിച്ചം വെച്ചാണ് കുട്ടന്റെ അമ്മ കുട്ടന് ആവശ്യമുള്ള പഠനോപകരണങ്ങൾ വാങ്ങിയത്.
              ഒരു ദിവസം രാജൻ നായരുടെ വീട്ടിലെ ജോലി കഴിഞ്ഞ് വൈകുന്നേരം കുട്ടന്റെ അമ്മ വീട്ടിൽ പോകാനൊരുങ്ങിയപ്പോൾ രാജൻ നായരുടെ മകൾ ശ്രീലക്ഷ്മി കുട്ടന്റെ അമ്മയോട് പറഞ്ഞു."നാണിയമ്മേ നിങ്ങളോട് അച്ഛന് എന്തോ പറയാനുണ്ട്, അച്ഛൻ വന്നിട്ട് പോകാം".
അധികം താമസിയാതെ രാജൻ നായർ വന്നു.
    "നാണിയമ്മേ, കൂലി കിട്ടിയില്ലേ?"എന്നും ചോദിച്ച് രാജൻ നായർ തന്റെ കീശയിൽ നിന്ന് രണ്ട് രൂപയെടുത്ത് നാണിയമ്മക്ക് കൊടുത്തിട്ട്  പറഞ്ഞു.
     " നിങ്ങൾ നാളെ ജോലിക്ക് വരണ്ട,കുട്ടനെ  ബ്രഹ്മദത്തൻ വൈദ്യരെ കാണിച്ച് മരുന്ന് വാങ്ങിക്കൊടുത്തിട്ട് വന്നാൽ മതി.അവന് കാര്യമായി എന്തോ അസുഖമുണ്ട്. പണത്തിന് ആവശ്യം വന്നാൽ എന്നോട് ചോദിക്കാൻ മടിക്കരുത്.ആവശ്യമുള്ള സഹായം ഞാൻ ചെയ്തു തരാം".
          പിറ്റേന്ന് രാവിലെ തന്നെ നാണിയമ്മ കുട്ടനേയും കൊണ്ട് ബ്രഹ്മദത്തൻ വൈദ്യരുടെ വീട്ടിൽ ചെന്നു.അവർ കുട്ടനേയും കൊണ്ട് മുറ്റത്ത് നിന്നു. അല്പം കഴിഞ്ഞപ്പോൾ ഏകദേശം പതിനാറ് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്ന് പറഞ്ഞു.
    "നിങ്ങളോട് കയറിയിരിക്കാൻ, അച്ഛനിപ്പ വരും."
നാണിയമ്മ കുട്ടനേയും കൊണ്ട് കോലായിലുള്ള ഒരു സ്റ്റൂളിൽ കയറിയിരുന്നു.സമയം അധികം വൈകാതെ വൈദ്യർ വന്നു.
"ങും.....എന്താ കാര്യം?"
ബ്രഹ്മദത്തൻ വൈദ്യർ കോലായിലുള്ള കസേരയിലിരുന്നു കൊണ്ട് നാണിയമ്മയോടായി ചോദിച്ചു.
"ഇവനെന്റെ മകനാണ് വൈദ്യരേ, ഇവന് സുഖോല്ല്യ".കണ്ഠമിടറിക്കൊണ്ട് നാണിയമ്മ പറഞ്ഞു.
"ഇങ്ങോട്ടടുത്തേക്ക് വാ" വൈദ്യർ നാണിയമ്മയോടായി പറഞ്ഞു.
നാണിയമ്മ എഴുന്നേറ്റ് കുട്ടന്റ കൈപിടിച്ച് ബ്ഹ്മദത്തൻ വൈദ്യരുടെ സമീപമുള്ള ബെഞ്ചിൽ  ചെന്നിരുന്നു.വൈദ്യർ കുട്ടനെ അടിമുടിയൊന്നു നോക്കി.
"എന്താ പേര്?" 
വൈദ്യർ ചോദിച്ചു.
"കുട്ടൻ" 
നാണിയമ്മ പറഞ്ഞു.
"എത്രാം ക്ലാസ്സിലാ പഠിക്കുന്നത്?"
"അഞ്ചാം ക്ലാസ്സിൽ".
നാണിയമ്മ പറഞ്ഞു.
"ഇവനെത്ര വയസ്സായി?"
ബ്രഹ്മദത്തൻ വൈദ്യർ വീണ്ടും ചോദിച്ചു.
"വയസ്സ് പത്ത്."
നാണിയമ്മ പറഞ്ഞു.
വൈദ്യർ കുട്ടന്റ താഴെ കൺപോള  തന്റെ പെരുവിരൽ കൊണ്ട് താഴേക്ക് വലിച്ചു.കൺ പോളയുടെ ഉൾഭാഗം വെളുത്ത് വിളറിയിരിക്കുന്നു.പിന്നെ അയാൾ നാക്ക് നീട്ടാൻ പറഞ്ഞു.കുട്ടൻ വാ തുറന്ന് നാക്ക് നീട്ടി.
"എത്ര കാലമായി അസുഖം വന്നിട്ട്?"
ബ്രഹ്മദത്തൻ വൈദ്യർ നാണിയമ്മയോടായി ചോദിച്ചു.
"ഒന്നാം ക്ലാസ് മുതലേയുണ്ട്".
നാണിയമ്മ വൈദ്യരോടായി പറഞ്ഞു.
"എന്നിട്ട് എന്ത് കൊണ്ടാണ് ശ്രദ്ധിക്കാതിരുന്നത്?"
ബ്രഹ്മദത്തൻ വൈദ്യർ നാണിയമ്മയോടായി വീണ്ടും ചോദിച്ചു.നാണിയമ്മ അല്പ നേരം ഒന്നും മിണ്ടിയില്ല.പിന്നെ പറഞ്ഞു തുടങ്ങി.
"അവന്റെ അച്ഛനുള്ളപ്പോൾ  വാറുണ്ണി മാഷ് ഇവനെ വൈദ്യനെ കാണിക്കണമെന്ന് ഇവനോട് തന്നെ പറഞ്ഞയക്കുമായിരുന്നു.ഇവന്റച്ഛൻ "ങ" എന്ന് പറയും.പിന്നെ ഒന്നും ചെയ്യില്ല." 
"എല്ലാം കൈവിട്ട് പോയിരിക്കുന്നു.ഞാനൊന്ന് ശ്രമിച്ചു നോക്കാം.രക്തം വറ്റിപോകുന്ന രോഗമാണ്.കരളിൽ നീര് നിറഞ്ഞിരിക്കുന്നു.ദീർഘകാലം മരുന്ന് കഴിക്കണം.എരിവും, പുളിയും ,മാംസ, മത്സ്യാധികളും,ഉപ്പും, വർജ്ജിക്കണം.
കഷായത്തിനെഴുതുന്നുണ്ട്.പച്ചമരുന്നുകളെല്ലാം പറച്ചുണ്ടാക്കി കഷായം വെച്ച് കഴിക്കണം".
ബ്രഹ്മദത്തൻ വൈദ്യർ നാണിയമ്മയോടായി പറഞ്ഞു.
     ബ്രഹ്മദത്തൻ വൈദ്യർ തന്റെ മുന്നിലുള്ള ഡയരി നിവർത്തി അതിൽനിന്ന് ദീർഘ ചതുരാകൃതിയിൽ മുറിച്ചു വെച്ചിരുന്ന ഒരു തുണ്ട് വെള്ള പേപ്പറെടുത്ത് കഷായത്തിനെഴുതി  നാണിയമ്മയുടെ കൈയിൽ കൊടുത്തു.
      നാണിയമ്മ രണ്ട് കൈകളും നീട്ടി ബ്രഹ്മദത്തൻ വൈദ്യരുടെ കൈയിൽ നിന്നും കഷായത്തിന്റെ ഓല ഭവ്യതയോടെ സ്വീകരിച്ചു.ഉടനെ അവർ വൈദ്യരുടെ കൈയിൽ പാരിതോഷികം വെച്ചു കൊടുത്തു.വൈദ്യരത് വാങ്ങി അവിടെ തന്നെയിരുന്നു കൊണ്ട് പറഞ്ഞു.
"വേഗം പൊയ്ക്കോളൂ. മരുന്ന് കൃത്യമായി കുടിച്ചത് കൊണ്ടൊന്നും രോഗം ഭേദമാകണമെന്നില്ല.പത്യവും പാലിക്കണം".
"ഉവ്വ് "എന്നും പറഞ്ഞ് നാണിയമ്മ കുട്ടന്റ കൈപിടിച്ച് അവിടെ നിന്നുമിറങ്ങി നടന്നു.വീട്ടിലെത്തിയ ഉടനെ നാണിയമ്മ കഞ്ഞിയുണ്ടാക്കി.ഉപ്പിടാതെ കുട്ടന് കൊടുത്തു.നാണിയമ്മയും കഞ്ഞിയെടുത്ത് ഉപ്പിടാതെ തന്നെ കുടിക്കാൻ തുടങ്ങി.കുടിക്കുന്നതിനിടയിൽ കുട്ടൻ പറഞ്ഞു.
    "അമ്മേ കുടിക്കാൻ കഴിയുന്നില്ല, കുറച്ചുപ്പ് തെര്വോ?"
അത് കേട്ടപ്പോൾ നാണിയമ്മ സങ്കടത്തോടെ പറഞ്ഞു.
     "മോനേ കുട്ടാ ഞാൻ ഉപ്പിടാതെ കഞ്ഞി കുടിക്കുന്നത് കണ്ടില്ലേ? എന്റെ മോൻ ഉപ്പിടാതെ കഞ്ഞി കുടിക്കുമ്പോൾ എനിക്ക് ഉപ്പിട്ട കഞ്ഞി കുടിക്കാൻ കഴിയുന്നില്ല മോനേ.ബ്രഹ്മദത്തൻ വൈദ്യര് പറഞ്ഞത് മോൻ കേട്ടില്ലേ?മോന്റെ അസുഖം മാറണമെങ്കിൽ മരുന്നിന്റെ കൂടെ പത്യവും പാലിക്കണമെന്ന്".
ഇത്രയും പറഞ്ഞ് നാണിയമ്മ കണ്ണ് തുടച്ചു.
നാണിയമ്മ സങ്കടത്തോടെ പറഞ്ഞത് കേട്ടപ്പോൾ കുട്ടൻ പറഞ്ഞു.
"ശരിയമ്മേ എനിക്ക് ഉപ്പ് വേണ്ട.എന്റമ്മയെ ഞാൻ സങ്കടപ്പെടുത്തില്ല".
"ശരി മോനേ എനിക്ക് ആണായും പെണ്ണായും ദൈവം തന്നത് നിന്നെയാണ്.നിനക്കെന്തെങ്കലും സംഭവിക്കുന്നത് എനിക്ക് ഓർക്കാൻ പോലും കഴിയില്ല".
കണ്ണീർ വാർത്തു കൊണ്ട് നാണിയമ്മ പറഞ്ഞു.
    "നിന്റെ രോഗം ഭേദമായിട്ട് സ്കൂളിൽ പോയാൽ മതി.ഞാൻ രാജൻ നായരുടെ വീട്ടിൽ പോയിട്ട് ഉടനെ വരാം".കഞ്ഞി കുടിച്ച ശേഷം എഴുന്നേറ്റ് നാണിയമ്മ കുട്ടനോട് പറഞ്ഞു.  
അവർ രാജൻ നായരുടെ വീട്ടിലേക്ക് ധൃതിയിൽ നടന്നു.രജൻ നായരുടെ വീട്ടിലെത്തിയപ്പോൾ അയാൾ കോലായിലുള്ള ചാരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.
"നാണിയമ്മ വേഗം വന്നല്ലോ,വൈദ്യരെന്തു പറഞ്ഞു?"  
നാണിയമ്മ മുറ്റത്തെത്തിയപ്പോൾ തന്നെ രാജൻ നായർ ചോദിച്ചു.
നാണിയമ്മ രാജൻ നായരുടെ സമീപത്തേക്ക് ഒന്നു കൂടെ അടുത്ത് നിന്ന് കാര്യങ്ങളെല്ലാം ധരിപ്പിച്ചു.
"മകന്റെ ആരോഗ്യ സ്ഥിതി എനിക്കു മനസ്സിലായതു കൊണ്ടാണ് ഉടൻ വൈദ്യരെ പോയി കാണാൻ ഞാൻ പറഞ്ഞത്.വളരെ വൈകി.സാരോല്ല്യ.മരുന്നിന്റെ കൂടെ പത്യവും മുറക്ക് പാലിക്കണം.നാണിയമ്മ വീട്ടിൽ പോയി കഷായത്തിന്റെ പണി നോക്കിക്കോളൂ.പണത്തിന്റെ ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.ഭക്ഷണത്തിന്റെ കാര്യത്തിനും ഇവിടെ വന്നാൽ മതി".
രാജൻ നായർ നാണിയമ്മയോടായി പറഞ്ഞു.
"ഉവ്വ്". നാണിയമ്മ പറഞ്ഞു.
നാണിയമ്മ വേഗം വീട്ടിലേക്ക് മടങ്ങി.
"മോനേ കുട്ടാ ".
നാണിയമ്മ കുട്ടനെ നീട്ടിവിളിച്ചു കൊണ്ട് അകത്തേക്ക് പ്രവേശിച്ചു.അമ്മയെ കണ്ടപ്പോൾ കുട്ടൻ എഴുന്നേറ്റ് പായയിൽ ചമ്രം പടിഞ്ഞിരുന്നു.
"അമ്മ രാജൻ നായരെ കണ്ടോ?"
കുട്ടൻ നാണിയമ്മയോട് ചോദിച്ചു.
"കണ്ടു,
അയാൾ വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്തു തരാമെന്ന് പറഞ്ഞു".
നാണിയമ്മ പറഞ്ഞു.
"മോൻ കിടന്നോ.ഞാൻ പോയി കഷായത്തിന്റെ മരുന്ന് പറിച്ച് വേഗം വരാം".
കുട്ടൻ കിടന്നു.നാണിയമ്മ അയൽ പക്കത്തുള്ള പറമ്പുകളിൽ പോയി മരുന്ന് ചെടികൾ തിരഞ്ഞ് പറിച്ച് കൊണ്ട് വന്ന് കഷായം വെച്ച് കുട്ടന് കൊടുത്തു.
ബ്രഹ്മദത്തൻ വൈദ്യരുടെ ചികിത്സ തുടങ്ങിയിട്ട് ദിവസം മൂന്ന് കഴിഞ്ഞു.കുട്ടന്റെ ശരീരം വീങ്ങിത്തടിച്ചു.ശ്വാസ തടസ്സം കുറേശ്ശ അനുഭവപ്പെട്ടു തുടങ്ങി.എഴുന്നേറ്റ് നടക്കാൻ പ്രയാസം.കുട്ടന്റെ ആരോഗ്യ നില മോശമായി.നാണിയമ്മ ഉടൻതന്നെ ബ്രഹ്മദത്തൻ വൈദ്യരുടെ വീട്ടിൽ പോയി വിവരം പറഞ്ഞു.
"കരളിലെ നീരെല്ലാം പോയി ശരീരത്തിൽ ശുദ്ധീകരണം വന്നാലേ മരുന്ന് മാറ്റി എഴുതാൻ പറ്റുള്ളൂ.നാല്പത് ദിവസം കഷായം കഴിക്കണം.നാല്പത് ദിവസം കഴിഞ്ഞാലേ രണ്ടാലൊന്ന് അറിയാൻ പറ്റുള്ളൂ.
വൈദ്യർ നാണിയമ്മയോടായി പറഞ്ഞു.
   നാണിയമ്മ നിറകണ്ണുകളോടെ വീട്ടിലേക്ക് മടങ്ങി.വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പ് അവഗണിച്ചതിൽ പശ്ചാതാപം തോന്നി.എന്തു ചെയ്യാൻ.അവന്റെ അച്ഛന്റെ നിഷ്ക്രിയത്വം കാരണം എന്റെ ഏകമകന്റെ ആരോഗ്യ നില ഇത്രത്തോളം മോശമായി.അവർ ആരെയെന്നില്ലാതെ കുറ്റപ്പെടുത്തിക്കൊണ്ട് ഇങ്ങിനെ പ്രാർത്ഥിച്ചു."ദൈവമേ എനിയെങ്കിലും എന്റെ പ്രാർത്ഥന കേൾക്കണേ". നാണിയമ്മ വീട്ടിലെത്തി അകത്തു കടന്നയുടനെ  കുട്ടനെ നീട്ടിവിളിച്ചു.
"മോനേ കുട്ടാ...."
കുട്ടൻ ഉരിയാടിയില്ല.കുട്ടൻ ഉറങ്ങുകയാണെന്ന് വിചാരിച്ച് അടുത്ത് 
 ചെന്ന് തട്ടി വിളിച്ചു.
"മോനേ കുട്ടാ എഴുന്നേൽക്ക്"
കുട്ടന് അനക്കമില്ല.തന്റെ ചലനമറ്റ മകനെ നോക്കി നാണിയമ്മ വാവിട്ടു നിലവിളിച്ചു.നാണിയമ്മയുടെ നിലവിളി കേട്ടു അയൽക്കാരെല്ലാം  ഓടിവന്നു കുട്ടൻ മാത്രം കേട്ടില്ല.
കുട്ടൻ അവസാനമായി പറഞ്ഞ വാക്ക് "എനി ഞാനെന്റെ അമ്മയെ സങ്കടപ്പെടുത്തില്ല".എന്ന വാക്കോർത്തു കൊണ്ട് നാണിയമ്മ വിങ്ങി കരഞ്ഞു.







     

Comments

  1. ഈ അദ്ധ്യായത്തിൽ നിന്ന് എന്ത് സന്ദേശമാണ് നിങ്ങൾക്ക് ലഭിച്ചത്?

    ReplyDelete

Post a Comment

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ മാത്രമാണ് വിവാഹ ശേ