ഖുർആനിൽ അല്ല്വാഹു പേരെടുത്ത് പറഞ്ഞ 25 പ്രവാചകരിൽ ഒരാളാണ് ദാവൂദ് നബി(അ).എല്ലാ സ്വഭാവ ഗുണങ്ങളുടേയും വിളനിലമായിരുന്നു അദ്ദേഹം.ഇസ്ഹാക്ക് നബി (അ)യുടെ കുടുംബ പരംബരയിലാണ് ദാവൂദ് നബി (അ) ജനിച്ചത്.മൂസാ നബി (അ)ന്റെ കാലം കഴിഞ്ഞപ്പോൾ ബനീ ഇസ്രായേല്യരെ സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ നിയുക്തനായത് ശംവീൽ നബി(അ) യാണ്.അദ്ദേഹത്തിന്റെ ഇഷ്ട ശിഷ്യനായിരുന്നു ദാവൂദ് (അ).ശംവീൽ നബിയുടെ മരണാനന്തരം ദാവൂദ് നബി (അ) ന്അല്ല്വാഹുവിൽ നിന്ന് ദിവ്യ ബോധനം ലഭിച്ചു.
അന്നത്തെ ഭരണാധികാരിയായിരുന്ന താലൂത്തിന്റെ പുത്രിയെയായിരുന്നു ദാവൂദ് നബി വിവാഹം കഴിച്ചിരുന്നത്.ബനീ ഇസ്രാഈല്യരെ എല്ലാ നിലയിലും ദ്രോഹിച്ചു കൊണ്ടിരുന്ന ദുഷ്ടനായ ജാലൂത്ത് രാജാവിനെ ദാവൂദ് നബി വധിച്ചു.അത് കാരണമായി ദാവൂദ് നബിക്ക് രാജാധികാരം ലഭിച്ചു.ഭരണാധികാരവും പ്രവാചകത്വവും ഒന്നിച്ചു ലഭിക്കുക എന്ന അപൂർവ്വ ബഹുമതി ലഭിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു ദാവൂദ് നബി (അ).പ്രവാചകത്വവും,രാജാധികാരവും ഉണ്ടായിരുന്നിട്ടും ജീവിതത്തിൽ അതിന്റേതായ പ്രൗഢിയോ ആഢംബരമോ അദ്ദേഹം കാണിച്ചിരുന്നില്ല.ഒരു സാധാരണക്കാരനായി മാത്രം ജീവിച്ചു.
ദാവൂദ് നബി (അ)യുടെ ജീവിതോപാധി കൊല്ലപ്പണിയായിരുന്നു.ഇരുമ്പ് കൊണ്ട് പലവിധ ആയുധങ്ങളും, മറ്റ് പല ഉപകരണങ്ങളും നിർമ്മിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
സബൂർ എന്ന ഗ്രന്ഥമാണ് ദാവൂദ് നബി (അ)ന് ഇറക്കപ്പെട്ടത്.ദാവൂദ് നബി (അ) സബൂർ പാരായണം ചെയ്യുന്ന വേളയിൽ ആ ശബ്ദ മാധുരിയിൽ മനുഷ്യരും,ജിന്നുകളും,പറവകളും,മൃഗങ്ങളുമെല്ലാം ലയിച്ച് നാശ്ചലാവസ്ഥയിലാകുമായിരുന്നു.
അക്രമിയായ ജാലൂത്തിനെ വകവരുത്തിയ ശേഷം രാജാധികാരത്തിലിരുന്ന ദാവൂദ് നബി (അ) പ്രജകളുടെ ക്ഷേമത്തിൽ കാര്യമായി ശ്രദ്ധിച്ചു.ദാവൂദ് നബി (അ)ന് 19മക്കളാണുണ്ടായിരുന്നത്.അവരിൽ ഏറ്റവും ഇളയത് സുലൈമാൻ നബി (അ)ആയിരുന്നു.ദാവൂദ് നബി (അ)ന് തന്റെ പത്തൊമ്പത് മക്കളിൽ വെച്ച് ഏറ്റവും വാത്സല്യം സുലൈമാൻ നബിയോടായിരുന്നു.ഒരിക്കൽ രണ്ടു പേർ ദാവൂദ് നബി (അ)ന്റെ അടുക്കൽ വന്നു ഒരു പരാതി ബോധിപ്പിച്ചു.പരാതിക്കാരൻ പറഞ്ഞു.തിരുമേനീ,ഞാനൊരു തോട്ട ഉടമയാണ്.മുന്തിരി കൃഷിയാണെന്റെ ജീവിതോപാധി.ഈ നിൽക്കുന്ന അയൽക്കാരന്റെ ആടുകൾ എന്റെ മുന്തിരി വള്ളികളാകെ തിന്നു നശിപ്പിച്ചിരിക്കുന്നു.ഇദ്ദേഹത്തിന്റെ ആടുകൾ വരുത്തിവെച്ച എന്റെ കൃഷിനാശത്തിന് നഷ്ട പരിഹാരം വാങ്ങിത്തരണമെന്ന് അപേക്ഷിക്കുന്നു.ദാവൂദ് നബി (അ) അയാളുടെ മൊഴികൾ ശ്രദ്ധാപൂർവ്വം കേട്ടു.എന്നിട്ട് ദാവൂദ് നബി (അ) ആരോപണ വിധേയനോട് ചോദിച്ചു."താന്കൾക്ക് വല്ലതും ബോധിപ്പിക്കാൻ ഉണ്ടോ?"
അയാൾ പറഞ്ഞു."തിരുമേനീ എന്റെ ആടുകൾ അയാളുടെ വിളകൾ നശിപ്പിച്ചു എന്നുള്ളത് സത്യമാണ് .ആയതിനാൽ തനിക്കൊന്നും പറയാനില്ലെന്ന് അയാൾ പറഞ്ഞു.
ശരി തോട്ടക്കാരന് ഭീമമായ തോതിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.അതിന് ആടുകളുടെ ഉടമ നഷ്ട പരിഹാരമായി തന്റെ ആടുകളെ മുഴുവൻ തോട്ടക്കാരന് കൊടുക്കണം.വിധി കേട്ട തോട്ടയുടമ വളരെ സന്തോഷിച്ചു.ആടുകളുടെ ഉടമക്ക് തന്റെ ഉപജീവന മാർഗം മുടങ്ങിയതിൽ വലിയ ദു:ഖമുണ്ടായി.ചിന്താമഗ്നനായി തിരിച്ചു പോകുന്ന ആട്ടുടമയെ സുലൈമാൻ നബി വഴിയിൽ വെച്ച് കണ്ടു മുട്ടി.
"എന്തു പറ്റി?എവിടെ നിന്നാണ് നിങ്ങൾ രണ്ട് പേരും വരുന്നത്?" സുലൈമാൻ നബി (അ) ചോദിച്ചു.ഉണ്ടായ കഥകളെല്ലാം അയാൾ സുലൈമാൻ നബിക്ക് വിവരിച്ചു കൊടുത്തു.എല്ലാം കേട്ട ശേഷം സുലൈമാൻ നബി പറഞ്ഞു."നിങ്ങൾ ഒന്നുകൂടെ രാജ സന്നിധിയിൽ പോകണം.
"അതെന്തിനാണ്? ആട്ടുടമ ചോദിച്ചു.
"ഈ വിധി ഒന്നുകൂടെ പുനർ നിർണ്ണയം നടത്താൻ ആവശ്യപ്പെടണം".
"എങ്കിലോ?"
"നിങ്ങൾക്ക് നീതി ലഭിക്കും ".
അതുകേട്ട് ആട്ടുടമയും തോട്ട ഉടമയും വീണ്ടും രാജ സന്നിധിയിൽ എത്തി."
"നിങ്ങൾ മടങ്ങി വന്നത് എന്തിനാണ്?"
ദാവൂദ് നബി (അ) ചോദിച്ചു.
"ഈ വിധി ഒന്നുകൂടെ ആലോചിച്ച് മാറ്റി നിർണ്ണയിക്കാൻ ആവശ്യപ്പെടാനാണ് ഞാൻ വന്നത്".
"നിങ്ങൾക്ക് ഈ ഉപദേശം നൽകിയതാരാണ്?".
"അത് അങ്ങയുടെ മകൻ".
എങ്കിൽ അവനെ വിളിക്കട്ടെ". ദാവൂദ് നബി (അ)പറഞ്ഞു.
സുലൈമാൻ നബി രാജ സന്നിധിയിൽ ഹാജറായി.
"എന്റെ വിധി പുനർ നിർണ്ണയം നടത്തണമെന്ന് പറയാൻ കാരണ മെന്താണ്?".
ദാവൂദ് നബി (അ) സുലൈമാൻ നബി യോട് ചോദിച്ചു.
"അതിലും അഭികാമ്യമായ വിധി ഉള്ളതു കൊണ്ട്".
"എങ്കിൽ നീ വിധിക്കുക".
ദാവൂദ് നബി (അ) സുലൈമാൻ നബിയോട് പറഞ്ഞു.
അപ്പോൾ സുലൈമാൻ നബി പറഞ്ഞു.
"ആടുകളെ ഒരു വർഷത്തേക്ക് തോട്ട ഉടമക്ക് കൊടുക്കുക.ആ ഒരു വർഷത്തിനുള്ളിൽ എന്തൊക്കെ ആദായമുണ്ടായാലും അതെല്ലാം തോട്ട ഉടമക്ക് തന്നെ.തോട്ടത്തിൽ വന്ന നാഷ നഷ്ടങ്ങളെല്ലാം ഈ ഒരു വർഷത്തിനിടയിൽ ആട്ടുടമ പരിഹരിച്ചു കൊടുക്കണം".
ദാവൂദ് നബി (അ) സുലൈമാൻ നബിയുടെ വിധി നടപ്പിൽ വരുത്തി.
ദാവൂദ് നബി (അ)ന് സുലൈമാൻ നബി (അ) ബുദ്ധി കൂർമ്മതയിൽ മതിപ്പുളവായി.നാൽപ്പത് വർഷം ദാവൂദ് (അ) രാജ്യം ഭരിച്ചു.100സംവത്സരം ജീവിച്ചു.ഒരു ദിവസം ദാവൂദ് നബി (അ) ഭരണം സുലൈമാൻ നബിയെ ഏല്പിച്ചു.ഭരണം ഏറ്റെടുത്ത സുലൈമാൻ നബി (അ) അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു."എന്റെ രക്ഷിതാവേ,എനിക്ക് നീ മാപ്പ് ചെയ്യേണമേ, എന്റെ ശേഷം മറ്റൊരാൾക്കും കിട്ടാത്ത രാജാധികാരം എനിക്ക് നീ തരേണമേ.
സുലൈമാൻ നബിയുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു.അദ്ദേഹത്തിന് അല്ല്വാഹു നൽകിയ രാജാധികാരം മറ്റൊരാൾക്കും ലഭിക്കാത്തതായിരുന്നു.മനുഷ്യർ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രജകൾ.ലോകമാകെ അടക്കിഭരിക്കുന്ന സുലൈമാൻ നബിക്ക് ജിന്നുകൾ വശപ്പെട്ടിരുന്നു.എല്ലാ പിശാചുക്കളും അദ്ദേഹത്തിന്റെ വരുതിയിലായിരുന്നു.പക്ഷി മൃഗാതികൾ അദ്ദേഹത്തിന് കീഴ്പെട്ടു.പിശാചുക്കളിൽ നിന്ന് പലേ വിഭാഗങ്ങളും സുലൈമാൻ നബിയുടെ ആഞ്ജാനുവർത്തികളായിരുന്നു.എത്ര ഭീമാകാരമായ കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് പണിയുവാൻ കഴിവുള്ളവർ.പിശാചുക്കൾ അധീനതയിലുള്ളത് കൊണ്ട് ഏത് വിഷമം പിടിച്ച ജോലിയും നിഷ്പ്രയാസം ചെയ്തു തീർക്കാൻ സാധിക്കുമായിരുന്നു.
പറവകളായിരുന്നു സുലൈമാൻ നബിയുടെ സന്ദേശ വാഹകരായി വർത്തിച്ചത്.
ഒരിക്കൽ സുലൈമാൻ നബി കടൽ തീരത്ത് കൂടി നടന്നു പോകുമ്പോൾ അദ്ദേഹത്തിന് ഒരു ഒരത്ഭുത മോതിരം കിട്ടി.അതിനു ശേഷമാണ് അദ്ദേഹത്തിന് പറവകളും, മൃഗങ്ങളുമെല്ലാം കീഴ്പ്പെട്ടതും ലോകം മുഴുവൻ അദ്ദേഹത്തിന്റെ അധീനതയിലായി തീർന്നതും.
വിശിഷ്ട മോതിരത്തിൽ കലിമതുതൗഹീദ് കൊത്തി വെച്ചിരുന്നു.ഇതു കാരണമായി മലമൂത്ര വിസർജന വേളകളിൽ ഈ മോതിരം ശരീരത്തിൽ ധരിക്കാൻ പാടില്ലായിരുന്നു.അദ്ദേഹം മോതിരം ഊരി മകൾ അമീനയുടെ പക്കലേൽപിച്ചായിരുന്നു കക്കൂസിൽ പോകാറുണ്ടായിരുന്നത്.അന്നും അമീനയെ മോതിരമേൽപിച്ച് നബി കക്കൂസിൽ പോയി.
സുലൈമാൻ നബിയുടെ രാജാധി പത്യത്തിൽ അസൂയപൂണ്ട ഒരു ഇഫ്റീത്ത് അദ്ദേഹത്തെ കീഴടക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു.ഇതു തന്നെ അവസരം എന്നു മനസ്സിലാക്കിയ സഖ്റത്ത് എന്നു പേരുള്ള ഈ ഇഫ്റീത്ത് പെട്ടെന്നു് സുലൈമാൻ നബിയുടെ രൂപം പ്രാപിച്ചു.അമീനയുടെ അരികിൽ ചെന്ന് മോതിരത്തിന് കൈ നീട്ടി.അവൾ ബാപ്പ കക്കൂസിൽ നിന്ന് വന്നതാണെന്ന് തെറ്റിദ്ധരിച്ച് മോതിരം അവന്റെ കൈയിൽ കൊടുത്തു.അവൻ മോതിരം ധരിച്ച് നേരെ സിംഹാസനത്തിൽ കയറിയിരുന്നു.അവൻ സുലൈമാൻ നബിയെ പോലെ സദസ്സിനെ നിയന്ത്രിക്കാൻ തുടങ്ങി.
സുലൈമാൻ നബി വിസർജനം കഴിഞ്ഞ് മകളുടെ അടുത്ത് ചെന്ന് മോതിരത്തിന് കൈ നീട്ടി.
" നിങ്ങൾ ആരാണ്?"ചെറിയ പരിഭ്രമത്തോടെ അമീന ചോദിച്ചു.
"ഞാൻ ആരാണെന്നോ? നിന്റെ ബാപ്പ.ഞാൻ നിന്റെ കൈയിൽ മോതിരം തന്ന് കക്കൂസിൽ പോയതല്ലേ?അതിത്ര വേഗം മറന്നോ?ആ മോതിരമേൽപിച്ച്."
മോതിരം വാങ്ങി ബാപ്പ സിംഹാസനത്തിൽ പോയി ഇരിക്കുന്നു.ഇപ്പോൾ മറ്റൊരു ബാപ്പയും? തീർച്ചയായും ഇത് പിശാചിന്റെ വേലയാണ്.പോ പിശാചേ അമീന ആട്ടി.
ഒന്നും മനസ്സിലാവാതെ നബി തന്റെ ദർബാറിലേക്കു നടന്നു.അവിടെയും സിംഹാസനത്തിൽ മറ്റൊരാൾ ഇരിക്കുന്നു.കണ്ടാൽ താൻ തന്നെ.ഞാനാണ് സുലൈമാൻ നബി.അദ്ദേഹം പലരോടും പറഞ്ഞു നോക്കി.അതംഗീകരിക്കാൻ ആരും തയാറായില്ല.പോ ശൈത്വാനേ അവർ അദ്ദേഹത്തെ ആട്ടിയോടിച്ചു.
നിരാശനായ നബി നേരെ സമുദ്ര തീരത്തേക്ക് നടന്നു.ഇതുവരെ ലോകം മുഴുവനും തന്റെ അധീനതയിലായിരുന്നു.ഇപ്പോൾ വെറുമൊരു ഫഖീർ.ആഹാരത്തിനുള്ള വകപോലുമില്ല.പട്ടിണികിടക്കാനൊക്കുമോ?അദ്ദേഹം നാല്പത് ദിവസത്തോളം മീൻ പിടിച്ച് ജീവിച്ചു പോന്നു.
ഇഫ്റീത്ത് സുലൈമാൻ നബിയായി അഭിനയിച്ച് ഭരണം നടത്തുകയാണ്.പ്രജകൾ മുഴുവൻ അദ്ദേഹത്തെ അംഗീകരിച്ചു.പക്ഷേ...അയാളുടെ ചില വിധികൾ വളരെ വികലമായിരുന്നു.തനി ശരീഅത്ത് വിരുദ്ധം.സുലൈമാൻ നബിയുടെ ഓരോ വിധിയും വളരെ അർത്ഥവത്തും നീതിപൂർവ്വകവുമായിരുന്നു.ഇപ്പോൾ ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്?ജ്ഞാനികളും നേതാക്കളും തലപുകഞ്ഞാലോചിച്ചു.നബിയുടെ മന്ത്രി ആസിഫ് ഒരു യുക്തി പ്രയോഗിച്ചു.നബിയുടെ ഭാര്യമാരോട് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പെരുമാറ്റത്തിൽ വല്ല വ്യത്യാസവുണ്ടോ എന്നന്വേഷിച്ചു.എന്തോ പന്തികേടുണ്ടെന്ന് അവർ മൊഴികൊടുത്തു.ഇതെന്ത് കഥ? ഞങ്ങളെ ആപത്ത് വലയം ചെയ്തിരിക്കയാണോ? മന്ത്രി കുറെ പേരെ ഒന്നിച്ച് വിളിച്ചു വരുത്തി.അവർ സംഘം ചേർന്ന് തൗറാതെന്ന ഗ്രന്ഥം പാരായണം ചെയ്യാൻ തുടങ്ങി.
നാല്പത് ദിവസം സിംഹാസനത്തിലിരുന്നെങ്കിലും ഇഫ്റീത്തിന്ന് നബിയുടെ ഭാര്യമാരിൽ നിന്ന് ഒരാളെ പോലും സ്പർശിക്കാൻ പോലും കഴിഞ്ഞില്ല.
അവരെ അല്ല്വാഹു സംരക്ഷിച്ചു.തൗറാത്ത് പാരായണം തുടരെ കേട്ടപ്പോൾ ഇഫ്റീത്തിന്റെ മനസ്സിൽ ഭയം പിടിപെട്ടു.അവൻ സിംഹാസനം ഉപേക്ഷിച്ച് സമുദ്രത്തിന്റെ അടിയിൽ പോയി ഒളിച്ചു.മോതിരം കടലിലേക്ക് എറിയുകയും ചെയ്തു.
അന്ന് നബിക്ക് മത്സ്യങ്ങളൊന്നും കിട്ടിയില്ല.അദ്ദേഹം ഒരു മുക്കുവനോട് മത്സ്യം ആവശ്യപ്പെട്ടു.
"നീ ആരാണ്?"
മുക്കുവൻ ചോദിച്ചു.
"ഞാൻ സുലൈമാൻ നബിയാണ്."
"എന്ത് നുണ പറയുന്നതിനും ഒരതിരില്ലേ?"
ദേഷ്യത്താലെ മുക്കുവൻ സുലൈമാൻ നബിയെ ശക്തിയായി ഒന്നു പ്രഹരിച്ചു.സുലൈമാൻ നബിയുടെ ശരീരത്തിൽ മുറിവ് പറ്റി.അതിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങി.നബിയുടെ ദയനീയ സ്ഥിതി കണ്ട മുക്കുവന് തന്റെ മനസ്സലിഞ്ഞു.അദ്ദേഹം രണ്ട് മത്സ്യങ്ങളെ നബിക്കു നൽകി.
തനിക്ക് കിട്ടിയ മത്സ്യങ്ങളിലൊന്നിനെ മുറിച്ചു പാചകം ചെയ്യാനൊരുങ്ങുമ്പോൾ അതാ കിടക്കുന്നു മത്സ്യവയറ്റിൽ തന്റെ മോതിരം.അത് തന്റെ വിരലിൽ ധരിച്ച് രാജധാനിയിലേക്കു നടന്നു.
മന്ത്രിയും പ്രജകളും ചക്രവർത്തിയുടെ തിരോധാനത്തിൽ വിഷമിച്ചിരിക്കുകയിയിരുന്നു.അപ്പോഴാണ് നബിയുടെ വരവ്!.അപ്പോൾ അവർക്കുണ്ടായ സന്തോഷത്തിനതിരില്ല.
"ഇഫ്റീത്തിനെ നമ്മുടെ മുമ്പിൽ ഹാജരാക്കൂ".
സുലൈമാൻ നബി കല്പിച്ചു.നിമിഷങ്ങൾക്കകം പിശാചുക്കൾ സമുദ്രത്തിൽ മുങ്ങി അവനെ കൊണ്ടു വന്നു.അവനെ ശക്തമായ ഒരു ഇരുമ്പ് പെട്ടിയിൽ അടച്ചു.നബി തന്റെ മോതിരം കൊണ്ട് ആ പെട്ടി സീൽ ചെയ്തു.അത് കടലിൽ താഴ്ത്തി.അവനെ അവസാന നാൾ വരെ നിത്യ തടവിന് ശിക്ഷിച്ചു.
Comments
Post a Comment