മദ്യം എന്നാൽ മദിപ്പിക്കുന്നത് എന്നാണർഥം.മനുഷ്യ ചരിത്രത്തിൽ ആധുനിക കാലഘട്ടമെന്നോ പ്രാചീന കാലഘട്ടമെന്നോ എന്ന വ്യത്യാസമില്ലാത്ത ഒരു പ്രവണതയാണ് മദ്യാസക്തി.മദ്യാസക്തി ഒരു രോഗമാണ്.അതിന് ഈ കാലഘട്ടത്തിൽ ചികിത്സയുണ്ട്.
ഇവിടെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്ന ഒരു വിരോധാഭാസമുണ്ട്.സർക്കാർ തലത്തിൽ മദ്യവ്യവസായം എന്നൊരു വകുപ്പും, മന്ത്രിയും, ഭരണവുമുണ്ട്.അതിന് സമാന്തരമായി മദ്യ വിപത്തിലൂടെ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ കേന്ദ്രങ്ങളും,കുറ്റ കൃത്യങ്ങൾ നേരിടാൻ പോലീസും കോടതിയുമുണ്ട്. ഈ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് ഏക പരിഹാരം മദ്യ നിരോധനം മാത്രമാണ്.അപ്പോൾ മദ്യ വ്യവസായ മേഖലയിൽ ഉപജീവനം തേടുന്ന അനേകം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന ഗുരുതര പ്രശ്നം ഉടലെടുക്കുന്നുമുണ്ട്.അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ.അതിന് എന്താണ് ചെയ്യുക? അവരുടെ യോഗ്യത അനുസരിച്ച് ഇതര തൊഴിൽ മേഖലയിൽ നിയമനം നടത്തുക.പെൻഷൻ പ്രായത്തിലുള്ളവർക്ക് അർഹമായ പെൻഷൻ നൽകുക.ഇത് ഈ ഒരു തലമുറയിൽ ഒതുങ്ങുന്ന പ്രശ്നം മാത്രമാണ്.ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാൽ ഒറ്റത്തവണ പരിഹാരം മാത്രം.വിവിധ തൊഴിൽ മേഖലയിൽ നിയമനം നടത്തുന്നത് പോലെ നിരന്തരം നിയമനം നടത്തേണ്ടുന്ന ആവശ്യം വരുന്നില്ല.
നാം കാറ്റ് വിതച്ച് കൊടുങ്കാറ്റാണ് കൊയ്യുന്നത്. മദ്യ വിപത്തിൽ പെട്ടവരെ രക്ഷിക്കാൻ വേണ്ടി ബോധവൽക്കരണ സെമിനാറുകളും കൗൺസിലിംങ് സെന്ററുകളും ശക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ട്.ഡെക്കൻസ്റ്റോണും സെർവിന്ത്യയും ഗ്രാമഗ്രാമാന്തരങ്ങളിൽ മദ്യ വിരുദ്ധ ബോധവൽക്കരണം നടത്തിവരുന്നു.
ഇതെഴുതുമ്പോൾ (03/12/2022)മദ്യ വ്യവസായത്തിലൂടെ ലഭിക്കുന്ന റവന്യൂ വരുമാനം 250000000(ഇരുപത്തയ്യായിരം കോടി) രൂപയാണ്.നികുതിയിനത്തിൽ ലഭിക്കുന്നത് പതിനായിരക്കണക്കിന് കോടി രൂപയാണ്.എന്നാൽ മദ്യപാനം കാരണമായി രാജ്യത്ത് ഉടലെടുക്കുന്ന ആരോഗ്യ, സാമൂഹിക, കുടുംബ തലങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഈ തുക പര്യാപ്തവുമല്ല.തന്നെയുമല്ല കേന്ദ്രത്തിൻറേയും, സംസ്ഥാനങ്ങളുടേയും വരുമാനത്തിന്റെ വലിയൊരു ശതമാനം ഈ രംഗത്ത് ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു.ഇത് കൊണ്ടാണ് മദ്യം നിരോധിക്കാതെ മദ്യത്തിന്നെതിരെ ബോധവൽക്കരണം നടത്തുന്നത് വിരോധാഭാസമാണെന്ന് മുമ്പ് സൂചിപ്പിച്ചത്.
തുടർച്ചയായ മദ്യത്തിന്റെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും, ബാലൻസ് നഷ്ടപ്പെട്ട് വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു.മാത്രമല്ല മദ്യപാനം കൊണ്ട് കരൾ രോഗങ്ങൾ,അക്രമണ സ്വഭാവം,അകാല മരണം, ദാരിദ്ര്യം എന്നിവ ഉണ്ടാവുകയും ചെയ്യുന്നു.
ഒരു ദരിദ്ര കുടുമ്പം വരുമാനത്തിന്റെ അറുപത് ശതമാനം ഭക്ഷണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.എന്നാൽ ഒരു മദ്യപാനി വരുമാനത്തിന്റെ അറുപത് ശതമാനം മദ്യപാനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.ഇവിടെ നമുക്ക് മദ്യപാനത്തിന്റെ കെടുതി എത്രയാണെന്ന് മനസ്സിലിക്കാവുന്നതേയുള്ളൂ.
മദ്യം ദഹനം കൂടാതെ തന്നെ രക്തത്തിൽ കലരുന്നു.അത്കൊണ്ടാണ് കുടിച്ച് അധികനേരമാകും മുമ്പ് തന്നെ മത്തുപിടിക്കുന്നത്.പ്രായ പൂർത്തിയായ ഒരാളുടെ 💓 ഹൃദയം മിനിറ്റിൽ 72പ്രാവശ്യം സ്പന്ദിക്കുന്നു.ഇരുപത്തിനാലു മണിക്കൂറിൽ ഒരു ലക്ഷം പ്രാവശ്യമാണ് സ്പന്ദിക്കുന്നത്.എന്നാൽ ഒരൗൺസ് മദ്യം കുടിച്ചാൽ ഹൃദയ സ്പന്ദനം ഇരുപത്തിനാല് മണിക്കൂറിൽ ഒരു ലക്ഷത്തി നാലായിരമായി വർദ്ധിക്കുന്നു.ഹൃദയം അധികമായി ജോലി ചെയ്യുന്നു എന്നർത്ഥം.തൽഫലമായി ഹൃദയം വേഗത്തിൽ ക്ഷീണിക്കുകയും,ഹൃദയ സ്തംഭനം ഉണ്ടാവുകയും മദ്യപാന് അകാല മരണം സംഭവിക്കുകയും ചെയ്യുന്നു.
ഭാരതം പോലെയുള്ള വികസ്വര രാജ്യങ്ങളിൽ മദ്യത്തിന്റെ ഉപയോഗം വർധിച്ചു വരികയാണ്.എന്നാൽവികസിത രാജ്യങ്ങളിൽ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ശതമാനത്തിൽ കുറഞ്ഞു വരികയാണ് ചെയ്യുന്നത്.മദ്യത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ പാപത്തിന്റെ കൂലി എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്.മദ്യപാനത്തിന്റെ ചരിത്രം നമുക്ക് നൽകുന്ന സന്ദേശം ശുഭകരമല്ല.
Comments
Post a Comment