മഹാനായ യഹ്കൂബ് നബി (അ). ന് പന്ത്രണ്ട് മക്കളുണ്ടായിരുന്നു.അതിൽ
റാഹില എന്ന ഭാര്യയിൽ നിന്നാണ് യൂസുഫ് നബി (അ) ജനിച്ചത്.യഹ്കൂബ് നബിക്ക് യൂസഫിനോടായിരുന്നു
കൂടുതൽ വാത്സല്യം.തന്റെ മൂത്ത സഹോദരന്മാരുടെ കൂടെ കൂട്ടുകൂടാൻ യൂസുഫിനെ അനുവദിച്ചിരുന്നില്ല.തങ്ങളുടെ പിതാവിന് യൂസുഫിനോടാണ് കൂടുതൽ വാത്സല്യമെന്ന് മനസ്സിലാക്കിയ മറ്റ് സഹോദരങ്ങൾ യൂസുഫിനെ അപായപ്പെടുത്താൻ തീരുമാനിച്ചു.യഹ്ക്കൂബ് നബിയുടെ മറ്റ് സന്താനങ്ങളെല്ലാം വേറെ ഭാര്യയിൽ നിന്ന് ജനിച്ചവരായിരുന്നു.ഇവർ ഫലസ്തീനിലെ കാനൻ എന്ന പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്.
ഒരിക്കൽ യൂസുഫ് നബി തന്റെ പിതാവിനോട് പറഞ്ഞു."പിതാവേ, ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമിക്കുന്നതായി ഞാനിന്നലെ ഒരു സ്വപ്നം കണ്ടു."
ഇതു കേട്ടപ്പോൾ യഹ്കൂബ് നബി (അ) പറഞ്ഞു.
"മോനേ നീ ഇക്കാര്യം മറ്റാരോടും പറയരുത് നിനക്ക് ഒരു പ്രവാചകത്വം സിദ്ധിക്കുന്നതിന്റെ മുന്നറിയിപ്പാണിത്.അല്ല്വാഹു നിന്നെ പ്രവാചകനാക്കാൻ നിശ്ചയിച്ചിരിക്കുന്നു.ഇക്കാര്യം നിന്റെ സഹോദരങ്ങളറിഞ്ഞാൽ അവർ നിന്നെ വകവരുത്തും".അവർ ഇരുവരും ഇക്കാര്യം ഗോപ്യമായി വെച്ചു.
ഒരിക്കൽ ഈ സഹോദരങ്ങൾ യഹ്കൂബ് നബി (അ) യെ സമീപിച്ചു കൊണ്ട് പറഞ്ഞു."പിതാവേ, യൂസുഫിനെ ഞങ്ങൾക്ക് വിട്ടു തരണം.ഞങ്ങൾ അവനേയും കൊണ്ട് ആട് മേക്കാൻ പൊകട്ടെ".
അപ്പോൾ യഹ്കൂബ് നബി (അ) പറഞ്ഞു.
"മക്കളേ, നിങ്ങൾ അവനെ കൂടെ കൂട്ടരുത്.അവന് എന്തെങ്കിലും അപായം സംഭവിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നു.അവൻ ചെറുതല്ലേ?. നിങ്ങളുടെ കൂടെ ഓടിച്ചാടി കളിക്കാൻ അവൻ വളർന്നിട്ടില്ല".
ഇതു കേട്ടപ്പോൾ മക്കൾ പറഞ്ഞു.
"പിതാവേ,അവൻ ഞങ്ങളുടെ അനുജനല്ലേ? ഞങ്ങൾക്ക് അവനെ കൂടെ കൂട്ടാൻ ആഗ്രഹമില്ലേ?".
അപ്പോൾ യഹ്ക്കൂബ് നബി പറഞ്ഞു.
"മക്കളേ നിങ്ങൾ പറഞ്ഞത് ശരിയാണ്.എന്നിരുന്നാലും കളിക്കുന്നതിനിടയിൽ നിങ്ങളുടെ ശ്രദ്ധ മാറിയാൽ അവനെ ചെന്നായ പിടിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നു".
അപ്പോൾ മക്കൾ പറഞ്ഞു "പിതാവേ ഞങ്ങൾ ശക്തരാണ്. ഞങ്ങളുടെ യൂസുഫ് മോന് ഒന്നും സംഭവിക്കില്ല".
മക്കളുടെ നിർബ്ബന്ധത്തിന് വയങ്ങി യഹ്കൂബ് നബി (അ) യൂസുഫ് നബിയെ മക്കളുടെ കൂടെ മനസ്സില്ലാമനസ്സോടെ പറഞ്ഞയക്കേണ്ടി വന്നു.
അവരുടെ കളി കഴിയുമ്പോഴേക്ക് ആടിൻ പററം വയറ് നിറയെ പുല്ലും ഇലകളും തിന്ന് വയർ നിറക്കും.അന്നവർ സഹോദരൻ യൂസുഫിനെ കൂടെ കൂട്ടാൻ കിട്ടിയതിനാൽ അത്യാഹ്ലാദത്തോടെയാണ് ആട്ടിൻ പററങ്ങളുമായി കളിക്കാൻ വേണ്ടി പോയത്.അവർ ഉദ്ദേശിച്ച ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യൂസുഫിനെ ദൂരെ ഒരിടത്തിരുത്തി. യൂസുഫിനെ എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ചർച്ചയായി.അവരിൽ നിന്ന് ഒരാൾ പറഞ്ഞു നമുക്കിവനെ കൊല്ലാം.അപ്പോൾ വേറൊരാൾ പറഞ്ഞു വേണ്ട ഇവനെ നമുക്ക് ആ പൊട്ടക്കിണറ്റിൽ കൊണ്ടുപോയിടാം.തീരുമാനം അങ്ങിനെയായി.യൂസുഫ് നബി (അ) യുടെ കുപ്പായം ഊരിയെടുത്ത് ദിവസവും കാണാറുള്ള വഴിവക്കിലുള്ള പൊട്ടകിണററിലേക്ക് കുഞ്ഞുയൂസുഫിനെ അവർ എടുത്തിട്ടു.
എട്ടും പൊട്ടും തിരിയാത്ത ആ പിഞ്ചു ബാലൻ പൊട്ടകിണറിന്റെ അടിത്തട്ടിലേക്ക് കുതിച്ചു.അവനെ കിണറിനടിയിലെ ഒരു പാറയിൽ ജിബ്‌രീൽ(അ)എന്ന മാലാഖ താങ്ങിയിരുത്തി. യൂസുഫ് മരിച്ചെന്ന് കരുതിയ സഹോദരങ്ങൾ ഒരു ആടിനെ അറുത്ത് അതിന്റെ രക്തം യൂസുഫ് നബിയുടെ കുപ്പായത്തിൽ പുരട്ടി.അവർ തങ്ങളുടെ പിതാവായ യഹ്കൂബ് നബി (അ)യുടെ അടുത്ത് ചെന്ന് യൂസുഫ് നബിയെ ചെന്നായ പിടിച്ചെന്ന വ്യാജ കഥ പറഞ്ഞു.
"എൻ്റെ പൊന്നുമോൻ യൂസുഫിനെ ചെന്നായ പിടിച്ചതല്ല നിങ്ങൾ അവനെ വക വരുത്തിയതാണ്.ചെന്നായ പിടിച്ചതാണെങ്കിൽ അവൻ്റെ കുപ്പായം കീറേണ്ടതല്ലേ? കുപ്പായം കീറിയിട്ടില്ല.ഇതിൽ എന്തോ ദുരൂഹതയുണ്ട്. നബി പ്രതികരിച്ചു.അദ്ദേഹം അങ്ങേ അറ്റത്തെ ക്ഷമ കൈ കൊണ്ടു.തന്റെ മകന്റെ വേർപാടിൽ ദു:ഖിതനായ യഹ്കൂബ് നബി ശിഷ്ഠ കാലം മുഴുവൻ പ്രാർത്ഥനയിൽ കഴിഞ്ഞു കൂടി.
യൂസുഫ് നബിയെ പൊട്ടക്കിണറിൽ ഉപേക്ഷിച്ച് സഹോദരങ്ങൾ പോയതിനുശേഷം ആ വഴിയേ ഒരു കച്ചവട സംഘം വന്നു.ദാഹിച്ചു വലഞ്ഞ അവർ ആ പൊട്ടക്കിണർ കണ്ടു.അവർക്ക് ആശ്വാസമായി.അവർ ആ കിണറ്റിൽ ഏന്തി നോക്കി.കിണറിന്റെ ചുറ്റും കാട് മൂടി കിടക്കുന്നു.അതിന്റെ അടിയിൽ അല്പം വെള്ളം കണ്ടു.അവരുടെ പക്കലുള്ള കയറിൽ ബന്ധിച്ച തോൽ പാത്രം കിണറ്റിലേക്ക് പതുക്കെ താഴ്ത്തി.പാത്രത്തിൽ വെള്ളമായപ്പോൾ അവർ തോൽ പാത്രം ഉയർത്താൻ ശ്രമിച്ചു.തോൽപാത്രത്തിന് അസാധാരണമായ കനം!.അവർ പണിപ്പെട്ട് തോൽ പാത്രം വലിച്ച് കരക്കെത്തിച്ചപ്പോൾ പതിനാലാം രാവ് പോലെ ചന്തമുള്ള നല്ലൊരു ബാലൻ!.ആ തോൽ പാത്രത്തിൽ പിടിച്ചു തൂങ്ങിയ നിലയിൽ!!.അവർ ആ കുഞ്ഞിന് ആവശ്യമായ പരിചരണം നൽകി വാത്സല്യത്തോടെ അവനെ ചന്തയിലേക്ക് കൊണ്ട് പോയി.
ഇതേ സമയം യൂസുഫ് നബിയുടെ സഹോദരങ്ങൾക്ക് പിതാവായ യഹ്കൂബ് നബിയുടെ വാക്കുകൾ കേട്ട് മാനസാന്തരമുണ്ടായി.അവർ എല്ലാവരും യൂസുഫിനെ (അ)ഇട്ട കിണറിന്നരികിലേക്ക് പോയി.അവർക്ക് കിണറിൽ തങ്ങളുടെ കൊച്ചനുജനെ കാണാൻ കഴിഞ്ഞില്ല.അവർ വിഷണ്ണരായി വീട്ടിലേക്ക് മടങ്ങി.
ആ കച്ചവട സംഘം ബാലനായ യൂസുഫിനെയും കൊണ്ട് അടിമച്ചന്തയിലെത്തി.നല്ല കൗതുകമുള്ള ബാലൻ. എല്ലാവരും യൂസുഫ് നബിയെ സ്വന്തമാക്കാൻ വേണ്ടി മത്സരബുദ്ധിയോടെ വിലപേശി.അവസാനം ഒരു പ്രഭു യൂസുഫ് നബിയെ വലിയ വിലകൊടുത്ത് വാങ്ങി.ഈ അസാധാരണ സൗന്ദര്യമുള്ള ബാലനെസ്സംബന്ധിച്ച് നാട്ടിലെങ്ങും കാട്ടുതീപോലെ വാർത്തകൾ പരന്നു.ഈ വിവരം രാജ്യത്തെ രാജാവിന്റെ ചെവിയിലുമെത്തി.രാജാവ് മന്ത്രി യോട് യൂസുഫിനെ സംബന്ധിച്ച് അന്വഷിക്കാൻ വേണ്ടി ഉത്തരവിട്ടു.മന്ത്രി ചെന്ന് യൂസുഫ് നബിയെ കണ്ടു് അത്ഭുതപ്പെട്ടു.അസാധാരണ ഭംഗിയുള്ള ബാലൻ.ഇതുപോലോത്തതിനെ താൻ മുമ്പെങ്ങും കണ്ടിട്ടില്ല.മന്ത്രി രാജാവിന് വിവരം നൽകി.രാജാവും പരിവാരങ്ങളും ചന്തയിൽ പോയി നല്ല ഉയർന്ന വിലയും പാരിതോഷികവും നൽകി യൂസുഫ് നബിയെ സ്വന്തമാക്കി. അദ്ദേഹം ആ പിഞ്ചു ബാലനെ വാത്സല്യപൂർവ്വം കൊട്ടാരത്തിലേക്കു കൊണ്ടുപോയി.
കൊട്ടാരത്തിൽ രാജ്ഞിക്കും കൊട്ടാരവാസികൾക്കും കുഞ്ഞിനെ കണ്ടപ്പോൾ കൗതുകമായി.ഇത്ര അസാധാരണമായ സൗന്ദര്യവും ബുദ്ധിയുമുള്ള ഒരു കുട്ടിയെ ഇതിനു മുമ്പൊരിക്കലും അവർ കണ്ടിട്ടില്ല.അടിമച്ചന്തയിൽ നിന്ന് വാങ്ങിയതാണെങ്കിലും സ്വന്തം മക്കളേക്കാൾ അതീവ വാത്സല്യത്തോടെയാണ് അവർ അവനെ പരിപാലിച്ചത്. യൂസുഫ് നബി(അ)കൗമാരത്തിലേക്ക് പ്രവേശിച്ചു.നല്ല സ്വഭാവവും പെരുമാറ്റവുമുള്ള യുവാവ്.രാജാവിന്റെ ഭാര്യ സുലൈഖ തന്റെ മകന്റെ സ്ഥാനത്ത് കണ്ടിരുന്ന യൂസുഫിനെ മകൻ എന്നതിലുപരി മറ്റെന്തെല്ലാമോ ദുർചിന്ത അവരെ പിടികൂടി.ഇപ്പോൾ യുവാവായ യൂസുഫ് സുലൈഖയുടെ മനസ്സിൽ സ്വന്തം മകനെ പോലെയല്ല കാമുകനായാണ് നില കൊള്ളുന്നത്.യൂസുഫ് നബിയാവട്ടെ നിഷ്കളങ്ക ഹൃദയത്തോടെയാണ് സുലൈഖയെ കണ്ടത്.അല്ലാഹു പ്രവാചകനാക്കാൻ നിശ്ചയിച്ച വ്യക്തിക്ക് ഇത്തരത്തിലുള്ള ഉയർന്ന മന:ശ്ശുദ്ധിയും ദൃഢമായ മനസ്സും ഉണ്ടാവൽ സ്വാഭാവികമാണ്.
നോട്ടം കൊണ്ടും,ഭാവം കൊണ്ടും യൂസുഫ് നബിയെ വശീകരിക്കാൻ ശ്രമിച്ച സുലൈഖ നിരാശയായി.ഒരു നിലക്കും അദ്ദേഹം സുലൈഖയുടെ ചതിക്കുഴിയിൽ വീണില്ല.ഒരു ദിവസം സുലൈഖ ദൃഢപ്രതിജ്ഞ ചെയ്തു. എന്തു വന്നാലും എനിക്ക് യൂസുഫിനെ പ്രാപിക്കണം.ഈ മോഹം പൂവണിയാതെ ജീവിച്ചിട്ടു കാര്യമില്ല.ഊണും ഉറക്കവു മില്ലാത്ത ദിനരാത്രങ്ങൾ.
ഒരു ദിവസം രാജാവ് കൊട്ടാരത്തിലില്ലാതിരുന്ന സമയം.സുലൈഖ യൂസുഫിനെ മുറിയിലേക്ക് ക്ഷണിച്ചു തന്റെ ആഗ്രഹം യൂസുഫിനെ അറിയിച്ചു. യൂസുഫ് നബി സുലൈഖയുടെ ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു.ക്ഷമയററ സുലൈഖ യൂസുഫിനെ കടന്നു പിടിച്ചു.അദ്ദേഹം കുതറിമാറി.തഴുതിട്ട വാതിൽ തുറക്കുന്നതിനിടയിൽ സുലൈഖ യൂസുഫ് നബിയുടെ കുപ്പായത്തിൻറെ പിറകിൽ പിടിച്ചു വലിച്ചു.യൂസുഫ് നബിയുടെ കുപ്പായത്തിന്റെ പിറക് വശം കീറി
അദ്ദേഹം വാതിൽ തുറന്നു പുറത്തേക്കു കടക്കുംബോഴേക്കും രാജാവ് വാതിൽക്കൽ നിൽക്കുന്നു.അപ്പോൾ രാജാവ് കാണുന്നത് തന്റെ ഭാര്യയും യൂസുഫും തനിച്ച് ഒരു മുറിയിൽ ചിലവഴിച്ചതിന് ശേഷം യൂസുഫ് വാതിൽ തുറന്ന് പുറത്തേക്കു വരുന്നതാണ്.ഇതു കണ്ട് സ്തബ്ധനായ രാജാവ് ഭാര്യയോട് കാര്യമന്വേഷിച്ചു."യൂസുഫ് തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു".സുലൈഖ രക്ഷപ്പെടാൻ വേണ്ടി കളവ് പറഞ്ഞു.രണ്ടാമതൊന്ന് ചിന്തക്കാതെ യൂസുഫ് നബിയെ (അ) ജയിലിലടച്ചു.അദ്ദേഹം ഏറെകാലം ജയിൽവാസമനുഭവിച്ചു.അങ്ങിനെ യിരിക്കെ യൂസുഫ് നബി (അ) ക്ക് അല്ല്വാഹു സ്വപ്ന വ്യാഖ്യാനം പഠിപ്പിച്ചു.സഹതടവുകാർ ജയിലിൽ നിന്ന് വല്ല സ്വപ്നവും കണ്ടാൽ അത് യൂസുഫ് നബിയോട് പറയും.
(ശേഷം രണ്ടാം അദ്ധ്യായത്തിൽ)
Comments
Post a Comment