മനുഷ്യന് അല്ലാഹു നൽകിയ ഒരു ആദരവും അംഗീകാരവുമാണ് ഖുർആൻ പാരായണ കൽപ്പന.മലക്കുകൾക്കല്ല്വാഹു ഈ ബഹുമതി നൽകിയിട്ടില്ല.മലക്കുകൾ ഇത് മനുഷ്യരിൽ നിന്ന് കേൾക്കാൻ കാതോർത്തു നിൽക്കുന്നു.ഇമാം നവവി(റ) പറയുന്നു.'ഖുർആനോതാൻ ഏറ്റവും ഉത്തമമായ സമയം നിസ്കാരത്തിലാണ്.
നിസ്കാരസമയം കഴിഞ്ഞാൽ പിന്നെ ഏറ്റവും വിലപിടിച്ചത് രാത്രി ഖുർആൻ പാരായണ സമയമാണ്.ഖുർആൻ ഏതു സമയത്തും ഓതാം ഓത്ത് കറാഹത്തായ സമയമില്ല.
ഖുർആൻ പാരായണം തുടങ്ങാൻ ഏറ്റവും നല്ലതു് വെള്ളിയാഴ്ച രാവും,അവസാനിപ്പിക്കുന്നതിനുത്തമം വ്യാഴാഴ്ച രാവുമാണ്.ഉസ്മാൻ(റ) അങ്ങിനെയാണ് ചെയ്തിരുന്നത്.
ഖുർആൻ ഖതം തീർക്കുംബോൾ ദുആക്ക് ഉത്തരം കിട്ടും.
ഖുർആനോതാൻ വുളൂഅ് സുന്നത്താണ്.ആർത്തവമോ,ജനാബത്തോ ഉള്ളവൻ ഓതൽ ഹറാം.പക്ഷേ നാവു കൊണ്ട് ഉച്ചരിക്കാൻ പാടില്ല എന്നേ ഉള്ളൂ.മുസ്ഹഫിലേക്കു നോക്കി മനസ്സു കൊണ്ട് ഓതാം.
വർത്തമാനം പറയാൻ വേണ്ടി ഓത്തു നിറുത്തൽ കറാഹത്താണ്.അതിനു കാരണം, അല്ല്വാഹുവിൻറെ വചനത്തേക്കാൾ സൃഷ്ടികളുടെ വചനത്തെ തെരഞ്ഞെടുക്കലാണത്.അത് ബുദ്ധിയുള്ളവർ ചെയ്യില്ല. മനപ്പാഠമുള്ളതാണെൻകിലും മുസ്ഹഫിൽ നോക്കി ഓതുന്നതാണു കൂടുതൽ നല്ലത്.കാരണം മുസ്ഹഫിലേക്കു നോക്കുന്നത് കണ്ണിൻറെ ഇബാദത്താണ്.ഒരു ഹദീസിൽ കാണാം.മുസ്ഹഫിൽ നോക്കാതെ ഓതുന്നതിന്നു ആയിരം ദറജകളുണ്ട്.നോക്കി ഓതിയാൽ അതിന്റെ ഇരട്ടിയുണ്ട്.
ഖുർആൻ ധൃതിയിൽ ഓതാതെ നിറുത്തി, നിറുത്തി ഓതണം.ഇതു സുന്നത്താണ്.അല്ല്വാഹു അരുളുന്നു 'ഖുർആനിനെ നീ നിറുത്തി നിറുത്തി ഓതുക'
'ആശയം ഗ്രഹിച്ച് ചിന്തിച്ചു കൊണ്ട് ഓതലും സുന്നത്താണ്.അതാണ് ഓതുന്നതിൻറെ പ്രധാന ലക്ഷ്യം.മനസ്സിനു ശാന്തിയും, തേജസ്സും ലഭിക്കാൻ അർത്ഥം ചിന്തിച്ചു ഓതൽ ആവശ്യം.'നിനക്കു നാം അവതരിപ്പിച്ചു തന്ന വേദമാണിത്.അനുഗ്രഹീത വേദം!അവർ ഇതിലെ ആയത്തുകളിൽ ചിന്തിക്കാൻ വേണ്ടി (ഖു).
ഖുർആൻ ഓതൽ കൂലിപ്പണിയാക്കി മാററൽ കറാഹത്താണ്.നബിയരുളി' വല്ലവനും ഖുർആൻ ഓതിയാൽ പിന്നെ അതിനെ മുൻനിർത്തി ആവശ്യമുള്ളതെല്ലാം അല്ല്വാഹുവിനോടു ചോദിച്ചു കൊള്ളട്ടെ.ഒരു കാലം വരാനിരിക്കുന്നു.അന്നുള്ളവർ ഖുർആൻ ഓതിയാണ് ജനങ്ങളോട് യാചിക്കുക.'
ഉമർ (റ) പറഞ്ഞു.'ഓത്തുകാരെ, നിങ്ങൾ തല ഉയർത്തി പിടിക്കുവീൻ.നിങ്ങളുടെ വഴി വളരെ വ്യക്തം.നന്മകളിലേക്കു മുന്നേറുവീൻ.നിങ്ങൾ ജനങ്ങളെ ആശ്രയിക്കാതിരിക്കുവീൻ.
നബി(സ്വ) അരുളി.ഒരക്രമിയുടെ സേവക്കു വേണ്ടി അയാൾക്കു മുംബിൽ ഒരാൾ ഖുർആൻ ഓതിയാൽ ഓരോ അക്ഷരത്തിനും പത്തു വീതം ശാപം അയാൾക്കുണ്ടാകും.
നബി (സ്വ) അരുളി.'ജനങ്ങളിൽ നിന്ന് അന്നം കിട്ടാൻ വേണ്ടി വല്ലവനും ഖുർആൻ ഓതിയാൽ പുനരുത്ഥാന നാളിൽ അയാൾ എഴുന്നേററു വരിക മുഖത്തു എല്ലു മാത്രമുള്ള അവസ്ഥയിലാണ്.ഒരു തുണ്ടം മാംസം പോലും അയാളിലുണ്ടാവില്ല.
ഖുർആൻ പാരായണം ചെയ്യുമ്പോൾ നബി (സ്വ) യുടെ പേരുകേട്ടാൽ സ്വലാത്ത് ചൊല്ലൽ അനിവാര്യമല്ല.കാരണം, അവിടെ ഖുർആൻ ഇടവിടാതെ പാരായണം ചെയ്യലാണ് സ്വലാത്തു ചൊല്ലുന്നതിനേക്കാൾ ഉത്തമം.
സ്വഹാബികളിൽ ഭൂരിപക്ഷവും ആഴ്ചയിലൊരു ഖത്തം തീർക്കുന്നവരായിരുന്നു.അക്കൂട്ടത്തിൽ ഉസ്മാനിബ്നി അഫ്ഫാൻ(റ),സൈദുബ്നി സാബിത് (റ), ഇബ്നു മസ്ഊദ്(റ), ഉബയ്യിബ്നു കഹ്ബ് ( റ), തുടങ്ങിയവരൊക്കെയുണ്ട്.
നബി (സ്വ) ഇബ്നു ഉമർ (റ)നോട് അരുളി:നീ ഏഴു ദിവസം കൊണ്ട് ഒരു ഖത്തം തീർക്കുക.അതിൽ കൂടുതൽ ദിവസമെടുക്കരുത്.
നബി (സ്വ) അരുളി 'ഒരാൾ ഖുർആൻ ഓതിത്തീർത്താൽ,സമാപനഘട്ടത്തിൽ അറുപതിനായിരം മലക്കുകൾ അയാൾക്കു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും.
ഏറ്റവും കുറഞ്ഞത് കൊല്ലത്തിൽ ഒരു ഖത്തമെൻകിലും ഓതണം.ഖുർആൻ പാരായണമെന്നാൽ അവനവൻ കേൾക്കുന്ന വിധത്തിൽ അക്ഷര ശുദ്ധിയോടെയുള്ള പാരായണമാണ്.ഓതുന്ന ആളെൻകിലും കേൾക്കണം.അല്ലാത്തപക്ഷം അത് പാരായണമല്ല.അത് വെറും നാവിൻറെ ചലനമാണ്.അതിനു ഓത്തെന്നു പറയാനാവില്ല.കേട്ടു ഗ്രഹിക്കാൻ കഴിയുന്നതേ പാരായണമാവൂ.
ഒരു ഹദീസിൽ നബി ( സ്വ) പറഞ്ഞു.വല്ലവനും ഖുർആനോതുന്നതിൽ മുഴുകുക മൂലം അല്ലാഹുവിനെ ഓർക്കാനും, അവനോട് യാചിക്കാനും നേരം കിട്ടാതെ വന്നാൽ,ചോദിച്ചവർക്കു കൊടുക്കുന്നതിനേക്കാൾ അധികം അയാൾക്കു കൊടുക്കും.അല്ലാഹുവിൻറെ വചനത്തിനു ഇതര വചനങ്ങളേക്കാൾ ഉള്ള മഹത്വം,സൃഷ്ടാവിനു സൃഷ്ടികളേക്കാൾ മഹത്വമുള്ളതുപോലെയാകുന്നു.മറ്റു ദിക്റുകളിൽ മുഴുകി അള്ള്വാഹുവിനോടു ചോദിക്കാൻ സമയം കിട്ടാതെ വന്നാലും ചോദിച്ചവർക്കു കൊടുക്കുന്നതിനേക്കാൾ അയാൾക്കു അല്ല്വാഹു നൽകുന്നതാണ്.ശത്രുവിൻറെ നാട്ടിലേക്കു ഖുർആനുമായി പോകരുത്.രാവും പകലും ഖുർആൻ പാരായണം പതിവാക്കാൻ നബി ( സ്വ) കൽപ്പിച്ചു.ദിവസേന രാത്രിയോ,പകലോ ഇരുന്നൂറ് ആയത്തെൻകിലും ഓതാത്തവൻ അല്ല്വാഹുവിനെ ധിക്കരിക്കുന്നു.നബി(സ്വ) അരുളി.ഖുർആൻ ഉയർത്തപ്പെടുംമുംബ് അത് ഓതുവീൻ.ഖുർആൻ ഉയർത്തപ്പെട്ട ശേഷമല്ലാതെ ഖിയാമം നാൾ ഉണ്ടാവുകയില്ല.
ഖിയാമം നാളിനു മുംബായി ഖുർആൻ അവതരിച്ച സ്ഥലത്തേക്ക് തിരിച്ചു പോകും.അർശിനു ചുറ്റും അതൊരു തേനീച്ചയുടെ ശബ്ദം പോലോത്തശബ്ദ മുണ്ടാക്കും. അല്ലാഹു ചോദിക്കും.നിനക്കെന്തു വേണം?.ഖുർആൻ പറയും.റബ്ബേ കർമ്മപഥത്തിൽ വരുത്താതെ അവരെന്നെ പാരായണം ചെയ്യുന്നു.ഖുർആൻ ഓതുന്നതോടൊപ്പ അത് ജീവിതത്തിൽ പകർത്തണമെന്ന ഉപാധിയുമുണ്ട്.കർമ്മമില്ലാത്ത വായന നിഷ്ഫലം.ഓതുകയെന്നാൽ നിരന്തരമുള്ള വായനയാണ്.അക്ഷരം പഠിപ്പിക്കലും, കുട്ടികൾക്ക് ഖുർആൻ വായിക്കാൻ ബാലപാഠങ്ങളഭ്യസിക്കലും ഓത്തിൽ പെടില്ല.
നബി( സ്വ) അരുളി:-സൗഭാഗ്യവാൻമാരായി ജീവിക്കാനും,രക്ത സാക്ഷികളായി മരിക്കാനും,മഹ്ശറയിൽ രക്ഷപ്പെടാനും,അത്യുഷ്ണത്തിൽ കുളിരു അനുഭവിക്കാനും,വഴിതെററുംബോൾ തിരുത്തി നേർവഴി പ്രാപിക്കാനും ആഗ്രഹിക്കുന്നവർ ഖുർആൻ പഠിച്ചു കൊള്ളട്ടെ.അത് റഹ്മാനായ തംബുരാൻറെ വചനവും,പിശാചിൽ നിന്നുള്ള മോചനവും തുലാസിലെ മുൻതൂക്കവുമാണ്.
Comments
Post a Comment