മരക്കൊമ്പുകളിലെ ഇടതൂർന്നി ലകൾക്കിടയിലൂടെ ഏന്തി വലിഞ്ഞു വന്ന പോക്കു വെയിലിന്റെ ചീളുകൾ വീടിന്റെ പടിഞ്ഞാറു ഭാഗത്ത് അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.മെയ് മാസത്തിലെ പൊള്ളുന്ന വെയിൽ,സന്ധ്യയായപ്പോൾ എന്തൊരാശ്വാസം.
റിഫ അംന, അവൾ
സ്വയം സമാധാനിച്ചു. അവളിപ്പോൾ
സന്തോഷവതിയാണ്.അവളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് മാസമാകുന്നതേയുള്ളൂ.
അന്ന് സായം സന്ധ്യയിൽ, അവളുടെ ഉമ്മ, മൂത്ത രണ്ടു സഹോദരിമാർ,ഒരനിയത്തി ഇവരെല്ലാം വീടിന്റെ അടുക്കളയോടു ചേർന്നുള്ള കോനായിലിരുന്ന് കളിചിരി തമാശ യിലേർപ്പെട്ട് സമയം പോയതറിഞ്ഞില്ല.റിഫയുടെ വീട്ടിൽ ഈ നേരംപോക്ക് ഇടയ്ക്കിടെ യാദൃച്ഛികമായി സംഭവിക്കാറുള്ളതാണ്.അവൾ സദസ്സിൽ പോയിരിക്കുന്നതിനു മുമ്പ് അവളുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു.ഫോണെടുത്ത അയാൾ ചോദിച്ചു.
"എന്താണ് വിശേഷം?"
"വേഗം വാ, ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്."
"ശരി വേഗം വരാം".
അയാൾ ഫോൺ കട്ട് ചെയ്തു.
റിഫ അംന! എപ്പോഴും ചിരിച്ച മുഖം.നല്ല മിടുക്കുള്ള പെണ്ണ്.നല്ല സ്വഭാവം.വശ്യമായ പെരുമാറ്റം.സ്നേഹം തുളുമ്പുന്ന സംസാരം.അടുക്കളപ്പണിയിലാണ വളുടെ മിടുക്ക്.
അയൽപക്കത്തെ ആമിനത്താ പറയും.'ദ'എന്ന് പറേന്ന നേരം കൊണ്ട് ഓളെല്ലാം ചെയ്തു തീർക്കും.ഓളെകെട്ട്യോൻ ദുബായ് ക്കാരനാ.ഓൻ ആറുമാസത്തെ ലീവിനു വന്നപ്പൊ കല്ല്യാണം നടത്തി.ഓക്ക് പററ്യ പുതിയാപ്ല്യാ.ഓല് രണ്ടാളും പൊറത്തേക്ക് പോയി ബർത്താനോം പറഞ്ഞ് തിരിച്ചു ബെരുമ്മം റിഫ ചിരിക്കുന്നത് കാണാൻ എന്തൊരു ചേലാ.ഓളെ ചോന്നെ ചുണ്ടുകൾ വലിഞ്ഞു വിടരുമ്പോൾ തുമ്പപ്പൂ പോലത്ത പല്ലുകൾ കാണാനെന്തൊരു മൊഞ്ചാ!
മൊഞ്ചിനൊത്ത മ്ട്ക്കുള്ള പെണ്ണ്.
സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ അടുത്തുള്ള പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്ക് കേട്ടാണ് ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നതു പോലെയുള്ള തിരിച്ചറിവ്.സമയം പോയതറിഞ്ഞില്ല.മഗ്രിബായി.
എല്ലാവരും എഴുന്നേറ്റു.ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിക്കാൻ അംഗശുദ്ധി വരുത്തി.
റിഫ തന്റെ മുറിയിൽ കയറി കതകടച്ചു ഉള്ളിൽ നിന്ന് കുറ്റിയിട്ടു.
ഉമ്മ മഗ്‌രിബ് നിസ്കാരം നിർവ്വഹിച്ച ശേഷം പുതിയാപ്ല വരാറായി ചായയുണ്ടാക്കട്ടെ എന്നും പറഞ്ഞ് അടുക്കളയിലേക്കു പോയി.അല്പം കഴിഞ്ഞതേയുള്ളൂ കോളിംങ് ബെൽ മുഴങ്ങി.
"കുൽസൂ.."ഉമ്മ റിഫയുടെ അനിയത്തിയെ നീട്ടി വിളിച്ചു.
"പുതിയാപ്ല വന്ന് വാതിൽ തൊറക്ക് ഞാൻ ചായ ഉണ്ടാക്ക്വാ".
"ങാ ഉമ്മാ "എന്നും പറഞ്ഞ് കുൽസു വേഗം ചെന്ന് വാതിൽ തുറന്നു.
"എളയ" കുൽസു അയാളുടെ മുഖത്തേക്ക് പുഞ്ചിരിയോട നോക്കി.
അയാളും കുൽസുവിന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി.നേരെ അറയുടെ വാതിൽക്കൽ ചെന്നു മുട്ടി വിളിച്ചു.
"അംനാ.."
"......."
അയാൾ വിളി ആവർത്തിച്ചു.
"............"
പിന്നെ അയാൾ ഉച്ചത്തിൽ മുട്ടി വിളിച്ചു.
അപ്പോഴേക്കും അമ്മായി ഉമ്മയും.അവളുടെ മൂത്ത രണ്ടു സഹോദരിമാരും, അനിയത്തിയും അവളുടെ അറയുടെ വാതിൽക്കൽ വന്നു ഉറക്കെ മുട്ടി വിളിച്ചു.
"റിഫാ..."
"........."
പിന്നെ ബഹളമായി.കൂട്ടക്കരച്ചിലായി.അയൽവാസികൾ ഓടിവന്നു.അവർ വാതിൽ ചവിട്ടിപ്പൊളിച്ചുപ്പോൾ കണ്ടത് കട്ടിലിൽ ചലനമറ്റു കിടക്കുന്ന റിഫയെ.
ചുറ്റുമുള്ളവർ റിഫയെ ശ്രദ്ധിച്ചു നോക്കി.ശ്വാസമുണ്ടോ?
ശ്വാസോച്ഛ്വാസത്തിൻറെ അനക്കം കാണുന്നില്ല.
നാസ്വാ ദ്വാര മുഖത്ത് കൈവിരലിൻറെ പുറം വെച്ചു നോക്കി.
ശ്വാസോച്ഛ്വാസത്തിൻറെ ചൂടും ചൂരുമില്ല.
ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ സ്റ്റെതസ്കോപ്പ് വെച്ചു നോക്കി.ശരീരത്തിൽ ജീവൻറെ തുടിപ്പില്ല.കണ്ണിൽ ടോർച്ചടിച്ചു നോക്കി.കൃഷ്ണമണികൾ നിശ്ചലം.
ഡോക്ടർ ബന്ധുക്കളുടെ നേരെ തിരിഞ്ഞു നിന്ന് എല്ലാം കഴിഞ്ഞെന്ന മട്ടിൽ തലയാട്ടി.അവൾ ആരോടും ഒന്നും മിണ്ടാതെ മുന്നേ യാത്രയായി.അവളുടെ പുതിയാപ്ല വിങ്ങിപ്പൊട്ടി കൊണ്ട് ചോദിച്ചു.
"അവൾക്കെന്തായിരുന്നു ഒന്നു രണ്ട് കാര്യങ്ങൾ പറയാനുണ്ടായിരുന്നത്?"
Comments
Post a Comment