Skip to main content

കാത്തിരിപ്പിന്നൊടുവിൽ

ഞങ്ങൾ ആറ് മക്കളിൽ 
 ഏറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച.ഞങ്ങളുടെ നാട്ടിൽ മൂത്ത സഹോദരിയെ ഇത്താത്ത എന്നല്ല ഇച്ചാച്ച എന്നാണ് വിളിക്കുക.
ഞങ്ങളുടെ ഉപ്പ രാവിലെ ഒരു കട്ടൻ ചായയും കുടിച്ച് പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള തീര പ്രദേശമായ പയ്യോളിയിൽ പോയാണ് മീൻ കൊണ്ട് വരാറ് .അയല,മത്തി,കുഞ്ഞിമ്മത്തി എന്നിവയാണ് എന്റെ ഗ്രാമത്തിലെ ജനങ്ങൾ മുഖ്യമായും ഭക്ഷിച്ചിരുന്ന മത്സ്യ ഇനം.കയറിൽ വരിഞ്ഞ് കെട്ടിയ രണ്ട് വലിയ കുട്ടകൾ കാകോടിയുടെ രണ്ടറ്റത്തും തൂക്കിയിട്ട് ചുമലിലേറ്റി കാൽനടയായാണ് ഞങ്ങളുടെ ഉപ്പ മത്സ്യത്തിന് പോവുക.രാവിലെ ആറു മണിക്ക് പോയാൽ പതിനൊന്ന് മണിയോടെ രണ്ട് കുട്ട നിറയെ മീനുമായി കാൽനടയായിത്തന്നെ  തിരിച്ചു വരും.അക്കാലത്ത് വാഹന സൗകര്യങ്ങൾ വളരെ കുറവായിരുന്നു.ഇത് ആയിരത്തി തൊള്ളായിരത്തി അന്പതുകളിലേയും അറുപതു കളിലേയും കഥയാണ് .
വീടിന്റെ സമീപം തന്നെയാണ് ഉപ്പാന്റെ പലചരക്ക് കട.മരത്തിൻറെ പല കൊണ്ട് നിർമ്മിച്ച വലിയൊരു പെട്ടി പോലെയുള്ള ഒരു മുറിയാണത്.കണ്ടാൽ പെട്ടിയാണെന്ന് തോന്നുകയില്ല.ഒരു മുറിയാണെന്നേ തോന്നൂ.ഇതിന് അറ എന്നാണ് പറയുക.ഓല മേഞ്ഞ ഒരു ഷെഡ്ഢിലാണ്  ഈ അറ സ്ഥാപിച്ചത്.ഇതിൽ നാലഞ്ചു ചാക്ക് അരിയും അനുബന്ധ വസ്തുക്കളും സൂക്ഷിക്കാനുള്ള വിശാലതയുണ്ട്.
ഉപ്പ കുട്ടനിറയെ മീനുമായി തിരിച്ചു വന്നാൽ "മീനോ.... ക്കോ"എന്നൊരു കൂക്കിയുണ്ട്.മീൻ കൂക്കി എന്നാണ് ഗ്രാമീണർ ഈ കൂക്കിയെ പറയുക.മീൻകൂക്കി കേട്ടാണ് ഗ്രാമീണർ മത്സ്യത്തിന് വേണ്ടി ബാപ്പയുടെ കടയിൽ വരാറ് .മത്സ്യം മാത്രമല്ല കേങ്ങ്,കൊത്തമ്പാരി, മുളക്,ഉണക്ക നെല്ലിക്ക മുതലായവ വാങ്ങിയാണ് എല്ലാവരും മടങ്ങുക.
ബാപ്പ മീനുമായി  വന്നാൽ കടയുടെ പ്രത്യേകം സജ്ജീകരിച്ച ഒരു ഭാഗത്ത് മീൻ വെച്ച്, കഞ്ഞിയും കുടിച്ച് രണ്ടാമതും മത്സ്യവും കേങ്ങും കൊണ്ടു വരാൻ വേണ്ടി കാൽ നടയായിത്തന്നെ  പയ്യോളിയിലേക്ക്  പോകും.യാതൊരു തളർച്ചയും ബാധിക്കാത്ത ശരീരം.വൈകുന്നേരം നാലു മണി ആകുമ്പോഴേക്കും  വീണ്ടും മീനും കേങ്ങുമായി ഉപ്പ തിരിച്ചു വരും.അപ്പോഴേക്കും പതിനൊന്ന് മണിക്ക് കൊണ്ടു വന്ന മത്സ്യം ഉമ്മയോ, വീട്ടിലെ മറ്റാരെങ്കിലുമോ വിറ്റഴിച്ചിട്ടുണ്ടാവും.
നാലു മണിക്ക് മീൻ കൊണ്ടു വന്നാൽ ഉപ്പ നന്നായൊന്നു കുളിക്കും.കയറിന്റെ ഒരറ്റത്ത് ബന്ധിച്ച കുത്ത് പാള ഉപയോഗിച്ച് കിണറിൽ നിന്ന് വെള്ളം കോരിയെടുത്താണ്  കുളിക്കുക.പിന്നെ വയറു നിറയെ മീൻ കറിയും കൂട്ടി ചോറ്തിന്നും.മീൻ വരട്ട്യേതുമുണ്ടാകും.
കുരുമുളകും, വെള്ളത്തിലിട്ട് പൊതിർത്തിയ ഉണക്ക നെല്ലിക്കയും, മഞ്ഞളും അരച്ച്, മുറിച്ച് കഴുകി വൃത്തിയാക്കിയ മത്സ്യത്തിൽ ചേർത്ത് കുറുങ്ങനെ വെള്ളം വറ്റുന്നത് വരെ വേവിച്ചെടുക്കും.ഇങ്ങിനെയാണ് മീൻ വരട്ടുക.ഇതും കൂട്ടി ചോറു തിന്നാനുണ്ടൊരു രസം!.എത്ര തിന്നാലും മതിവരൂല.
മരക്കേങ്ങ് വേവിച്ച് വെള്ളമൂറ്റിയതും വരട്ടിയ മത്തിയുമാണ് ഞങ്ങളുടെ നാട്ടിൻപുറത്തുകാർ പ്രാതലിനു വേണ്ടി അക്കാലത്ത് ഉപയോഗിച്ചിരുന്നത്.
ഒരിക്കൽ  ഞാനും ഉപ്പയും രാത്രി ഭക്ഷണം കഴിക്കുതിനിടയിൽ  ഉമ്മ ഉപ്പയോട് പറഞ്ഞു."ങ്ങള ഉമ്മ ഒന്ന് കാണണോന്ന് പറഞ്ഞിക്കി".
"ങാ..."
ഉമ്മ പറഞ്ഞത് കേട്ടപ്പോൾ ഉപ്പാന്റെ മറുപടി ഇത്രമാത്രം.ഉപ്പ മറ്റൊന്നും പറഞ്ഞില്ല.
"ങ്ങള് എത്ര നാളായി ഇങ്ങനെ പറേന്ന്?ഒരുദെവസം ങ്ങക്കൊന്ന് അങ്ങോട്ട് പോയിക്കൂടെ". 
ഉപ്പ അതിനൊന്നും മിണ്ടിയില്ല.അത് എന്നും പച്ചപിടിച്ച ഒരോർമ്മയായി എന്റെ ഇളം മനസ്സിൽ നിലകൊണ്ടു.എനിക്കന്ന് രണ്ടോ മൂന്നോ വയസ്സുണ്ടാവും. വർഷങ്ങൾ  പലതു കഴിഞ്ഞു.എന്റെ ഉപ്പ മരിച്ചു.അത് കാരണമായി എന്നേയും എന്റെ അനുജൻ സലാമിനേയും  അനാഥാലയത്തിൽ ചേർത്തു.ഞാൻ  നാലാം ക്ലാസ്സിൽ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു,അനുജൻ അബ്ദുൽ സലാം മൂന്നാം ക്ലാസ്സിൽ നിന്ന് നാലാം തരത്തിലേക്കും ജയിച്ചു. പ്രസ്തുത  ക്ലാസ്സുകളിൽ ഞങ്ങൾക്ക് പ്രമോഷൻ കിട്ടിയതോടു കൂടി  യതിം ഖാനയിലെ മദ്രസ്സയിലും സ്കൂളിലും എന്നെ അഞ്ചാം ക്ലാസ്സിലും, സലാമിനെ നാലാം ക്ലാസ്സിലും, ചേർത്തു. പ്രി-ഡിഗ്രി തോറ്റ ഞാൻ യതിം ഖാനയിൽ നിന്ന്  വീട്ടിലേക്ക് വന്നു.അനുജൻ സലാമ് അനാഥാലയത്തിന്റെ തന്നെ ടി.ടി.സി യിൽ ചേർന്നു.ഒരു ദിവസം ഞാൻ പാത്തുമ്മച്ചാച്ചാന്റെ ചെരക്കരപുതിയോട്ടിൽ എന്ന വീട്ടിൽ പോയപ്പോൾ.എന്റെ ഓർമ്മയിലെ  സംഭവം വിശദീകരിച്ചു കൊണ്ട് ഞാൻ  ഇച്ചാച്ചാനോട്  ചോദിച്ചു.
"ങ്ങള ഉമ്മ ഒന്ന് കാണണോന്ന് പറഞ്ഞിക്കി". എന്തായിരുന്നു പ്രശ്നം? ഏതാണീ ഉമ്മ?
എന്റെ ചോദ്യം കേട്ടപ്പോൾ  ഇച്ചാച്ച   കണ്ണീർ തുടച്ചുകൊണ്ട് ആ കഥ പറഞ്ഞു."ഉമ്മളെ ഉപ്പാവ പുതിയ പൊരേണ്ടാക്കി കര്വോതായ പാർത്തേന് ശേഷം പിന്നൊരിക്കലും  തിരംഗലത്തേക്ക് പോയിക്കില്ല.ഉമ്മളെ ഉമ്മ എടക്കെടക്ക് തിരംഗലത്ത് ഉപ്പാവാന്റെ ഉമ്മാനെ  കാണാൻ പോകും.അന്നേരം ഉമ്മാമ ഉപ്പാനെ പറ്റി ചോദിക്കും."എനക്ക് ഇബ്റായീനൊന്ന് കാണണോന്ന് പറ".
ഉമ്മ അക്കാര്യമാണ്  ങ്ങ്ള ഉമ്മ ഒന്ന് കാണണോന്ന് പറഞ്ഞിക്കീന്ന്  ഉപ്പയോട് പറഞ്ഞത്.അപ്പോൾ
ഉപ്പ "ങാ" എന്ന് പറയും.കൊറേ കാലം കൈഞ്ഞ് ഉമ്മാമ പ്രായാധിക്യത്താൽ കെടപ്പിലായി.ഉമ്മ ഉമ്മാമാനെ സുസ്രൂസിക്കാൻ മാണ്ടി എല്ലാ ദെവസോം തിരംഗലത്തേക്ക് പോകും.ഉമ്മാമാന്റെ പൂതി ഉമ്മാനോട് ദെവസോം പറയും.ഉപ്പ അങ്ങോട്ട് പോയതേയില്ല.ഉമ്മാമാക്ക് പാതി ബോധം പോയി.പതിവ് പോലെ  ഉമ്മ തിരംഗലത്ത് പോയേരം  ഉമ്മാമാനെ  "ഉമ്മാ....."എന്ന് സങ്കടത്തോടെ ഉമ്മ നീട്ടി വിളിച്ചു.
ഉമ്മാമ കണ്ണ് തൊറന്ന് ഉമ്മാന്റെ മോത്തേക്ക് നോക്കി പതിഞ്ഞ ഒച്ചേല് ഉമ്മാമ ചോയിച്ചി.
"ഇബ്രായി....?"
ഉമ്മ കണ്ഠമിടറിക്കൊണ്ട് പറഞ്ഞ്.
"മന്നിക്കില്ല".
ഇത് കേട്ടപ്പം ഉമ്മാമാന്റ കൺപോളകൾ അടഞ്ഞു.
"ഹെന്റെ ഇബ്റായ്യ്യേ ഇന്നക്കണ്ട് മരിക്ക്യാന്ള്ള ജോഗം....."
ബാക്കി പറയാൻ ഉമ്മാമാക്ക് കൈഞ്ഞില്ല.ഉമ്മാമാന്റെ ചുണ്ട് പിന്നെ അനങ്ങീക്കില്ല.രണ്ട് ദെവസം കൈഞ്ഞപ്പം ഉമ്മാമ മരിച്ചു.മരിച്ച ബിവരമറിഞ്ഞേരാന്ന് ഉപ്പ തിരംഗലത്തേക്ക് പോയത്.ഉമ്മാമാന്റെ മയ്യത്ത് കണ്ടേരം ഉപ്പ സങ്കടപ്പെട്ടിക്ക്ണ്ടാക്വോ?"
ഒരു നെടുവീർപ്പോടെ ഇച്ചാച്ച ചോദിച്ചു.
"ഇത്രയും ചെയ്ത ഉപ്പാക്ക് ഉമ്മാമാന്റ വിഷയത്തിൽ കുറ്റബോധമുണ്ടാക്വോ?".
അങ്ങനെ കൊറേ കൊല്ലം കൈഞ്ഞ്.ഉപ്പാവാക്ക് കേൻസർ പിടിപെട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടോയ് കൊറേ ദെവസം  കെടത്തി ചികിത്സിച്ച്. ഉപ്പാന്റെ കൂടെ അമ്മദായ്നു മെഡിക്കൽ കോളേജിൽ നിന്നത്.ഒരു ദെവസം അമ്മദിന്റെ കൈയിൽ പൈസ ഇല്ലാണ്ടായേരം ബാക്കിക്കുനി അസൈനാറാക്കാനോട് തേങ്ങ തെരാന്നും പറഞ്ഞ് കൊറച്ച് പൈസ കടംമാങ്ങാൻ വേണ്ടി അമ്മദ് പൊരേലേക്ക് പോന്ന്.അന്നൊക്കെ ബാക്കിക്കുനി അസൈനാറാക്കായ്നു കര്വോത്തായത്തെ തേങ്ങ വിൽക്കൽ.അക്കാലത്ത്  തലപ്പൊയ്ലെ അമ്മത് ലോട്ടർ മെഡിക്കൽ കോളേജിൽ ലോട്ടർ ഭാഗം പഠിക്ക്ന്ന്ണ്ട്.അയാളോട് കാര്യം പറഞ്ഞാന്ന് ഓൻ
 പൊരേലേക്ക് മന്നത്.ഓൻ പൊരേല് എത്തീക്ക്ണ്ടാകും.മെഡിക്കൽ കോളേജിലെ വാർഡിൽ വെച്ച് ഉപ്പാവ മരിച്ചു.മരിക്കുമ്മം ഉപ്പാന്റെ ആറു മക്കളിൽ ഒരാൾ പോലും ഉപ്പാവാന്റെ അടുത്ത് ഇല്ല.തിരംഗലത്തെ ഉമ്മാമാക്ക് ഉപ്പാവാനെ കണ്ട് മരിക്കാൻ കൈയാത്തത് പോലെ ഉപ്പാന്റെ ആറ് മക്കളിൽ ഒരാളെ പോലും കണ്ട് മരിക്ക്യാൻ ഉപ്പാക്കും കൈഞ്ഞില്ല".
ഉമ്മളെ ഉപ്പാവാക്കും, തിരംഗലത്തെ ഉമ്മാമാക്കും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.ആമീൻ
ربارحمهما كماربياني صغيرا

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...