16-12-2021 വ്യഴായ്ച രാത്രി, അഥവാ വെള്ളിയാഴ്ച രാവ്,മേശപ്പുറത്ത് വെച്ച എന്റെ മൊബൈൽ ഫോൺ റിംങ് ചെയ്യുന്നു.എത്രയും പെട്ടെന്ന് ഞാൻ ഫോണെടുത്ത് ആരാണ് വിളിക്കുന്നതെന്നു നോക്കി.എന്റെ സഹോദരി പാത്തുമ്മച്ചാച്ചാന്റെ മകൾ റംലയാണ്."ഹലോ..ഉപ്പാവ...മ..".
അവൾക്ക് തീർത്തു പറയാൻ കഴിഞ്ഞില്ല.അവൾ എന്താണ് പറഞ്ഞതെന്ന് ഞാൻ മനസ്സിലാക്കി.എളിയ മരിച്ചു.
എന്നെ സംബന്ധിച്ചിടത്തോളം എളിയ എന്റെ മൂത്ത സഹോദരി പാത്തുമ്മച്ചാച്ചാന്റെ ഭർത്താവ് എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങുന്ന ആളല്ല.എളയ ഞങ്ങളുടെ എല്ലാമായിരുന്നു.അതി രാവിലെ
മുയിപ്പോത്ത് നിന്ന് പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള പയ്യോളിയിലേക്ക്,കാകോടിയും ചുമലിലേന്തി കാൽ നടയായി പോകും.
കാകോടിയെന്നാൽ നല്ല മൂപ്പുള്ള മുളകൊണ്ട് ചെത്തിയുണ്ടാക്കിയ വളരെ നീളമുള്ള ചുണ്ടൻ വള്ളത്തെ പോലെ തോന്നിക്കുന്ന ഒരു വടിയാണത്.അത് ചുമലിൽ മലർത്തി വെച്ചു്,അതിന്റെ രണ്ടറ്റത്തും കയർ കൊണ്ട് വരിഞ്ഞ് മടഞ്ഞ് തരപ്പെടുത്തിയ,മീൻ ഇടാനുള്ള രണ്ട് വലിയ കൂട്ടകൾ, കൊളുത്തി വെച്ചിട്ടുണ്ടാകും.അതുമായി വലിഞ്ഞു നടന്നു്,പന്ത്രണ്ട് കിലോമീറ്റർ അകലെ നിന്നും രണ്ട് കൂട്ടകൾ നിറയെ മീനുമായാണ് എളിയ തിരിച്ചുവരിക.തൊള്ളായിരത്തി അറുപതുകളിലെ കഥയാണിത്. അന്നു് 25പൈസക്കാണ് മീൻ ചില്ലറ വിൽക്കുന്നത്. അന്ന് ഇരുപത്തിയഞ്ച് പൈസയുടെ നാട്ടു പേര്,കാവുറുപ്പികയെന്നാണ്.ഒരു രൂപയുടെ കാൽഭാഗം എന്നർത്ഥം.
അന്ന് പത്ത് പൈസക്ക് ഹോട്ടലിൽ നിന്ന് ചായകിട്ടിയിരുന്ന കാലം.ഇന്ന് പത്ത് പൈസക്ക് എത്ര ചായ കിട്ടും?.ഇങ്ങിനെ ഊഹിച്ചാൽ മതി അന്നത്തെ ഇരുപത്തഞ്ച് പൈസയുടെ വിലമനസ്സിലാക്കാൻ.
ഞങ്ങളുടെ ഉപ്പ മരിച്ചതിന് ശേഷം,എളിയയാണ് ഞങ്ങൾക്ക് കറിവെക്കാനുള്ള മീൻ തന്നത്. ഞങ്ങൾക്ക് മീൻ തരാൻ എളിയ ഇല്ലായിരുന്നെങ്കിൽ,മീൻ എന്നത് ഞങ്ങൾക്ക് കിട്ടാക്കനിയായിരുന്നു.
അതായിരുന്നു അന്നത്തെ അവസ്ഥ.
എളിയ മീൻ വിറ്റ് കഴിഞ്ഞാൽ, കുളിച്ച് വൃത്തിയായി എല്ലാ ദിവസവും, ഇശാ മഗ്രിബിന്റെ ഇടയിൽ ഞങ്ങളുടെ 'കരുവോത്ത് താഴ'എന്നവീട്ടിൽ വരും.ഞാനും, അനിയൻ സലാമും എളിയാന്റെ നേരെ കൈ നീട്ടി മത്സരിച്ച് പൈസ ചോദിക്കും.ഒന്നും,രണ്ടും,അഞ്ചും,പത്തും നാണയത്തുട്ടുകൾ എളിയ ഞങ്ങൾക്ക് തരും. അപ്പോൾ ഞങ്ങളനുഭവിക്കുന്ന സന്തോഷം! അതൊന്നു വേറെതന്നെയാണ്.പിൻ കാലങ്ങളിൽ മിക്ക സമയങ്ങളിലും,പാതിരാവുകളിൽ ഉണർന്നിരുന്ന്, എളിയാക്കുവേണ്ടി ഞാൻ പ്രർതഥിക്കുമായിരുന്നു.
എളിയാക്കു വേണ്ടിയുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിച്ചതായി ഞാൻ വിശ്വസിക്കുന്നു. കാരണം, ഒരു നബി വചനത്തിൽ തന്റെ സഹോദരനു വേണ്ടി അവന്റെ അഭാവത്തിൽ ചെയ്യുന്ന പ്രാർത്ഥന പാഴായി പോകില്ലെന്ന് ഞാൻ കണ്ടിട്ടുണ്ട്. എളിയ ഞങ്ങൾക്ക് തന്ന ഉപകാരത്തിന് നന്ദി ചെയ്യാൻ കഴിഞ്ഞില്ല എന്ന കുററ ബോധം എനിക്കിപ്പോഴുമുണ്ട്. പരലോക ജീവിതം അനന്തമാണ്.ശാശ്വതമായ സുഖവും ദുഖവും സന്തോഷവും സമാധാനവും അവിടെമാത്രമാണ്.അവിടെ മാത്രം. എളിയാക്ക് പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ല എന്ന പ്രത്യുപകാര സ്മരണയുമാണ് എളിയാന്റെ മരണ ശേഷം അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് .യാ അല്ലാഹ് അന്ന് യതീമായിരുന്ന ഞങ്ങൾക്ക് ആശ്വാസം പകർന്നു തന്ന എന്റെ എളിയാനെ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിച്ച് നബി(സ്വ)യുടെ സമീപസ്ഥനായ നിലയിൽ എളിയാനെ കൺപാർക്കാൻ ഞങ്ങൾക്ക് നീ സൗഭാഗ്യം ചെയ്യേണമേ.ആമീൻ
Comments
Post a Comment