Skip to main content

ഓർമയിലെ നാളുകൾ(8)

അങ്ങനെ ഞാൻ വൃത്തിയുള്ള പതിനാറ് ചെറിയ കല്ലുകളെടുത്ത് എന്റെ ഇരുമ്പ് പെട്ടിയുടെ മൂലയിൽ സൂക്ഷിച്ചു. ഓരോ വെള്ളിയാഴ്ചയും ഓരോ കല്ലുകളെടുത്ത് ഉപേക്ഷിക്കും. ബാക്കിയുള്ള കല്ലുകൾ എണ്ണി നോക്കും. പതിനഞ്ച്, പതിനാല്.... ആഴ്ചകളിഴഞ്ഞാണെങ്കിലും പെട്ടിയിലെ കല്ലുകളും ആഴ്ചകളും ഒപ്പത്തിനൊപ്പം
കുറഞ്ഞു വരുന്നുണ്ട്. പെട്ടിയിലവശേഷിക്കുന്ന കല്ലുകളുടെ എണ്ണം കുറഞ്ഞു വരുന്നത് കാണുമ്പോൾ ഇത്രയും 
 ആഴ്ചകളേ  നാട്ടിൽ പോകാൻ ബാക്കിയുള്ളൂ എന്നോർക്കുമ്പോളെനിക്ക് എന്തെന്നില്ലാത്ത സന്തോഷം.
അങ്ങിനെ റമളാൻ മാസത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഞങ്ങൾക്കെല്ലാവർക്കുമോരോ ജോടി വസ്ത്രങ്ങൾ കിട്ടി.
"മൊയ്ത്യേ തീയതി പറഞ്ഞ് കൊണ്ട് (ഇത്രാം തീയതി)നാട്ടിൽ വിടുന്നുണ്ട്. അന്നേം സലാമിനേം കൂട്ടാൻ തലേ ദിവസം വരണമെന്ന് അമ്മത് മുസ്ല്യാർക്കൊരു കത്തയച്ചെ."
 അബ്ദുർറഹ്മാനെന്നോട് പറഞ്ഞു.
ഞാൻ കത്തയച്ചത് പ്രകാരം ഇക്കാക്ക നാട്ടിൽ വിടുന്നതിന്റെ തലേന്ന് രാത്രി യതീം ഖാനയിലെത്തി. അന്ന് യതീം ഖാനയുടെ പള്ളിയിൽ കിടന്നുറങ്ങി.
പിറ്റേന്ന് ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു.രാത്രി എട്ട് മണിക്ക് ഞങ്ങൾ മുയിപ്പോത്തങ്ങാടിയിൽ റീഗൾ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. വീട്ടിൽ ഉമ്മയും നബീസച്ചാച്ചയും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞങ്ങളേയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഞാനും സലാമും വീടിന്റെ കോലായിൽ കയറുമ്പോൾ ഉമ്മ ഞങ്ങൾ രണ്ട് പേരുടേയും കൈ പിടിച്ച് സ്വീകരിച്ചു. മാറ്റാനുള്ള മുണ്ട് തന്നു.വസ്ത്രങ്ങൾ മാറിയതിന് ശേഷം നബീസച്ചാച്ച എന്റെയടുത്ത് വന്ന് പതുക്കെ ചോദിച്ചു.
"ങക്ക് രണ്ടാക്കും ഞാൻ ഗോതമ്പ് കൊണ്ടൊരു സാധനമുണ്ടാക്കി ബെച്ചിക്ക്ണ്ട് അതെടുത്ത് തെരട്ടെ?".
"ങാ..."
ഞാൻ സമ്മതം മൂളി.
അവൾ പുഴുങ്ങിയ ഗോതതമ്പ് ഒരു പിഞ്ഞാണത്തിൽ കുത്തി നിറച്ച് വെച്ചിട്ടുണ്ട്. ആ പിഞ്ഞാണം ഒരു ബസ്സിയിൽ കമഴ്ത്തി വെച്ച് മേല്പോട്ടുയർത്തിയപ്പോൾ പുഴുങ്ങിയ
ഗോതമ്പ് ബസ്സിയിൽ അർദ്ധ ഗോളാകൃതിയിൽ കമഴ്ന്ന് കിടക്കുന്നു. അവളത് സന്തോഷ പൂർവ്വം എനിക്കും സലാമിനും തന്നു. അത് കണ്ടപ്പോളെനിക്കും സലാമിനും
എന്തെന്നില്ലാത്ത
 സന്തോഷവും മതിപ്പുമാണ് തോന്നിയത്. ഒന്നുമില്ലാത്ത അവസ്ഥയിൽ ഞങ്ങളോടുള്ള സ്നേഹ പ്രകടനമായി  വീട്ടിൽ കയറിയ ഉടനെ തരാൻ വേണ്ടി ഒരുക്കി വെച്ച അവളുടെ കഴിവിൽ പെട്ട സ്നേഹോപകാരമാണിത്. കാര്യം നിസ്സാരമല്ല. സ്നേഹിക്കാനൊരു സഹോദരിയുള്ളത് കൊണ്ടല്ലേ, ഞങ്ങളെ പ്രതീക്ഷിച്ച് സമ്മാനമായി പുഴുങ്ങിയ ഗോതമ്പ് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കി വെച്ചത്. ഞാനും സലാമും ഇച്ചാച്ചാനെ സന്തോഷിപ്പിക്കാൻ വേണ്ടി ആ ഗോതമ്പ് മഴുവനും തിന്ന് തീർത്തു.
   ഈ സംഭവം ഇപ്പോഴും പച്ചയായിത്തന്നെ എന്റോർമയിൽ കിടപ്പുണ്ട്. പിൽക്കാലത്തൊരിക്കൽ ഗോതമ്പ് പുഴുങ്ങി ഞങ്ങൾക്ക് സമ്മാനമായി കരുതി വെച്ച കാര്യം ഓർമ്മയുണ്ടോ എന്ന്  ചോദിച്ചപ്പോൾ ഓർമയില്ലെന്നാണവളെന്നോട് പറഞ്ഞത്.
ഈ ഗോതമ്പ് സംഭവത്തിന്റെ ഓർമയിലാണ് നബീസച്ചാച്ച
എപ്പോഴുമെന്റെ ഓർമയിൽ പൂത്തുലയുന്നത്. നബീസച്ചാച്ച എന്റെ നേരെ മൂത്തതാണ്. മൂത്ത സഹോദരിയെ എന്റെ നാട്ടിൽ ഇത്താത്ത എന്നല്ല ഇച്ചാച്ചയെന്നാണ് വിളിക്കുക. അവളുടെ നേരെ മൂത്തത് അബ്ദുള്ളക്കാക്ക. ഞങ്ങൾ മുക്കത്ത് നിന്നും കോഴിക്കോടേക്കുള്ള ബസ്സിൽ കയറിയപ്പോൾ അബ്ദുള്ളക്കാക്ക കാഞ്ഞങ്ങാട് ജോലിക്ക് പോയ കാര്യം അമ്മത്ക്കാക്ക എന്നോട് പറഞ്ഞിരുന്നു.
     ബാപ്പാന്റെ മരണ ശേഷം എന്റെ വീട്ടിൽ കടുത്ത ദാരിദ്ര്യമായിരുന്നു. വിഷപ്പടക്കാനാവശ്യമായ ഭക്ഷണമില്ല. രാവിലെ കട്ടൻ ചായയും മധുരത്തിന് ശർക്കരയും(ബെല്ലം)വുമുണ്ടാകും. അക്കാലത്ത് പഞ്ചസാരക്ക് ശർക്കരയേക്കാൾ വിലകൂടുതലായതിനാൽ സാധാരണക്കാർ ശർക്കരയാണുപയോഗിക്കുക. മൺകലത്തിലിട്ട് വറുത്തതോ അല്ലെങ്കിൽ ചുട്ടെടുത്തതോ ആയ ചക്കക്കുരു. ചക്കക്കുരു ധാരാളമുണ്ടെങ്കിലാണ് മൺകലത്തിലിട്ട് വറുക്കുക. മൺകലത്തിലിട്ട് വറുത്ത ചക്കക്കുരു തേങ്ങയും ബെല്ലവും കൂട്ടി ഉരലിലിട്ട് ഇടിച്ച് കലർത്തിയാൽ തിന്നാനുണ്ടൊരു രസം. ആ പഴയ രസം
ഇന്നത്തെ
 പുതു തലമുറക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അത് തിന്ന് തന്നെ അറിയണം. ചക്കക്കുരു ഇല്ലെങ്കിൽ അരി വറുക്കും. ഇത് മൺകലത്തിലിട്ടാണ് വറുക്കുക.
ഇങ്ങിനെ വറുക്കാനുപയോഗിക്കുന്ന മൺകലത്തിനെ ഓട് എന്നാണ്‌ പറയുക. ഓട്ടിലിട്ട് വറുക്കുക എന്ന്‌ പറയും. ചുട്ട ചക്കക്കുരു തേങ്ങയും ശർക്കരയും കൂട്ടി ചവച്ച് തിന്നും. ഇങ്ങനെയൊക്കെ തന്നെയാണ് അക്കാലത്തെ പ്രാതൽ.
      പ്രാതലിനും ഉച്ച ഭക്ഷണത്തിനുമിടക്ക് ചിലപ്പോളെന്തെങ്കിലുമുണ്ടാകും. വായക്കണ്ട പുഴുങ്ങിയത് അല്ലെങ്കിൽ ചക്കക്കുരുവും മാങ്ങയും പുഴുങ്ങിയത്. ചക്ക പുഴുങ്ങിയത്, ചേമ്പിന്റെ താള് വേവിച്ചത്, കപ്പയുടെ പുറം തൊലി വൃത്തിയായി കഴുകി ചെറുതായി അരിഞ്ഞ് വേവിച്ചത്. ഇതെല്ലാമായിരുന്നു ഇടവേളകളിലെ ഭക്ഷണം. എന്റെ കുടുംബത്തിലെ മാത്രം അവസ്ഥയല്ലിത്. ആ കാലഘട്ടത്തിലെ സാധാരണക്കാരന്റെ വീടുകളിലെ അവസ്ഥ ഇങ്ങിനെയൊക്കെയായിരുന്നു. എന്നേയും സലാമിനേയും യതീം ഖാനയിലേക്കയക്കുമ്പോളുമ്മ പറഞ്ഞത്.എന്റെ മക്കൾക്ക് സമയത്തിന് തിന്നാനെന്തെങ്കിലും കിട്ട്വല്ലോ എന്നാണ്.
വിശപ്പ് സഹിക്കാൻ കഴിയാതെ ഞാനും സലാമും ഉമ്മാന്റടുത്ത് ചെന്ന് ഉമ്മാ പൈക്ക്ന്ന് എന്നും പറഞ്ഞ് കരയുമ്പോൾ ഉമ്മ ഒരു കഷ്ണം ബെല്ലമെടുത്ത് പൊട്ടിച്ച് ഞങ്ങൾ രണ്ട് പേർക്കും തരും.
     ഞാനും സലാമും യതീം ഖാനയിൽ പോയതോടെ ഞങ്ങളുടെ ജ്യേഷ്ഠൻ അബ്ദുള്ളക്കാക്ക് കാഞ്ഞങ്ങാടൊരു ഹോട്ടലിൽ ജോലി കിട്ടി. നാട്ടിൽ നിന്നാൽ ശരിയാകില്ലെന്നവന്, മനസ്സിലായി. അക്കാലത്ത്, വൈകുന്നേരം വരെ ജോലി ചെയ്താൽ ഒരു രൂപയാണ് കൂലി. ഇക്കാക്ക ജോലി ചെയ്താൽ ചിലർ എൺപത് പൈസ കൊടുക്കും മറ്റുചിലർ അൻപത് പൈസ കൊടുക്കും. കൂലിക്ക് വേണ്ടി തർക്കിച്ചാൽ പിന്നെ തരാമെന്ന് പറയും. പിന്നീട് ചോദിച്ചാൽ ഇപ്പം പൈസേല്ല പിന്നെ തരാമെന്ന് പറയും. ആ കൂലി അങ്ങിനെയങ്ങ് പാഴാകും.
        കാഞ്ഞങ്ങാട് ജോലിക്ക് പോയതോടെ അബ്ദുള്ളക്കാക്ക നാല് മാസത്തിലൊരിക്കലാണ് നാട്ടിൽ വരാറുള്ളത്. അന്നത്തെ ശമ്പളം മുപ്പത് രൂപ. ബീഡിപ്പൈസ ഏഴ് രൂപ അൻപത് പൈസ. ആകെ മപ്പത്തേഴ് രൂപ അൻപത് പൈസ ഒന്നിച്ച് കൈയിൽ കിട്ടും!.
      അവൻ നാട്ടിൽ വരുമ്പോൾ വീട്ടിലാവശ്യമുള്ള മല്ലി മുളക് മഞ്ഞൾ മറ്റ് ഭക്ഷണ വിഭവങ്ങളെല്ലാം കിലോക്കണക്കിന് ആവശ്യമള്ള അളവിൽ വാങ്ങി വീട്ടിൽ സൂക്ഷിക്കും. പിന്നെ ഞങ്ങളുടെ വീട്ടിൽ ഐശ്വര്യത്തിന്റെ നാളുകളായിരുന്നു.ഉപ്പാന്റെ വേർപാട് വരുത്തിവെച്ച വിടവിൽ അബ്ദുള്ളക്കാക്കാന്റെ സാന്നിദ്ധ്യം കൊണ്ട് പരിഹാരമായി.
      ജൂൺ മാസത്തിലെ തിമർത്ത് പെയ്യുന്ന മഴ. സ്കൂളഞ്ചാം ക്ലാസിൽ ഞാനും ലതീഫും അടുത്തടുത്താണിരിക്കുന്നത്.
   "ഇപ്പോൾ പുഴയിൽ വെള്ളം കേറീട്ടുണ്ടാകും."
മഴ പെയ്യുന്നതിനിടയിൽ ലതീഫെന്നോട് പറഞ്ഞു. ഞാനതത്ര കാര്യമാക്കിയില്ല. ഇമ്മിണി കൂടുതൽ വെള്ളമുണ്ടാകുമെന്നേ ഞാൻ വിചാരിച്ചു ള്ളു.ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ അന്നത്തെ കാലത്ത് മഴക്ക് ശമന മുണ്ടാവുകയുള്ളു. ഞങ്ങൾ സ്കൂൾ ദിവസങ്ങളിൽ പൈപ്പ് വെള്ളത്തിലാണ് കുളിക്കാറുള്ളത്. സ്കൂളവധി ദിവസങ്ങളിൽ പുഴയിൽ പോയി കുളിക്കും. കാല വർഷം തുടങ്ങിയതിന് ശേഷം ആദ്യ സ്കൂളവധി. അതൊരു വെള്ളിയാഴ്ചയായിരുന്നു. ഏതാനും ദിവസം മാത്രമേ മഴ പെയ്തുള്ളു. സ്കൂളില്ലാത്തതിനാൽ കുളിക്കാൻ വേണ്ടി ഞാൻ കൂട്ടുകാരുടെ കൂടെ പുഴയിൽ പോയി. അപ്പോഴാണ് ഇരുവയഞ്ഞിപ്പുഴയുടെ യഥാർത്ഥ മുഖം ഞാൻ കാണുന്നത്. ഞാൻ യതീം ഖാനയിൽ ചേർന്നുടനെ രണ്ടാഴ്ച മുമ്പുള്ള ഇരുവയഞ്ഞിപ്പുഴയല്ല ഇപ്പോഴുള്ളത്. രണ്ടാഴ്ച മുമ്പ് ഇരുവയഞ്ഞി എത്ര ശാന്തമായിരുന്നു. നല്ല വിശാലമായ മണൽ പരപ്പുള്ള പുഴയുടെ കരയോട് ചേർന്ന്   അരു നീളത്തിൽ അരുവി പോലെ ഒഴുക്ക് കുറഞ്ഞ ജലാശയമല്ല ഇപ്പോഴുള്ളത്. അന്ന് ഞങ്ങൾ കുളിക്കാൻ പുഴയിലിറങ്ങിയപ്പോൾ ഭയപ്പെടാനുള്ള ആഴമൊന്നും ഇരുവയഞ്ഞിക്കുണ്ടായിരുന്നില്ല. എന്റെ കഴുത്ത്, വരെയായിരുന്നു രണ്ടാഴ്ച മുമ്പ് വരെ കൂടിയ ആഴം. ഇന്ന് ഇരുവയഞ്ഞി കര കവിഞ്ഞൊഴുകി കാലവർഷമാഘോഷിക്കുകയാണ്. കലങ്ങിമറിഞ്ഞ് ചെമ്മൺ നിറത്തിൽ കാഴ്ചക്കാർക്ക് ഭീതി വിതച്ച് കൊണ്ടാണ് പുഴയൊഴുകുന്നത്. പുഴയുടെ മധ്യത്തിൽ ജല നിരപ്പിന് മീതെ മലവെള്ളപ്പാച്ചിലിന്റെ ശക്തിയിൽ വലിയ ചുഴിക്കുഴിക്കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ പുഴയിൽ നിന്ന് കുളിക്കുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. അനാഥാലയത്തിലെ മുതിർന്ന അന്തേയവാസികൾ പുഴയിലേക്ക് ചാടി നീന്താൻ തുടങ്ങി. ചിലർ പുഴയുടെ മധ്യ ഭാഗം വരെ. മറ്റു ചിലർ പുഴയുടെ മറു കര വരെ. എന്റെ അയൽ വാസി അബ്ദുൽ റഹ്മാൻ മറു കര വരെ നീന്തും. ഈ സാഹസിക നീന്തൽ അവരെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാര്യമൊന്നുമല്ല. നിസാര ഭാവേനയാണ് അവരങ്ങിനെ നീന്തുന്നത്.
    പുഴയിൽ നിന്ന് അനാഥാലയത്തിൽ തിരിച്ചെത്തിയ ഞാൻ പൈപ്പ് വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകി. പിന്നീട് കുളിച്ചു.
 ഞാൻ എട്ടാം ക്ലാസ്സിലെത്തുമ്പോഴേക്കും യതീം ഖാനയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തുടർ പഠന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. അബ്ദുൽ റഹ്മാൻ കാർപെന്ററിയിൽ ചേർന്നു. വിദഗ്ദനായൊരാശാരിയായി പുറത്തിറങ്ങി. ലതീഫ് സ്കൂൾ ആറാം തരത്തിൽ നിന്ന് അവധിക്ക് നാട്ടിൽ പോയപ്പോൾ യതീം ഖാനയിലേക്ക് തിരികെ വന്നില്ല. ഞാനും സലാമും പഠനം തുടർന്നു. ഞങ്ങൾ രണ്ട് പേരും പത്താം തരം പാസ്സായി. ടി. ടി. സിക്ക് ചേരാൻ അർഹമായ മാർക്കില്ലാത്തതിനാൽ ഞങ്ങൾ പ്രി-ഡിഗ്രി കോഴ്സിന് ചേർന്നു. രണ്ട് വർഷത്തെ പഠനത്തിന് ശേഷം സലാമ്, പ്രി-ഡിഗ്രി പാസ്സായി. പിന്നെ ടി. ടി. സി ക്ക് ചേർന്നു. ഞാനും എന്റെ കൂടെയുള്ള അഞ്ച് പേരും പ്രി-ഡിഗ്രി തോറ്റു.
       പ്രി-ഡിഗ്രി പരീക്ഷാ ഫലം വന്ന് രണ്ട് ദിവസംകഴിഞ്ഞു. ഞങ്ങൾ യതീം ഖാനയുടെ ഹാളിൽ പലയിടങ്ങളിലായി
ഇരുന്ന്
 സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുതിർന്ന അന്തേയവാസിയായിരുന്ന പട്ടാമ്പി ഹസ്സൻ ഹാളിന്റെ പടിവാതിക്കൽ വന്ന്
"പ്രി-ഡിഗ്രി തോറ്റവരെ മൊയ്‌ദീൻ കോയ ഹാജി വിളിക്കുന്നു"എന്ന് വിളംബരം ചെയ്തു. കേട്ടയുടൻ ഞങ്ങളെല്ലാവരും ഹാളിന്റെ നാനാ ഭാഗത്ത് നിന്നും തന്റെ കൂടെയുള്ളവർ എവിടെയാണെന്ന് എഴുന്നേറ്റ് നിന്ന് ചുറ്റും നോക്കി. ഞങ്ങളെല്ലാവരും പരസ്പരം കാണാനിടയായി. എല്ലാവരും ഹാളിൽ തന്നെയുണ്ട്. ഞങ്ങളെല്ലാവരും യതീം ഖാനയുടെ മുറ്റത്തുണ്ടായിരുന്ന മാവിൻ ചുവട്ടിൽ ഒരുമിച്ച് കൂടി. മൊയ്‌ദീൻ കോയ ഹാജിയുടെ കേലമ്പറ്റയെന്ന വീട്ടിലേക്ക് നടന്നു. മൊയ്‌ദീൻ കോയ ഹാജിയുടെ വീടിന്റെ കോംമ്പൗൻഡിനും യതീം ഖാനയുടെ കോംമ്പൗൻഡിനും ഒരു മതിൽ കെട്ടിന്റെ വേർതിരിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
     വീടിന്റെ മുൻവശത്തെ വിശാലമായ കോലായിലെ ചാരു കസേരയിൽ പ്രൗഡ ഗംഭീരമായിട്ടിരിക്കുകയാണദ്ദേഹം. ഞങ്ങളദ്ദേഹത്തിന്റ മുന്നിൽ അല്പമകലെ സ്നേഹ ഭയ ബഹുമാനത്തോടെ ചെന്ന് നിന്നു.
"ഇങ്ങോട്ടടുത്ത് വരൂ."
"സ്നേഹത്തിൽ ചാലിച്ച കല്പന. ഞങ്ങളല്പം കൂടി അടുത്ത് നിന്നു.
  നിങ്ങൾ വീട്ടിൽ പോയി പ്രി-ഡിഗ്രി എഴുതി വന്നാൽ ടി. ടി. സി. തരാം. വീട്ടിൽ പോയ്ക്കോളൂ. ഞങ്ങളഞ്ച് പേരും അവിടെ നിന്ന് തിരിഞ്ഞ് പോന്നു. മൊയ്‌ദീൻ കോയ ഹാജിയുടെ വീട്ടിൽ നിന്ന് തിരിച്ച് യതീം ഖാനയുടെ ഹാളിലെത്തിയ ഞങ്ങൾ വസ്ത്രങ്ങളെടുത്ത് നേരിൽ കണ്ടവരോടെല്ലാം യാത്ര പറഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടു. ഇതോടെ എന്റെ ഒമ്പത് വർഷം നീണ്ട് നിന്ന യതീം ഖാന ജീവിതത്തിന് തിരശ്ശീല വീണു.




Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺ പാതയിലൂടെ അലക്ഷ്യമായിനടന്നതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച...