എന്റെ വീടിന്റെ പിൻഭാഗത്ത് രണ്ട് പറമ്പുകൾക്കപ്പുറം നല്ല ഉയരമുള്ള വലിയൊരു പറമ്പുണ്ട്. ഏകദേശം ഒരു ഹെക്ടറോളം വരുന്ന ആ പറമ്പിന്റെ പേര് 'കരുവോത്ത്' എന്നാണ്. ആ പറമ്പിലാണ് കരുവോത്ത് അബ്ദുർറഹ്മാനും അവന്റയനുജൻ ലതീഫുമടങ്ങുന്ന അവരുടെ കുടുംബം താമസിച്ചിരുന്നത്.
പതിമൂന്ന് സെന്റ് കരുവോത്ത് താഴ എന്ന സ്ഥലത്താണ് ഞാനും എന്റെയനുജൻ സലാമുമടങ്ങുന്ന എട്ടംഗ കുടുംബം താമസിച്ചിരുന്നത്. ഞങ്ങൾ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത് മുയിപ്പോത്ത് മാപ്പിള യു. പി. സ്കൂളിൽ വെച്ചാണ്. ഞാനും ലതീഫും ഒരുമിച്ചാണ് സ്കൂളിലും മദ്രസയിലും പോയിരുന്നതെങ്കിലും, എന്നെ മദ്രസയിൽ ചേർത്ത് ഒരു വർഷത്തിനുശേഷം സലാമിനെ സ്കൂളിലും മദ്രസയിലും ചേർത്തതോടുകൂടി ലതീഫും ഞാനും ഇടയ്ക്കിടെ മാത്രമേ ഒന്നിച്ച് സ്കൂളിലും മദ്രസയിലും പോയിരുന്നുള്ളൂ.സലാമ് രാവിലെ ഉറക്കമുണരാൻ താമസിക്കുന്നത് കൊണ്ട് അവനെ രാവിലെ അണിയിച്ചൊരുക്കാൻ ഏറെ സമയം വേണം. അത് കൊണ്ട് ലതീഫിനെ ഞാനും, ലതീഫെന്നെയും കാത്തിരിക്കലപ്രായോഗികമായി. പിന്നെ ലതീഫ് മദ്രസയിലും സ്കൂളിലും തനിച്ച് പോകാൻ തുടങ്ങി. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്തിയാൽ എനിക്കും സലാമിനും വേണ്ടി കരുതി വെച്ചിരുന്ന ഉച്ചയൂൺ ഉമ്മ ഞങ്ങൾക്കെടുത്ത്
തരും. അതും തിന്ന് ഞാനും സലാമും കരുവോത്ത് ലതീഫും ഞങ്ങളുടെ വീടിന്റെ തൊട്ട് പിറകിലുള്ള പറമ്പിൽ നിന്ന് കളിക്കും. ചിലപ്പോളൊളിച്ചു കളി, മറ്റു ചിലപ്പോൾ കള്ളനും പോലീസും, എന്ന് വേണ്ട അക്കാലത്തുള്ള എല്ലാ കുട്ടിക്കളികളും.
അക്കാലത്ത് സ്കൂളിൽ നിന്ന് ഉച്ചക്ക് റവകിട്ടും. അത് വലിയൊരാശ്വാസമാണ്. അന്നൊക്കെ. ഞങ്ങളിൽ നിന്നാരെങ്കിലും ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിലോ, മറ്റോ സ്കൂളിൽ പോകാൻ മടിച്ചാൽവീട്ടിലെ മുതിർന്നവർ പറയും, "സ്കൂളിൽ പോയാൽ റവ ക്ട്ട്വേ, പോകാണ്ട്ക്കണ്ട. അത് കേൾക്കുമ്പോൾ മനസ്സില്ലാ മനസ്സോടെയാണെങ്കിലും സ്കൂളിൽ പോകും. റവയുടെ മണവും രുചിയും ഒന്ന് വേറെത്തന്നെയാണ്. ഓർക്കുമ്പോൾ വായിൽ വെള്ളമൂറും. നുറുക്ക് ഗോതമ്പ് കൊണ്ടോ, ചോളത്തിന്റെ മാവ് കൊണ്ടോ ഉണ്ടാക്കിയ രുചികരമായ റവയായിരുന്നു അത്. ഇവ പ്രത്യേക തരം എണ്ണയിലാണ് പാകം ചെയ്തിരുന്നത്. റവയുണ്ടാക്കാനുള്ള നുറുക്ക് ഗോതമ്പും, ചോളത്തിന്റെ മാവും, ഇവ പാകം ചെയ്യാനുള്ള എണ്ണയും അമേരിക്കയിൽ നിന്ന് സൗജന്യമായി ഇറക്കുമതി ചെയ്യുന്നതാണ്.
നാലാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് മാത്രമാണ് റവക്കർഹതയുള്ളൂ. നാലാം ക്ലാസ്സ് കഴിഞ്ഞാൽ ഉച്ചക്ക് റവ കിട്ടില്ലല്ലോ എന്നോർത്ത് ചിലപ്പോളെനിക്കാധി കയറും.അക്കാലത്ത് രുചികരമായ ഭക്ഷണം സ്കൂളിൽ നിന്ന് ഉച്ചക്ക് കിട്ടുന്ന റവമാത്രമായിരുന്നു.
കുറേ ദിവസം കഴിഞ്ഞപ്പോൾ ലതീഫ് ഞങ്ങളുടെ കൂടെ കളിക്കാൻ വരാതെയായി. സ്കൂളിലും മദ്രസയിലും കാണുന്നുമില്ല. അങ്ങിനെ ഞാൻ ലത്തീഫിനെ പറ്റി ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു.
"ഓനേം അന്തുറൂനേം എതീംഖാനേച്ചേർത്ത്".
"എതീംഖന്യോ? അതെന്തന്നാ?"
ഞാൻ ചോദിച്ചു.
"ബാപ്പേല്ലാത്ത മക്കളെ പഠിപ്പിക്കുന്ന സ്ഥലം".
"അതേട്യാ".
"മുക്കത്ത് ".
"മൂക്കത്തോ?"
"മൂക്കത്തല്ല മുക്കം".
ഉമ്മ തിരുത്തിപ്പറഞ്ഞു. പിന്നെ ഞാനൊന്നും ചോദിച്ചില്ല. ഓല് പോമ്മം എന്നോടും സലാമിനോടം ഒന്നും മ്ണ്ടീല്ലാലോ. എന്റെ മനസ്സിൽ ഇളം പ്രതീക്ഷേധവും, സങ്കടവും നുരഞ്ഞു. അന്തുറൂനേം ലതീഫിനേയും ഞങ്ങൾ പതിയേയങ്ങ് മറന്നു. ഏതാനും ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഒരു ദിവസം സ്കൂൾ വിട്ട്
ഞാനും സലാമും വീട്ടിൽ വരുമ്പോഴുണ്ട് ലതീഫ് എന്റെ വീട്ടിന്റെ മുന്നിലുള്ള വയൽ വരമ്പിൽ!.
തലയിലൊരു നീലത്തൊപ്പിയും, ചന്ദന നിറമുള്ള കോറക്കുപ്പായവും, വെള്ളക്കോറ മുണ്ടും ധരിച്ച്ധരിച്ചാണവന്റെ നിൽപ്പ്. അവനിപ്പോൾ യതീം ഖാനയിൽ പോകുന്നതിന്റെ മുമ്പുള്ള ലതീഫല്ല. പുതുപുത്തൻ ലതീഫാണ്. ഞങ്ങളെ അപേക്ഷിച്ചും അവന്റെ ആദ്യകാലത്തെയപേക്ഷിച്ചും അവനിപ്പോൾ കേമൻ തന്നെ. അവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആകെ മാറ്റം. ലതീഫിനെ കണ്ടപ്പോളെനിക്കും
സലാമിനും
അവനോട് മതിപ്പും സ്നേഹവും തോന്നി.
ഇഞ്ഞെന്താ എതീംഖാനേന്നിപ്പം പോന്നത്? ഞാൻ ലതീഫിനോട് ചോദിച്ചു.
"നോമ്പിന്റെ പൂട്ടിന് പോന്നതാ."
ലതീഫിനെ കണ്ടപ്പോളെനിക്കും സലാമിനുമൊരാഗ്രഹം.ഞങ്ങൾക്കും യതീം ഖാനയിൽ ചേരണം. ലതീഫിനെ പോലെ യോഗ്യനാവണം. ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് വീട്ടിലോടിച്ചെന്ന് ഉമ്മാനോടൊരേ സ്വരത്തിൽ പറഞ്ഞു.
" ഉമ്മാ ഞാളേം എതീം ഖാനേൽ ചേർക്കണേ. "
"ങാ...."
കണ്ഠമിടറിക്കൊണ്ടുമ്മ സമ്മതിച്ചു.
അബ്ദുർറഹ്മാന് ലതീഫിനേക്കാൾ അഞ്ച് വയസ്സ് കൂടുതലാണ്. അത് കൊണ്ടവനെ ലതീഫിന്റെ കൂടെ കാണില്ല. സമ പ്രായക്കാരുടെ കൂടയാണവന്റെ കൂട്ടുകെട്ട്. ലതീഫിന്റേയും ഞങ്ങളുടേയും പിതാക്കന്മാർ ഞങ്ങളുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടു. ലതീഫിന്റുപ്പ മരിച്ചത് എനിക്ക് ചെറിയ ഓർമയുണ്ട്.
ഒരു ദിവസം ഞാനെന്റെ കോലായിൽ നിൽക്കുമ്പോൾ ആരോ ഒരാളോടിവന്ന്
ഉമ്മാനോട് പറഞ്ഞു.
"കര്വോത്തെ മാമ്വിക്ക മരിച്ചു ".
എന്നും പറഞ്ഞയാൾ സ്ഥലം വിട്ടു.അടുത്ത വീട്ടിൽ മരണ വാർത്ത അറിയിക്കാൻ വേണ്ടിയാണയാൾ വേഗം സ്ഥലം വിട്ടത്. അപ്പോളുമ്മ
എന്നേയുമെടുത്ത് കരുവോത്തേക്ക് പോയി.
(ശേഷം മൂന്നാമദ്ധ്യായത്തിൽ)
Comments
Post a Comment